Monday, August 22, 2011

കാളിയമര്‍ദ്ദനം
ആയിരം ഫണങ്ങളില്‍ നിന്നും ഉഗ്രവിഷം ചീറ്റുന്ന കാളിയന്‍. ഭീകരരൂപി. കണ്ണന്റെ കാല്‍ച്ചുവടുകള്‍ കാളിയന്റെ പടങ്ങളില്‍ ആഞ്ഞാഞ്ഞു പതിച്ചു. ഓരോ കാല്‍വെയ്പ്പിലും ഒരു പര്‍വതം തന്റെ ശിരസ്സില്‍ പതിയ്ക്കുന്ന വേദനയാല്‍ കാളിയന്‍ അലറിക്കരഞ്ഞു.


കാളിയമര്‍ദ്ദനം


പ്രധാനമെന്നു തോന്നിയ പേജുകളില്‍ ഗൗതമി മഞ്ഞയും ചുവപ്പും പേജ് മാര്‍ക്കുകള്‍ ഒട്ടിക്കാന്‍ തുടങ്ങി.

സ്വഗൃഹത്തില്‍ നിന്നും കാളിയന്‍ തള്ളിപ്പുറത്താക്കപ്പെടുന്നതാദ്യമല്ല. ദിനവും ബലി കഴിക്കപ്പെടുന്ന സര്‍പ്പങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയ നാള്‍ മുതല്‍ എന്നും കാളിയന്‍ വേട്ടയാടപ്പെട്ടിരുന്നതായി മനസിലാക്കാം.


മായ ഇപ്പോഴും മേശമേല്‍ തല ചായ്ച്ചുറങ്ങിക്കൊണ്ടിരിക്കുന്നു. ഗൗതമി ശബ്ദമുണ്ടാക്കാതെ അവ‌‌ള്‍ക്കരികിലേക്ക് നീങ്ങി. പാതി മാത്രം അടഞ്ഞിരിക്കുന്ന ചുണ്ടുകള്‍ക്കിടയില്‍ നിന്നും ഉമിനീര്‍ പുറപ്പെട്ട് കവിളിലൊരു നേര്‍ത്ത ചാലു തീര്‍ത്ത ശേഷം താഴേയ്ക്കിറ്റു വീഴുന്നു. ഇപ്പോഴും പൊടിക്കുഞ്ഞു തന്നെയവള്‍ സംശയമില്ല. രാത്രികള്‍ പലതും ഉറങ്ങാതിരുന്നു പുസ്തകങ്ങളോടു മല്ലിട്ടതിന്റെ ബാക്കിയാവണം അസമയത്തെ ഈയുറക്കം. അവള്‍ പതുക്കെ ചൂണ്ടുവിരലിനാല്‍ മായയുടെ കവിളില്‍ നിന്നും ചുണ്ടുകളില്‍ നിന്നും ഉമിനീര്‍ വടിച്ചെടുത്തു ദൂരേക്കു കുടഞ്ഞു. ആ നിമിഷം ഗൗതമിക്ക് തന്റെ മുലക്കച്ചകള്‍ നനഞ്ഞതായി തോന്നി.

“വിഷസര്‍പ്പമാണ് കാളിയന്‍. ”


നന്ദഗൃഹത്തിനു വെളിയില്‍ ചേര്‍ന്ന ചര്‍ച്ചയില്‍ രാമന്റെ ശബ്ദം ഉയര്‍ന്നു.

"അപകടകരമാം വിധം അപായസാധ്യതയുള്ള കാളകൂടവിഷമാണ് കാളിയന്റെ പത്തിയിലുള്ളതെന്ന് നമുക്കറിയാം. നമ്മുടെ കുഞ്ഞുങ്ങ‌‌ളും ഗോവൃന്ദവും മറ്റെല്ലാവരും മരണത്തില്‍ നിന്നും അകലെയല്ലാതായിണിപ്പോള്‍. അപകടമാണ്. അവരെ രക്ഷിക്കേണ്ടതുണ്ട്.”


