Sunday, February 14, 2010

സ്കൗട്ടന്‍!

കസിനന്‍ അനീഷന്‍ ഭയങ്കരനാണ്‌. ജനിച്ചപ്പോഴേ കൊടും ഭീകരന്‍. രണ്ടാം ക്ലാസില്‍ കണക്ക് പരീക്ഷക്ക് അമ്പതില്‍ അമ്പതും വാങ്ങി അച്ചാച്ഛന്റെ ഗുഡ് സര്‍ടിഫിക്കറ്റ് വാങ്ങിയന്‍. കുടുംബത്തിലെ ഏറ്റവും വലിയ ബുദ്ധിമാന്‍ എന്ന് പരക്കെ അംഗീകരിക്കപ്പെട്ടവന്‍!

അഞ്ചാം ക്ലാസ് മുതലേ സ്കൌട്ടിന്റെ അസുഖം ഉണ്ട്. എന്ന് വെച്ചാല്‍ ഉപദ്രവകാരിയാണ് എന്നല്ല. ആഴ്ചയില്‍ ഒരു ദിവസം സ്കുള്‍ യൂണിഫോമിനു പകരം നീല സ്കൌട്ട് യൂണിഫോം ധരിച്ചു സ്കുളില്‍ പോവും. അന്ന് വൈകീട്ട് ബി.കെ.നായര്‍ മെമോറിയല്‍ സെന്‍ട്രല്‍ ജയിലിന്റെ അകത്തു നിന്നും ചില ഒച്ചയും ബഹളങ്ങളും കേള്‍ക്കാം എന്ന് മാത്രം. ഏക്‌ ഏക്‌ ഏക്‌ ദോ ഏക്‌.. ബായേം മുട്ട് ... വിശ്രാം..

നാട്ടുകാര്‍ക്ക് അത്രയേ ഉപദ്രവമുള്ളൂ എങ്കിലും വീട്ടുകാര്‍ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. എന്തിനും ഏതിനും സ്കൌട്ട് നിയമാവലി ഉരുവിടുക, അര്‍ദ്ധരാത്രി ഉറക്കത്തില്‍ എഴുന്നേറ്റ് സ്കൌട്ട് ഗീതങ്ങള്‍ ഉറക്കെ പാടുക (കോറസായി അകലെ നിന്നും സ്ഥലത്തെ പ്രധാന കുടിയന്‍ ചാത്തുക്കുട്ടി അവര്‍കളുടെ ഗാനമേളയും ഒഴുകിയെത്തും) , വീട്ടില്‍ പുല്ലു മേയാന്‍ വരുന്ന നാല്‍ക്കാലികളെ സ്കൌട്ട് പ്രതിജ്ഞ പഠിപ്പിക്കുക എന്നതാണ് ഇഷ്ടന്റെ സ്ഥിരം നമ്പരുകള്‍.

രാവിലെ ചായ ഇടാന്‍ നേരത്ത് പഞ്ചസാര ഔട്ട്‌ ഓഫ് സ്റ്റോക്ക്‌ ആണെനുന്നു കണ്ടെത്തുന്ന പുഷ്പേച്ചി "ഡാ അനീഷേ ഞ്ഞാ സുധാരന്റെ പീട്യെ പോയ്‌ അഞ്ഞൂറ് പഞ്ചാര വാങ്ങിച്ചോണ്ട് വാ എന്ന് " പറയുമ്പോള്‍, "അമ്മാ എ സ്കൗട് ഈസ് എ മിതവ്യയശീലന്‍ " എന്നൊക്കെപ്പറഞ്ഞ് ഒഴിഞ്ഞ്മാറാന്‍ പുള്ളി ബഹുമിടുക്കനാണ്‌. ( പുഷ്പേച്ചി - ടിയാന്റെ മമ്മി)

ജനാര്‍ദ്ധനങ്കുട്ട്യാട്ടനു ( ടിയാന്റെ പപ്പ) ക്ഷമ സാധാരണയിലും അല്പം കുടുതല്‍ ആയതിനാല്‍ ഇഷ്ടന്‍ അധികം പരിക്കുകള്‍ കൂടാതെ കഴിഞ്ഞു പോയി എന്ന് മാത്രം.

