Wednesday, August 31, 2011

കടലോരങ്ങളില്‍ കഥ

മറ്റാരും കൂട്ടിനില്ലാത്ത ഒരു വൈകുന്നേരം കടല്‍ക്കരയില്‍ കാറ്റുകൊള്ളാന്‍ ഇറങ്ങിയതായിരുന്നു ഞാന്‍. വലിയ തിരക്കാണ് ബീച്ചില്‍. ആളൊഴിഞ്ഞ ഒരറ്റത്തേക്ക് ഞാന്‍ നടന്നു നീങ്ങി. ഇപ്പോള്‍ ആള്‍ക്കൂട്ടം ഏതാണ്ട് പൂര്‍ണമായും അകലെയാണ്. വൃത്തി തീരെ കുറവെങ്കിലും ഏകാന്തത കൂടുതല്‍ സ്വീകാര്യമായതിനാല്‍ ഞാനവിടെ ഇരിപ്പുറപ്പിച്ചു. ചിതറിയ ഏതൊക്കെയോ‌ ചിന്തകള്‍ മനസിലെത്തി. ഏറെ നേരം അങ്ങിനെ ഇരുന്നു കാണണം. ബോറടിച്ചു തുടങ്ങുന്നു. ഞാന്‍ ആള്‍ക്കൂട്ടം തിങ്ങിയ ഭാഗത്തേക്ക് കണ്ണോടിച്ചു.


ദൂരെ നിന്നും രണ്ടു രൂപങ്ങള്‍ ഇങ്ങോട്ട് നടന്നടുക്കുന്നു. നടക്കുകയല്ല ഓടുകയാണെന്ന് തോന്നുന്ന വിധത്തിലാണ് ചലനം. രൂപങ്ങളിലൊന്നു പുരുഷനും ഒന്നു സ്ത്രീയുമായി പരിണമിച്ചു. രണ്ടു പേരും പരിഭ്രമത്തിലാണെന്ന് മുഖവും ചലനങ്ങളും വിളിച്ചു പറയുന്നുണ്ട്.


സംഭാഷണം കേള്‍ക്കാന്‍ സാധിക്കുന്നില്ലെങ്കിലും ഇരുവരും തമ്മില്‍ എന്തോ തര്‍ക്കം നടക്കുകയാണെന്ന് ഊഹിക്കാം. അയാളുടെ നടത്തിന്റെ വേഗം കൂടിക്കൂടി വരുന്നു. ഇടക്കിടെ അവള്‍ അയാളെ പിറകില്‍ നിന്നും പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. അയാള്‍ വഴങ്ങാതെ ഒഴിഞ്ഞുമാറിക്കൊണ്ടിരിക്കുന്നു.


രൂപങ്ങള്‍ ഇപ്പോള്‍ വളരെ അടുത്തെത്തി. ഞാന്‍ സൂക്ഷിച്ചു നോക്കി. മുപ്പതുകളില്‍ എവിടെയോ ആവണം രണ്ടു പേരും. പൊക്കം കുറഞ്ഞ് താടി വെച്ച അയാള്‍ വിലക്കുറഞ്ഞ ഷര്‍ട്ടും പാന്റ്സും ധരിച്ചിരിക്കുന്നു. കയ്യില്‍ ഒരു ചെറിയ കറുത്ത ബാഗുണ്ട്, കല്യാണബ്രോക്കര്‍മാര്‍ കൊണ്ടു നടക്കുന്ന തരത്തില്‍ ഉള്ള ഒന്ന്. ഇരുകാലുകള്‍ക്കും വ്യത്യസ്ത നീളം എന്ന് തോന്നിക്കുന്ന വിധം താളം തെറ്റിയ നടത്തം. സിനിമകളില്‍ സ്ഥിരമായി കാണാറുള്ള ഏതോ സഹനടനെ ഓര്‍പ്പിക്കുന്നു അയാളുടെ രൂപം.


അവരുടെ വസ്ത്രവും വിലക്കുറഞ്ഞത് തന്നെ. ഇളം പച്ചനിറം. ഡിസൈനൊന്നുമില്ല. മുന്താണി പിറകിലൂടെ ചുറ്റിയെടുത്ത് മുന്‍വശത്ത് ഇടതുഭാഗത്തായി അരയില്‍ ഉറപ്പിച്ചിരിക്കുന്നു. സുന്ദരമല്ലാത്ത ചുണ്ടുകള്‍. എന്നാല്‍ തുടുത്ത കവിളുകള്‍. ഇടത്തെക്കവിളില്‍ പഴയ ഏതോ മുറിവിന്റെ പാട്.