നീണ്ട കരഘോഷങ്ങളോടെ ഗോപവൃന്ദം രാമന്റെ വാക്കുകളെ എതിരേറ്റു.


രാമന്റെ നീലിച്ച മിഴികള്‍ അലസമാണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നുമെങ്കിലും അവ കൃഷ്ണനിലേക്കിടയ്ക്കിടെ എത്തിച്ചേരുന്നതും ചില നിമിഷങ്ങള്‍ അവിടെ സ്ഥിരമായിരിക്കുന്നതും ദൂരെ നിന്നും രാധ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവന്റെ ചിന്തകള്‍ വായിച്ചെടുക്കുക അത്ര ദുഷ്കരമായിരുന്നില്ല. കാളിയന്റെ പതനത്തിലും നദിയുടെ അധിനിവേശത്തിലും രാമനുള്ള താല്പര്യമെന്തെന്നുള്ളത് വൃന്ദാവനത്തിലെ ബഹുഭൂരിപക്ഷത്തിനും അവ്യക്തമാണ്. ഗോവിന്ദന് ഇക്കാര്യത്തില്‍ അത്ര നിര്‍ബന്ധബുദ്ധിയില്ലായിരുന്നുവെന്ന് പലരും വിശ്വസിക്കുന്നു. ഒരു ന്യൂനപക്ഷമൊഴികെ.

മായയുടെ കണ്ണുകളില്‍ നിന്നും ഉറക്കം പൂര്‍ണമായി വിട്ടൊഴിഞ്ഞിട്ടില്ല. തന്റെ വിരലുകളിലെ നേരിയ വിറയല്‍ മായ ശ്രദ്ധിക്കുന്നുണ്ടോയെന്ന് ഗൗതമി ഒളികണ്ണിലൂടെ ശ്രദ്ധിച്ചു. അപ്പോഴേക്കും ഗൗതമിയുടെ ചിന്തകള്‍ മായയില്‍ നിന്നും വിഷ്ണുവിലേക്കെത്തിയിരുന്നു. വിഷ്ണു. അവന്‍ തന്നെ തളര്‍ത്തും. മൃതപ്രായയാക്കും. പ്രാപിക്കും. മേലാസകലം നോവേറ്റുകിടക്കുന്ന തന്റെ ശരീരത്തില്‍ ഒരു ഭ്രാന്തനെപ്പോലെ മുഖം ചേര്‍ത്തു കിടക്കും. മുല പറിച്ചെറിയും.


"സത്യത്തില്‍ നദിയില്‍ കാളിയന്‍ താമസമാരംഭിക്കുന്നത് യാദവര്‍ പശുക്കളുമായി ഗ്രാമത്തിലെത്തുന്നതിനും ഏറെക്കാലം മുന്‍പാണ്. ആ അര്‍ത്ഥത്തില്‍ യാദവരാണ് കയ്യേറ്റക്കാര്‍.” കിതച്ചുകൊണ്ട് ഗൗതമി വഴിയിലും മായയോട് സംസാരം തുടര്‍ന്നുകൊണ്ടേയിരുന്നു.


“വംശഹത്യക്കെതിരെ ശബ്ദമുയര്‍ത്തി എന്ന കാരണത്താല്‍?”


“അതെ. ഗരുഡശാസനത്തിനെതിരെ ശബ്ദിക്കുക അത്ര ചെറിയ കുറ്റമായിരുന്നില്ല ഒരിക്കലും. നദിയില്‍ കാളിയനെത്തിച്ചേരുന്നതിനുള്ള കാരണം അതു തന്നെ. ഗരുഡനേറ്റ ശാപം ഒരു താല്‍ക്കാലികാശ്വാസമായെന്ന് മാത്രം"


