Tuesday, January 12, 2010

നത്തിന്റെ കഥ, കടുവകളുടേയും.

പണ്ട് പണ്ട് പണ്ട് ഒരു ചെളിക്കുണ്ടില്‍ ഒരു പന്നിയങ്ങനെ സുഖായി ചെളിവാരിപ്പൂശി കഴിയുകയായിരുന്നു. അതിലേ പോയ ഒരു കടുവയെക്കണ്ടപ്പോള്‍ പന്നിക്ക് ഒടുക്കത്തെ ഇളക്കം - അസൂയ, കുശുമ്പ്. നീയങ്ങനെ സുഖിക്കണ്ടയെന്നും പറഞ്ഞ് കടുവയുടെ ദേഹത്ത് ചെളി കുറേ തെറിപ്പിച്ചു. പന്നിക്കിട്ടൊരെണ്ണം കൊടുക്കേണ്ടതാണ് കടുവ. പിന്നെ പോട്ടെ ചെളിയുടെ നാറ്റം സഹിക്കാന്‍ പാടില്ല. അടിച്ചാല്‍ കടുവയുടെ കൈ നാറും. കടുവ അതിന്റെ വഴിക്ക് പോയി. ഇങ്ങനെ അതിലേ പോണ പല മൃഗങ്ങളുടേയും ദേഹത്ത് പന്നി ചെളി മാറി മാറി തെറിപ്പിച്ചുകൊണ്ടിരുന്നു. ആരും പ്രതികരിച്ചില്ല. ഇങ്ങനേ പോയ്ക്കൊണ്ടിരിക്കുമ്പോഴാണ് കുറേ തേനീച്ചകള്‍ ചെളിക്കുണ്ടിനടുത്ത് കൂടെ പോയത്. (ചുമ്മാ). ലിവന്റെ ഈ വികൃതി ഇങ്ങനെ വിട്ടാല്‍ പറ്റില്ലെന്നും പറഞ്ഞ് തേനീച്ചകള്‍ പന്നിക്കിട്ട് ഒറ്റക്കുത്തു വെച്ചു കൊടുത്തു. കാര്യം പന്നിയവകാശലംഘനമാണ്. എന്നാലും പന്നിക്കിട്ടായത് കൊണ്ട് ആരും ഒന്നും പറഞ്ഞില്ല.

പന്നിയാകട്ടെ കടുവ പറഞ്ഞിട്ടാണ് തേനീച്ച തന്നെ കുത്തിയത് എന്നും പറഞ്ഞ് കരച്ചിലോട് കരച്ചില്‍. കാര്യം പന്നിയാണെങ്കിലും കടുവയോട് വിരോധമുള്ള കുറേ കുറുക്കന്മാര്‍ അവസരം അങ്ങട് മുതലാക്കാന്‍ തന്നെ തീരുമാ‍നിച്ചു. കുറുക്കന്മാരും തുടങ്ങീലേ ജഹപൊഹ. അതുവരെ എല്ലാ മൃഗങ്ങളെയും യാ‍തൊരു മടിയും കൂടാതെ ഉപദ്രവിച്ചിരുന്ന കുറുക്കന്മാര്‍ക്ക് പെട്ടെന്ന് മൃഗാവകാശങ്ങള്‍ ഓര്‍മ വന്നു. നാടു മുഴുവന്‍ നടന്ന് പന്നിയവകാശത്തെക്കുറിച്ച് ഓരിയിടാന്‍ തുടങ്ങി.

