Friday, January 15, 2010

ഞാൻ, നീ , ത്രിൽ, ചില ബോറൻ മെറ്റഫോറുകൾ

ചില പ്രണയങ്ങൾ മണൽത്തരിയുടേതെന്ന പോലെയാണ്.
പാദസ്പർശനങ്ങളായിരിക്കും
രാത്രിസ്വപ്നങ്ങളിൽ നിറയെ.

നെറ്റിയിൽ ചുംബിക്കാനാഗ്രഹമില്ലാഞ്ഞിട്ടല്ല.

“ഫെറ്റിഷ്, ഫെറ്റിഷ്“ എന്ന വിളികൾക്കിടയിൽ
ഉയരങ്ങളെപ്പേടിച്ച്
മഴയിൽ നനഞ്ഞും വെയിലിൽ പൊള്ളിയും
ഇടക്കിടെ കാൽക്കീഴിലമർന്നുമങ്ങനെ...

ചില പ്രണയങ്ങളാവട്ടെ കാറ്റിനെപ്പോലെയും
മുഴുത്ത മാറിടങ്ങളെ തഴുകുന്നതായിരിക്കുമിഷ്ടം.
വിരലുകളിൽ പൂമണമുണ്ടെന്നറിയാഞ്ഞല്ല.
കണ്ണുകളിൽ തണുത്ത ഉമ്മകൾ നൽകി
ഒലിക്കുന്ന വിയർപ്പിനെയൊപ്പിയെടുത്ത്.
വല്ലാതെ ബോറടിക്കും.

ഒരൊറ്റക്കുതിപ്പിൽ തീരണമെല്ലാം.
അല്ലെങ്കിലും കാത്തിരിപ്പ്
മഹാബോറാണ്.

Tuesday, January 12, 2010

നത്തിന്റെ കഥ, കടുവകളുടേയും.

പണ്ട് പണ്ട് പണ്ട് ഒരു ചെളിക്കുണ്ടില്‍ ഒരു പന്നിയങ്ങനെ സുഖായി ചെളിവാരിപ്പൂശി കഴിയുകയായിരുന്നു. അതിലേ പോയ ഒരു കടുവയെക്കണ്ടപ്പോള്‍ പന്നിക്ക് ഒടുക്കത്തെ ഇളക്കം - അസൂയ, കുശുമ്പ്. നീയങ്ങനെ സുഖിക്കണ്ടയെന്നും പറഞ്ഞ് കടുവയുടെ ദേഹത്ത് ചെളി കുറേ തെറിപ്പിച്ചു. പന്നിക്കിട്ടൊരെണ്ണം കൊടുക്കേണ്ടതാണ് കടുവ. പിന്നെ പോട്ടെ ചെളിയുടെ നാറ്റം സഹിക്കാന്‍ പാടില്ല. അടിച്ചാല്‍ കടുവയുടെ കൈ നാറും. കടുവ അതിന്റെ വഴിക്ക് പോയി. ഇങ്ങനെ അതിലേ പോണ പല മൃഗങ്ങളുടേയും ദേഹത്ത് പന്നി ചെളി മാറി മാറി തെറിപ്പിച്ചുകൊണ്ടിരുന്നു. ആരും പ്രതികരിച്ചില്ല. ഇങ്ങനേ പോയ്ക്കൊണ്ടിരിക്കുമ്പോഴാണ് കുറേ തേനീച്ചകള്‍ ചെളിക്കുണ്ടിനടുത്ത് കൂടെ പോയത്. (ചുമ്മാ). ലിവന്റെ ഈ വികൃതി ഇങ്ങനെ വിട്ടാല്‍ പറ്റില്ലെന്നും പറഞ്ഞ് തേനീച്ചകള്‍ പന്നിക്കിട്ട് ഒറ്റക്കുത്തു വെച്ചു കൊടുത്തു. കാര്യം പന്നിയവകാശലംഘനമാണ്. എന്നാലും പന്നിക്കിട്ടായത് കൊണ്ട് ആരും ഒന്നും പറഞ്ഞില്ല.