ഗൗതമിയുടെ മനസിൽ വീണ്ടും മായയെത്തി. പരിഭ്രമവും ഭയവും വിയര്‍പ്പുമണികളായി തന്റെ കഴുത്തില്‍ ഒലിച്ചിറങ്ങുന്നത് ഗൗതമി തിരിച്ചറിഞ്ഞു. മായ ശ്രദ്ധിക്കുന്നുണ്ടാവുമോ? അവളുടെ ചിന്തകളിൽ ഇപ്പോൾ താനായിരികുമോ?. തങ്ങൾക്കു പിരിയേണ്ടയിടം എത്താറാവുന്നു. ഇതിനു മുൻപൊരിക്കലും ഇരുവഴികൾ പിരിയുന്നതിത്ര പരിഭ്രമം ഉളവാക്കിയിട്ടില്ല.


“വൈകീട്ട് വീട്ടിലേക്ക് വന്നു കൂടെ? ” മായയുടെ ശബ്ദം.


“വിഷ്ണു ഒരു പ്രശ്നമാണ്" പാതി വരിയിലൊതുങ്ങിയ മറുപടി നല്‍കി, ഗൗതമി ദൂരേക്ക് നടന്നകന്നു. തനിക്കു പിറകിൽ മായയുടെ സുന്ദരമായ കണ്ണുകൾ ഏറെ നേരമായി തന്നെത്തന്നെ പിന്തുടരുന്നുവെന്ന് ഗൗതമിക്ക് തോന്നി.

നേരം പുലര്‍ന്നു തുടങ്ങുന്നതേയുള്ളൂ. മണല്‍ത്തരികളിലൂടെയുള്ള ഓരോ കാല്‍വെയ്പും നാരായണനു വേദനയാണ്. കഠിനമായ വാതം ദുര്‍ബലപ്പെടുത്തിയ അംഗങ്ങള്‍ സ്വതവേ തന്നെ അനസരണാശീലമില്ലാത്തവയാണ്. തണുപ്പ് വേദനയുടെ പെരുക്കമേറ്റുന്നു. ഈ നദിയുടെ മാറിലെവിടെയോ ഒരു വിഷസര്‍പ്പം ഉറങ്ങിക്കിടപ്പുണ്ടാവാണം. അതിന്റെ ഉഗ്രവിഷത്തിന്റെ സ്ഫുരണങ്ങളാവണം തളര്‍വാതമായി തന്റെ ശരീരത്തില്‍ അടിഞ്ഞുചേര്‍ന്നിരിക്കുന്നത്. ഹേ മുരളീധരാ, നിന്റെ തൃപ്പാദങ്ങള്‍ എന്തേ അവന്റെ പത്തിയില്‍ ആഞ്ഞുപതിക്കുന്നില്ല? അസ്ഥികള്‍ തുളയ്ക്കുന്ന വേദനയില്‍ നിന്നുമെന്നാണ് മോചനം ? നാരായണൻ പുഴയിലേക്ക് നോക്കി. നദിയിൽ ഇന്നേരം മീൻ തുള്ളുന്ന സമയമാണ്. തുടങ്ങേണ്ടത് മത്സ്യത്തിൽ നിന്നു തന്നെ. അതാണ് കവികല്പന. അത് തന്നെയാവണം മാധവേച്ഛയും. എത്രയും വേഗം നവമഥുരയിലെത്താം. എഴുതിയാൽ തീരാത്ത കവിതകൾ ഒഴുകാതെയൊഴുകുന്ന നദിയായ് ഒഴുകുന്ന നവമഥുരയിൽ മറ്റൊരു കാവ്യം പിറന്നൊഴുകേണ്ടതുണ്ട്.


"നീയാരാണ് രാധ?“


നദീതീരത്ത് അതുവരെ കനത്തു നിന്നിരുന്ന നിശ്ശബ്ദതയെ രാമന്റെ ശബ്ദം ഭഞ്ജിച്ചു.


