Monday, January 26, 2009

ബാച്ചികളുടെ പാചക അന്തസ്സ് പുനസ്ഥാപിക്കപ്പെടുന്നു

ബാച്ചികളുടെ പാചക അന്തസ്സ് പുന്‍സ്ഥാപിക്കുക എന്ന നമത് വാഴുവും കാലത്തിന്റെ ആഹ്വാനത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് ഇത് ഇവിടെ പോസ്റ്റുന്നത്.



അതോടൊപ്പം കൊച്ചുത്രേസ്യാകൊച്ചിന്റെ " ഉള്ളതു പറയാലോ.. എനിക്കറിയാവുന്ന ബാച്ചിലേഴ്സൊക്കെ തലെദിവസത്തെ പിസയുടെ ബാക്കിയോ ബ്രെഡോ മാഗിയോ ഒക്കെ കഴിച്ചാണ്‌ ജീവിക്കാറുള്ളത്‌.അല്ലെങ്കില്‍ പിന്നെ അടുത്തു വല്ല ഹോട്ടലോ മറ്റോ വേണം. ലവന്മാര്‍ക്കൊക്കെയാണ്‌ കല്യാണം കഴിയുന്നതോടെ മണ്‍കലത്തിലുണ്ടാക്കിയ ചോറ്‌, അമ്മീലരച്ച ചമ്മന്തി, ചിരട്ടപ്പുട്ട്‌ തുടങ്ങിയ കോംപ്ലികേറ്റഡ്‌ വിഭവങ്ങളില്ലാതെ ജീവിക്കാന്‍ പറ്റാതാവുന്നത്‌." എന്ന വിവാദപരാമര്‍‌ശത്തോടുള്ള സ്വാഭാവികപ്രതികരണം കൂടെ ആകുന്നു ഇത്.



(ഇനി മുതല്‍ ബൂലോഗത്ത് പാചകക്കുറിപ്പ് മുതലായവ മതി എന്ന് സൂരജിന്റെ നിര്‍ദ്ദേശവും മറ്റൊരു പ്രചോദനം മാത്രം)



സുഹൃത്തക്കള്‍ക്കിടയില്‍ "ദ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ ഓഫ് കേരള" എന്ന് അറിയപ്പെടുന്ന ( ഗേള്‍സ് ..നോട് ദ പോയിന്റ്) ഞാന്‍ തന്നെ ആവണമല്ലോ ബാച്ചികളുടെ പാചക അന്തസ്സ് പുനസ്ഥാപിക്കുന്നത്. ഇതാ നിങ്ങള്‍ക്കു മുന്നില്‍ വ്യതസ്തമാമൊരു പാചകക്കുറിപ്പ്.

(പ്രധാനമായും ബാചിലേഴ്സ്‌ ആയ ബോയ്സിനെ ഉദ്ദേശിച്ചാണ് ഈ പാചകക്കുറിപ്പ് തയ്യാറാക്കിയിരിക്കുന്നതെങ്കിലും, അല്ലാത്തവരും പരീക്ഷിച്ചു നോക്കുന്നതില്‍ തെറ്റില്ല).



സാമ്പാര്‍


ആദ്യമായി കുറച്ച് തുവരപ്പരിപ്പെടുത്ത് ഇച്ചിരി മഞ്ഞള്‍ ചേര്‍ത്ത് ഒരു സ്പൂണ്‍ എണ്ണയും തൂവി, പ്രഷര്‍ കുക്കറില്‍ വേവിക്കാന്‍ വയ്ക്കുക. ( കുക്കറില്‍ രണ്ട്‌ ഗ്ലാസ് വെള്ളം കൂടെ ഒഴിക്കാന്‍ മറക്കല്ല്. ഇല്ലെങ്കില്‍ വിവരം അറിയും). പരിപ്പവിടെക്കിടന്ന് വേവട്ടെ.


എന്നിട്ട് പോയി കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യുക. ഏതെങ്കിലും ശ്രുതിമധുരമായ ഗാനം മീഡിയപ്ലെയറില്‍ വയ്ക്കുന്നത് നന്ന്. "പഞ്ചായത്തിലെ വമ്പു പിറന്നവളാരിവളോ" മുതലായവ. നല്ല മെലഡിയാണെന്നത് മാത്രമല്ല ബാച്ചികളെ പുച്ഛിക്കുന്ന വനിതകളെക്കുറിച്ചോര്‍ത്ത് സ്വയം പ്രേരണ ഉള്‍ക്കൊള്ളാനും ഇത് സഹായിക്കും.


