Monday, August 24, 2009

ജര (കഥ)

മൂക്കിനു കീഴെ തൂവെള്ള നിറത്തിൽ വളർന്നു നിന്നിരുന്ന അച്ഛന്റെ മീശ ഒരാഴ്ച കൊണ്ട് പൂർണമായും കറുത്തിരിക്കുന്നു. അച്ഛനെന്തോ സംഭവിക്കുന്നുണ്ടെന്ന് തീർച്ച. ചുണ്ടുകൾക്ക് ചുവപ്പു കൂടിയതും മുഖത്തെ ചുളിവുകൾക്ക് കുറവു വന്നതും എല്ലാം നേരത്തെ ശ്രദ്ധിക്കാഞ്ഞതല്ല.

നൂറ്റിനാല്പതിൽ എത്തി നിന്നിരുന്ന രക്തസമ്മർദ്ദം രണ്ടാഴ്ചയ്ക്കുള്ളിൽ സാധാരാണനിലയിലെത്തിയപ്പോൾ ആദ്യം അസ്വാ‍ഭാവികതയൊന്നും തോന്നിയിരുന്നില്ല.

അല്ലെങ്കിലും അച്ഛനെന്നും അതിശയിപ്പിച്ചിട്ടല്ലേയുള്ളൂ. ഇളയമ്മയെ ആദ്യമായി കണ്ട ദിവസം, പതിവു പോലെ അമ്മയുടെ രാത്രിഭക്ഷണത്തിൽ ഉറക്കഗുളിക ചേർത്തിട്ട് ഒന്നുമറിയാതെ കിടന്നുറങ്ങിയ അച്ഛന്റെ രക്തക്കുഴലുകളിലൂടെ ഒഴുകിയ രക്തത്തിനു ഒരിറ്റു വേഗത പോലും കൂടിയതായി തനിക്കറിയില്ല. “കൊലപാതകി” എന്ന് മുഖത്തു നോക്കി വിളിക്കാൻ ധൈര്യം കാണിച്ച ചേട്ടനെ, എന്നെന്നേക്കുമായി തെരുവിലേക്ക് വലിച്ചെറിയുമ്പോൾ മുഖത്തെ പേശികൾ പോലും അല്പമൊന്ന് വലിഞ്ഞു മുറുകിയതായി ഓർമയില്ല.

എന്താണ് ഒരിക്കലും അച്ഛനെ എതിർത്തൊന്നും പറയാതിരിക്കാൻ തനിക്ക് കഴിയാതെ പോയത്?
വൈകുന്നേരങ്ങളിൽ, ഓഫീസ് മുറിയിലെ ചുവന്ന വെൽ‌വെറ്റ് കസേരയിൽ തന്നെ മടിയിലിരുത്തി പരുത്ത വിരലുകൽ കൊണ്ട് കൈത്തണ്ടകളിലുഴിഞ്ഞ് അച്ഛനെന്നും പറയാണ്ടായിരുന്നു.

“നീയാണെന്റെ ഏകമകൻ. എന്റേതെല്ലാം നിന്റെയാണ്. നിന്റേതെല്ലാം എന്റേതും”

അച്ഛൻ ധനികനായിരുന്നു. എല്ലാ അർഥത്തിലും. പണം കൊണ്ട് നേടാവുന്നതെല്ലാം അച്ഛൻ നേടിയെടുത്തു. സ്വന്തമായി നടത്തുന്ന സ്കൂളിൽ നിന്നും തന്നെ ഏറെ പണം നിയമനങ്ങൾക്കായുള്ള കൈക്കൂലിയായി അച്ഛൻ സമ്പാദിച്ചിരുന്നു.

“മണി ഈസ് വാട് മണി ഡസ്”

അച്ഛൻ എപ്പോഴും പറയാറുള്ള വാക്കുകൾ തന്റെ മനസിന്റെ ഉള്ളറകളിൽ പോലും പതിഞ്ഞിരിക്കണം. അതു കൊണ്ടായിരിക്കണം അച്ഛനെ എതിർക്കാൻ ധൈര്യം കാണിച്ച് വീടു വിട്ടിറങ്ങിപ്പോയ ചേട്ടനെപ്പറ്റി ഭാമയോട് പറഞ്ഞപ്പോൾ “മണ്ടൻ” എന്നൊരു വിശേഷണം കൂടെ ചേർക്കാൻ തോന്നിയത്. അവൾക്കത് രസിച്ചില്ലെങ്കിലും.