ഞാനിരിക്കുന്നതിനും അല്പം മുന്നിലായി അവരുടെ ചലനങ്ങള്‍ നിലച്ചു. ഇപ്പോഴവരുടെം സംഭാഷണം അവ്യക്തമായിട്ടാണെങ്കിലും എനിക്ക് കേള്‍ക്കാം.


ഏട്ടാ ഞാന്‍ പറേണത് കേക്ക്"


ഞ്ഞൊന്നും പറേണ്ട.”


ഞാനെന്ത് ചെയ്തെന്നാ?”


" ആദ്യത്തെ പ്രാവശ്യം തന്നെ നെന്നോട് ഞാന്‍ പറഞ്ഞതല്ലേ അവന്റോടെയുള്ള നെന്റെ എടപാട് നിര്‍ത്തണമെന്ന്. എല്ലാം അറിഞ്ഞിട്ടും നെന്നെ ഞാന്‍ ഇട്ട് കളഞ്ഞില്ലല്ലോ. രണ്ട് കയ്യും നീട്ടി സ്വീകരിച്ചതല്ലേ? ന്നിട്ടും പിന്നേം എന്തിനാ ഞ്ഞ് പോയത്?”


മറുപടിയില്ല. കുലടയായ സ്ത്രീ. ഞാന്‍ മനസില്‍ പറഞ്ഞു. അവളുടെ ഭര്‍ത്താവായിരിക്കണം ഇത്. പരപുരുഷബന്ധം അറിഞ്ഞിട്ടും ക്ഷമിച്ച ഭര്‍ത്താവിനെ വീണ്ടും ഇവള്‍ വഞ്ചിച്ചതാവണം പ്രശ്നം. ഞാനവരുടെ മുഖത്തേക്ക് ശ്രദ്ധിച്ച് നോക്കി. ഇപ്പോള്‍ അവളെ നോക്കുമ്പോള്‍ കണ്ണുകളിലും മൂക്കിലും ചുണ്ടുകളിലുമെല്ലാം അശ്ലീലം നിറഞ്ഞിരിക്കുന്നതായി തോന്നുന്നു. കവിളിലെ ആ മുറിവില്‍ പോലും എന്തോ ഒരു ചീത്തത്തമില്ല്ലെ?


ഏട്ടന്‍ വേണ്ടാത്തതൊന്നും ചെയ്ത് കളേരുതു"


ഞ്ഞൊന്നും ഇനി പറയണ്ട. ഞാന്‍ ചത്താല്‍ പിന്നെ അനക്കെന്ത് വേണെങ്കിലും ആവാലോ.”


അയാള്‍ വീണ്ടും കടലിനെ ലക്ഷ്യമാക്കി ചലിക്കാന്‍ തുടങ്ങി. ഇപ്പോള്‍ എനിക്ക് പേടിയായിത്തുടങ്ങി.


ങ്ങള് കടലീച്ചാടിയാ ദൈവത്താണെ ഞാനും കുടെച്ചാടും"


ഓ പൊലയാടി മോള്‍ടെ വര്‍ത്താനം കേട്ടാല്‍ കെട്ടിയോനോട് ഒടുക്കത്തെ സ്നേഹമാന്ന് തോന്നും. ഞാന്‍ ചത്താല്‍ ഞ്ഞെന്താ ചെയ്യാന്നെനിക്കറിയാടീ അസത്തേ"


ഇത്രയും പറഞ്ഞ് അയാള്‍ കടലിലേക്ക് ഓടിയകലുന്നതും അവള്‍ അയാളെ പിന്തുടരുന്നതും ഭീതിയോടെ കണ്ടു നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. ദൈവമേ ഇനിയെന്താണ് സംഭവിക്കുക? ഞാനെന്താണ് ചെയ്യേണ്ടത്?


വെള്ളത്തില്‍ അവര്‍ പിടിവലി നടത്തുന്നതു വാക്‌‌യുദ്ധം തുടരുന്നതും ഇപ്പോഴും കാണാം. കടലിരമ്പത്തില്‍ ഒന്നും കേള്‍ക്കാന്‍ വയ്യെങ്കിലും.


