Sunday, March 21, 2010

പാമ്പുജീവിതം

ഇഴഞ്ഞിഴഞ്ഞിഴഞ്ഞ്...

മരപ്പൊത്തിലൊളിക്കുന്ന തവളയിൽ മാരകവിഷം കുത്തിവെച്ച്
ഫണം വിടർത്തി
ചുണ്ടെലിക്കുഞ്ഞിനെ ചുരുട്ടിയെടുത്തെറിഞ്ഞ്

വേലിപ്പടർപ്പുകളിൽ ഭയം വിതറി
കിണറ്റിൻ‌ കരയിലും തോട്ടുവക്കിലും

വഴുക്കി വഴുക്കി വഴുക്കി.

ഒടുക്കം മൂക്കളയൊലിപ്പിച്ചുവന്ന ഒരു മുറിട്രൌസറുകാരൻ
വാലിൽത്തൂക്കിയെടുത്തൊരേറായിരുന്നു.
നൂറായി നുറുങ്ങിയ കശേരുക്കൾ
പച്ചമാംസത്തിൽ നീറ്റലായിപ്പടർന്ന്.

ഓർത്തു
വെറും പാമ്പുജീവിതം!

Monday, March 15, 2010

കൈപ്പള്ളി ഇത് കാണണ്ട!

മിത്തുകളും സന്കല്പങ്ങളും ആചാരങ്ങളും കാലത്തിനനുസരിച്ച് - പ്രത്യേകിച്ചും മാസ് മീഡിയയുടെ വരവോടെ - എപ്രകാരം ഇവൊല്യൂഷനു വിധേയമാകുന്നു എന്നറിയാന്‍ എതിരന്‍ കതിരവനോട് ചോദിച്ചാല്‍ മതി. മാവേലി, കുട..., കുപ്പി... എന്ന അതിയാന്റെ പോസ്റ്റ് ഇനിയും വായിക്കാത്തവര്‍ വായിച്ചു നോക്കുക [ ലിന്ക്].

ഇതിപ്പോള്‍ പറയാന്‍ കാരണം കേരളത്തിലെ ഹിന്ദുഭക്തിഗാനങ്ങളുടെ ഭാവത്തിലും രൂപത്തിലുമെല്ലാം വന്ന മാറ്റങ്ങള്‍ ശ്രദ്ധിച്ചപ്പോള്‍ ഉണ്ടായ ചിന്തകളാണ്. ഭക്തി എന്ന ഭാവം സംഗീതത്തില്‍ എങ്ങിനെയാണ് സമന്വയിപ്പിക്കുന്നത് എന്നത് ഒരു കടന്കതയാണ്. എഴുപത് എണ്പത് കാലഘടത്തില്‍ പുറത്തിറങ്ങിയ ഭക്തിഗാനങ്ങളില്‍ അധികവും 'മെലഡി' എന്ന് പൊതുവെ വിലയിരുത്തപ്പെടുന്ന ഗണത്തില്‍പ്പെടുന്നവയായിരുന്നുവെന്ന് തോന്നുന്നു. ഒരു നേരമെന്കിലും കാണാതെ വയ്യെന്റെ മുതല്‍ രാധതന്‍ പ്രേമത്തോടാണോ വരെയുള്ള ഗാനങ്ങള്‍ക്കെല്ലാം പതിഞ്ഞ താളവും ഫിലോസഫിക്കല്‍ ആയ ലിറിക്കുകളുമായിരുന്നു എന്ന് ഓര്‍മയുണ്ട്. ശരീരത്തിനയിത്തം കല്പിക്കപ്പെട്ട യേശുദാസിന്റെ ശബ്ദത്തിനയിത്തം ഒരമ്പലത്തിലും അക്കാലത്തുണ്ടായിരുന്നില്ല എന്നതും നല്ല ഓര്‍മയുണ്ട്.

സിനിമാഗാനങ്ങള്‍ ഭക്തിഗാനങ്ങളുടെ സ്ഥാനം ഏറ്റെടുക്കാന്‍ തുടങ്ങിയതെന്നാണെന്നറിയില്ല. ഭക്തി പ്രധാനപ്രമേയമായ സിനിമയില്‍ ഭക്തിഗാനം തന്നെയായ 'പളം നീയപ്പായും ' മറ്റും അമ്പലങ്ങളില്‍ അതിരാവിലെ ലൗഡ് സ്പീക്കര്‍ വഴി കേള്‍പ്പിച്ചിരുന്നതില്‍ അസ്വാഭാവികതയുണ്ടെന്ന് പറയാനും കഴിയില്ലല്ലോ. എന്നാല്‍ സിനിമയില്‍ കഥാപാത്രങ്ങളുടെ മാനസികപിരിമുറക്കും അവതരിപ്പിക്കുന്നതിനായി സൃഷ്ടിച്ച 'ജാനകീജാനേ രാമാ' ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും സ്ഥിരം സാന്നിദ്ധ്യമായത് രസകരമായ മാറ്റമായിരുന്നു.

