Monday, August 24, 2009

ജര (കഥ)

മൂക്കിനു കീഴെ തൂവെള്ള നിറത്തിൽ വളർന്നു നിന്നിരുന്ന അച്ഛന്റെ മീശ ഒരാഴ്ച കൊണ്ട് പൂർണമായും കറുത്തിരിക്കുന്നു. അച്ഛനെന്തോ സംഭവിക്കുന്നുണ്ടെന്ന് തീർച്ച. ചുണ്ടുകൾക്ക് ചുവപ്പു കൂടിയതും മുഖത്തെ ചുളിവുകൾക്ക് കുറവു വന്നതും എല്ലാം നേരത്തെ ശ്രദ്ധിക്കാഞ്ഞതല്ല.

നൂറ്റിനാല്പതിൽ എത്തി നിന്നിരുന്ന രക്തസമ്മർദ്ദം രണ്ടാഴ്ചയ്ക്കുള്ളിൽ സാധാരാണനിലയിലെത്തിയപ്പോൾ ആദ്യം അസ്വാ‍ഭാവികതയൊന്നും തോന്നിയിരുന്നില്ല.

അല്ലെങ്കിലും അച്ഛനെന്നും അതിശയിപ്പിച്ചിട്ടല്ലേയുള്ളൂ. ഇളയമ്മയെ ആദ്യമായി കണ്ട ദിവസം, പതിവു പോലെ അമ്മയുടെ രാത്രിഭക്ഷണത്തിൽ ഉറക്കഗുളിക ചേർത്തിട്ട് ഒന്നുമറിയാതെ കിടന്നുറങ്ങിയ അച്ഛന്റെ രക്തക്കുഴലുകളിലൂടെ ഒഴുകിയ രക്തത്തിനു ഒരിറ്റു വേഗത പോലും കൂടിയതായി തനിക്കറിയില്ല. “കൊലപാതകി” എന്ന് മുഖത്തു നോക്കി വിളിക്കാൻ ധൈര്യം കാണിച്ച ചേട്ടനെ, എന്നെന്നേക്കുമായി തെരുവിലേക്ക് വലിച്ചെറിയുമ്പോൾ മുഖത്തെ പേശികൾ പോലും അല്പമൊന്ന് വലിഞ്ഞു മുറുകിയതായി ഓർമയില്ല.

എന്താണ് ഒരിക്കലും അച്ഛനെ എതിർത്തൊന്നും പറയാതിരിക്കാൻ തനിക്ക് കഴിയാതെ പോയത്?
വൈകുന്നേരങ്ങളിൽ, ഓഫീസ് മുറിയിലെ ചുവന്ന വെൽ‌വെറ്റ് കസേരയിൽ തന്നെ മടിയിലിരുത്തി പരുത്ത വിരലുകൽ കൊണ്ട് കൈത്തണ്ടകളിലുഴിഞ്ഞ് അച്ഛനെന്നും പറയാണ്ടായിരുന്നു.

“നീയാണെന്റെ ഏകമകൻ. എന്റേതെല്ലാം നിന്റെയാണ്. നിന്റേതെല്ലാം എന്റേതും”

അച്ഛൻ ധനികനായിരുന്നു. എല്ലാ അർഥത്തിലും. പണം കൊണ്ട് നേടാവുന്നതെല്ലാം അച്ഛൻ നേടിയെടുത്തു. സ്വന്തമായി നടത്തുന്ന സ്കൂളിൽ നിന്നും തന്നെ ഏറെ പണം നിയമനങ്ങൾക്കായുള്ള കൈക്കൂലിയായി അച്ഛൻ സമ്പാദിച്ചിരുന്നു.

“മണി ഈസ് വാട് മണി ഡസ്”

അച്ഛൻ എപ്പോഴും പറയാറുള്ള വാക്കുകൾ തന്റെ മനസിന്റെ ഉള്ളറകളിൽ പോലും പതിഞ്ഞിരിക്കണം. അതു കൊണ്ടായിരിക്കണം അച്ഛനെ എതിർക്കാൻ ധൈര്യം കാണിച്ച് വീടു വിട്ടിറങ്ങിപ്പോയ ചേട്ടനെപ്പറ്റി ഭാമയോട് പറഞ്ഞപ്പോൾ “മണ്ടൻ” എന്നൊരു വിശേഷണം കൂടെ ചേർക്കാൻ തോന്നിയത്. അവൾക്കത് രസിച്ചില്ലെങ്കിലും.