അക്കാലത്ത് ( ഇക്കാലത്തും ) ഗ്രാമപ്പഞ്ചായത്തിലെ മിക്ക വീട്ടുകാരും നേരിട്ടിരുന്ന പ്രധാനപ്രതിസന്ധികളില്‍ ഒന്ന് പ്ലാവില്‍ നിന്നും ഒരാള്‍പ്പൊക്കത്തിലും മുകളില്‍ നില്‍ക്കുന്ന ചക്കയെ എങ്ങിനെ താഴെ എത്തിക്കാം എന്നതായിരുന്നു. പ്രത്യേകിച്ചും പച്ചച്ചക്കയാണെങ്കില്‍ കുഴഞ്ഞത് തന്നെ. തെങ്ങുകയറ്റത്തൊഴിലാളികളെ തേങ്ങ ഇടാന്‍ കിട്ടണമെങ്കില്‍ തന്നെ ബി.എസ്.എന്‍.എല്‍ കണക്ഷനില്‍ യൂറ്റ്യൂബ് വീഡിയോ കാണുമ്പോലെയാണ്‌. സമയത്തിനു വന്നാലായി വന്നില്ലെങ്കിലായി. അപ്പോഴല്ലേ ചക്ക പറിക്കാന്‍ വരുന്നത്.!

ഇനി എങ്ങാനും വന്നു പോയാല്‍ തന്നെ ചക്കക്ക് ടി.എ. ഡി.എ എന്നിവയ്ക്ക് പുറമേ കൂലിയായി പുറമേ ചക്ക വേറൊന്നും പ്രതിഫലമായി കൊടുക്കേണ്ടി വരും. " ചക്ക എന്ത് കൊണ്ടൊരു കിട്ടാക്കനി "എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ തയ്യാറായി നില്‍ക്കുന്നവരായിരുന്നു പഞ്ചായത്ത് മുഴുവനും എന്നു ചുരുക്കം!

പുഷ്പേച്ചിക്ക് പെട്ടെന്നൊരു ദിനം ചക്കപ്പുഴുക്ക് ഉണ്ടാക്കി തത്ര പതിക്കും പതീമാതാവിനും സല്പുത്രന്മാര്‍ക്കും പുത്രിക്കും സല്‍ക്കരിക്കേണം എന്നു തോന്നിയത് ഒരു വലിയ കുറ്റമൊന്നും ആയിരുന്നില്ല. ഒരു മോഹം തോന്നി അത്ര മാത്രം.
ജനാര്‍ദ്ദനന്‍ ഇളയച്ഛനെ വീട്ടില്‍ അങ്ങനെ കാണാന്‍ കിട്ടാന്തന്നെ പ്രയാസമാണ്‌. നാട്ടിലെ സകല സാംസ്കാരികപരിപാടികള്‍ക്കും പുള്ളിയുടെ സാന്നിദ്ധ്യം അനിവാര്യമാണെന്ന് അന്നാട്ടില്‍ ആര്‍ക്കാണറിയാത്തത്?

അഞ്ചലി ആര്‍ട്സ് ആന്റ് സ്പോര്‍‌ട്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സെവന്‍സ് ഫുഡ്ബോള്‍ മാച്ചിന്റെ റഫറി ആരാ? - ജനാര്‍ദ്ദനങ്കുട്യാട്ടന്‍.
കൊയിലാണ്ടി സബ്ജില്ലാ സ്കൂള്‍കലോല്‍സവത്തിന്റെ മുഖ്യഭാരവാഹി? - ജനാര്‍ദ്ദനങ്കുട്ട്യാട്ടന്‍

അന്നത്തെ ദിവസം ഇന്ത്യാ ഓസ്ട്രേലിയ വണ്‌ഡേ മാച്ച് ഉള്ളതൊന്നു കൊണ്ട് മാത്രമാണ്‌ പുള്ളിയെ വീട്ടില്‍ കണ്ടത് തന്നെ. അപ്പോഴാണ്‌ തന്റെ ചക്കമോഹം പുഷ്പേച്ചി അവതരിപ്പിക്കുന്നത്.

"എന്താ പ്രിയേ?" പരുങ്ങി നില്‍ക്കുന്ന സഹധര്‍മ്മിണിയോട് സ്ക്രീനില്‍ നിന്നും കണ്ണെടുക്കാതെ ജനാര്‍ദ്ധനങ്കുട്ട്യാട്ടന്‍ ആരാഞ്ഞു

"ഹന്ത കാന്താ, അന്ത ചക്ക.'' പുഷ്പേച്ചി നമ്രമുഖിയായി

ചക്കപ്പുഴുക്ക് ഒരു വശത്ത് ഇന്ത്യ-ഓസ്ട്രേലിയ മറുവശത്ത് ... ജനാര്‍ദ്ധനങ്കുട്ട്യാട്ടനു ഡൈലമ്മയുടെ ഉച്ചകോടി!