പന്നിയാകട്ടെ കടുവ പറഞ്ഞിട്ടാണ് തേനീച്ച തന്നെ കുത്തിയത് എന്നും പറഞ്ഞ് കരച്ചിലോട് കരച്ചില്‍. കാര്യം പന്നിയാണെങ്കിലും കടുവയോട് വിരോധമുള്ള കുറേ കുറുക്കന്മാര്‍ അവസരം അങ്ങട് മുതലാക്കാന്‍ തന്നെ തീരുമാ‍നിച്ചു. കുറുക്കന്മാരും തുടങ്ങീലേ ജഹപൊഹ. അതുവരെ എല്ലാ മൃഗങ്ങളെയും യാ‍തൊരു മടിയും കൂടാതെ ഉപദ്രവിച്ചിരുന്ന കുറുക്കന്മാര്‍ക്ക് പെട്ടെന്ന് മൃഗാവകാശങ്ങള്‍ ഓര്‍മ വന്നു. നാടു മുഴുവന്‍ നടന്ന് പന്നിയവകാശത്തെക്കുറിച്ച് ഓരിയിടാന്‍ തുടങ്ങി.

നത്ത് പൊതുവേ പാവമാണ്. ഈ കുറുക്കന്മാര്‍ ഒക്കെ ചേര്‍ന്ന് ഓരിയിടുന്നത് കേട്ട് നത്തിനും ഒരിത്തിരി മനസില്‍ ചാഞ്ചാട്ടം വന്നു. പന്നിയവകാശത്തെക്കുറിച്ച് പറഞ്ഞും കൊണ്ട് കടുവക്കൂട്ടത്തില്‍ കയറിച്ചെന്നു. തേനീച്ചകളെ കടുവ പറഞ്ഞ് വിട്ടതല്ലേ ന്നും ചോദിച്ചു, പ്രശ്നം അവിടെത്തീരണ്ടതായിരുന്നു. അതും പോരാഞ്ഞ കടുവയെന്നാല്‍ സീബ്രക്കും സിംഹത്തിനും പെഴച്ചു പെറ്റ സന്തതികളാണെന്ന് ആലങ്കാരികമായി ഒരു കാച്ചും കാച്ചി. കടുവകളുടെ പൂര്‍വീകന്മാരായ സീബ്രകള്‍ക്കും ഇടക്ക് ചെളിയില്‍ കളിക്കണ സൂക്കേട് ഉണ്ടെന്നും കൂടെ ആയപ്പോ കടുവകള്‍ക്ക് സഹിക്ക്യോ? ഒറ്റ മാന്തങ്ങട് വെച്ച് കൊടുത്തു. (കൊടുക്കാൻ പാടില്ലാത്തതാണ്. നത്തല്ലേ. പോട്ടേന്ന് വെച്ചേക്കണം. നത്തിനും ഇല്ലേ നത്തവകാശം?)

എന്തായാലും പറഞ്ഞ് പറഞ്ഞെന്തായി.
കടുവ-സീബ്ര-സിംഹം-ചെളി പറഞ്ഞതിനല്ല നത്തിനു മാന്ത് കൊണ്ടതെന്ന് നത്തും പറയുന്നു കുറുക്കന്മാരും പറയുന്നു. പന്നിയെ കുത്താന്‍ തേനീച്ചയെ അയച്ചത് കടുവയാണെന്ന് പറഞ്ഞതിനാണത്രേ മാന്തിയത്.! ശ്ശെടാ മാന്തിയ കടുവയെക്കാള്‍ പ്രകോപനത്തെക്കുറിച്ച് നിശ്ചയം കുറുക്കന്മാര്‍ക്കോ. എന്താ കഥാ.. ഇതെന്താ വെള്ളരിക്കാക്കാടോ.?

എന്താ‍യാലും അട്യും പിട്യും ബഹളോം ഒക്കെ ആയി ഇപ്പോ കടുവേടേം നത്തിന്റെം ദേഹത്ത് മൊത്തം ചെളി ആയിന്നു പറഞ്ഞാല്‍ മതിയല്ലോ.