ഇളയമ്മയും പോയ ശേഷം അച്ഛനിലും കണ്ടില്ലേ വാർദ്ധക്യത്തിന്റെ ചിഹ്നങ്ങൾ? തലയിലെ രോമങ്ങൾക്കിടയിൽ അവിടെയും ഇവിടെയും ഉയർന്നു നിന്ന വെള്ളിവരകളെ, ചായം തേച്ചു വീണ്ടും മിനുക്കിയെടുത്തെങ്കിലും, നെറ്റിയിൽ നിന്നു മുകളിലേക്ക് വിസ്താരം കൂടിക്കൊണ്ടിരുന്ന കഷണ്ടിയും, ചുളിവുകൾ അടിക്കടി കൂടി വന്നുകൊണ്ടിരുന്ന തൊലിയുമെല്ലാം, ഉറക്കെയുറക്കെ വിളിച്ചു പറഞ്ഞില്ലേ അച്ഛനും വൃദ്ധനായെന്ന്.

എന്നു മുതലാണ് അച്ഛൻ വീണ്ടും യുവത്വത്തിലേക്ക് തിരിച്ച് വരാൻ തുടങ്ങിയത്? ഭാമ വീട്ടിലെത്തിയ അന്നു മുതലാണെന്ന് തനിക്ക് വെറുതെ തോന്നുന്നതാവണം. ഭാമയുടെ കൈപിടിച്ച് ആദ്യമായി വീട്ടിൽ വന്നു കയറിയ നിമിഷത്തിൽ, വൃദ്ധന്റെ വെളിച്ചം മങ്ങിത്തുടങ്ങിയ കണ്ണുകളിൽ തിളക്കം വീണ്ടും പ്രത്യക്ഷപ്പെട്ടത് കണ്ടില്ലെന്ന് നടിക്കാനായിരുന്നു തനിക്കിഷ്ടം.

അനുരാഗത്തിന്റെ ആദ്യദിനങ്ങളിൽ, ഇഴുകിച്ചേരലിന്റെ നിമിഷങ്ങളിൽ, കിടപ്പറയിലെ ജനലിനപ്പുറം നിഴലുകൾ പലപ്പോഴും ഇളകുന്നതായി തോന്നിയിരുന്നു.

ഭാമ അസ്വസ്ഥയാ‍യിരുന്നു. ഇനിയും നേരെയാക്കാൻ തനിക്കു സമയം കണ്ടെത്താൻ കഴിയാത്തത് കാരണം ഇളകിയ കൊളുത്തുള്ള കുളിമുറിയിൽ, പഴയ ഉഷ ഫാനിന്റെ ശക്തിയിൽ ഇളകിയാടുന്ന കർട്ടനുകൾ ഉള്ള കിടപ്പുമുറിയിൽ, തീന്മേശയിൽ ഭക്ഷണം വിളമ്പുമ്പോൾ, അലക്കുമ്പോൾ, വസ്ത്രങ്ങൾ ഇസ്തിരിയിടുമ്പോൾ എല്ലാം അവൾ അസ്വസ്ഥയാവുന്നത് തനിക്കറിയാമായിരുന്നു.

നോട്ടങ്ങളിലുടെ, ചലനങ്ങളിലൂടെ ഒടുവിൽ സഹികെട്ട് വാക്കുകളിൽ കൂടെ അവൾ സൂചിപ്പിച്ചവയെല്ലാം കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുവാനേ തനിക്കു നിർ‌വാഹമുണ്ടായിരുന്നുള്ളൂ.

“ഗൌതമൻ.....”
അവളുടെ ശബ്ദത്തിൽ വെറുങ്ങലിപ്പ്.
മകളല്ലേ ഞാൻ?,...... അച്ഛന്റെ?”

ഒന്നും പറയാനില്ലായിരുന്നു തനിക്ക്.