ചക്കയെങ്കില്‍ ചക്ക. മാച്ചിനെ ഉപേക്ഷിച്ച് ജനാര്‍ദ്ധനങ്കുട്ട്യാട്ടന്‍ കൊക്കയുമെടുത്ത് ചക്ക പറിക്കാന്‍ ഇറങ്ങി. എന്നാല്‍ കാര്യത്തിന്റെ ഒരു വിഷമസ്സിതി മനസിലാക്കാന്‍ പുള്ളി അല്പസമയം എടുത്തു. കൊക്കയ്ക്ക് മുകളില്‍ കത്തി ഉറച്ചു നില്‍ക്കുന്നില്ല!

അപ്പോഴാണ്‌ പുഷ്പേച്ചിക്ക് ഒരു നമ്പറ് തോന്നിയത്. നോക്കിയിരിക്കുന്ന അനീഷിനെ നോക്കി പുഷ്പേച്ചി വരുണാസ്ത്രം പ്രയോഗിച്ചു. "ഡാ നീ വലിയ സ്കൗട്ട്കാരനല്ലേ. അത്ര വലിയ സ്കൗട്ടൊക്കെ ആണെങ്കില്‍ ഇങ്ങോട്ട് വന്നാ ചക്ക പറിച്ച് കാണിക്ക് ".

ക്രിക്കറ്റ് മാച്ചുള്ളപ്പോള്‍ ജെ.സി.ബി. പിടിച്ചാലും സീറ്റില്‍ നിന്നനങ്ങാത്ത ദേഹമണ്‌. പക്ഷേ ഇതിപ്പോള്‍ സാഹചര്യം അങ്ങനെയല്ല.അഭിമാനത്തിലാണ്‌ അമ്മ കൈ വച്ചിരിക്കുന്നത്. ബാക്കി എന്തും അനീഷന്‍ സഹിക്കും പക്ഷേ തന്റെ സ്കൗട്ട് സത്വത്തെ ചോദ്യം ചെയ്യുന്നത് മാത്രം! " സ്കൗട് ഇസ് കര്‍‌ട്ടിയസ്, സ്കൗട് ഈസ് ഒബീഡയന്റ്" എന്നു ഉറക്കെ വിളിച്ചു പറഞ്ഞും കൊണ്ട് അനീഷന്‍ ചാടിയിറങ്ങി.

"ഗിവ് മീ ദ പ്രോബ്ലം സ്റ്റേറ്റ്മെന്റ്" അനീഷന്‍ അറബിയില്‍ അലറി.

" പ്ലക്കിങ്ങ് ദാറ്റ് ചക്ക ഈസ് ദ ഓണ്‍‌ലി പ്രോബ്ലം" ജനാര്‍ദ്ദനങ്കുട്ട്യാട്ടനും അറബി പരിജ്ഞാനം പുറത്തെടുത്തു.

"ദാറ്റ് ഈസ് നോട് എ പ്രോബ്ലം അറ്റ് ഓള്‍. നമുക്ക് ക്ലൊവ് ഹിച്ചുണ്ടല്ലോ". അനീഷന്റെ ഉള്ളിലെ സ്കൗട്ടന്‍ പുറത്ത് ചാടി.

സ്കൂളില്‍ സ്കൗട് മാഷ് പഠിപ്പിച്ച ഐറ്റമാണ്‌. ഹൗ റ്റു നോട് എ ക്ലൗവ് ഹിച്ച്. കൊക്കയില്‍ കത്തിയോ കൊടുവാളോ കെട്ടാന്‍ ക്ലൗ ഹിച്ച് ഉപയോഗിച്ചാല്‍ മതി. ചക്ക പ്ലക്കിങ്ങ് വില്‍ നോട് ബി എ പ്രോബ്ലം എനി മോര്‍!

