Wednesday, August 5, 2009

ജീവിതവിജയവും മരമാക്രിയും

പുറത്ത് നല്ല മഴ. റൂമിനകത്ത് ഇളം തണുപ്പ്. ചിക്കനും വീറ്റ് ദോശയും നർഗീസി കോഫ്തക്കാരൻ സ്നേഹത്തോടെ തന്നുവിട്ട അച്ചാറും കൂട്ടി തട്ടി ഒരു ഏമ്പക്കവും വിട്ടു. മനോഹരമായ കാലാവസ്ഥ. ലാപ്പിടോപ്പിയിൽ നിന്നും റഫിയുടെ ശബ്ദം.
“ആജ് മോസം ബഡാ ബയ്‌മാന് ഹേ ബഡാ”

ആഹാ.. സുഖം സ്വസ്ഥം സുന്ദരം.... ജീവിതം എത്ര സുന്ദരം? സിന്ദഗി കിത്നാ സുന്ദർ ഹേ? ലൈഫ് സോ ഗുഡ്. വാഴ്കൈ റൊമ്പ ... റൊമ്പ... റൊമ്പ... ആ എന്തരോ....

പെട്ടെന്നാണ് ഇടിത്തീ പോലെ മരമാക്രിയുടെ പോസ്റ്റ് കണ്ണിൽ‌പ്പെട്ടത്. ജീവിതവിജയം നേടുന്നതിന്റെ ഡഫനിഷം മാക്രി വിവരിച്ചിരിക്കുന്നു

എന്താണ് ജീവിതവിജയം?

  • ബ്യൂറോക്രസിയില്‍ ഇന്ത്യന്‍ സിവില്‍ സെര്‍വിസ്‌
  • എഞ്ചിനീയറിംഗ് എങ്കില്‍ ഐഐടി, കുറഞ്ഞത് എന്‍ഐടി (പഴയ ആര്‍ഈസി)
  • മെഡിസിന്‍ എങ്കില്‍ AIIMS, JIPMER, Vellore - ഇതില്‍ ഏതിലെങ്കിലും ഒന്ന്
  • ബ്രിട്ടനില്‍ ഓക്സ്ഫഡ്, അല്ലെങ്കില്‍ കേംബ്രിജ്‌
  • അമേരിക്കയില്‍ പോകുന്നവര്‍ ഏതെങ്കിലും ഐവി ലീഗ് സര്‍വകലാശാലകളില്‍/കോളജുകളില്‍ ഏതിലെങ്കിലും അഡ്മിഷന്‍ നേടിയിരിക്കണം (Ivy League - Columbia, Brown, Yale, Cornell, Dartmouth, Harvard, Princeton, Pennsylvania)
  • അമേരിക്കയില്‍ മെഡിസിന്‍ പഠനമാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ ജോണ്‍ ഹോപ്കിന്‍സ് അല്ലെങ്കില്‍ മയോ
നശിച്ചു... ഇടിവെട്ടി... പണ്ടാരടങ്ങി.

ബ്യൂറോക്രസി പോയിട്ട് ഹിപ്പോക്രസി പോലും ഇല്ല

എഞ്ചിനീയറിംഗ്... തേങ്ങാക്കൊല. ഐഐടിയുടെ പടി പോലും കണ്ടിട്ടില്ല. എൻ.ഐ.ടി യിൽ രാഗം പരിപാടി കാണാൻ പോയിട്ടുണ്ട്.

മെഡിസിൻ അസുഖം വരുമ്പോൾ കഴിക്കാറുണ്ട്.

ബ്രിട്ടൻ കണ്ടിട്ടുണ്ട്. നമസ്തേ ലണ്ടൻ സിനിമക്കകത്ത്.

അമേരിക്കയിൽ വന്നത് വേസ്സ്റ്റ് ആയി... ഇപ്പറഞ്ഞ യൂണീവേഴ്ക്കിറ്റികളുടെ വെബ്സൈറ്റ് പോലും കണ്ടിട്ടില്ല.

അമേരിക്കയിൽ മെഡിസിൻ പഠനത്തിനു മയോ... മ###... എന്നെക്കൊണ്ടൊന്നും പറയിക്കണ്ട...