ഇളയമ്മയും പോയ ശേഷം അച്ഛനിലും കണ്ടില്ലേ വാർദ്ധക്യത്തിന്റെ ചിഹ്നങ്ങൾ? തലയിലെ രോമങ്ങൾക്കിടയിൽ അവിടെയും ഇവിടെയും ഉയർന്നു നിന്ന വെള്ളിവരകളെ, ചായം തേച്ചു വീണ്ടും മിനുക്കിയെടുത്തെങ്കിലും, നെറ്റിയിൽ നിന്നു മുകളിലേക്ക് വിസ്താരം കൂടിക്കൊണ്ടിരുന്ന കഷണ്ടിയും, ചുളിവുകൾ അടിക്കടി കൂടി വന്നുകൊണ്ടിരുന്ന തൊലിയുമെല്ലാം, ഉറക്കെയുറക്കെ വിളിച്ചു പറഞ്ഞില്ലേ അച്ഛനും വൃദ്ധനായെന്ന്.

എന്നു മുതലാണ് അച്ഛൻ വീണ്ടും യുവത്വത്തിലേക്ക് തിരിച്ച് വരാൻ തുടങ്ങിയത്? ഭാമ വീട്ടിലെത്തിയ അന്നു മുതലാണെന്ന് തനിക്ക് വെറുതെ തോന്നുന്നതാവണം. ഭാമയുടെ കൈപിടിച്ച് ആദ്യമായി വീട്ടിൽ വന്നു കയറിയ നിമിഷത്തിൽ, വൃദ്ധന്റെ വെളിച്ചം മങ്ങിത്തുടങ്ങിയ കണ്ണുകളിൽ തിളക്കം വീണ്ടും പ്രത്യക്ഷപ്പെട്ടത് കണ്ടില്ലെന്ന് നടിക്കാനായിരുന്നു തനിക്കിഷ്ടം.

അനുരാഗത്തിന്റെ ആദ്യദിനങ്ങളിൽ, ഇഴുകിച്ചേരലിന്റെ നിമിഷങ്ങളിൽ, കിടപ്പറയിലെ ജനലിനപ്പുറം നിഴലുകൾ പലപ്പോഴും ഇളകുന്നതായി തോന്നിയിരുന്നു.

ഭാമ അസ്വസ്ഥയാ‍യിരുന്നു. ഇനിയും നേരെയാക്കാൻ തനിക്കു സമയം കണ്ടെത്താൻ കഴിയാത്തത് കാരണം ഇളകിയ കൊളുത്തുള്ള കുളിമുറിയിൽ, പഴയ ഉഷ ഫാനിന്റെ ശക്തിയിൽ ഇളകിയാടുന്ന കർട്ടനുകൾ ഉള്ള കിടപ്പുമുറിയിൽ, തീന്മേശയിൽ ഭക്ഷണം വിളമ്പുമ്പോൾ, അലക്കുമ്പോൾ, വസ്ത്രങ്ങൾ ഇസ്തിരിയിടുമ്പോൾ എല്ലാം അവൾ അസ്വസ്ഥയാവുന്നത് തനിക്കറിയാമായിരുന്നു.

നോട്ടങ്ങളിലുടെ, ചലനങ്ങളിലൂടെ ഒടുവിൽ സഹികെട്ട് വാക്കുകളിൽ കൂടെ അവൾ സൂചിപ്പിച്ചവയെല്ലാം കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുവാനേ തനിക്കു നിർ‌വാഹമുണ്ടായിരുന്നുള്ളൂ.

“ഗൌതമൻ.....”
അവളുടെ ശബ്ദത്തിൽ വെറുങ്ങലിപ്പ്.
മകളല്ലേ ഞാൻ?,...... അച്ഛന്റെ?”

ഒന്നും പറയാനില്ലായിരുന്നു തനിക്ക്.

വെളുത്തിരുന്ന അച്ഛന്റെ മീശ അനുദിനം കറുത്തു വരികയാണ്. ചായങ്ങൾ ഈയിടെയായി അച്ഛൻ ഉപയോഗിക്കാറില്ല്ലെന്ന് തീർച്ച. അല്ലെങ്കിലും ചായങ്ങൾ കൊണ്ടൊരിക്കലും മുഖത്തെ ചുളിവുകൾ മായില്ലല്ലോ. കൂനിത്തുടങ്ങിയ നട്ടെല്ല് വീണ്ടും നിവരില്ലല്ലോ.

സ്കൂളിലെ പുതിയ നിയമനത്തിന് കടലാസുകൾ ശരിയാക്കാൻ അച്ഛനു തന്നെ പോകാമായിരുന്നു. ടിക്കറ്റു ബുക്ക് ചെയ്ത ശേഷം നാളെത്തന്നെ പോകാൻ അച്ഛൻ ആജ്ഞാപനത്തിന്റെ സ്വരത്തിൽ പറഞ്ഞപ്പോൾ എതിർക്കാൻ ശക്തി പോരായിരുന്നു.