അയാളതാ അവളെ തള്ളിമാറ്റി ആഴക്കടലിലേക്ക് ഇറങ്ങിച്ചെല്ലുന്നു. ഇപ്പോള്‍ അയാളെ കാണാനേയില്ല. ശരീരചലനങ്ങളില്‍ അവളുടെ പരിഭ്രമം ഇവിടെ നിന്നു പോലും മനസിലാക്കാം. ഒരു നിമിഷം. ഇപ്പോള്‍ അവളെയും കാണാന്‍ ഇല്ല. എന്റെ ശ്വാസം നിലച്ചുപോയോ?


പെട്ടെന്ന് പിറകില്‍ നിന്നാരോ ചുമലില്‍ തോണ്ടിയ പോലെ തോന്നി. വൈദ്യുതാഘാതമേറ്റെന്നെ വണ്ണം ഞാന്‍ ഞെട്ടിയെഴുന്നേറ്റു തിരിഞ്ഞ് നോക്കി. കടല വില്‍ക്കുന്ന ഒരു ദൈന്യബാല്യം. വേണ്ടെന്ന് പറയുന്തോറും അവന്‍ കൂട്ടാക്കാതെ എന്റെ വസ്ത്രത്തില്‍ പിടിച്ചു വലിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ മറ്റു മാര്‍ഗങ്ങളില്ലാതെ അഞ്ചു രൂപാത്തുട്ടിനു പകരം അവന്‍ തന്ന ഒരു കൂടു കടല വിറയല്‍ മാറാത്ത കൈകളില്‍ സ്വീകരിച്ചു.


അവര്‍ അപ്രത്യക്ഷമായ ഭാഗത്തേക്ക് വീണ്ടും ഞാന്‍ കണ്ണു പായിച്ചു. വെള്ളത്തിനു മുകളില്‍ പരിഭ്രാന്തരായെന്ന വണ്ണം ചിതറിപ്പറക്കുന്ന ഏതാനും കടല്‍ക്കാക്കകളൊഴികെ ഒരു നിഴലു പോലും അനങ്ങുന്നില്ല. എന്റെ കൈകള്‍ യാന്ത്രികമായി പൊതിയില്‍ നിന്നും ഏതാനും കടലകളെടുത്തു വായ്ക്കകത്തേക്കെറിഞ്ഞു. ഒരു തുള്ളി ഉമിനീരുപോലും വായ്ക്കകത്ത് അവശേഷിച്ചിട്ടില്ല എന്നെനിക്ക് മനസിലായത് അപ്പോഴാണ്. നിലക്കടലക്കഷ്ണങ്ങള്‍ തൊണ്ടയ്ക്കത്ത് കുരുങ്ങി ഞാന്‍ ചുമക്കാന്‍ തുടങ്ങി. ദേഷ്യത്തോടെ പൊതി ദൂരേയ്ക്ക് വലിച്ചെറിഞ്ഞു.


കടലില്‍ എന്തോ ഒരു നിഴലനങ്ങുന്നത് പോലെ? അതെ അതയാളാണ്. അയാള്‍ തിരിച്ചു നീന്തി കരയിലേക്ക് കയറി. ഒന്നും സംഭവിച്ചിട്ടില്ലയെന്ന ഭാവത്തില്‍ എന്റെയരികിലൂടെ നടന്നു പോകുന്നു. എന്തോ ഒരു പ്രേരണയാലെന്ന പോലെ ഞാന്‍ അയാളെ പിന്തുടര്‍ന്നു. പിറകില്‍ എന്റെ കാലൊച്ചകള്‍ കേട്ടിട്ടാവണം അയാള്‍ തിരിഞ്ഞു നോക്കി.


അവള്‍ നേരത്തെ കയറിപ്പോയി" വികാരരഹിതനായി എന്നോടിത്രയും പറഞ്ഞ് അയാള്‍ വേഗത്തില്‍ നടന്ന് അകലെ മറഞ്ഞു.


ഞാനാകെ ഞെട്ടിത്തരിച്ചു നിന്നു. അപ്പോള്‍ മുന്നെയും എന്റെ സാന്നിദ്ധ്യം അയാള്‍ ശ്രദ്ധിച്ചിരുന്നോ? ആ സ്ത്രീ എപ്പോഴാണ് തിരികെ കയറിപ്പോയത്? എന്തു കൊണ്ട് ഞാനത് ശ്രദ്ധിച്ചില്ല? കടല വില്‍ക്കുന്ന പയ്യനുമായി സംസാരിച്ചപ്പോള്‍? ഇപ്പോള്‍ മാത്രം കരയ്ക്കു കയറിയ അയാള്‍ എങ്ങിനെയറിഞ്ഞു?