വെളുത്തിരുന്ന അച്ഛന്റെ മീശ അനുദിനം കറുത്തു വരികയാണ്. ചായങ്ങൾ ഈയിടെയായി അച്ഛൻ ഉപയോഗിക്കാറില്ല്ലെന്ന് തീർച്ച. അല്ലെങ്കിലും ചായങ്ങൾ കൊണ്ടൊരിക്കലും മുഖത്തെ ചുളിവുകൾ മായില്ലല്ലോ. കൂനിത്തുടങ്ങിയ നട്ടെല്ല് വീണ്ടും നിവരില്ലല്ലോ.

സ്കൂളിലെ പുതിയ നിയമനത്തിന് കടലാസുകൾ ശരിയാക്കാൻ അച്ഛനു തന്നെ പോകാമായിരുന്നു. ടിക്കറ്റു ബുക്ക് ചെയ്ത ശേഷം നാളെത്തന്നെ പോകാൻ അച്ഛൻ ആജ്ഞാപനത്തിന്റെ സ്വരത്തിൽ പറഞ്ഞപ്പോൾ എതിർക്കാൻ ശക്തി പോരായിരുന്നു.

“ഉഡുപ്പിയിൽ മുറി ബുക്ക് ചെയ്തിട്ടുണ്ട്. രണ്ട് ദിവസം താമസിച്ച് എല്ലാം ശരിയാക്കിയിട്ട് തിരിച്ച് വന്നാൽ മതി”.

ശരിയെന്ന ഭാവത്തിൽ തല കുലുക്കി തിരിച്ച് നടക്കുമ്പോൾ കണ്ടു, ഭാമയുടെ കണ്ണിലെരിയുന്നതെല്ലാം. പുച്ഛം തന്നെയായിരിക്കണം. യാത്ര തുടങ്ങാനായി ബാഗിൽ തുണികൾ കുത്തിനിറയ്ക്കുമ്പോഴേക്കും പുച്ഛവും രോഷവുമെല്ലാം ദയനീയതയോ മറ്റോ ആയി മാറിയിരുന്നെങ്കിലും.

പോകരുതെന്ന് ഓരോ നോട്ടത്തിലൂടെയും അവൾ തന്നോട് പറയുന്നുണ്ടായിരുന്നു. ഇറങ്ങുമ്പോൾ അവളുടെ നഖങ്ങൾ എന്റെ കൈത്തണ്ടയെ ശക്തിയായി അള്ളിപ്പിടിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. നഖങ്ങൾ ആഴ്ന്നിറങ്ങിയ കൈത്തണ്ടയിൽ ശക്തമായ നീറ്റൽ!

തിരിച്ചെത്തിയ ശേഷം അവളുടെ കണ്ണുകളിലേക്ക് നോക്കാതിരിക്കാൻ ഞാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. പക! എനിക്കറിയാം.

പക്ഷേ എന്നെ അത്ഭുതപ്പെടുത്തുമാറ് അവളുടെ മുഖത്ത് ഒരു തരം നിസ്സംഗത മാത്രമേ അവശേഷിച്ചിരുന്നുള്ളൂ.

രാത്രിയിൽ അവളുടെ ശരീരത്തെ തൊടാൻ പോലും ഭയന്നു പോയി. അവളുടെ മനസിൽ നിറഞ്ഞൊഴുകുന്ന വെറുപ്പിന്റെ ചൂട് അവളെ തൊടാതെ തന്നെ എന്നെ ചുട്ടുപൊള്ളിക്കുന്നുണ്ടായിരുന്നു.

എങ്ങോ നോക്കിക്കൊണ്ട് അവളുടെ ചുണ്ടുകൾ പതുക്കെ ശബ്ദിച്ചു.
“ഗൌതമൻ , ഒന്നു ചോദിച്ചോട്ടെ?“
എന്റെ അനുവാദത്തിനവൾ കാത്തു നിന്നില്ല.
“ആ പഴയ കഥയില്ലേ. പിതാവിനു തന്റെ യുവത്വം നൽകി പകരം ജരാനരകൾ ഏറ്റുവാങ്ങിയ പുത്രന്റെ കഥ.“
എവിടേയ്ക്കാണ് അവളുടെ ചിന്തകൾ പോകുന്നതെന്നറിയാമായിരുന്നെങ്കിലും മറുപടിയായി ചോദ്യഭാവത്തിലൊന്ന് മൂളാതിരിക്കാൻ കഴിഞ്ഞില്ല.
“എനിക്കൊരു സംശയം, പിതാവിനു യുവത്വം ദാനം ചെയ്ത പുത്രന് രാജ്യം പ്രതിഫലമായി ലഭിച്ചതാണോ അതോ രാജ്യം പ്രതിഫലമായി ഇച്ഛിച്ച പുത്രൻ യുവത്വം തന്റെ പിതാവിന് അടിയറവ് വെച്ചതോ?“