“ഉഡുപ്പിയിൽ മുറി ബുക്ക് ചെയ്തിട്ടുണ്ട്. രണ്ട് ദിവസം താമസിച്ച് എല്ലാം ശരിയാക്കിയിട്ട് തിരിച്ച് വന്നാൽ മതി”.

ശരിയെന്ന ഭാവത്തിൽ തല കുലുക്കി തിരിച്ച് നടക്കുമ്പോൾ കണ്ടു, ഭാമയുടെ കണ്ണിലെരിയുന്നതെല്ലാം. പുച്ഛം തന്നെയായിരിക്കണം. യാത്ര തുടങ്ങാനായി ബാഗിൽ തുണികൾ കുത്തിനിറയ്ക്കുമ്പോഴേക്കും പുച്ഛവും രോഷവുമെല്ലാം ദയനീയതയോ മറ്റോ ആയി മാറിയിരുന്നെങ്കിലും.

പോകരുതെന്ന് ഓരോ നോട്ടത്തിലൂടെയും അവൾ തന്നോട് പറയുന്നുണ്ടായിരുന്നു. ഇറങ്ങുമ്പോൾ അവളുടെ നഖങ്ങൾ എന്റെ കൈത്തണ്ടയെ ശക്തിയായി അള്ളിപ്പിടിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. നഖങ്ങൾ ആഴ്ന്നിറങ്ങിയ കൈത്തണ്ടയിൽ ശക്തമായ നീറ്റൽ!

തിരിച്ചെത്തിയ ശേഷം അവളുടെ കണ്ണുകളിലേക്ക് നോക്കാതിരിക്കാൻ ഞാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. പക! എനിക്കറിയാം.

പക്ഷേ എന്നെ അത്ഭുതപ്പെടുത്തുമാറ് അവളുടെ മുഖത്ത് ഒരു തരം നിസ്സംഗത മാത്രമേ അവശേഷിച്ചിരുന്നുള്ളൂ.

രാത്രിയിൽ അവളുടെ ശരീരത്തെ തൊടാൻ പോലും ഭയന്നു പോയി. അവളുടെ മനസിൽ നിറഞ്ഞൊഴുകുന്ന വെറുപ്പിന്റെ ചൂട് അവളെ തൊടാതെ തന്നെ എന്നെ ചുട്ടുപൊള്ളിക്കുന്നുണ്ടായിരുന്നു.

എങ്ങോ നോക്കിക്കൊണ്ട് അവളുടെ ചുണ്ടുകൾ പതുക്കെ ശബ്ദിച്ചു.
“ഗൌതമൻ , ഒന്നു ചോദിച്ചോട്ടെ?“
എന്റെ അനുവാദത്തിനവൾ കാത്തു നിന്നില്ല.
“ആ പഴയ കഥയില്ലേ. പിതാവിനു തന്റെ യുവത്വം നൽകി പകരം ജരാനരകൾ ഏറ്റുവാങ്ങിയ പുത്രന്റെ കഥ.“
എവിടേയ്ക്കാണ് അവളുടെ ചിന്തകൾ പോകുന്നതെന്നറിയാമായിരുന്നെങ്കിലും മറുപടിയായി ചോദ്യഭാവത്തിലൊന്ന് മൂളാതിരിക്കാൻ കഴിഞ്ഞില്ല.
“എനിക്കൊരു സംശയം, പിതാവിനു യുവത്വം ദാനം ചെയ്ത പുത്രന് രാജ്യം പ്രതിഫലമായി ലഭിച്ചതാണോ അതോ രാജ്യം പ്രതിഫലമായി ഇച്ഛിച്ച പുത്രൻ യുവത്വം തന്റെ പിതാവിന് അടിയറവ് വെച്ചതോ?“

ഒരായിരം മുള്ളുകൾ തലച്ചോറിനകത്തെവിടെയൊക്കെയോ തറഞ്ഞു കയറി.

ഓടിപ്പിടഞ്ഞെഴുന്നേറ്റ് ബാത്ത്‌റൂമിലെ ഏകാന്തതയിലൊളിക്കാനാണ് തോന്നിയത്. ബാത്ത്‌റൂമിലെ അരണ്ട വെളിച്ചത്തിലും വ്യക്തമായി തന്നെ കണ്ടു. തന്റെ തലമുടികൾ വെളുത്തിരിക്കുന്നു!

61 comments:

cALviN::കാല്‍‌വിന്‍ said...

ജര

Melethil said...

ഹൌ! ഭയങ്കരന്‍!
നന്നായെടാ..

ㄅυмα | സുമ said...

