Monday, October 12, 2009

ശ്ലോ(ശോ)ക കാൽ‌വിൻ

മലയാളത്തിന്റെ കാര്യം പറഞ്ഞാൽ നമ്മളൊക്കെ പത്താം ക്ലാസും ഗുസ്തിയുമാണ്. ഏഴാം ക്ലാസിൽ വെച്ച് രത്നമ്മ റ്റീച്ചർ മുറ്റുവിന, പറ്റുവിന, പേരച്ചം, വിനയച്ചം എന്നൊക്കെ പറഞ്ഞപ്പഴേ മനസിലുറപ്പിച്ചതാണ് എന്നൊരു ചാൻസ് കിട്ടുമോ അന്നീ മലയാളപഠനം നിർത്തുമെന്ന്.

നന്മകളാൽ വിശുദ്ധമായ നാട്ടിൻപുറത്തെ (കോപ്പാ) ഉസ്കൂളുകളിൽ നിന്നും പത്താം ക്ലാസ് പാസാവും വരെ കാത്തിരിക്കേണ്ടി വന്നൂയെനിക്ക് സെക്കന്റ് ലാം‌ഗ്വേജ് കിണ്ടിയാക്കി മാറ്റാൻ.

ആയെന്നോട് മലയാളത്തിൽ, അതും സംസ്കൃതവൃത്തത്തിൽ, നാലു വരി പദ്യമെഴുതാൻ പറഞ്ഞാൽ എങ്ങിനെയിരിക്കും?

ഗുരുവിനൊക്കെപ്പിന്നെയെന്തുമാവാമല്ലോ. നോക്കണേ വസന്തയുടെ തിലകത്തിൽ പൂരിപ്പിക്കണമെന്ന്!
- - - - - - - - - - -
- - - - - - - - - - -
- - - - - - - - - - -
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?


(എനിക്കും അതന്നെയാ ചോയ്‌ക്കാൻ ഉള്ളത്. ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ? മനുഷ്യൻ ചൊവ്വേലേക്ക് ആനക്കുട്ടിയെ കയറ്റി അയക്കുന്ന യുഗാണ്... വസന്തതിലകം പോലും!)

നമ്മടെ ഉമേഷണ്ണനല്ലേ, പാവല്ലേ, ഒരു പോസ്റ്റിട്ടതല്ലേന്നു കരുതി സ്നേഹത്തിന്റെ പൊറത്ത് (വെറും സ്നേഹത്തിന്റെ പൊറത്ത് ) ഒരു പൂരണം അങ്ങട് കാച്ചിയെന്നൊരു തെറ്റേ ഞാൻ ചെയ്തൊള്ളൂ. ദോണ്ടെ ദിങ്ങനെ.

കാൻസർ ചികിത്സിക്കാൻ ലാടവൈദ്യം മുഴു
ഭ്രാന്തുകൾ മാറ്റിടാൻ മന്ത്രവാദം; നിധി
കുംഭങ്ങൾ പൊക്കുവാൻ തൊണ്ണൂറുലക്ഷം
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?


അപ്പോ അതിനു വൃത്തം പോരാ ന്ന്! ഹും!

ന്നാ പിന്നെ വൃത്തമില്ലാഞ്ഞിട്ടാർക്കും ഉറക്കമില്ലായ്മ വേണ്ടാന്ന് കരുതി ഇട്ടു കൊടുത്തു വൃത്തത്തിലൊരെണ്ണം.

നീരിൽ പ്രസന്നമൊരു ഭാസുര തോറ്റുപോമാ
ക്ലാരിറ്റി കൂടിയ കമന്റിനൊടെന്നിരിക്കെ
ബ്ലോഗർക്കു സിമ്പിൾ കഥയിന്നു മനസ്സിലാക്കാൻ
ഈ പാവമാം ഗഡിയെ ചീതു പറഞ്ഞിടാമോ?


വൃത്തം ശര്യായപ്പോ അതിനർത്ഥം പോരാന്ന്.!!!!
(അര്‍ഥം അനര്‍ഥമായ് കാണാതിരുന്നാല്‍, അക്ഷരത്തെറ്റു വരുത്താതിരുന്നാല്‍.....ഇരുന്നാൽ... ഇരുന്നാലെന്താ? അവനനവനു കൊള്ളാം. )

വിട്വോ നമ്മള്... മീ ഹൂ സൺ? ഞാനാരാ മോൻ...

കാച്ചി വേറൊരെണ്ണം വൃത്തോം അർഥോം ഒപ്പിച്ചിട്ട്! (എന്റെ രണ്ടര മണിക്കൂർ ഹുദാ ഗവാ)

വോട്ടിന്നു വേണ്ടി ശശിമുണ്ടു ധരിച്ചിടാമെ-
ന്നാൽ കേന്ദ്രവാസമൊരു താജിൽകുറഞ്ഞ് പോരാ
ട്വീറ്റുമ്പൊ കോമഡി പശുക്കളെ പോലെയീ,ഭൂ
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?


ദേണ്ടെ കേക്കണേ രസം. അപ്പോ അതിലു യതിഭംഗം വന്നത്രേ? (അതു പോരാഞ്ഞിട്ട് താജിലെ ‘ജാ‘ക്കെന്തോ കുരുവിന്റെ അസുഖമുണ്ടെന്ന്). ഇങ്ങേരെയൊക്കെ എന്താ ചെയ്യണ്ടതെന്ന് നിങ്ങള് തന്നെ പറ? ഏ ഏ?
നമ്മൾക്കെന്തോന്ന് യതി? ഹിമായത്തിലെങ്ങാണ്ട് എന്തോ ഒരു യതിയുണ്ടെന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ.