ഏതിനും, കഥയ്ക്കൊരു പരിസമാപ്തി വേണല്ലോ. പന്നി പണ്ടേ ചെളിയിലാണ്. പറഞ്ഞിട്ട് കാര്യമില്ല. എത്ര പേരുടെ ദേഹത്ത് ചെളി പറ്റുന്നോ അത്രയും പന്നിക്ക് സന്തോഷം. കുറുക്കന്മാര്‍ക്ക് അവരുടെ താല്പര്യങ്ങളും കാണും. കഥയ്ക്ക് പരിസമാപ്തി കടുവയും നത്തും കൂടെ അങ്ങ് തീര്‍ക്കണതാവും ബുദ്ധി അല്ലേ വായനക്കാരേ. കടുവേടെ കൂട്ടില്‍ പോയി ചൊറിഞ്ഞപ്പോ നത്തിനൊരു മാന്ത് കിട്ടി. നത്തതങ്ങട് ക്ഷമിക്യാ, കുറക്കന്മാരുടെ കൂട്ടത്തീന്ന് മാറി നില്‍ക്വാ, പന്നിയോട് പോയി പണി നോക്കാന്‍ പറയാ. കടുവകള്‍ക്കും ഉണ്ട് ചെയ്യാന്‍ കാര്യം. എന്തൊക്കെപ്പറഞ്ഞാലും മാന്തിയത് മഹാ മോശായിപ്പോയി. നത്തിനോട് അങ്ങ് മാപ്പ് പറഞ്ഞ് കോമ്പ്ലിമെന്റ്സാക്കിയേക്കാ... എല്ലാം കാണുന്ന ഒരു കാട്ടുമുത്തപ്പന്‍ ഉണ്ടെന്ന് നത്തിനും കടുവകള്‍ക്കും ഓര്‍മ വേണം. പന്നിക്കും കുറുക്കന്മാര്‍ക്കുമൊക്കെ എന്ത് കാട്ടുമുത്തപ്പന്‍?

അപ്പോള്‍ നത്തും കടുവകളും ഗോ റ്റു യുവര്‍ ക്ലാ‍സസ്!

Wednesday, January 6, 2010

മൂവീ നോട്സ് -2

ബ്രിഡ്ജ്
ജീവിതങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണികള്‍ ചിലപ്പോഴെങ്കിലും തിരിച്ചറിവുകള്‍ക്കും അപ്പുറത്തുള്ളതായിരിക്കും. സമൂഹത്തിലെ വിവിധ സോഷ്യോ-എക്കണോമിക് ബാക്ഗ്രൌണ്ടുകളിലെ ജീവിതങ്ങളെ തമ്മില്‍ പരസ്പരം ബന്ധിപ്പിക്കുന്ന പാലങ്ങള്‍ അഴുക്കുചാലുകളും ചവറ്റുകുട്ടകളും ഒക്കെയാവാം. ഉപേക്ഷിക്കപ്പെട്ടവരുടെ ജീവിതം എല്ലയിടങ്ങളിലും ഒന്നു തന്നെയാണ്.

ഒരുപാടു തലങ്ങളിലുള്ള വായന സാദ്ധ്യമാണെന്നത് സാങ്കേതികമായും മികവു പുലര്‍ത്തുന്ന റഷീദിന്റെ ബ്രിഡ്ജ് കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമയുടെ സ്ഥാനത്തിനു അര്‍ഹമാക്കുന്നു.

പുറം കാഴ്ചകള്‍:
കാഴ്ചയും വീക്ഷണവും രണ്ടല്ലേ? ഓരോ മനുഷനും അവന്റേതായ വീക്ഷണങ്ങളുണ്ട് അവന്റെ കണ്‍‌വെട്ടത്തെ കാഴ്ചകളില്‍ നിന്നും രൂപപ്പെടുത്തിയിരിക്കുന്നവ. ദൂരയാത്രയില്‍ നിങ്ങളോടൊപ്പമിരിക്കുന്ന അപരിചിതന്‍ അസ്വാഭാവികമായ പെരുമാറ്റം പ്രകടിപ്പിച്ചാല്‍ നിങ്ങള്‍ എന്താവും ചിന്തിക്കുക?
വര്‍ഷങ്ങള്‍ക്കപ്പുറത്തെ നഷ്ടപ്രണയത്തിന്റെ വേദനയ്ക്ക് ഒരാളുടെ ജീവിതത്തില്‍ ഇന്നെന്തെങ്കിലും സ്ഥാനമുണ്ടോ?