ഒരായിരം മുള്ളുകൾ തലച്ചോറിനകത്തെവിടെയൊക്കെയോ തറഞ്ഞു കയറി.

ഓടിപ്പിടഞ്ഞെഴുന്നേറ്റ് ബാത്ത്‌റൂമിലെ ഏകാന്തതയിലൊളിക്കാനാണ് തോന്നിയത്. ബാത്ത്‌റൂമിലെ അരണ്ട വെളിച്ചത്തിലും വ്യക്തമായി തന്നെ കണ്ടു. തന്റെ തലമുടികൾ വെളുത്തിരിക്കുന്നു!

Wednesday, August 5, 2009

ജീവിതവിജയവും മരമാക്രിയും

പുറത്ത് നല്ല മഴ. റൂമിനകത്ത് ഇളം തണുപ്പ്. ചിക്കനും വീറ്റ് ദോശയും നർഗീസി കോഫ്തക്കാരൻ സ്നേഹത്തോടെ തന്നുവിട്ട അച്ചാറും കൂട്ടി തട്ടി ഒരു ഏമ്പക്കവും വിട്ടു. മനോഹരമായ കാലാവസ്ഥ. ലാപ്പിടോപ്പിയിൽ നിന്നും റഫിയുടെ ശബ്ദം.
“ആജ് മോസം ബഡാ ബയ്‌മാന് ഹേ ബഡാ”

ആഹാ.. സുഖം സ്വസ്ഥം സുന്ദരം.... ജീവിതം എത്ര സുന്ദരം? സിന്ദഗി കിത്നാ സുന്ദർ ഹേ? ലൈഫ് സോ ഗുഡ്. വാഴ്കൈ റൊമ്പ ... റൊമ്പ... റൊമ്പ... ആ എന്തരോ....

പെട്ടെന്നാണ് ഇടിത്തീ പോലെ മരമാക്രിയുടെ പോസ്റ്റ് കണ്ണിൽ‌പ്പെട്ടത്. ജീവിതവിജയം നേടുന്നതിന്റെ ഡഫനിഷം മാക്രി വിവരിച്ചിരിക്കുന്നു

എന്താണ് ജീവിതവിജയം?

  • ബ്യൂറോക്രസിയില്‍ ഇന്ത്യന്‍ സിവില്‍ സെര്‍വിസ്‌
  • എഞ്ചിനീയറിംഗ് എങ്കില്‍ ഐഐടി, കുറഞ്ഞത് എന്‍ഐടി (പഴയ ആര്‍ഈസി)
  • മെഡിസിന്‍ എങ്കില്‍ AIIMS, JIPMER, Vellore - ഇതില്‍ ഏതിലെങ്കിലും ഒന്ന്
  • ബ്രിട്ടനില്‍ ഓക്സ്ഫഡ്, അല്ലെങ്കില്‍ കേംബ്രിജ്‌
  • അമേരിക്കയില്‍ പോകുന്നവര്‍ ഏതെങ്കിലും ഐവി ലീഗ് സര്‍വകലാശാലകളില്‍/കോളജുകളില്‍ ഏതിലെങ്കിലും അഡ്മിഷന്‍ നേടിയിരിക്കണം (Ivy League - Columbia, Brown, Yale, Cornell, Dartmouth, Harvard, Princeton, Pennsylvania)
  • അമേരിക്കയില്‍ മെഡിസിന്‍ പഠനമാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ ജോണ്‍ ഹോപ്കിന്‍സ് അല്ലെങ്കില്‍ മയോ
നശിച്ചു... ഇടിവെട്ടി... പണ്ടാരടങ്ങി.