ഇനിയാണ് ശരിക്കുള്ള കലാപരിപാടികള്‍ ആരംഭിക്കുന്നത്. ആദ്യം പോയി വാതിലുകള്‍ എല്ലാം തുറന്നിടുക. നമ്മുടെ അനിര്‍‌വചനീയമായ പാചകകലയുടെ ബൈപ്രോഡക്റ്റായ കണ്ണില്‍ കുത്തുന്ന പുക പുറത്തു പോവാന്‍ വേണ്ടി മാത്രമല്ലത്. അത്യാവശ്യം വന്നാല്‍ നമുക്കു പെട്ടെന്ന് പുറത്തേക്കോടാന്‍ അല്ല മാറാന്‍ വേണ്ടീ കൂടെ ആണത്.


ഒരു വലിയ പാത്രത്തില്‍ മൂന്നാല് ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കുക. അതങ്ങനെ വെട്ടിത്തിളക്കുമ്പോള്‍ കുറച്ച് കടുക് അതിലേക്കിടുക. എന്നിട്ട് സകല ദൈവങ്ങളെയും വിളിച്ച് രണ്ട് സ്റ്റെപ് പുറകോട്ട് മാറിനില്‍ക്കുക. കടുകെല്ലാം ടപേ ടപേ എന്ന് പൊട്ടിത്തുടങ്ങുമ്പോള്‍ രണ്ടോ മൂന്നോ വറ്റല്‍ മുളകും കൂടെ "സ്വാഹാ" എന്ന മന്ത്രത്തിനെ അകമ്പടിയോടെ പാത്രത്തിലേക്കിടാം.


ഇനി കുറച്ച് ഉള്ളി അരിഞ്ഞത് പാത്രത്തിലേക്കിടാം. പിന്നെ ഒരു സെക്കന്റ് അവിടെ നിന്നേക്കരുത്. തിരിഞ്ഞു നോക്കാതെ ഓടിക്കോണം. പുറകില്‍ നിന്ന് കാട്ടാനമറുത അലറുന്നതിനേക്കാളും ഭീകരമായ ചില ശബ്‌ദങ്ങള്‍ കേട്ടേക്കാം. മൈന്റ് ചെയ്യരുത്. കമ്പ്യൂട്ടറിന്റെ മുന്നില്‍ ചെന്നിരുന്ന്, താമരക്കുരുവിക്ക് തട്ട്‌കട എന്ന പാട്ട് ഉച്ചത്തില്‍ വെച്ചാല്‍ , അടുക്കളയിലെ ശബ്ദം കേട്ട് അയല്‍ക്കാര്‍ ഓടിവരുന്നത് ഒഴിവാക്കാം.


കുറച്ചു കഴിയുമ്പോല്‍ പാത്രത്തിലെ ശബ്ദം നിലക്കും. ഇനി കുഴപ്പമൊന്നുമുണ്ടാവില്ല എന്നുറപ്പായാല്‍, പതുക്കെ ആ വഴി പോയി റഫിജറേടറില്‍ കൈയിടുക. ആദ്യം കിട്ടുന്ന മുഴുത്ത രണ്ട് തക്കാളി എടൂക്കുക. കട് കട് കട് ആന്‍ഡ് പുട് ഇറ്റ് ഇന്‍സൈഡ് ദ പാത്രം. ഇപ്പോഴും ചില നിലവിളികള്‍ ഉയരും. എഗൈന്‍ മൈന്‍‌ഡ് ചെയ്യണ്ട. അതങ്ങനെ ഫ്രൈ ആവുമ്പോള്‍ ഒരു ചെറിയ ഉരുളക്കിഴങ്ങും മത്തന്റെ കഷണവും രണ്ട് വെണ്ടക്കായും എടുത്ത്, ബാച്ചി ബോയ്സിനെ കളിയാക്കുന്ന പെണ്‍കിടാങ്ങളും ക്ലാസിലെ കല്യാണം കഴിഞ്ഞ ഫ്രണ്ട്സും ഒക്കെയാണെന്ന് സങ്കല്‍‌പിച്ച് വെട്ടി വെട്ടി നുറുക്കുക. ( പാചകം കഴിയുമ്പോഴേക്കും വിശപ്പ് കൂടാനും ഇതു സഹായിക്കും എന്നൊരു ഗുണവും ഉണ്ട്). പുട് ദാറ്റ് ഓള്‍സോ ഇന്‍സൈഡ് ദ പാത്രം ആന്‍ഡ് ആഡ് സം വാട്ടര്‍( ഇത്തിരി വെള്ളം ഒഴിക്കണമെന്ന്).


