Monday, June 14, 2010

ഉമ്മകളിലൂടെ കടലോളം പോന്ന ആഴങ്ങള്‍ അവളെന്നോട്‌ പറഞ്ഞത്

പറയുവാനുള്ളതെല്ലാം ഉമ്മകള്‍ കൊണ്ടായിരുന്നു അവളെന്നോട് പറഞ്ഞിരുന്നത്. അതിനര്‍ഥം അവള്‍ ഊമയായിരുന്നെന്നോ ഞാന്‍ ബധിരനാണെന്നോ അല്ല. പറഞ്ഞു പഴകിയതും പഴകിപ്പറഞ്ഞതുമായ വരികള്‍ക്ക് സംവേദനശക്തി നഷ്ടപ്പെട്ടുവെന്ന് ഞങ്ങള്‍ക്ക് തോന്നിക്കാണണം. അത്രമാത്രം!

ആദ്യത്തെ നനുത്ത ഉമ്മ
കടലോളം പോന്ന ആഴത്തെ
സൂചിപ്പിക്കുന്നതായിരുന്നു.

നീയെന്റേതാണെന്നും, വാചാലമായ മൗനങ്ങള്‍ രാഗമാണെന്നും, രാവുകള്‍ പ്രണയം വിരിയുന്ന പൂമരമാണെന്നും പറഞ്ഞത് കവിളില്‍ അവളുടെ മൂര്‍ച്ചയേറിയ വെളുത്ത പല്ലുകളമര്‍ത്തിക്കൊണ്ടായിരുന്നു. മറുപടിയുടെ നീറ്റല്‍ നീലനിറമുള്ള പാടുകളായി ഇന്നുമുണ്ടാവണം അവളുടെ കഴുത്തില്‍!

ഉല്‍സവപ്പിറ്റേന്ന്
കാവില്‍ വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍
ഉമ്മകളുടെ ഉല്‍സവമായിരുന്നു!

പള്ളിനീരാട്ടിനു ശേഷം , ഉറക്കത്തിലേക്കു വീഴും മുന്‍പേ മുന്നേ ഭഗവതി തുറന്നുവിട്ട യക്ഷിയും മറുതയും ഭൂതഗണങ്ങളും നല്‍കിയ സുരക്ഷിതത്വത്തില്‍, വഴിക്കച്ചവടക്കാര്‍ ഉപേക്ഷിച്ചുപോയ പൊട്ടിയ ചുവന്ന വളച്ചില്ലുകള്‍ക്കും കാറ്റൊഴിഞ്ഞ ആപ്പിളുബലൂണുകള്‍ക്കും മുകളില്‍ അവള്‍ മനസ് തുറന്ന് സംസാരിച്ചതൊക്കെയും ഉമ്മകളിലൂടെത്തന്നെ. നനഞ്ഞ്, അമര്‍ന്ന്, ആഴത്തില്‍, വേഗതയില്‍.

അവളല്ലാതൊരുവളുണ്ടെന്ന തോന്നലില്‍
പറയാനുള്ളതെല്ലാം പറഞ്ഞുതീര്‍ത്തത്
ഉമ്മകള്‍ നിഷേധിച്ചുകൊണ്ടായിരുന്നു.

അവസാനമായി നല്‍കിയ വരണ്ട ചുംബനം മാത്രം
വാക്കുകളിലും മൗനങ്ങളിലുമൊതുങ്ങാതെ,
പൊള്ളലുകളും മുറിവുകളുമായി,
നീറിയും നീറ്റിയും
തലച്ചോറിലെവിടെയോ ഇന്നും തിണര്‍ത്തുകിടക്കുന്നു.

Thursday, June 10, 2010

മെസ്സി നോവെന*


ലയണല്‍ മെസ്സിയായ തമ്പുരാനേ
നിന്റെ നാമം വാഴ്ത്തപ്പെടേണമേ...

ലീഗ് ഫുട്ബോളില്‍ എന്ന പോലെ വേള്‍ഡ് കപ്പിലും
നിന്റെ ഗോളുകള്‍ പിറക്കേണമേ...