ഞെട്ടല്‍ മാറിയതും അയാള്‍ പോയ ദിക്കിലേക്ക് ഞാന്‍ ഓടി. റോഡില്‍ ഒരു വാഹനത്തിനരികില്‍ അയാളതാ. വാഹനത്തില്‍ നിന്നും ഒരു ചുവന്ന ചുരിദാര്‍ ധരിച്ച ഒരു സ്ത്രീ ഇറങ്ങി വന്ന് അയാള്‍ക്ക് ഒരു തോര്‍ത്തു നല്‍കി. ഇരുവരും വാഹനത്തിനകത്തു കയറി. ഞാനോടിയടുത്തെത്തും മുന്നെ വാഹനം പൊയ്ക്കഴിഞ്ഞിരുന്നു.


ഇപ്പോള്‍ കണ്ട ചുവന്ന ചുരിദാര്‍ ധരിച്ച സ്ത്രീ നേരത്തെ കണ്ട സ്ത്രീയായിരുന്നോ? മുഖം വ്യക്തമല്ലായിരുന്നു. ഇത്രയും പെട്ടെന്ന് അവര്‍ വസ്ത്രം മാറിയോ?


എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ വീണ്ടും കടപ്പുറത്തേക്കോടിച്ചെന്നു. അകലെ തിരകള്‍ക്കു മുകളില്‍ കടല്‍ക്കാക്കകള്‍ അപ്പോഴും ചിതറിപ്പറക്കുന്നുണ്ടായിരുന്നു.4 comments:

Lipi Ranju said...

മൈലാഞ്ചിയുടെ പോസ്റ്റിലെ കമന്റ്‌ വഴിയാണ് ഇവിടെയെത്തിയത്. അവിടെ ഇട്ട കമന്റ്റിനു എല്ലാ സ്ത്രീകളുടെയും പേരില്‍ ഒരു നന്ദി പറയാന്‍ വേണ്ടിയാ വന്നെ ... ഏതായാലും വന്നത് വെറുതെയായില്ല, ഈ കഥ ഇഷ്ടായിട്ടോ . അനുഭവം ആണോ എന്ന് തോന്നിപ്പോയി, അത്ര സ്വാഭാവികമായ എഴുത്ത്. പക്ഷെ അവരെന്തിനാണ് അങ്ങനെ ചെയ്തതെന്നും, ആ സ്ത്രീ എവിടെയെന്നും ഒക്കെയുള്ള ചോദ്യം ബാക്കിയാക്കിയല്ലോ.... അതറിയാനുള്ള ആകാംഷ സഹിക്കുന്നില്ല... :)

ഒരു യാത്രികന്‍ said...

ഇതെന്താ കാല്വിനെ ഒരു റീച്ചും കേച്ചും കിട്ടാത്ത പോലെ .........സസ്നേഹം

cALviN::കാല്‍‌വിന്‍ said...

ലിപി,
വായനയ്ക്ക് നന്ദി, എന്തായിരിക്കും സംഭവിച്ചിരിക്കുക എന്ന് നമുക്ക് ഊഹിക്കാവുന്നതല്ലേയുള്ളൂ, ഈ ലോകത്തെ അറിയാവുന്നത് കൊണ്ട് :)

യാത്രികന്‍,
എനിക്ക് പല കാര്യങ്ങളിലും റീച്ചും കേച്ചും ഇല്ലാത്തത് കാരണം ചിന്തകള്‍ പലപ്പോഴും ഇങ്ങനെയാവുന്നതാണ് :)

ഇച്ചിരിം കൂടെ റീച്ചും കാച്ചും ഉള്ള ഒരെണ്ണം കഴിഞ്ഞ പോസ്റ്റില്‍ ഉണ്ട്.
http://sreehari-s.blogspot.com/2011/08/blog-post.html

കഥ വായിക്കാന്‍ ഇഷ്ടമാണെങ്കില്‍ സമയമുള്ളപ്പോള്‍ ഒന്നു വായിച്ചാല്‍ വളരെ സന്തോഷം :)

വയ്സ്രേലി said...

wow. excellent!

...