നദിയിലേക്ക് ചാഞ്ഞു നില്‍ക്കുന്ന നീലക്കടമ്പു വൃക്ഷത്തിന്റെ ഏറ്റവും താഴ്ന്ന കൊമ്പിലിരുന്ന് ഓളങ്ങളെ മനോഹരിതയാര്‍ന്ന തന്റെ പാദങ്ങളാല്‍ തഴുകുകയായിരുന്നു രാധ. പീതാംബരം മാറില്‍ പുതച്ചിരിക്കുന്നു. പുഞ്ചിരിച്ചു കൊണ്ടവള്‍ രാമനെ നോക്കി.


"എന്തു പറ്റി ഗോപന്‍, എന്താണുണ്ടായത്?”


സന്ധ്യാസൂര്യന്റെ ചെമപ്പ് രാധയുടെ കവിളിലും കഴുത്തിലും കര്‍ണങ്ങളിലും തിളക്കമാവുന്നു. ഇമകള്‍ അടഞ്ഞുപോവാതെ അവളെ നോക്കുവാന്‍ നല്ല പ്രയാസം തോന്നി രാമന്.


"എന്തിനീ നിഗൂഢത? ചിലര്‍ക്ക് നീ കണ്ണന്റെ പതിനഞ്ചുകാരിയായ കാമുകിയാണ്. ഒരു നഗരത്തില്‍ നീ വിവാഹിതയായ സ്ത്രീയെന്ന് അറിയപ്പെടുന്നു. മറ്റൊരിടത്ത് ഒരു കുഞ്ഞിന്റെ അമ്മകൂടിയാണ് നീ. നാല്പതു കഴിഞ്ഞ വിധവയാണെന്നാണ് ഇനിയൊരു ഗ്രാമത്തിലെ വാര്‍ത്ത."


രാധയുടെ കാല്‍വണ്ണകള്‍ ഓളങ്ങളെ അലക്ഷ്യമായി ഭേദിച്ചുകൊണ്ടേയിരുന്നു. ചില നേരങ്ങളില്‍ മൗനങ്ങള്‍ മറുപടികളാവാറുണ്ട്.


നീലക്കടമ്പിനു മുകളില്‍ നിന്നെവിടെ നിന്നോ ഒരു പക്ഷി അതിദ്രുതം താഴേക്കു കുതിച്ചു രാധയുടെ പാദസരങ്ങളില്‍ തൊട്ടില്ലയെന്ന മട്ടില്‍ നദിയുടെ മാറില്‍ വീണില്ലാതായി. രാമന്റെ മിഴികള്‍ വിടര്‍ന്നു. നദിയില്‍ നിന്നും കാളിയനുയര്‍ന്നു വന്നീ നിമിഷം അവളെ വിഴുങ്ങിയിരുന്നെങ്കില്‍ എന്നവനാഗ്രഹിച്ചു. അവന്റെ മിഴികള്‍ ജലോപരിതലത്തില്‍ നിന്നും രാധയുടെ മധുരക്കരിമ്പിന്റെ മനോഹാരിതയാര്‍ന്ന കാല്‍വണ്ണകളിലൂടെ മുകളിലേക്ക് സഞ്ചരിച്ചു. അല്‍പം മുന്‍പ്‌‌ നീലക്കടമ്പിനു മുകളില്‍ കണ്ട രാധയെ അവിടെയിപ്പോള്‍ കാണാനില്ല. പകരം നീലാംബരമണിഞ്ഞ മറ്റൊരു രാധ. അവളുടെ മാറോട് ചേര്‍ന്ന് ഒരു കൈക്കുഞ്ഞ്. പരപുരുഷന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് അല്പം പോലും ബോധവതിയല്ലെന്ന മട്ടില്‍ അവള്‍ തന്റെ മുലകളെ വസ്ത്രങ്ങളില്‍ നിന്നും സ്വതന്ത്രമാക്കി കുഞ്ഞിന്റെ ചോരിവായ്‌‌ക്കുള്ളില്‍ തിരുകി. ഉള്ളിന്റെയുള്ളില്‍ ഒളിപ്പിച്ചതെങ്കിലും ഏതൊരു പുരുഷന്റെയും സ്വപ്നം - എന്നെങ്കിലും ബാല്യം തിരികെ നേടാനുള്ള മോഹം - രാമനിലും ഉണരുന്നത് രാധയ്ക്ക് അപ്പോള്‍ തിരിച്ചറിയാം. രാധയുടെ മാറില്‍ ഒട്ടിച്ചേര്‍ന്നു കിടക്കുന്ന രൂപത്തെ രാമന്‍ സൂക്ഷിച്ചു നോക്കി. അവന്റെ ഇനിയും ഭൂതലസ്പര്‍ശമേല്‍ക്കാത്ത കാലടികള്‍ക്കു കാര്‍മേഘവര്‍ണമുണ്ടോ?