സംഭവം നന്നായിണ്ടല്ലോ...
ending കലക്കി...
നല്ല ബെസ്റ്റ് തന്ത!

ശ്രീ said...

നല്ലൊരു കഥ!

ഞാന്‍ said...
This comment has been removed by the author.
Jayesh San / ജ യേ ഷ് said...

നല്ല കഥ മാഷേ...നന്നായി ഒതുക്കിപ്പറഞ്ഞു..
( ആ പെയ്തു വീഴുന്ന ഹൃദയങ്ങള്‍ വായനയെ ശല്യപ്പെടുത്തുന്നുണ്ട് ട്ടോ )

വികടശിരോമണി said...

കാൽ‌വിൻ,
ഇത്തരം മറുപുറങ്ങളുടെ ചിത്രം,നമ്മളുണ്ടാക്കിവെച്ച ഈഗോബലൂണുകളിലെവിടെയോ കുത്തിമുറിവേൽ‌പ്പിക്കുന്നുണ്ട്.അഭിനവയയാതികളുടെ ചിത്രം ഇത്രമേൽ ആസുരമാവുന്നത്,നമ്മുടെ സമൂഹം നിലനിർത്തുന്ന കപടമൂല്യബോധങ്ങളുടെ കൂടി ഫലമായാണ്.
അടുത്തിടെ,എതിരൻ കതിരവന്റെയും സമാനമായ ഒരു കഥ വായിച്ചതോർക്കുന്നു.
ആശംസകൾ…

ആത്മ said...

അപ്പോള്‍ നല്ല സീരിയസ്സ് കഥകളൊക്കെ എഴുതും അല്ലെ?!
“അഭിനന്ദനങ്ങള്‍!”

ശ്രീ..jith said...

ശ്രീ ഹരി വളരെ നന്നായിരിക്കുന്നു ഈ കഥ .. നല്ല ഒതുക്കത്തോടെ പറഞ്ഞു തീര്‍ത്തു .. ആശംസകള്‍ ..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: നല്ല തല... അമേരിക്കയിലധികം വെയിലില്ല അല്ലേ?

Sudhi|I|സുധീ said...

Gollamm... Different... :)

സി.കെ.ബാബു said...

തനിമലയാളത്തിലെ 'Latest in Mollywood' എന്ന പരസ്യത്തിൽ കാണാനാവുന്നതുപോലെ, വാപ്പ മമ്മൂട്ടി ചെറുപ്പക്കാരിപ്പെണ്ണുങ്ങളുടെ ചന്തിക്കു് ഞൊട്ടുന്ന ഒരുപാടു് മലയാളം സിനിമകൾ ഗൗതമന്റെ അച്ഛൻ കാണുന്നുണ്ടാവണം. :)

Captain Haddock said...

അറ്റി കുറുക്കിയ എഴുത്ത്.

മുണ്ഡിത ശിരസ്കൻ said...

“എനിക്കൊരു സംശയം, പിതാവിനു യുവത്വം ദാനം ചെയ്ത പുത്രന് രാജ്യം പ്രതിഫലമായി ലഭിച്ചതാണോ അതോ രാജ്യം പ്രതിഫലമായി ഇച്ഛിച്ച പുത്രൻ യുവത്വം തന്റെ പിതാവിന് അടിയറവ് വെച്ചതോ?“

ഭയങ്കരൻ. വളരെ ഇഷ്ടപ്പെട്ടു.

ഹാഫ് കള്ളന്‍ said...

നന്നായിരിക്കുന്നു ... ക്യാപ്റ്റന്‍ പറഞ്ഞ പോലെ ആറ്റി കുരുക്കിയ എഴുത്ത് ... സീരിയസ് ആയ കട്ട സീരിയസ് ആണല്ലേ കാല്‍വിന്‍ !

കുക്കു.. said...

വളരെ നന്നായി പറഞ്ഞിരിക്കുന്നു‌..

കൃഷ്‌ണ.തൃഷ്‌ണ said...

കഥയെഴുത്തും കൈയിലുണ്ട് അല്ലേ ഹരീ.
വളരെ വളരെ മനോഹരമായി വരച്ചിട്ടിരിക്കുന്നു.
ഭാമയുടെ നോട്ടവും നുള്ളലും വായനക്കാരെയും നീറ്റുന്നുണ്ട്. ശരിക്കും.

Shravan | ശ്രവണ്‍ said...

ini eppo enikku parayam, hariyettaa, nannayittunde :) something different from you :)rightly said about the things that happen around us in this age :)
cheers :)

(englishinu kshama chodichu.. ithiri tirakkil aa)

Rare Rose said...