എന്ത് കുന്തമായാലും കുഴപ്പമില്ല ചക്ക ലാന്‍ഡ് ചെ‌‌‌‌യ്താല്‍ മാത്രം മതി.. ജനാര്‍ദ്ദനങ്കുട്ട്യാട്ടാന്‍ നയം വ്യക്തമാക്കി.

"എട് കൊടുവാള്‍." അനീഷന്‍ കൊടുവാള്‍ കൊക്കയുടെ അറ്റത്ത് വെയ്ക്കുന്നു കയറെടുക്കുന്നു. കെട്ടുന്നു. ക്ലവു ഹിച്ച് റീഫ് നോട്ട് ആകെ ബഹളം തന്നെ.

ഒടുവില്‍ കൊക്കയും കൊടുവാളും ക്ലൗ ഹിച്ചും ആകാശത്തേക്ക്. അനവധി കണ്ണുകളും അതിനൊപ്പം ആകാശത്തേക്ക്. അതു വഴി പ്ലാവിലേക്ക്. തൂങ്ങിക്കിടക്കുന്ന സുന്ദരന്‍ ചക്കയിലേക്ക്.

കൊക്ക ചക്കയെ തൊട്ടു. കൊടുവാള്‍ ചക്കയുടെ കണ്ണിയില്‍ ഉടക്കി.

"ഹര ഹര മഹാദേവാ..." തലേ ദിവസം വീല്‍ ഭക്തിവന്ദനം ഓം നമഃശ്ശിവായ സീരിയലില്‍ കേട്ട മുദ്രാവാക്യം ഉറക്കെ മുഴക്കി അനീഷന്‍ ഒറ്റ വലി.

ചക്ക താഴെ വീണില്ല.

കൊക്കയും അനീഷും പുറകിലോട്ട് മലന്നു.. ക്ലൗ ഹിച്ച് കെട്ടിയ കയര്‍ ഊര്‍ന്നു താഴെ വീണു പ്ലാവിന്റെ ചുവട്ടില്‍ ഒരു ചുരുട്ടമണ്ഢലിയെപ്പോലെ ചുരുണ്ടുകിടന്നു. പുഷ്പേച്ചിയുടെ പുതിയ മലേഷ്യന്‍ കൊടുവാള്‍ ചക്കയ്ക്കു മുകളില്‍ 60 ഡിഗ്രീ ലാറ്റിറ്റ്യൂഡില്‍ ഞാന്നു കിടന്നു.

"പടച്ചോനേ എന്റെ പുത്യേ കൊടുവാള്‍, അവന്റെ ഒടുക്കത്തെ ഒരു ക്ലൗ ഹിച്ച്" എന്നുറക്കെയലറിക്കൊണ്ട് കൊക്കയുമെടുത്ത് അനീഷന്റെ പുറകെയോടുന്ന പുഷ്പേച്ചിയെ നോക്കി ജനാര്‍ദ്ദനങ്കുട്ട്യാട്ടന്‍ ആത്മഗതം നടത്തി " ആ ക്ലൗ ഹിച്ച് ഒരു കൗ ബ്ലീച്ചായീ"

അനന്തരം :
 • അന്നു രാത്രി കിട്ടാത്ത ചക്കപ്പുഴുക്കിനെയും മത്തിക്കറിയേയും മറന്ന് ജനാര്‍ദ്ദനങ്കുട്ട്യാട്ടനും മറ്റംഗങ്ങളും കഞ്ഞി ചുട്ട പപ്പടവും കൂട്ടി വലിച്ചു കുടിച്ചു.
 • അനീഷന്‍ പിന്നെ വീട്ടില്‍ സ്കൗട്ടിനെക്കുറിച്ചുരിയാടിയിട്ടില്ലത്രെ!
 • ഇന്ത്യ എന്നത്തെയും പോലെ ഓസ്ട്രേലിയയോട് മാന്യമായി തോറ്റു.
 • വീല്‍ ഭക്തിവന്ദനം ഓം നമഃശ്ശിവായ സീരിയലില്‍ ഹരഹരമഹാദേവമന്ത്രം അനുസ്യൂതം തുടര്‍ന്നു.
 • രാത്രികാലങ്ങളില്‍ സ്ഥലത്തെ പ്രധാനകള്ളുകുടിയന്‍ ചാത്തുക്കുട്ടിയുടെ ഗാനമേള തുടര്‍ന്നും കേള്‍ക്കാമായിരുന്നു എന്ന് തദ്ദേശവാസികള്‍.