ഹാപ്പി ജേണി:
ബാംഗ്ലൂരിലേക്കുള്ള രാത്രിബസ്സില്‍ കമിതാക്കളുടെ അനാശാസ്യം കണ്ടെത്തുന്ന നമ്മുടെ കണ്ണുകള്‍, കേരളത്തിലെ റൂട്ബസില്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന കടന്നുകയറ്റങ്ങള്‍ക്കെതിരെ സൌകര്യപൂര്‍വം കണ്ണടയ്ക്കുന്നു. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികത അനാശ്യാസ്യവും ബസ്സില്‍ വെച്ചുള്ള തോണ്ടലും കമന്റടികളും സ്വാഭാവികമാവുന്നതിലെ അസ്വാഭാവികത നമ്മള്‍ കാണുന്നേയില്ല.
attacking is the best defense എന്നാണ് സംവിധായിക പറയുന്നത്3 ഇഡിയറ്റ്സ്,
വളരുവാന്‍ വേണ്ടി തനിക്കൊരല്പം സൂര്യപ്രകാശം തരികയെന്നാണ് 3 ഇഡിയറ്റ്സിലെ ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സീനിയര്‍ വിദ്യാര്‍ത്ഥി വേദനയോടെ പാടുന്നത്. സമ്മര്‍ദ്ദമാണ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുപയോഗിക്കേണ്ട രീതിയെന്ന് അദ്ധ്യാപകരും രക്ഷിതാക്കളും പലപ്പോഴും വിദ്യാര്‍ത്ഥികല്‍ തന്നേയും അംഗീകരിക്കുന്നുണ്ട്.
പുസ്തകം വള്ളിപുള്ളിവിടാതെ ഉരുവിടുന്ന അദ്ധ്യാപകനും അവ കേട്ട് നോട്ടെഴുതി എത് നോക്കി മനഃപാഠം പഠിച്ച് പരീക്ഷയ്ക്ക് അതേ പോലെ എഴുതുവെയ്ക്കുന്ന വിദ്യാര്‍ത്ഥികളും കുട്ടി ജനിച്ച് അഞ്ച് മിനിട്ടിനകം അവന്‍ എന്തായിത്തീരണം എന്ന് തീരുമാനിക്കുന്ന മാതാപിതാക്കളും നമുക്ക് ചിരപരിചിതമായ കാര്യങ്ങള്‍ മാ‍ത്രം.

അവതാരങ്ങള്‍ :
ആയിരം യുഗങ്ങളിലൊരിക്കല്‍ വരാറുള്ള അവതാരങ്ങളെയാണ് നമുക്ക് വേണ്ടത്. പേരിനോ ഭാഷയ്ക്കോ ഇടങ്ങള്‍ക്കൊ അതില്‍ വ്യത്യാസമില്ല. അന്ധവിശ്വാസങ്ങളെ പ്രോമോട്ട് ചെയ്യാന്‍ ശാസ്ത്രപദങ്ങളെ വ്യഭിചരിക്കുന്നതിന് കിഴക്കെന്നോ പടിഞ്ഞാറെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല. പൂര്‍വീകരുടെ സംഭാഷണങ്ങള്‍ കേള്‍ക്കുന്ന മരത്തിന്റെ വേരുകളെ നാവികളുറ്റെ തലച്ചോറുമായി ബന്ധിക്കുന്നത് , മനുഷ്യന്റെ നാഢീവ്യൂഹങ്ങളിലെ സിനാപ്സ് പോലെ “എന്തോ“ ഒരു സംവിധാനമാണെന്ന് പറയുന്നത് കഥയിലെ ശാസ്ത്രജ്ഞ തന്നെയാണ്.