നത്ത് പൊതുവേ പാവമാണ്. ഈ കുറുക്കന്മാര്‍ ഒക്കെ ചേര്‍ന്ന് ഓരിയിടുന്നത് കേട്ട് നത്തിനും ഒരിത്തിരി മനസില്‍ ചാഞ്ചാട്ടം വന്നു. പന്നിയവകാശത്തെക്കുറിച്ച് പറഞ്ഞും കൊണ്ട് കടുവക്കൂട്ടത്തില്‍ കയറിച്ചെന്നു. തേനീച്ചകളെ കടുവ പറഞ്ഞ് വിട്ടതല്ലേ ന്നും ചോദിച്ചു, പ്രശ്നം അവിടെത്തീരണ്ടതായിരുന്നു. അതും പോരാഞ്ഞ കടുവയെന്നാല്‍ സീബ്രക്കും സിംഹത്തിനും പെഴച്ചു പെറ്റ സന്തതികളാണെന്ന് ആലങ്കാരികമായി ഒരു കാച്ചും കാച്ചി. കടുവകളുടെ പൂര്‍വീകന്മാരായ സീബ്രകള്‍ക്കും ഇടക്ക് ചെളിയില്‍ കളിക്കണ സൂക്കേട് ഉണ്ടെന്നും കൂടെ ആയപ്പോ കടുവകള്‍ക്ക് സഹിക്ക്യോ? ഒറ്റ മാന്തങ്ങട് വെച്ച് കൊടുത്തു. (കൊടുക്കാൻ പാടില്ലാത്തതാണ്. നത്തല്ലേ. പോട്ടേന്ന് വെച്ചേക്കണം. നത്തിനും ഇല്ലേ നത്തവകാശം?)

എന്തായാലും പറഞ്ഞ് പറഞ്ഞെന്തായി.
കടുവ-സീബ്ര-സിംഹം-ചെളി പറഞ്ഞതിനല്ല നത്തിനു മാന്ത് കൊണ്ടതെന്ന് നത്തും പറയുന്നു കുറുക്കന്മാരും പറയുന്നു. പന്നിയെ കുത്താന്‍ തേനീച്ചയെ അയച്ചത് കടുവയാണെന്ന് പറഞ്ഞതിനാണത്രേ മാന്തിയത്.! ശ്ശെടാ മാന്തിയ കടുവയെക്കാള്‍ പ്രകോപനത്തെക്കുറിച്ച് നിശ്ചയം കുറുക്കന്മാര്‍ക്കോ. എന്താ കഥാ.. ഇതെന്താ വെള്ളരിക്കാക്കാടോ.?

എന്താ‍യാലും അട്യും പിട്യും ബഹളോം ഒക്കെ ആയി ഇപ്പോ കടുവേടേം നത്തിന്റെം ദേഹത്ത് മൊത്തം ചെളി ആയിന്നു പറഞ്ഞാല്‍ മതിയല്ലോ.

ഏതിനും, കഥയ്ക്കൊരു പരിസമാപ്തി വേണല്ലോ. പന്നി പണ്ടേ ചെളിയിലാണ്. പറഞ്ഞിട്ട് കാര്യമില്ല. എത്ര പേരുടെ ദേഹത്ത് ചെളി പറ്റുന്നോ അത്രയും പന്നിക്ക് സന്തോഷം. കുറുക്കന്മാര്‍ക്ക് അവരുടെ താല്പര്യങ്ങളും കാണും. കഥയ്ക്ക് പരിസമാപ്തി കടുവയും നത്തും കൂടെ അങ്ങ് തീര്‍ക്കണതാവും ബുദ്ധി അല്ലേ വായനക്കാരേ. കടുവേടെ കൂട്ടില്‍ പോയി ചൊറിഞ്ഞപ്പോ നത്തിനൊരു മാന്ത് കിട്ടി. നത്തതങ്ങട് ക്ഷമിക്യാ, കുറക്കന്മാരുടെ കൂട്ടത്തീന്ന് മാറി നില്‍ക്വാ, പന്നിയോട് പോയി പണി നോക്കാന്‍ പറയാ. കടുവകള്‍ക്കും ഉണ്ട് ചെയ്യാന്‍ കാര്യം. എന്തൊക്കെപ്പറഞ്ഞാലും മാന്തിയത് മഹാ മോശായിപ്പോയി. നത്തിനോട് അങ്ങ് മാപ്പ് പറഞ്ഞ് കോമ്പ്ലിമെന്റ്സാക്കിയേക്കാ... എല്ലാം കാണുന്ന ഒരു കാട്ടുമുത്തപ്പന്‍ ഉണ്ടെന്ന് നത്തിനും കടുവകള്‍ക്കും ഓര്‍മ വേണം. പന്നിക്കും കുറുക്കന്മാര്‍ക്കുമൊക്കെ എന്ത് കാട്ടുമുത്തപ്പന്‍?