തീർന്നില്ലേ? ജീവിതം വേസ്റ്റ്... ഇനി ഞാനെന്തിനു ജീവിച്ചിരിക്കണം?...

ലാപ്പിടോപ്പിയിലെ പാട്ട് വേഗം മാറ്റി...
“യേ ദുനിയാ യേ മെഹഫിൽ മേരെ കാം കീ നഹീ മെരേ കാം കീ നഹീ...”

ഇനിയിപ്പോ ആത്മഹത്യ ചെയ്യാതെ മറ്റു വഴി ഒന്നുമില്ല. തോണിക്ക് തല വെക്കാം എന്നാ‍ണ് തീരുമാനം. പകരം പട്ടണത്തിൽ ഭൂതം തിയേറ്ററിൽ പോയി കണ്ടാലോ എന്നും ആലോചനയുണ്ട്.

ഏതായാലും മരിക്കും മുൻപേ ഒരു നല്ല കാര്യമെങ്കിലും ചെയ്തു മരിച്ചില്ലെങ്കിൽ എന്റെ ആത്മാവിനെങ്ങാനും നെഗറ്റീവ് എനർജി വന്നാലോ?
അതുകൊണ്ടാണ് പൊതുതാല്പര്യപ്രകാരം ജീവിതവിജയത്തിനുള്ള അളവുകോലും മാർഗങ്ങളും ബ്ലോഗ് വഴി പ്രസിദ്ധീകരിച്ചുകളയാം എന്നു കരുതിയത്.

മാക്രിയുടെ ഡഫനിഷനിൽ എല്ലാം വിജയം എന്നു പറയുന്നത് ഒരു എൻഡ് റിസൾറ്റ് ആണ്. ഉദാ: രാഷ്ട്രീയമാണെങ്കിൽ അമേരിക്കൻ പ്രസിഡന്റാവുക, ബ്ലോഗറാണെങ്കിൽ നൂറിനു മേലെ ഫോളോവേഴ്സ് ഉണ്ടാവുക അങ്ങനെയങ്ങനെ.

എന്നാൽ വിജയത്തെ ഒരു അവസാന റിസൾട്ട് ആയി ഒതുക്കാതെ കണ്ടിന്യുവസ് സ്കെയിലിൽ അളക്കാൻ ഉള്ള മാർഗം ആണ് താഴെ വിവരിച്ചിരിക്കുന്നത്.