ജെയിംസ് കാമറൂണ്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ വില്‍ക്കുമ്പോള്‍ വീഞ്ഞിനു വീര്യമില്ലെന്ന് പ്രേക്ഷകനു തോന്നിയാല്‍ അത്ഭുതപ്പെടേണ്ടതില്ല.

നൊസ്റ്റാള്‍ജിയ
വയലാറിന്റെ ഗാനരചനയും ദേവരാജന്‍ മാഷിന്റെ സംഗീതവും വൃത്തത്തിലുള്ള കവിതയും എഴുപതുകളിലെ രാഷ്ട്രീയ പ്രബുദ്ധതയും നാട്ടിലെ പച്ചപ്പിനെക്കുറിച്ചുള്ള പ്രവാസിയുടെ ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മകളും വികസനത്തെക്കുറിച്ചുള്ള ഹിപ്പോക്രാറ്റിക് നിലപാടുകളും. നൊസ്റ്റാള്‍ജിയ എന്നത് വെറുമൊരു തേങ്ങാക്കൊലയാണെന്ന് പത്മകുമാര്‍ പറയുന്നു.

തിരികെ ഞാന്‍ വരുമെന്ന് വാര്‍ത്ത കേള്‍ക്കാന്‍ കൊതിക്കുന്നവര്‍ ഗ്രാമത്തില്‍ കണ്ടെക്കുമെങ്കിലും തിരികെ ഒരു യാത്ര? ആര്‍ക്കുണ്ടതിനു സമയം, താല്പര്യം?

ഡിസ്നിയുടെ പ്രിന്‍സസ് ആന്‍ഡ് ഫ്രോഗ്
up പോലെയോ ക്രിസ്തുമസ് കരോള്‍ പോലെയോ കുതറയല്ല...
കളര്‍ഫുള്‍ ആന്‍ഡ് മ്യൂസിക്കല്‍....
പക്ഷേ ഡിസ്നിയുടെ സ്ഥിരം പാറ്റേണ്‍ ഫോളോ ചെയ്യുന്നു. ദ ഗുഡ്- ദ ബാഡ് ആന്‍‌ഡ് ഹാപ്പി എന്‍ഡിംഗ്സ്..
ഫെയറി ടെയിലിനെ പുതിയ കാലത്തേക്ക് പറിച്ച് നട്ടു. കുറച്ച് ട്വിസ്റ്റുകളും.
പക്ഷേ ഷെര്‍ക്ക് പോലെ വേറെ ഒരു തലത്തിലേക്ക് ചെല്ലുന്നില്ല. ആത്യന്തികമായി ഒരു ഫെയറി ടെയില്‍ ആയി അവശേഷിക്കുന്നു.
പുതിയ കാലത്തില്‍ കഥ പറയുമ്പോള്‍ മറ്റൊരു ലെവലിലേക്ക് എത്തിക്കാന്‍ ഉള്ള സ്കോപ് ഉണ്ടായിരുന്നു.

എന്നാലും ഒട്ടും ബോറടിക്കില്ല..
ഇന്‍ ഫാക്ട് പല സംഭവങ്ങളും നന്നായിട്ടുണ്ട്.
പിക്സാര്‍ ഫിലിംസ് കണ്ട ശേഷം ആനിമേഷന്‍ ഓഡിനറി ആയി തോന്നും.... എങ്കിലും മിന്നാമിനുങ്ങുകളെ ഒക്കെ വെച്ച് കളിച്ചത് സ്പെക്ടാക്കുലര്‍ തന്നെ...

വര്‍ണവിവേചനത്തിന്റെ പേരില്‍ വിവാദപുരുഷനായിരുന്ന ഡിസ്നിയുടെ പ്രൊഡക്ഷന്‍ ഹൌസില്‍ നിന്നും പുറത്തു വന്ന സിനിമയില്‍ മെയിന്‍ ഫീമെയില്‍ ക്യാരക്ടര്‍ കറുത്ത വര്‍ഗക്കാരി ആണെന്നത് ഒരു മധുരം.
...