“ഒരു മാതാവെങ്കില്‍, ഒരു ഭാര്യയെങ്കില്‍, കേട്ടറിഞ്ഞ കഥകളെല്ലാം സത്യമായിരുന്നെങ്കില്‍ നീയെന്തിനു കണ്ണന്റെ പുല്ലാങ്കുഴല്‍ വിളികള്‍ക്കു കാതോര്‍ക്കുന്നു? രാത്രികളില്‍ രാസക്രീഢകള്‍ തേടിയലയുന്നു? സ്വന്തം പുരുഷന്റെ സുരക്ഷിതത്വത്തില്‍ നിന്നെന്തിനു പുറത്ത് പോകുന്നു?”


"അതാണെനിക്കിഷ്ടം."


ഇടയന്റെ കൈക‌‌ള്‍ മൂര്‍ച്ചയേറിയൊരു കല്ലിനായി നനഞ്ഞ മണലില്‍ തിരഞ്ഞുകൊണ്ടിരുന്നു.


വിയര്‍ക്കുന്ന ശരീരവുമായി ഗൗതമി ഉമ്മറപ്പടികള്‍ ഓടിക്കയറി. അലസമായ മിഴികളുമായി പടിമേല്‍ പാതിയുറക്കം നടിക്കുന്ന വിഷ്ണുവിനെയവള്‍ കണ്ടു. താനെത്തിയതറിഞ്ഞില്ലെന്ന മട്ടാണ്.


മുറിയിലെത്തി മേല്‍വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി. തന്റെ വിരലുകള്‍ക്കിപ്പോഴും മായയുടെ ഉമിനീരിന്റെ ഗന്ധമുണ്ടെന്ന് ഗൗതമി കൗതുകത്തോടെ തിരിച്ചറിഞ്ഞു. വിരലിന്റെ ഗന്ധം ആസ്വദിച്ചു എത്ര നേരം ആ നില്‍പു നിന്നെന്നറിയില്ല, പൊടുന്നനെ പിന്നില്‍ വിഷ്ണുവിന്റെ സാന്നിദ്ധ്യം അവളറിഞ്ഞു. വര്‍ഷങ്ങളേറെയായതിനാലാവണം അവന്റെ ഒരു നേരിയ ചലനം പോലും തിരിച്ചറിയാന്‍ താന്‍ പ്രാപ്തയായിരിക്കുന്നു. ഈ നിമിഷം തന്റെ കഴുത്തില്‍ വീഴുന്ന അവന്റെ ശ്വാസവായു തന്റെ നേര്‍ക്കുള്ള ചോദ്യമാണെന്നും അതെന്തെന്നും അവള്‍ക്കറിയാം.


“എന്റെയിഷ്ടം അതായിരുന്നു."