മംഗളം!
ശുഭം!

പദാവലി:
 1. കൊക്ക -Hook
 2. ചക്ക - ജാക്ഫ്രൂട്ട്
 3. ക്ലൗ ഹിച്ച് - ദൈവത്തിനറിയാം
 4. ബി.കെ.നായര്‍ മെമ്മോറിയല്‍ സ്കൂള്‍ അലിയാസ് ജയില്‍ - സ്ഥലത്തെ പ്രധാന യു.പി സ്കൂള്‍
 5. മത്തി - ചാള
 6. ബ്ലീച്ച് - ചമ്മല്‍

24 comments:

cALviN::കാല്‍‌വിന്‍ said...

ഇരിക്കട്ടെ.. ചുമ്മാ

ഹാഫ് കള്ളന്‍||Halfkallan said...

കിടക്കട്ടെ ... ഇച്ചരെ കാര്യമുണ്ട് .. :-/

പിന്നെ ബീ എസ് എന്‍ എല്‍ നു എന്താടാ അമേരിക്കാക്കാര കുഴപ്പം .. !!

ബിനോയ്//HariNav said...

കൊടുവാളല്ലേ? തന്നെ തന്നെ ചക്കേമ്മെ തന്നെ ഇരിക്കട്ടെ ചുമ്മാ. ഹ ഹ :)

വിന്‍സ് said...

ഹഹഹ...കൊള്ളാം.

maithreyi said...

നിത്യജീവിതനര്‍മ്മം..കൊള്ളാം.ടിപ്പണിയില്‍ വീല്‍ നമഃശിവായ കൂടി ചേര്‍ക്കാമായിരുന്നു. അതു പുടികിട്ടിയില്ല!പിന്നെ ബി.എസ്‌.എന്‍.എല്‍.ബ്രോഡ്‌ബാന്‍ഡിനൊരു കുഴപ്പവുമില്ല മാഷേ!

Captain Haddock said...

"ഹന്ത കാന്താ, അന്ത ചക്ക" - തല്ലു ഒന്നും കിട്ടിയ്ല്ലേ ?ഈ ചേട്ടന്‍ നിന്റെ ഓര്‍ക്കുട്ടില്‍ ഉണ്ട്‌ എന്ന് തോന്നുന്നു....അല്ലെ ?

പിന്നെ,ഹാ....ഒന്നും ഇല്ല്ലാ....

സുമേഷ് | Sumesh Menon said...

ഹെന്റെ പൊന്നു കാല്‍വിനെ, ഇങ്ങിനെ ചിരിപ്പിച്ചു കൊല്ലല്ലെടോ..
:)പെരുത്തിഷ്ടായി..

ഉപ്പായി || Uppayi said...

എനിക്കു "അനന്തരം" ഭാഗം ശ്ശി നന്നായി പുടിച്ചു..:)
മൊത്തത്തില്‍ പോസ്റ്റ് കലക്കി..ഇയാളു "ഒരു ദേശത്തിന്റെ കഥ" എന്ന പുസ്തകം വായിച്ചിട്ടുണ്ടോ?

നന്ദന said...

പ്രണയദിനത്തിലൊരു ചക്ക വിശേഷം കൊള്ളാം കൊള്ളാം, ചക്കയെന്നും ചൊല്ലല്ലാളെ!! ചക്കെമേൽ കൈ വെക്കല്ലാളെ ചക്ക ചക്ക!!

ഒരു യാത്രികന്‍ said...

മാഷേ.....ബി.എസ്‌.എന്‍.എല്‍ ണ്റ്റെ ശനി ദശ കുറേ മാറിയിട്ടുണ്ട്‌....നന്നായി.... സസ്നേഹം

റോഷ്|RosH said...

പൊതു മേഖലാ സ്ഥാപനമായ ബി എസ് എന്‍ എല്ലിനെ താഴ്ത്തികെട്ടാനും വീല്‍ ഭക്തി വന്ദനം കപട ആത്മീയത തുടങ്ങിയവയെ, ഒരു നര്‍മ കഥയില്‍ കൂടി ഒളിച്ചു കടത്താനുമുള്ള ഈ ശ്രമത്തില്‍ പ്രതിഷേധിക്കുന്നു.

പൊളിച്ചു, ഷ്ടായി. :)

Seema said...