1. എ.ൽ.കെ ജി ക്ലാസ് മുതൽ ഏതാണ്ട് മുപ്പത് കിലോ ഭാരമുള്ള ബാഗ് കൊണ്ട് പോകാൻ കഴിയുക.
2. ഒന്നാം ക്ലാസ് മുതൽ ക്ലാസിൽ ഒന്നാം റാങ്ക് മാത്രം.
3. യുവജനോത്സവങ്ങളിൽ കലാപ്രതിഭ/തിലകം എന്തെങ്കിലും ആവുക.
4.ഏതെങ്കിലും ഒരു റീയാലിറ്റി ഷോയിൽ പങ്കെടുക്കുക. പെർ‌ഫോർ‌മൻസിന് ശേഷം ഓടി വന്ന് കെട്ടിപ്പിടിക്കുന്ന ജഡ്ജസിനെക്കൊണ്ട് “ഈ മോനെ/മോളെ മക്കളായി കിട്ടിയ അച്ഛനും അമ്മയുമാണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻമാർ“ എന്ന് പറയിക്കുക. പറ്റിയാൽ മക്കളു പാട്ടു പാടുമ്പോൾ സ്റ്റേജിൽ അച്ഛനും അമ്മയും കൂടെ ഡാൻസ് കളിക്കുക. (പരിപാടി പ്രക്ഷേപണം ചെയ്യുന്ന ദിവസം ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോൺ വിളിച്ച് പറഞ്ഞിരിക്കണം. ടിവിയിലാണ് വരുന്നത്).
5. സ്പോർട്സിലാണ് കമ്പമെങ്കിൽ മിനിമം ഒരു പഞ്ചാബിയുടെ കൈയിൽ നിന്നെങ്കിലും ചെകിട്ടത്തടി വാങ്ങിച്ചിരിക്കണം.
6.പ്ലസ് റ്റൂവിനു സി.ബി.എസ്.സി സ്കൂളിൽ മാത്രം ചേർക്കുക.
7. തൃശ്ശൂര് എണ്ട്രൻസ് കോച്ചിംഗിനു ചേർക്കുക.
8. മെഡിസിനോ എഞ്ചിനീയറിംഗിനോ അഡ്മിഷൻ തരപ്പെടുത്തുക.
9. പിള്ളേര് കോളേജിൽ ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയിൽ പ്രവർത്തിക്കാതെ പ്രത്യേകം ശ്രദ്ധിക്കുക.
10. പ്രേമിക്കുന്നത് ജീവിതവിജയത്തിനെ എപ്രകാരം പ്രതികൂലമായി ബാധിക്കുന്നു എന്ന് കുട്ടികളെ പ്രത്യേകം പറഞ്ഞ് മനസിലാക്കിക്കുക. ക്ലാസിൽ ആൺകുട്ടികളും പെണ്കുട്ടികളും ഒരേ ബെഞ്ചിൽ ഇരുന്നു പഠിക്കുന്നില്ല എന്ന് അദ്ധ്യാപകരോട് ചോദിച്ച് ഉറപ്പു വരുത്തേണ്ടതാണ്.
11. ഇനി എഞ്ചിനീയറിംഗ്/മെഡിസിൻ കിട്ടിയില്ലായെങ്കിൽ സിവിൽ സർവീസ് ഇത്യാദി ശ്രമിക്കാവുന്നതാണ്. എന്നാൽ ബി.എസ്.സി ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയതൊന്നും യാതൊരു കാരണവശാലും പഠിക്കരുതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
12. കല്യാണം.:- അമേരിക്കയിലോ ലണ്ടനിലോ ഗ്രീൻ‌കാർഡോടു കൂടിയ ഡോക്ടർ/എഞ്ചിനീയർ. കല്യാണത്തിനു പെണ്ണു വരുന്നത് കണ്ടാൽ ഒര് സ്വർണക്കട നടന്ന് വരുന്നത് പോലെ ആവാൻ ശ്രദ്ധിക്കണം. ആൺകുട്ടികളാണെങ്കിൽ സ്ത്രീധനമായി മിനിമം ഒരു ബെൻസ്, പത്തേക്കർ ഭൂമി, വീട്, ഒരു പത്തു ലക്ഷം പോക്കറ്റ് മണി. ഇതിൽ ഒട്ടും കുറയരുത്. ജീവിതവിജയം കൈവിട്ട് പോകും.

13. എല്ലാം കഴിഞ്ഞ് കല്യാണം കഴിഞ്ഞ് പെൺകുട്ടികൾ ഉണ്ടാവാതെ കിട്ടിയാൽ പൂർത്തിയായി. സമ്പൂർണജീവിതവിജയം.

ജീവിതവിജയം അളക്കാനുള്ള ഈ മെട്രിക് ഇനി മുതൽ കാൽ‌വിൻ സ്കെയിൽ എന്നറിയപ്പെടുന്നതായിരിക്കും.
10 comments:

cALviN::കാല്‍‌വിന്‍ said...

ജീവിതവിജയം അളക്കാനുള്ള ഈ മെട്രിക് ഇനി മുതൽ കാൽ‌വിൻ സ്കെയിൽ എന്നറിയപ്പെടുന്നതായിരിക്കും.

Captain Haddock said...

ha..ha..Liked the usage "കാൽ‌വിൻ സ്കെയിൽ "

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: 11 വരെ കാല്‍‌‌വില്‍ സ്കെയിലില്‍ കാല്‍‌വിന്‍ പോയ വഴി എന്നു പറയാം 12 ഓകെ സമ്മതിച്ചു. 13 ല്‍ കാല്‍‌‌വിന്‍ സ്കെയില്‍ രണ്ടായിട്ട് ഒടിച്ചിട്ടേക്കണം.