മറുപടി അവനെ ചൊടിപ്പിക്കുമെന്നറിയാഞ്ഞല്ല. വേദന ഇന്നൊരാനന്ദമായി മാറുന്നുണ്ടെന്നു തോന്നുന്നു. അതോ മായയെന്ന ഔഷധത്തിന്റെ നീറ്റലറിയാന്‍ മുറിവുകള്‍ തനിക്കു വേണമെന്നത് കൊണ്ടോ? മുറിവുകള്‍ ആഗ്രഹമാകുന്നുണ്ടോ?


അവന്റെ ബലിഷ്ഠമായ ഇടതുകൈ പിറകിലൂടെ ഇപ്പോള്‍ കെട്ടിവരിഞ്ഞിരിക്കുന്നത് തന്റെ ഗര്‍ഭപാത്രത്തിനു മുകളിലൂടെയാവും. മറുകൈ കഴുത്തിനല്‍പം താഴെ പിടി മുറുക്കിയിരിക്കുന്നു. നിമിഷങ്ങളോരോന്ന് കഴിയുന്തോറും തന്നെ ചുറ്റിവരിഞ്ഞ കൈകള്‍ക്ക് മുറുക്കമേറുന്നു. ശ്വാസകോശങ്ങള്‍ വായുവിനായി ധൃതിപ്പെടുന്നു.


അന്നേരം നദീതീരം പതിവില്ലാത്ത വിധം ജനനിബിഡമായിരുന്നു. പതിഞ്ഞ ശബ്ദങ്ങളായി ആകുലതകള്‍ അവിടെ മുഴങ്ങി നില്‍പുണ്ടായിരുന്നു. ആറ്റിലേയ്ക്കച്യുതാ ചാടല്ലേയെന്ന് ചിലര്‍. വിനോദമാണു വേണ്ടതെങ്കില്‍ കാട്ടിലെ പൊയ്കയില്‍ പോയി നീന്താമല്ലോയെന്ന് വേറെ ചിലര്‍. പുഞ്ചിരിയില്‍ മറുപടിയൊതുക്കിയ ജനാര്‍ദ്ദനന്‍ നീലക്കടമ്പു ലക്ഷ്യമാക്കി വേഗത്തില്‍ നടന്നു. തളിരില പോല്‍ മൃദുലമായ പാദങ്ങള്‍ ഒറ്റ നിമിഷം കൊണ്ട് മണലില്‍ നിന്നും കദംബത്തിലേക്കു കുതിച്ചു. കേശവന്റെ ഭാരം താങ്ങാനരുതാതെ നീലക്കടമ്പു വൃക്ഷം ആടിയുലഞ്ഞു. ഒരു നിമിഷം. ഓളങ്ങള്‍ ഇളകിമറിയുന്ന നദിയുടെ മാറിലേക്ക് മാധവന്‍ അതിവേഗം എടുത്തു ചാടി. ദിഗന്തങ്ങള്‍ പൊട്ടുമാറുള്ള ശബ്ദത്തിനകമ്പടിയോടെ കാര്‍വര്‍ണന്റെ ശരീരം ജലോപരിതലത്തെ ഭേദിച്ചു.

മാധവസന്നിധിയില്‍ നാരായണന്‍ തന്നെത്തന്നെ മറന്നു പാടുകയായിരുന്നു. ഗാനം നദി പോലൊഴുകി.