സ്റ്റെപ്പിനി ശ്ലോകം ആയി ഒരു ലതച്ചേച്ചിയേയും ചേച്ചീടെ പ്രേമിച്ചൊളിച്ച് പോയ മോളെക്കുറിച്ചും ഒരെണ്ണം കൂടെ കാച്ചിയിരുന്നു. ദിങ്ങനെ...

ലാളിച്ചുപെറ്റലതയൻപൊടു ശൈശവത്തിൽ
ചേലൊത്ത ചേലകൾ നൽകീ പല വർണ്ണമെന്നാ
ലമ്മോ‍ളൊരുത്തനു ഛെ ലൈനതൊളിച്ചു പോയീ
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?


സംഗതി അതിഫീകരപൂരണമായതിനാലാവണം.... വൃത്തത്തെക്കുറിച്ചോ അർത്ഥത്തെക്കുറിച്ചോ കമാ എന്നൊരക്ഷരം മിണ്ടീട്ടില്ല... ബൈ ദി വേ കമാ രണ്ടക്ഷരമല്ലേ? ആ അതെന്തോ ആവട്ടെ. പക്ഷേ എനിക്ക് കുമാരനാശാനോട് ചിലത് ചോദിക്കാൻ ഒണ്ട്. അല്ലാശാനേ ഈ ലാളിച്ചോണ്ടെങ്ങിനെയാ പെറുന്നത്? പെറ്റ ശേഷമല്ലേ ലാളിക്കണത്? ആ ഇപ്പോ പെങ്കുട്യോളൊക്കെ സ്വപ്നത്തിൽ ട്രയിനിൽ കിടന്നും പ്രസവിക്കും. അപ്പോ ലാളിച്ചോണ്ടും പ്രസവിക്കാമെന്നായിരിക്കും. വെറുതെയല്ല “ആശാനതിശയഗംഭീരൻ”* എന്നൊക്കെ എട്ടാം ക്ലാസിൽ പഠിക്കണ മരുമകനുണ്ണി ഇടക്ക് പാടണത് കേൾക്കുന്നത്! അതിശയമല്ലേ ഇതൊക്കെ! )

അർത്ഥമില്ല, വൃത്തമില്ല, യതിഭംഗിയില്ല, കണ്ഠശുദ്ധി പോരാ എന്നൊക്കെ ഹിസ് ഹൈനസ് അബ്ദുള്ളയിൽ വിരഹിണി രാധ ഗായകരെ വിലയിരുത്തും പോലെ എന്റെ അതിഗംഭീരപദ്യങ്ങളെ വിലയിരുത്തുന്നത് കണ്ട് സഹിക്കാൻ മേലാതിരിക്കുമ്പോഴാണ് നല്ല പൂവമ്പഴം പോലത്തെ ഒരു ചാൻസ് ഒത്തു വന്നത്.

അതിലേ പോയ ഒരു മാതൃഭൂമി വാർത്തയെ ഇതിലേ പോയ ചന്ത്രക്കാരൻ വെറുതെ ഒന്നു ചൊറിഞ്ഞത് കണ്ടപ്പം വക്കാരിക്ക് ഒടുക്കത്തെ കലിപ്പ്. അത് കണ്ട ഉമേഷണ്ണൻ അതിൽ ചെന്നെടപെടണ്ട വല്ല കാര്യോമുണ്ടോ? (മൊട കണ്ടാൽ യെടപെടാൻ ഇങ്ങോരു രായമാണിക്യൊന്നുമല്ലല്ല്!). അടി സ്ഥാനത്ത് കൊണ്ട വക്കാരി ഉമേഷണ്ണനെ പോസ്റ്റിലൂടെ ദേ തലങ്ങും വിലങ്ങും ഇട്ട് കൊട്ടുന്നു (പറയുന്നതിനു പ്രത്യേകിച്ച് അർത്ഥമോ അർത്ഥാപത്തിയോ ഒന്നുമില്ലെങ്കിലും).

ശ്ലോകമെഴുതിയ ശോകം മാറ്റാൻ ഇതല്ലേ ബെസ്റ്റ് ചാൻസ്! കൊടുത്തു ഗുരുവിനു തന്നെ ഒരെണ്ണം!

ക്ഷിപ്രം ശമിച്ചു ഹ! സിസിക്കുമഹന്ത കണ്ടാ-
വക്കാരിയെന്തൊരു കലിപ്പൊരു പോസ്റ്റുമിട്ടൂ
ഹമ്പോകമന്റിയൊരുമേഷിനു കിട്ടി കൊട്ടും
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?


ഹൊ ഇപ്പോ എനിക്ക് സമാധാനമായി...,, ഇനിയെന്ത് പറയും എന്നൊന്ന് കാണണമല്ലോ!

വൃത്തമുണ്ടോ? - ഒണ്ട്.
അർത്ഥമില്ലേ? - അതല്ലേ ഉള്ളൂ.
യതിഭംഗം? - മിണ്ടരുത് തല്ലി റോട്ടിലിടും.

നമ്മള് വിചാരിച്ചാലും ഇവിടെ ചെലതൊക്കെ നടക്കും. ഹല്ല പിന്നെ!


അനുവിന്റെ ബന്ധു:
ദീപശിഖാകാളിദാസൻ എന്നൊക്കെപ്പറയുമ്പോലെ ബ്ലോഗശ്ലോകാകാൽ‌വിനാനന്ദ് എന്നെങ്ങാൻ എന്നെയും ഇനി ആരെങ്കിലും വിശേഷിപ്പിച്ചുകളയുമോന്നാ!


----
*“ആശാനാശയ ഗംഭീരൻ, ഉള്ളൂരുജ്ജ്വല ഗായകൻ, വള്ളത്തോൾ ശബ്ദസുന്ദരൻ” എന്ന് ശരിയായ രൂപം
...