പുതിയ കാലഘട്ടത്തിലെ യയാതിയും പുരുവും അല്ലേ.ആറ്റിക്കുറുക്കിയെഴുതിയത് കൊണ്ടു തന്നെ വായിക്കുമ്പോള്‍ മനസ്സിലേക്കാഴ്ന്നിറങ്ങുവാന്‍ കഴിയുന്ന എഴുത്ത്..

എതിരന്‍ കതിരവന്‍ said...

ബ്ലോഗിൽ കഥകൾ അന്യം നിന്നുകൊണ്ടിരിക്കുന്നു എന്ന പേടി വേണ്ട. നല്ല കഥ ശ്രീഹരി.
രാജ്യത്തിനോ പണത്തിനോ വേണ്ടി യൌവനം കളയുന്ന മകന്മാരേക്കാൾ ഭേദം റൊമാൻസിനു വേണ്ടി ഇവയൊക്കെ ത്യജിക്കുന്ന അച്ഛന്മാരല്ലെ?
ആ ‘തിരുവനന്തപുരം’ എന്ന വാക്ക് ഒഴിവാക്കിയിരുന്നെങ്കിൽ കഥയ്ക്ക് ഒരു യൂണിവേഴ്സൽ മാനം കിട്ടിയേനേ.

അരവിന്ദ് :: aravind said...

എതിരന്‍‌മാഷിന്റെ അഭിപ്രായം തന്നെ.
ഒത്തിരി നാളുകള്‍ക്ക് ശേഷം ബ്ലോഗില്‍ വായിച്ച നല്ല ഒരു കഥ, നല്ല എഴുത്ത്, നല്ല അവസാനം.

നന്ദി.

പാമരന്‍ said...

great one maashe. kaanaan vaikippoyi..

cALviN::കാല്‍‌വിന്‍ said...

മേലേതിൽ,
വായനക്കും കമന്റിനും നന്ദി

സുമ,
ബെസ്റ്റ് അച്ഛനോ അതോ മകനോ?

ശ്രീ,
നന്ദി

ഞാൻ,
നന്ദി...
ബാക്കിയുള്ളവയെ അപേക്ഷിച്ച് ഫയർ‌ഫോക്സ് എന്നേ ഉദ്ദേശിച്ചുള്ളൂ :)

ജയേഷ്,
വായനക്കും കമന്റിനു നന്ദി...
ഹൃദയങ്ങൾ പൊഴിയുന്നതിനെ എടുത്തുമാറ്റി..

വികടശിരോമണി,
പൊട്ടിപ്പോകട്ടെ ബലൂണുകൾ അല്ലേ? നല്ല വാക്കുകൾക്ക് നന്ദി..

ആത്മ,
അങ്ങന്യൊന്നൂല്ല.. സീരയസ് ആവും വല്ലപ്പോഴും
നന്ദി :)

ശ്രീ..jith,
വാ‍യനയ്ക്ക് നന്ദി..

കുട്ടിച്ചാത്തന്‍,
നന്ദി...
ഇന്ത്യേലൊക്കെ എന്തു വെയില്.. അമേരിക്കയിലെ വെയിലല്ലേ വെയില്... :)

ഇംഗ്ലീഷിൽ സുധി, പൈപ്പിനിടയിൽ ഐ, മലയാളത്തിൽ സുധി,
ദാങ്കൂ തലൈവരേ.. ;)

സി.കെ.ബാബു,
യെനിക്കു വയ്യാ... കമന്റങ്ങട് സുഖിച്ചു :)

Captain Haddock,
ആറ്റിക്കുറുക്കിയ കമന്റും :)
നന്ദി...

മുണ്ഡിത ശിരസ്കൻ,
ഇഷ്ടപ്പെട്ടുവെന്നറിയുമ്പോൾ ഒരുപാട് സന്തോഷം :)

ഹാഫ് കള്ളന്‍,
നന്ദി ... അമാവാസി ദിവസങ്ങളിൽ ഞാനും സീരിയസ് ആവാറുണ്ട് ;)

കുക്കു,
നന്ദി..

കൃഷ്‌ണ.തൃഷ്‌ണ,
കഥയെഴുതാനാണ് ബ്ലോഗിൽ വന്നത്. കഥയില്ലാത്തവനായി അവസാനിച്ചെന്ന് മാത്രം. :)
ഭാമ ഇങ്ങനെയാവാൻ പാടില്ലായിരുന്നുവെന്ന് ഇപ്പോൾ തോന്നു... ഈ ഭാമ എന്നെയാണ് കൂടുതൽ വേദനിപ്പിക്കുന്നത് :(

ഉണ്ണീസ്,
താങ്ക്സ് ബഡ്ഡി...ऽ :)
[things that happen around us in this age ]
ഓ അങ്ങനെയൊന്നുമില്ലന്നേ... ഋതുക്കളേ മാറുന്നുള്ളൂ നമ്മൾ മാറുന്നില്ല എന്നല്ലേ :)