ബ്യൂറോക്രസി പോയിട്ട് ഹിപ്പോക്രസി പോലും ഇല്ല

എഞ്ചിനീയറിംഗ്... തേങ്ങാക്കൊല. ഐഐടിയുടെ പടി പോലും കണ്ടിട്ടില്ല. എൻ.ഐ.ടി യിൽ രാഗം പരിപാടി കാണാൻ പോയിട്ടുണ്ട്.

മെഡിസിൻ അസുഖം വരുമ്പോൾ കഴിക്കാറുണ്ട്.

ബ്രിട്ടൻ കണ്ടിട്ടുണ്ട്. നമസ്തേ ലണ്ടൻ സിനിമക്കകത്ത്.

അമേരിക്കയിൽ വന്നത് വേസ്സ്റ്റ് ആയി... ഇപ്പറഞ്ഞ യൂണീവേഴ്ക്കിറ്റികളുടെ വെബ്സൈറ്റ് പോലും കണ്ടിട്ടില്ല.

അമേരിക്കയിൽ മെഡിസിൻ പഠനത്തിനു മയോ... മ###... എന്നെക്കൊണ്ടൊന്നും പറയിക്കണ്ട...

തീർന്നില്ലേ? ജീവിതം വേസ്റ്റ്... ഇനി ഞാനെന്തിനു ജീവിച്ചിരിക്കണം?...

ലാപ്പിടോപ്പിയിലെ പാട്ട് വേഗം മാറ്റി...
“യേ ദുനിയാ യേ മെഹഫിൽ മേരെ കാം കീ നഹീ മെരേ കാം കീ നഹീ...”

ഇനിയിപ്പോ ആത്മഹത്യ ചെയ്യാതെ മറ്റു വഴി ഒന്നുമില്ല. തോണിക്ക് തല വെക്കാം എന്നാ‍ണ് തീരുമാനം. പകരം പട്ടണത്തിൽ ഭൂതം തിയേറ്ററിൽ പോയി കണ്ടാലോ എന്നും ആലോചനയുണ്ട്.

ഏതായാലും മരിക്കും മുൻപേ ഒരു നല്ല കാര്യമെങ്കിലും ചെയ്തു മരിച്ചില്ലെങ്കിൽ എന്റെ ആത്മാവിനെങ്ങാനും നെഗറ്റീവ് എനർജി വന്നാലോ?
അതുകൊണ്ടാണ് പൊതുതാല്പര്യപ്രകാരം ജീവിതവിജയത്തിനുള്ള അളവുകോലും മാർഗങ്ങളും ബ്ലോഗ് വഴി പ്രസിദ്ധീകരിച്ചുകളയാം എന്നു കരുതിയത്.

മാക്രിയുടെ ഡഫനിഷനിൽ എല്ലാം വിജയം എന്നു പറയുന്നത് ഒരു എൻഡ് റിസൾറ്റ് ആണ്. ഉദാ: രാഷ്ട്രീയമാണെങ്കിൽ അമേരിക്കൻ പ്രസിഡന്റാവുക, ബ്ലോഗറാണെങ്കിൽ നൂറിനു മേലെ ഫോളോവേഴ്സ് ഉണ്ടാവുക അങ്ങനെയങ്ങനെ.

എന്നാൽ വിജയത്തെ ഒരു അവസാന റിസൾട്ട് ആയി ഒതുക്കാതെ കണ്ടിന്യുവസ് സ്കെയിലിൽ അളക്കാൻ ഉള്ള മാർഗം ആണ് താഴെ വിവരിച്ചിരിക്കുന്നത്.