ഇംഗ്ലണ്ടിന്റെ ഫൌളുകള്‍ ഞങ്ങള്‍ പൊറുത്തു കൊടുക്കുന്നത് പോലെ
ഞങ്ങളുടെ ഫൌളുകള്‍ക്ക് ഞങ്ങളോടും പൊറുത്ത് തരേണമേ...
മെസ്സിയുടേയും മറഡോണയുടേയും അര്‍ജ്ജന്റീനയുടേയും നാമത്തില്‍ ....
ആമേന്‍ !

*ടൈറ്റില്‍ ദേവദാസ് വിയെമ്മിന്റെ :)

Saturday, June 5, 2010

അടുത്തിരിക്കുന്ന വിന്‍ഡോ സീറ്റുകാരന് ഈ സ്റ്റോപ്പില്‍ ഇറങ്ങിയാലെന്താണ്?

1. നൊസ്റ്റാള്‍ജിയ:

ജനല്‍ക്കമ്പിയില്‍ നിന്നും മുകളിലേക്കിറ്റ് വീഴുന്ന
ഒരു മഴത്തുള്ളി -

ചുണ്ടില്‍ നിന്നും കത്തിത്തുടങ്ങി
വായുവില്‍ എരിഞ്ഞുതീരുന്ന ഒരു സിഗരറ്റ് കുറ്റി.

2. റഫറന്‍സ്:
ഫൂക്കോയുടെ സ്പെല്ലിങ്ങ് അന്വേഷിച്ചത്
പുസ്തകം വായിക്കാനൊന്നുമായിരുന്നില്ല.
വിക്കിപ്പീഡിയയില്‍ ഒന്നു പരതാന്‍

എന്റെ ചിന്തകളെ റീഗ്രസീവ് എന്ന്
സംബോധന ചെയ്തവന്റെ തന്തക്ക് വിളിക്കാന്‍...
എന്തിനും ഒരു റഫറന്‍സ് ഉണ്ടായിരിക്കുന്നത് നല്ലതാണ്!


3. വിക്ക്:
വിക്ക് സച്ചിദാനന്ദന്റെ ഒരു കവിതയുടെ പേരാണ്.

4. യാത്ര:

ഇടിച്ചു കയറിയാണ് അരികിലെങ്കിലും ഒരു സീറ്റ് തരപ്പെടുത്തിയത്
അടുത്തിരിക്കുന്ന വിന്‍ഡോ സീറ്റുകാരന് ഈ സ്റ്റോപ്പില്‍ (എങ്കിലും)
ഇറങ്ങിയാലെന്താണ്?

YMCAയില്‍ ഇറങ്ങിയാല്‍ രസികന്‍ മില്‍ക് ഷര്‍ബത് കുടിക്കാം
അല്ലെങ്കില്‍ പാരഗണില്‍ നല്ല ഉച്ചയൂണ് ലഭിക്കും
വെസ്റ്റ് ഹില്ലിലും ഇറങ്ങാമല്ലോ.
ബംഗ്ലാദേശ് കോളനിയില്‍ ഇപ്പോഴും കഞ്ചാവ് കിട്ടുമെന്നാണറിവ്...


സീറ്റിനടുത്ത് ഒരു ഭാരിച്ച സഞ്ചിയും പിടിച്ച് നിക്കുന്ന
ആ താടിക്കാരന്റെ നെറ്റിയില്‍ നിന്നും
വിയര്‍പ്പിന്റെ മണികള്‍ ഇറ്റ് വീഴുന്നത് എന്റെ പുതിയ
ലിവൈസ് ജീന്‍സിലേക്കാണ്!
നാശം പിടിക്കാന്‍!

അടുത്തിരിക്കുന്ന വിന്‍ഡോ സീറ്റുകാരന്
കാപ്പാടിറങ്ങിയാല്‍ പോലും
ബീച്ചിലെ മദാമ്മമാരുടെ വെളുത്ത തുടകളെ കാണുവാന്‍ കഴിയും.

ഇല്ല കൊയിലാണ്ടിയെത്തി.
ഇനി വടകരവരെയും അയാളെഴുന്നേല്‍ക്കുമെന്ന് തോന്നുന്നില്ല.
പയ്യോളിയിലെങ്കിലും?

അടുത്തിരിക്കുന്ന ആ വിന്‍ഡോ സീറ്റുകാരന്‍...
അയാള്‍ തലശ്ശേരിയെങ്കിലും ഇറങ്ങിയാല്‍ മതിയായിരുന്നു!
...