അഥ ദിക്ഷു വിദിക്ഷു പരിക്ഷുഭിത-
ഭ്രമിതോദരവാരിനിനാദഭരൈഃ
ഉദകാദുദഗാദുരഗാധിപതി-
സ്ത്വദുപാന്തമശാന്തരുഷാന്ധമനാഃ
ഫണശൃംഗസഹസ്രവിനിഃസൃമര
ജ്വലദഗ്നികണോഗ്ര – വിഷാംബുധരം
പുരതഃ ഫണിനം സമലേകയഥാ
ബഹുശൃംഗിന അഞ്ജനശൈലമിവനീര്‍പ്പരപ്പിനടിയില്‍ ജീവവായു തേടി ഗൗതമി ചുമച്ചു. കിതച്ചു. ആഞ്ഞാഞ്ഞു ശ്വാസം ഉള്ളിലേക്കെടുത്തു. ജീവവായു നിഷേധിക്കപ്പെട്ട ശരീരം വന്യമായി പിടഞ്ഞു. തനിക്ക് മൽസ്യച്ചിറകുകൾ മുളച്ചിരുന്നെങ്കിൽ എന്നവളാഗ്രഹിച്ചു. വിഷ്ണുവിന്റെ കൈകൾ മായയുടെ കഴുത്തി ഞെരിഞ്ഞമർന്നു.
പൊലയാടിമോൾ വിഷം തുപ്പിയിവിടെ മരിച്ചു വീഴണം. വിഷ്ണു വീണ്ടും തന്റെ കരങ്ങൾ ആഞ്ഞു മുറുക്കി. മായ ജീവശ്വാസമായി തന്റെ കോശങ്ങളിലേക്കൊഴുകിയെത്തുമെന്ന് അന്നേരവും ഗൗതമിയ്ക്കു തോന്നി.
ഭൂഗുരുത്വം നഷ്ടമായ ഒരു ശില കണക്കെ ഗൗതമിയുടെ ശരീരം ജലത്തിന്നഗാധതയിൽ ഒഴുകി നടന്നു. പ്രളയമിതാ എത്തിച്ചേർന്നിരിക്കുന്നു. എവിടെ പേരാലിലകൾ? തനിക്ക് പുനർജ്ജനിക്കുവാൻ സമയമായിരിക്കുന്നു.


അനന്തരം:
നന്ദീതീരത്തു തടിച്ചു കൂടിയ ജനങ്ങൾ കൈകൂപ്പി മാധവനെ വണങ്ങി. അവിടെ നടക്കുന്ന മഹാൽഭുതം എവ്വണ്ണമെന്ന് വർണിക്കുവാൻ ആയിരം നാവുള്ളോനു പോലും സാധിക്കില്ലെന്ന് ഓരോ ഇടയനും ഗോപികയും മനസിൽ നിനച്ചു.
ആയിരം ഫണങ്ങളില്‍ നിന്നും ഉഗ്രവിഷം ചീറ്റുന്ന കാളിയന്‍. ഭീകരരൂപി. കണ്ണന്റെ കാല്‍ച്ചുവടുകള്‍ കാളിയന്റെ പടങ്ങളില്‍ ആഞ്ഞാഞ്ഞു പതിച്ചു. ഓരോ കാല്‍വെയ്പ്പിലും ഒരു പര്‍വതം തന്റെ ശിരസ്സില്‍ പതിയ്ക്കുന്ന വേദനയാല്‍ കാളിയന്‍ അലറിക്കരഞ്ഞു.

അധിരുഹ്യ തതഃ ഫണിരാജഫണാന്‍
നനൃതേ ഭവതാ മൃദുപാദരുചാ
കളശിഞ്ജിതനൂപുര മഞ്ജുമിളത്
കരകങ്കണസങ്കുല സംക്വണിതം

-----------------------------------------------------------------------------------------------
1. scattered intertextual references: ചെറുശ്ശേരി, മേല്‍പത്തൂര്‍, പെമ്മേണ (കുട്ടിസ്രാങ്ക്), രമേശൻ നായർ
2. നന്ദി: ഒരുപാടുപേർക്ക്, ഒരുപാട് വിവരങ്ങൾക്കും സഹായങ്ങൾക്കുമായി

1 comment:

ജനാര്‍ദ്ദനന്‍.സി.എം said...

സംഗതി നന്നായിട്ടുണ്ട്. ചില സ്ഥലങ്ങളിലെങ്കിലും ആയിരുന്നു, ആയിരുന്നു കൂടിപ്പോയോ എന്നൊരു സംശയം. രചനാ രീതി കലക്കി.അഭിനവ കാളിയന്മാര്‍ വിഷം വമിക്കാതിരിക്കട്ടെ?!

...