ഏട്ടിലെ സ്കൌട്ട് ചക്ക ഇടില്ല എന്ന പഴഞ്ചൊല്ല് ഇദ്ദേഹമാണോ കണ്ടുപിടിച്ചത്? :)

Jijo said...

"ഹന്ത കാന്താ അന്ത ചക്ക" അന്ത ഹന്തയ്ക്കിന്ത ചക്ക! ഫ്രീയായിട്ടെടുത്തോളൂ...

Umesh::ഉമേഷ് said...

കലക്കി!

തൈരുപാളക്കെട്ടല്ലേ ക്ലൗ ഹിച്ച്?

റീഫ് നോട്ട് : ആൺ‌കെട്ടു് (താലി കെട്ടുന്ന സാധനം. അതെങ്കിലും പഠിച്ചു വെച്ചേരെ!)
ഷീറ്റ് ബെൻഡ് : തൊട്ടിൽക്കെട്ടു്
ക്ലൗ ഹിച്ച്: തൈരുപാളക്കെട്ടു്

പിന്നെ ജീവരക്ഷക്കെട്ടു്, ചൂണ്ടക്കെട്ടു്, കസേരക്കെട്ടു് തുടങ്ങിയവയും ഉണ്ടായിരുന്നു.

ഞാനും സ്കൗട്ടയിരുന്നു. മലയാളം മീഡിയത്തിലായിരുന്നു എന്നു മാത്രം. ഓൺ മൈ ഓണർ ഐ പ്രോമിസ് ദാറ്റ്..., ദയാകർ ദാനഭക്തീ കാ... ഭാരത് സ്കൗട്ട് ഗൈഡ് ഝണ്ഡാ ഊം‌ചാ...

എതിരന്‍ കതിരവന്‍ said...

‘കഥ വായിച്ചു , കണ്ണു നനയിച്ചു’ എന്നെഴുതണമല്ലൊ എന്നോർതാണു വായിച്ചു തുടങ്ങിയത്. പക്ഷെ ശരിയ്ക്കും കരയിച്ചു. ഹൃദയത്തിൽ തട്ടി. അവസാനത്തെ പദാവലി വായിച്ചപ്പോഴെയ്ക്കും പൊട്ടിക്കരച്ചിലായി.

ഗന്ധർവൻ said...

"ഹന്ത കാന്താ, അന്ത ചക്ക.''
അത് കലക്കി

നന്ദകുമാര്‍ said...

വേറെ ഒന്നും വേണ്ട.. ദീയൊരെണ്ണം മതിയപ്പാ
“തെങ്ങുകയറ്റത്തൊഴിലാളികളെ തേങ്ങ ഇടാന്‍ കിട്ടണമെങ്കില്‍ തന്നെ ബി.എസ്.എന്‍.എല്‍ കണക്ഷനില്‍ യൂറ്റ്യൂബ് വീഡിയോ കാണുമ്പോലെയാണ്‌.“ ഹഹ്ഹാ

ഒരു മാസത്തേക്കായി :) :) സത്യം :)

Typist | എഴുത്തുകാരി said...

ചക്കയും കിട്ടിയില്ല, കൊടുവാളും പോയി...

Hari said...

അനീശന്‍ കസിനനെന്നു തുടക്കത്തില്‍ പറയുന്നു. തുടര്‍ന്ന് അവന്റെ അമ്മ പുഷ്പേച്ചി എന്നും. ചേച്ചിയുടെ മോന്‍ എന്നാണു അണ്ണാ കസിനായത്?

പട്ടേപ്പാടം റാംജി said...

തന്നെ തന്നെ ഇരിക്കട്ടെ...ചക്കെമ്മേ തന്നെ ആയിക്കോട്ടെ.

അനിയന്‍കുട്ടി | aniyankutti said...

ഹിഹിഹിഹി... കോടു കൈ...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഒറ്റകെട്ടും ഇപ്പോള്‍ ഓര്‍മയില്ല (കല്യാണത്തിനു കൊളുത്തായിരുന്നു).

ഓടോ: ഡെയ് നിന്റെ ബസ്സിലെ പ്രൊഫൈലു പടം കണ്ട് ഞെട്ടി ബാബു ആന്റണീടെ ആരായിട്ടുവരും? ഗരാട്ടെ ഒക്കെ അറിയുമോ.

INTIMATE STRANGER said...

ha ha..ithu kalakki

Diya said...

hehe..good one.. :)

...