അപ്പോള്‍ നത്തും കടുവകളും ഗോ റ്റു യുവര്‍ ക്ലാ‍സസ്!

23 comments:

cALviN::കാല്‍‌വിന്‍ said...

കഥയാണ്. നത്തിനെ നേരിട്ട് കണ്ടു, കടുവ അതിലേ പോയി, പന്നിയെ അപമാനിച്ചു, ഏതാ ഈ കുറുക്കന്മാർ എന്നൊക്കെ ചോദിച്ച് കഥാകാരനെ എടങ്ങാറാക്കരുത്. ;)

ശ്രീ said...

ഞാനിവിടെ വന്നിട്ടേയില്ല... :(

(ഉം ഉം... എനിയ്ക്കെല്ലാം മനസ്സിലാവണ്ണ്ട്...)

മരത്തലയന്‍ said...

ഈ കഥ നടക്കുന്നത് പയ്യന്നൂരും പരിസരപ്രദേശങ്ങളിലുമാണോ കാല്‍‌വിനേ?
:)

suraj::സൂരജ് said...

എങ്കെയോ കേട്ട കതൈ ;))

Captain Haddock said...

ഇ കഥ സിൽമാ പരുവതിൽ യൂ റ്റൂബിൽ ഉണ്ട് എന്നു കെട്ടിരുന്നു.......

“ല്ലാം കാണുന്ന ഒരു കാട്ടുമുത്തപ്പന്‍ ഉണ്ടെന്ന് നത്തിനും കടുവകള്‍ക്കും ഓര്‍മ വേണം. പന്നിക്കും കുറുക്കന്മാര്‍ക്കുമൊക്കെ എന്ത് കാട്ടുമുത്തപ്പന്‍? “ കലക്കി ട്ടാ

pandavas... said...

‘എന്താപ്പോദ് “

മൊത്തം പൊക.

jayanEvoor said...

അതെ!
എന്തായാലും പറ്റിപ്പോയില്ല്യേ...
ഇനീപ്പോ അങ്ങ്ട് കോമ്പ്ലിമെന്റ്സാക്വ...
അത്രന്നെ!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഹ ഹ..കൊള്ളാം കാല്‍‌വിന്‍...

ഈ കടുവകള്‍ക്കോ കുറുക്കന്മാര്‍ക്കോ മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയ ആരെങ്കിലുമായി സാമ്യം ഉണ്ടോ?

നന്ദന said...

പന്നി, നത്ത് എല്ലാവരേയും മനസ്സിലായി
പക്ഷെ! കാട്ടുമുത്തപ്പനെ മാത്രം മനസ്സിലായില്ല.

suchand scs said...

ഇതൊരു ഒന്നൊന്നൊര ജംഗിൾ ബുക്ക്‌ സ്റ്റോറിയായിപ്പോയി കാല്വിൻ അണ്ണേ..

@നന്ദന: കാട്ടു മുത്തപ്പൻ കാല്വിൻ തന്നല്ലേ...അയ്യോ കഥയിൽ ചോദ്യില്ലാ, ഉത്തരവും കഴുക്കോലും ഒന്നും ഇല്ലാ..

ഇസ്മായിലിനെ ഇവിടെ കുറ്റിയടിച്ച്‌ കെട്ടുന്നുണ്ട്‌, സൊ ആരും തല്ലരുത്‌.. :)

Seema Menon said...

:)

സി.കെ.ബാബു said...

എല്ലാറ്റിനും കൂടെ ചെളിക്കുണ്ടിലേക്കിറങ്ങി ഒറിജിനല്‍ മലയാളസില്‍മാശൈലിയില്‍ പ്രശ്നം തല്ലിത്തീര്‍ക്കാമായിരുന്നില്ലേ?