Rare Rose,
നല്ല വാക്കുകൾക്ക് വളരെയധികം നന്ദി...:)

എതിരൻ‌ജീ,
[രാജ്യത്തിനോ പണത്തിനോ വേണ്ടി യൌവനം കളയുന്ന മകന്മാരേക്കാൾ ഭേദം റൊമാൻസിനു വേണ്ടി ഇവയൊക്കെ ത്യജിക്കുന്ന അച്ഛന്മാരല്ലെ? ]

തീർച്ചയായും... യയാതി എന്ന കഥാപാത്രം വളരെ ദുഃർബലഹൃദയനായി ആണ് എപ്പോഴും തോന്നിയിട്ടുള്ളത്. ഗൌതമന്റെ അച്ഛൻ ഒരിക്കലും ദുർ‌ബലനല്ല.താൻ ചെയ്യുന്നതെന്തെന്ന് അറിയാവുന്നയാളാണ്. മകൻ, മകനാണ് ദുർബലൻ..

തിരോനന്തരത്തെ എഡിറ്റ് ചെയ്യുന്നുണ്ട്...

നല്ല വാക്കുകൾക്ക് നന്ദി...

അരവിന്ദ്,
നല്ല വാക്കുകൾ കേൾക്കുമ്പോൾ വലിയ സന്തോഷം :) നന്ദി..

പാമരൻ,
നന്ദി :)
വൈകിയില്ലല്ലോ.. ആദ്യദിവസം തന്നെയാണ് വായിക്കാൻ എത്തിയത്. :)

Folks...,
എല്ലാവർക്കും ഒരുപാട് നന്ദി... നഷ്ടപ്പെട്ടുകൊണ്ടിരുന്ന ആത്മവിശ്വാസത്തെ വീണ്ടെടുക്കാൻ സഹായിച്ചതിന് :)

വശംവദൻ said...

മനോഹരമായ ഒരു കഥ ! നല്ല അവതരണം.

തൃശൂര്‍കാരന്‍..... said...

നല്ല കഥ..അവതരണം ഇഷ്ടപ്പെട്ടു. സ്വന്തം മകളെ പോലും കാമത്തിന്റെ കണ്ണുകളിലൂടെ നോക്കുന്ന അച്ഛന്മാരുള്ള ഈ കാലഘട്ടത്തില്‍ ഇതൊക്കെ നടന്നില്ലെങ്കിലെ അത്ഭുതമുള്ളൂ...വളരെ നല്ല തീം..

പൊട്ട സ്ലേറ്റ്‌ said...

Brilliant Writing. One of your Best !.

ഇട്ടിമാളു said...
This comment has been removed by the author.
ഇട്ടിമാളു said...

എന്തിനാ തന്തയെ പറയുന്നെ.. നട്ടെല്ലില്ലാത്ത മകനെ പറഞ്ഞാല്‍ പോരെ.. ?

പറയാതെ തന്നെ ഒരുപാട് പറയുന്നു.. അതും ചുരുങ്ങിയ വാക്കുകളില്‍.. കൊള്ളാം .. നല്ല അവതരണം..:)

INDULEKHA said...

അപ്പോള്‍ ഇങ്ങനെയൊക്കെ എഴുതാനും അറിയാമല്ലേ..
വളരെ നന്നായിരിക്കുന്നു- ആറ്റികുറുക്കിയ എഴുത്ത്..
കൂടുതല്‍ കഥകള്‍ പോരട്ടെ !!

Dinkan-ഡിങ്കന്‍ said...

കൊള്ളാം . പക്ഷേ ഇന്‍സെസ്റ്റ് മൊറാലിറ്റിക്കപ്പുറം ഒരു പൊളിറ്റിക്കല്‍ സിംബല്‍ കൂടെയാണ്‌.
തോട്ടം ആണ്‌ കേന്ദ്രം, (ശേഷമേ തോട്ടക്കാരന്‍ വരുന്നുള്ളൂ എന്ന് തോന്നുന്നു. തോട്ടമുണ്ടാക്കുന്നത് തോട്ടക്കാരനാണെങ്കില്‍ കൂടി...)

Shravan | ശ്രവണ്‍ said...

nammalum maarunnille?

ഗന്ധർവൻ said...

good

അങ്കിള്‍ said...

:)

ബിനോയ്//Binoy said...

കാല്‍‌വിന്‍‌ജീ, കഥ പെരുത്തിഷ്ടായി. കൂടുതല്‍ പറഞ്ഞ് കുളമാക്കുന്നില്ല. :)))

ഗൗരിനാഥന്‍ said...