ഇവോല്യൂഷന്‍ ഒരു continuous process ആണ്. തമിള്‍ സിനിമകളിലെ അടിപൊളി ഡപ്പാം കൂത്ത് പാട്ടുകളുടെ ഈണങ്ങള്‍ ഭക്തിഗാനങ്ങള്‍ക്ക് അതേ പടി ഉപയോഗിക്കാമെന്ന് മനസിലായത് രണ്ടായിരാമാണ്ടിനു ശേഷം മധു ബാലകൃഷ്ണന്റെ ആലാപനത്തില്‍ പുറത്തിറങ്ങിയ അയ്യപ്പഭക്തിഗാനങ്ങള്‍ കേട്ടപ്പോഴാണ് [ ഗണപതിക്കൊരു നാളികേരമയ്യപ്പാ (ആര്‍ക്കോട്ടെ ഭൂപതി നാനെഡാ), പേട്ട തുള്ളി പാട്ടുപാടി (നെഞ്ചം തുടിക്ക്ത് ജെമിനി ജെമിനി) മുതലായവ ഉദാഹരണം‌‌)].

സംഗീതത്തില്‍ ഭക്തി എന്ന ഭാവം എങ്ങിനെ കൊണ്ടുവരാം /തിരിച്ചറിയാം എന്ന് ആദ്യമായി സംശയം തോന്നിയത് ഈ പാട്ടുകള്‍ കേട്ടപ്പോഴാണ്. ഇവയുടെ തമിഴ് ഒറിജിനലുകള്‍ കേള്‍ക്കുമ്പോള്‍ 'ഇതൊക്കെ പാട്ടാണോ ദേവരാജന്മാഷുടെ പാട്ടല്ലെ പാട്ട്' എന്ന് ഗദ്ഗദകണ്ഠരായവര്‍ തന്നെ ലിറിക്കൊന്നു മാറ്റി കറുപ്പുടുത്ത മധുബാലകൃഷ്ണന്റെ പടം ഫ്രണ്ട് കവറായി ഇറങ്ങിയ കാസറ്റില്‍ നിന്നും ഇതേ ഈണങ്ങള്‍ കേട്ടപ്പോള്‍ അവയെ കയ്യടിച്ചു പ്രോല്സാഹിപ്പിച്ചു. നോക്കണേ രസം.

ഈ ഗണത്തില്‍ പെട്ട ഏറ്റവും പുതിയ സംഗതിയുടെ ലിന്ക് ഒരു സുഹൃത്ത് അയച്ചു തന്നെ ഏതോ സിനിമയില്‍ ജഗതി പറയും പോലെ "ഇതൊരു പഴേ തമിള്‍പാട്ടല്ലേ" എന്ന് ചോദിച്ചപ്പോഴാണ് ഈ കഥകള്‍ വീണ്ടു ഓര്‍മ വരുന്നത്.
ഇത് കേട്ടിട്ടും കണ്ടിട്ടും ഇല്ലാത്തവര്‍ താഴെ വീഡിയോ കാണുക. അവതാര്‍ കണ്ട ശേഷം ഇത്രയും മികച്ച സ്പെഷല്‍ എഫക്ട് ഒരു വീഡിയോവില്‍ കാണുന്നത് ആദ്യമായാണ്. രാധാമാധവനൃത്തങ്ങളുടെ കൊറിയോഗ്രാഫിയൊക്കെ ഒരു ദാണ്ഢിയ ടച്ചില്‍ ആയിരുന്നു പണ്ട് കാണാറ്. ഇന്നതും മാറി നല്ല സിനിമാസ്റ്റൈല്‍ സ്റ്റെപ്പുകള്‍ ആയി.കൈപ്പള്ളി ഇത് കാണാതിരുന്നാല്‍ മതിയെന്നാണ് ഇപ്പോള്‍ കൃഷ്ണനോടുള്ള ഏകപ്രാര്‍‌‌ഥന. ബ്ലഡീ മല്ലു ഗ്രാഫിക് ഡിജൈനര്‍മാരേയും അനിമേഷന്‍കാരേയും എല്ലാം കൂട്ടത്തോടെ തെറി വിളിച്ചു കളയും. ഈ വീഡിയോവില്‍ ബാക്ഗ്രൗണ്ടായി ഇട്ടിരിക്കുന്നത് പഴയ വിന്ഡോസ് എക്സ്.പിയിലെ ഡിഫോള്‍ട് വാള്‍പേപ്പറായിരുന്ന 'ബ്ലിസ്സ്' അല്ലേയെന്നും വ‌‌ര്‍ണ്യത്തിലാശന്ക!
...