എതിരന്‍ കതിരവന്‍ said...

പ്രതീകാത്മക കഥയെഴുതാൻ പഠിയ്ക്കാൻ എം. മുകുന്ദന്റെ അടുത്ത് പോകുന്നെന്നു കേട്ടപ്പൊഴേ ഞാൻ പറഞ്ഞതാ ഇങ്ങനെയൊക്കെ ആകുമെന്ന്.
ഒരു ദിനോസോറിനെ കഥാപാത്രമാക്കാൻ അങ്ങോർ പറഞ്ഞിട്ട് അനുസരിച്ചുമില്ല.

INDULEKHA said...

വന്നു പോയി, വായിച്ചു പോയി, അങ്ങനെ കമെന്ടിയും പോയി..:)
ജന്തുസ്ഥാന്‍ കീ ജയ്‌ !!

Typist | എഴുത്തുകാരി said...

കഥയാണ്. കഥാപാത്രങ്ങള്‍ക്ക് സാമ്യം തോന്നിയാല്‍ വെറും യാദൃശ്ചികം!

cALviN::കാല്‍‌വിന്‍ said...

ഞാനാദ്യേ പറഞ്ഞതാ ഇത് വെറും കഥയാണെന്ന്. പയ്യന്നൂരിന്റെ പ്രാന്തപ്രദേശത്തുള്ള കമ്യൂണിസ്റ്റ് പച്ചകൾ തിങ്ങിവളരുന്ന ഘോരവനാന്തരങ്ങളിലൊരിടത്ത് നടക്കുന്ന കഥയാണിത്.

വേദന തിങ്ങും വനാന്തരങ്ങളിൽ നിന്നു ഞാൻ
വേരോടെ മാന്തിപ്പറിച്ചതാണിക്കഥ!
;)

പാമരന്‍ said...

:)

അരുണ്‍ കായംകുളം said...

നല്ല കഥ
സൂപ്പര്‍ ഗുണപാഠം

ആരെ ഉദ്ദേശിച്ചാണെന്ന് അറിയില്ല, എന്നാലും ആര്‍ക്കെങ്കിലും ആവശ്യമെന്ന് തോന്നിയാല്‍ ഈ ലിങ്ക് അയച്ച് കൊടുക്കും

:)

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

കാല്‍വിന്‍,
ആ കുറുക്കന്‍മാര്‍ തിന്നുന്നത്‌ ചളിയില്‍ കിടക്കുന്ന ഞണ്ടുകളെയാണ്‌. അതുകൊണ്ടു തന്നെ അവ വായ തുറന്നാല്‍ ചളി നാറും.

ഹരി (Hari) said...

വന്നു... കണ്ടു... വായിച്ചു.
ഒന്നിരുത്തി ആലോചിച്ചിട്ടാകാം കമന്റ് ...
തല്‍ക്കാലം വന്നുവായിച്ചതിനൊരു ഒപ്പ് ഇരിക്കട്ടെ.

ഹാഫ് കള്ളന്‍||Halfkallan said...

സോറി ... ഞാന്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല .. :-/

സാംഷ്യ റോഷ്|samshya roge said...

കഥയും കടങ്കഥയുമൊക്കെ മനസ്സിലായി , ഷ്ടായി. പൊളിച്ചു.
പക്ഷെ സൂത്രനെയും ഷേരുനെയും കടിയന്‍ സിമ്മത്തെയുമോന്നും കാണാത്തതില്‍ പ്രതിഷേധിക്കുന്നു. :)

pattepadamramji said...

പന്നി എപ്പോഴും ചെളി പൊതിഞ്ഞിരിക്കും.
അതുകൊണ്ട് മടുള്ളവരെയും ചെളി തെറിപ്പിച്ചാല്‍....
ചെളിയില്‍ കിടക്കാന്‍ ഇഷ്ടമുള്ള മൃഗങ്ങള്‍ വേറേയും ഉന്ടേഏഏഏഎ......!
കൊള്ളാം.

...