ഒരു സ്പൂണ്‍ വാളമ്പുളി കലക്കിയത് അതിലോട്ടൊഴിച്ച് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത്( പാചകക്കുറിപ്പെഴുതുന്നവരുടെ ശ്രദ്ധക്ക്. ഉപ്പിന്റെ കാര്യത്തില്‍ നമ്മള്‍ എപ്പോഴും ഡിപ്ലോമാറ്റിക് ആയ ഒരു സമീപനമേ സ്വീകരിക്കാവൂ. ഒന്നും തറപ്പിച്ചങ്ങ്‌ പറയരുത്. അളവൊക്കെ ഉണ്ടാക്കുന്നവന്റെ പാട്) , അതിനെ അതിന്റെ വഴിക്ക് വിട്ടേക്കുക. ഇനി കമ്പ്യൂട്ടറിന്റെ മുന്നില്‍ ചെന്നിരുന്ന്, ഭാരത് മാട്രിമോണിയോ എം ഫോര്‍ മാരിയോ തുറക്കാം. നിങ്ങളുടെ താല്‍‌പര്യമനുസരിച്ച് നല്ല പെണ്‍കിടാങ്ങളുടെ പോട്ടം കാണുകയോ, മാര്‍ക്കറ്റിലെ സ്കോപ് എന്തെല്ലാമെന്ന് ഗവേഷണം നടത്തുകയോ ആവാം.

അതിനിടയില്‍ ചെന്ന് കുറച്ചു സാമ്പാര്‍ മിക്സ് എടുത്ത് പാത്രത്തില്‍ നിക്ഷേപിക്കുക( "സ്വാഹാ" മന്ത്രം മറക്കണ്ട). ഒരു അഞ്ചു മിനുറ്റ് കൂടെ ഉണ്ട്. മനോരമ ഓണ്‍ലൈന്‍ തുറന്ന് പാര്‍‌വതി ഓമനക്കുട്ടന്‍ ചുവന്ന ഡ്രസ്സില്‍ ബീച്ചില്‍ നില്‍ക്കുന്ന ആ ഫോട്ടോ ഉണ്ടല്ലോ അത് ഓപ്പണ്‍ ചെയ്ത് അതിലേക്കും നോക്കി ഇരുന്നോണം. വിശപ്പങ്ങനെ കൂടിക്കൂടി വരും.


അപ്പോ പറഞ്ഞു വന്നത് ഇനി ഇതുകൊണ്ടൊന്നും നിങ്ങള്‍ തളരരുത്. നേരത്തെ വേവിച്ച പരിപ്പെടുത്ത് ഇടിച്ചു പിഴിഞ്ഞ് തിളക്കുന്ന കറിയിലേക്കൊഴിക്കുക. ഒന്നു ഇളക്കുകയും ചെയ്തേക്ക്. ഒരു എട്ട് മിനുട്ട്‌ അങ്ങനെ തിളക്കട്ടെ. അതിനു ശേഷം സ്റ്റൗവ് ഓഫാക്കാം. ഒരു സ്പൂണില്‍ ഇത്തിരി കോരി എടുത്ത് ഊതി തണുപ്പിച്ച ശേഷം ( തണുപ്പിച്ച ശേഷം മാത്രം ) നാവില്‍ വെച്ച് നോക്കുക. "എന്ത് രുചി എന്താ സ്വാദ്" എന്നൊരു ആത്മഗതവും തട്ടിയേക്കുക( സ്വാദ് എന്തു തന്നെയായാലും).


സാമ്പാര്‍ റെഡി!



ടോപ്പിംഗ്സ്:
എന്താ നിങ്ങള്‍ ആലോചിക്കുന്നത്? എന്തോ മറന്നല്ലോ അല്ലേ? എന്താ അത്? ഓര്‍ക്കുന്നില്ല? പിടി കിട്ടിയില്ല? അത് തന്നെ.


"കായം."


കായത്തിന് ഇംഗ്ലീഷില്‍ പറയുന്നത് " asafoetida " ( കായം... അതിനാണ്‌). അത് ഞാന്‍ ഗ്രോസെറി ഷോപ്പിലെ മദാമ്മയോട് പ്രൊനൗണ്‍സ് ചെയ്താല്‍, അവര്‍ കേള്‍ക്കുന്നതെന്തോ, ഞാന്‍ ഉദ്ദേശിച്ചതെന്തോ. അവസാനം കിട്ടുന്നതെന്തോ. ഇനി അവരുടെ ഭാഷയില്‍ അത് വല്ല തെറിയുമാണെങ്കില്‍ അതിനുള്ള ശിക്ഷ വേറേയും അനുഭവിക്കണം. തല്‍ക്കാലം ബാച്ചി സാമ്പാറില്‍ കായം വേണ്ട.


അപ്പോ സംഗതി പിടി കിട്ടിയല്ലോ? സാര്‍‌വലോക ബാച്ചികളേ നിങ്ങള്‍ കുക്ക് ചെയ്യുവിന്‍!



പ്രത്യേകശ്രദ്ധക്ക്:

നൂറു രൂപാ MO/DD അയക്കുന്നവര്‍ക്ക് "ജപ്പാനിയാ കുഹൂ കുഹൂ" തയ്യാറാക്കുന്ന റെസിപ്പീ(സചിത്രം) പോസ്റ്റല്‍ ആയി അയച്ചു തരുന്നതായിരിക്കും.
...