ഓടോ:പട്ടണത്തില്‍ ഭൂതത്തിനു നിന്നെ തീയേറ്ററീല്‍ കേറ്റൂല, വേണേല്‍ ഭ്രമരം കണ്ട് വിന്‍സിനെപ്പോലെ ആനന്ദ നിര്‍വൃതിയുടെ പരമോന്നതിയിലെത്തി അങ്ങ് സ്വര്‍ഗാരോഹണം ആയിക്കോ..(സന്തോഷം കൂടിയാലും ഹാര്‍ട്ട് അറ്റാക്ക് വരാലോ)

അനിൽ@ബ്ലൊഗ് said...

:)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

മ###... ച്ഛെ... പാതി വെച്ച് നിര്‍ത്തിക്കളഞ്ഞൂ... ഞാനങ്ങ് പൂര്‍ത്തിയാക്കാം...
മത്തങ്ങത്തലയാന്നല്ലെ ഉദ്ദേശിച്ചത്?

ജീവിതവിജയം ഞാന്‍ ഡിഫൈന്‍ ചെയ്താ, ശനിയാഴ്ച്ച രാവിലെ പത്ത്മണിക്കെണീറ്റ് കട്ടന്‍ചായേം കുടിച്ച് കമ്പ്യൂട്ടരിന്റെ മുന്നിലിരിക്കുമ്പോ മനസ്സീതോന്നുന്നത് മലയാളത്തില്‍ ബ്ലോഗില്‍ വരുന്നതാണ്... വെറുതേ സബ്മിറ്റ് ബട്ടണ്‍ ഞെക്കിയാ കാര്യം പോസ്റ്റാവണം...

ഉവ്വാ...

INDULEKHA said...

കഴിഞ്ഞ 2 മാസമായി ഒരു സ്കെയില്‍ ഉണ്ടാക്കാനായി ചക്രശ്വാസം വിടുകയാണ് ഈയുള്ളവള്‍.
അപ്പോഴല്ലേ ദേ , എടുത്തോ പിടിച്ചോ എന്ന മട്ടില്‍ ഒരു കാല്‍വിന്‍ സ്കെയില്‍.
അസൂയ വരുന്നു മാഷേ ..
എന്തായാലും സംഭവം കലക്കി!!!

Rare Rose said...

ന്റമ്മോ..ജീവിത വിജയത്തിനുള്ള കാല്‍വിന്‍ സ്കെയില്‍ കല്പനകളില്‍ പലതും കഴിഞ്ഞു പോയല്ലോ..:(..ഇനി ബാക്കിയുള്ളത് പാലിച്ചാല്‍ പാതിയെങ്കിലും വിജയം കിട്ട്വോ ആവോ..

suraj::സൂരജ് said...

ഒരു ഇന്റേണ്‍ഷിപ്പ് കാഴ്ച :

മെയോ ക്ലിനിക്കീന്ന് വന്ന "ജീവിതവിജയം നേടിയ" ഒരു പുലി രണ്ടാം വര്‍ഷ പിജിക്കാരന് അഡ്ഹസിവ് പ്ലാസ്റ്റര്‍ ഇളക്കുമ്പോള്‍ ശകലം സ്പിരിറ്റ് തേച്ച് തുടച്ചാല്‍ ഒട്ടിയിരിക്കുന്ന മുടി പറിഞ്ഞുണ്ടാകുന്ന രോഗീട പ്രാണവേദന ഒഴിവാക്കാം എന്ന് അറിയില്ലായിരുന്നു. കാരിത്താസീന്ന് നേഴ്സിംഗ് പഠിച്ച ഭരണങ്ങാനം കാരി ത്രെസ്യാ സിസ്റ്ററിന് അത് അറിയാം. അതോണ്ടായിരിക്കാം, അവര് ജീവിതവിജയവും നേടില്ല. പാവം.

Sureshkumar Punjhayil said...

Kalvin scale manoharamayi...! Ashamsakal....!!!

indu said...

the bog is humorus..but very straining for the eyes..please change the settings to some presentable colours..

...