1. എ.ൽ.കെ ജി ക്ലാസ് മുതൽ ഏതാണ്ട് മുപ്പത് കിലോ ഭാരമുള്ള ബാഗ് കൊണ്ട് പോകാൻ കഴിയുക.
2. ഒന്നാം ക്ലാസ് മുതൽ ക്ലാസിൽ ഒന്നാം റാങ്ക് മാത്രം.
3. യുവജനോത്സവങ്ങളിൽ കലാപ്രതിഭ/തിലകം എന്തെങ്കിലും ആവുക.
4.ഏതെങ്കിലും ഒരു റീയാലിറ്റി ഷോയിൽ പങ്കെടുക്കുക. പെർ‌ഫോർ‌മൻസിന് ശേഷം ഓടി വന്ന് കെട്ടിപ്പിടിക്കുന്ന ജഡ്ജസിനെക്കൊണ്ട് “ഈ മോനെ/മോളെ മക്കളായി കിട്ടിയ അച്ഛനും അമ്മയുമാണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻമാർ“ എന്ന് പറയിക്കുക. പറ്റിയാൽ മക്കളു പാട്ടു പാടുമ്പോൾ സ്റ്റേജിൽ അച്ഛനും അമ്മയും കൂടെ ഡാൻസ് കളിക്കുക. (പരിപാടി പ്രക്ഷേപണം ചെയ്യുന്ന ദിവസം ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോൺ വിളിച്ച് പറഞ്ഞിരിക്കണം. ടിവിയിലാണ് വരുന്നത്).
5. സ്പോർട്സിലാണ് കമ്പമെങ്കിൽ മിനിമം ഒരു പഞ്ചാബിയുടെ കൈയിൽ നിന്നെങ്കിലും ചെകിട്ടത്തടി വാങ്ങിച്ചിരിക്കണം.
6.പ്ലസ് റ്റൂവിനു സി.ബി.എസ്.സി സ്കൂളിൽ മാത്രം ചേർക്കുക.
7. തൃശ്ശൂര് എണ്ട്രൻസ് കോച്ചിംഗിനു ചേർക്കുക.
8. മെഡിസിനോ എഞ്ചിനീയറിംഗിനോ അഡ്മിഷൻ തരപ്പെടുത്തുക.
9. പിള്ളേര് കോളേജിൽ ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയിൽ പ്രവർത്തിക്കാതെ പ്രത്യേകം ശ്രദ്ധിക്കുക.
10. പ്രേമിക്കുന്നത് ജീവിതവിജയത്തിനെ എപ്രകാരം പ്രതികൂലമായി ബാധിക്കുന്നു എന്ന് കുട്ടികളെ പ്രത്യേകം പറഞ്ഞ് മനസിലാക്കിക്കുക. ക്ലാസിൽ ആൺകുട്ടികളും പെണ്കുട്ടികളും ഒരേ ബെഞ്ചിൽ ഇരുന്നു പഠിക്കുന്നില്ല എന്ന് അദ്ധ്യാപകരോട് ചോദിച്ച് ഉറപ്പു വരുത്തേണ്ടതാണ്.
11. ഇനി എഞ്ചിനീയറിംഗ്/മെഡിസിൻ കിട്ടിയില്ലായെങ്കിൽ സിവിൽ സർവീസ് ഇത്യാദി ശ്രമിക്കാവുന്നതാണ്. എന്നാൽ ബി.എസ്.സി ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയതൊന്നും യാതൊരു കാരണവശാലും പഠിക്കരുതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
12. കല്യാണം.:- അമേരിക്കയിലോ ലണ്ടനിലോ ഗ്രീൻ‌കാർഡോടു കൂടിയ ഡോക്ടർ/എഞ്ചിനീയർ. കല്യാണത്തിനു പെണ്ണു വരുന്നത് കണ്ടാൽ ഒര് സ്വർണക്കട നടന്ന് വരുന്നത് പോലെ ആവാൻ ശ്രദ്ധിക്കണം. ആൺകുട്ടികളാണെങ്കിൽ സ്ത്രീധനമായി മിനിമം ഒരു ബെൻസ്, പത്തേക്കർ ഭൂമി, വീട്, ഒരു പത്തു ലക്ഷം പോക്കറ്റ് മണി. ഇതിൽ ഒട്ടും കുറയരുത്. ജീവിതവിജയം കൈവിട്ട് പോകും.

13. എല്ലാം കഴിഞ്ഞ് കല്യാണം കഴിഞ്ഞ് പെൺകുട്ടികൾ ഉണ്ടാവാതെ കിട്ടിയാൽ പൂർത്തിയായി. സമ്പൂർണജീവിതവിജയം.

ജീവിതവിജയം അളക്കാനുള്ള ഈ മെട്രിക് ഇനി മുതൽ കാൽ‌വിൻ സ്കെയിൽ എന്നറിയപ്പെടുന്നതായിരിക്കും.
...