അവസാനത്തെ ചോദ്യമാണ് ഈ കഥയുടെ ഭംഗി...

cALviN::കാല്‍‌വിന്‍ said...

വശംവദൻ,
വളരെ നന്ദി :)

തൃശൂര്‍കാരന്‍,
വളരെ നന്ദി :‌)

പൊട്ട സ്ലേറ്റ്‌,
താങ്ക്യൂ താങ്ക്യൂ :)

ഇട്ടിമാളു,
അതാണ്.
നന്ദി :)

INDULEKHA,
ചിലപ്പോ അറിയാണ്ട് എഴുതിപ്പോവുന്നതാ.. ;)
വളരെ നന്ദി :)

Dinkan-ഡിങ്കന്‍,
തോട്ടം തോട്ടക്കാരനെ സൃഷ്ടിക്കുന്നോ, തോട്ടക്കാരൻ തോട്ടമുണ്ടാക്കുന്നോ എന്ന് ഇപ്പോഴും സംശയം. ഏതിനും കുഴപ്പം തോട്ടത്തിന്റേത് തന്നെ.
നന്ദി :)

Shravan | ശ്രവണ്‍,
ജീവിതവും ജീവിതരീതികളും ജീവിതസാഹചര്യങ്ങളുമെല്ലാം മാറുന്നുണ്ട്. പക്ഷേ ചില ബേസിക് വികാരവിചാരങ്ങൾ മാറുന്നുണ്ടോ എന്ന് സംശയം. ഇൻ‌സെസ്റ്റ് ഒക്കെ എല്ലാക്കാലത്തും നിലനിന്നിരുന്നതാണ്. പുരാതന ഈജിപ്ഷ്യൻ സം‌സ്കാരത്തിൽ ഇൻസെസ്റ്റ് ഒരു കസ്റ്റം ആയിരുന്നു.

ഗന്ധർവൻ,
നന്ദി :)

അങ്കിള്‍,
:)

ബിനോയ്//Binoy,
വായനയ്ക്ക് ഒത്തിരി നന്ദി. ഇഷ്ടം ആവുന്നു എന്നറിയുമ്പോൾ സന്തോഷം :)

ഗൗരിനാഥന്‍,
:) നന്ദി

Areekkodan | അരീക്കോടന്‍ said...

):

സ്വപ്ന ജീവി said...

നന്നായിട്ടുണ്ട്, ആറ്റി കുറുക്കിയ കഥ. കഥയുടെ ഒഴുക്കും നന്നായിട്ടുണ്ട്

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

കഥാകാരന്‍ കഥാകാരന്‍.. ഹൌ... സംഭവം തന്നെ അളിയാ... സംഭവം തന്നെ... അപ്പോ ഓണം എങ്ങനാ... ഡോളറുവിറ്റും ഓണമുണ്ണണമല്ലോ... അല്ല ഉണ്ണുമല്ലോ...

bony pinto said...

naala style of presentation.

siva // ശിവ said...

വളരെ നല്ല കഥ....

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

കഥ റീലോഡഡ്‌... അതിശക്തമായിത്തന്നെ.

സജി said...

അപ്പോ, ഇവിടം വരെ എത്തി കാര്യങ്ങള്‍.

യയാതി ചോദിച്ചു വാങ്ങിയതായിരുന്നു, കബളിപ്പിച്ചെടുത്തതല്ലായിരുന്നു.

വയനാടന്‍ said...

ഉഗ്രൻ!
ഹൃദയം നിറഞ്ഞ ഓണാശം സകൾ നേരുന്നു

cALviN::കാല്‍‌വിന്‍ said...

Areekkodan | അരീക്കോടന്‍ ,
:)

സ്വപ്ന ജീവി,
നന്ദി :)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍!,
നമ്മക്കെന്ത് ഓണോം സംക്രാന്തീം മാഷേ...
കമന്റിനു താങ്ക്സ് ട്ടാ :)

bony pinto,
നന്ദി ട്ടോ:)

siva // ശിവ,
വളരെ നന്ദി :)

Jithendrakumar/ജിതേന്ദ്രകുമാര്‍ ,
വായനയ്ക്കും കമന്റിനും നന്ദി :)

സജി,
ആയിരുന്നല്ലേ?
നന്ദി :)

വയനാടന്‍,
വളരെ നന്ദി. എന്റേയും ഓണാശംസകൾ! :)

ഹരീഷ് തൊടുപുഴ said...

ഓടിപ്പിടഞ്ഞെഴുന്നേറ്റ് ബാത്ത്‌റൂമിലെ ഏകാന്തതയിലൊളിക്കാനാണ് തോന്നിയത്. ബാത്ത്‌റൂമിലെ അരണ്ട വെളിച്ചത്തിലും വ്യക്തമായി തന്നെ കണ്ടു. തന്റെ തലമുടികൾ വെളുത്തിരിക്കുന്നു!


ഗുഡ്..!!

നന്നായി കഥ പറഞ്ഞുതന്നിരിക്കുന്നു..
ചില കഥകൾ വായിച്ചാൽ മനസ്സിൽ നിറഞ്ഞുനിൽക്കും..
അതുപോലെന്നാണിതും..
ആശംസകൾ..

കുമാരന്‍ | kumaran said...

മനോഹരമായ കഥ. ഉന്നത നിലവാരം പുലർത്തിയിരിക്കുന്നു.

Shravan | ശ്രവണ്‍ said...

you have something to accept from here.

അരുണ്‍ കായംകുളം said...

ഇതാണ്‌ കഥ.വായിച്ച് കഴിഞ്ഞപ്പോള്‍ നല്ല സന്തോഷം.വളരെ നാളിനു ശേഷം ഒരു കഥ വായിച്ച സന്തോഷം.ഇനിയും പ്രതീക്ഷിക്കുന്നു, ഇത്തരം നല്ല കഥകള്‍

ബിന്ദു കെ പി said...

കാൽ‌വിൻ,
Captain Haddock ചൂണ്ടിക്കാണിച്ചിട്ടാണ് ഞാൻ ഇവിടെ എത്തിയത്. നല്ലൊരു കഥ വായിച്ച സംതൃപ്തിയോടെ മടങ്ങുന്നു...ഇനിയും കാണാം :)

സുഗ്രീവന്‍ :: SUGREEVAN said...

ല്ലിതാണ് എനിക്ക് മനസ്സിലാകുന്ന, ഞാന്‍ ഇഷ്ടപ്പെടുന്ന, കഥ!

നന്നായി സോദരാ....വെല്‍ ഡണ്‍!!!

cALviN::കാല്‍‌വിന്‍ said...

ഹരീഷ് തൊടുപുഴ,
വളരെ നന്ദി :)

കുമാരന്‍ | kumaran,
നന്ദി മാഷേ :)

Shravan | ശ്രവണ്‍,
ആക്സപ്റ്റഡ്... :)

അരുണ്‍ കായംകുളം,
വായനക്കും കമന്റിനും ഒത്തിരി നന്ദി :)

ബിന്ദു കെ പി,
തീർച്ചയായും ഇനിയും വരണം. നന്ദി :)

സുഗ്രീവന്‍ :: SUGREEVAN,
താങ്കൂ സോദരാ താങ്കൂ :)

bilatthipattanam said...

ജര ജാരനായും,നര നരനായും വീണ്ടും പരിണമിച്ചിരിക്കുന്നു.....
വളരെ നന്നായി പറഞ്ഞിരിക്കുന്നൂ..
ചുട്ടയഭിനന്ദനങ്ങൾ...!

സിമി said...

ഉഗ്രന്‍ കഥ! വായിക്കാതെ പോയെങ്കില്‍ നഷ്ടമായേനെ.

രുദ്ര said...

ഒരുപാട് നന്നായിരിക്കുന്നു. ബെസ്റ്റ് ബസ്സില്‍ ഈയിടെ കാണിക്കാന്‍ തുടങ്ങിയ child/woman abuse നെ കുറിച്ചുള്ള വീഡിയോസ് ഒരു അര മണിക്കൂര്‍ കാണേണ്ടി വന്നാല്‍ ഉണ്ടാവുന്ന അതേ അസ്വസ്ഥത.

വേദ വ്യാസന്‍ said...

ഭീകരമായ മനോഹര കഥ :)

Post said...

നന്ദി

കൊട്ടോട്ടിക്കാരന്‍... said...

ഒരു നല്ല കഥകൂടിക്കിട്ടി..

കണ്ണനുണ്ണി said...

വളരെ വളരെ ഇഷ്ടപ്പെട്ടു അവസാനത്തെ ചോദ്യം....
വിത്യസ്തമായ കഥ ..ഇഷ്ടായി മാഷെ...

നീര്‍വിളാകന്‍ said...

വളരെ മനോഹരം.... കിടുക്കന്‍!!!

Unais.v.s said...

കൊള്ളാം പക്ഷെ പരഞ്ഞതിനെ സതരണകാരനു മനസ്സിലാകുന്ന വിതം ക്കഉറചു കൂടീ ലഖുവയി എഴുതിയൽ നന്നയിരിക്കും (വയ്കം മുഹമ്മത് ബഷീരിനെ പൊലെയൊ മറ്റൊ)

...