Monday, June 22, 2009

കിഷോർ കുമാറോ മുഹമ്മദ് റഫിയോ?

കിഷോർ കുമാറോ മുഹമ്മദ് റഫിയോ മികച്ച ഹിന്ദി സിനിമാ പിന്നണിഗായകൻ? ഞങ്ങൾ കോഴിക്കോട്ടുകാരെ വർഷങ്ങളായി അലട്ടിക്കൊണ്ടിരിക്കുന്ന ഒരു തർക്കവിഷയമാണ് കിഷോർ-റഫി താരതമ്യം.

മികച്ച സംഗീതസംവിധായകൻ ആര് എന്നു ചോദിച്ചാൽ ഒരു പക്ഷേ പണ്ട് ബാബുരാജ്, ഇടക്കാലത്ത് രവീന്ദ്രൻ ഇപ്പോൾ എ.ആർ റഹ്മാൻ എന്ന് ഉത്തരം നൽകാൻ അധികം ആലോചിക്കേണ്ടി വരില്ല. എന്നാൽ ഗായകരുടെ കാര്യത്തിൽ പണ്ടു മുതലേ “കാര്യം വിഷമസ്സിതി”.

റഫി നൈറ്റുകളും കിഷോർ കുമാർ സന്ധ്യകളും പണ്ടു മുതലേ കോഴിക്കോട്ടുകാരുടെ ആവേശമാണ്. മോഹൻലാൽ- മമ്മൂട്ടി ഫാൻസ് തർക്കത്തേക്കാളും വീറും വാശിയും മൂത്ത തർക്കങ്ങളാണ് കിഷോർ-റഫി ഫാൻസ് യുദ്ധങ്ങളിൽ ഉണ്ടാവാറ്.

ഹോസ്റ്റലിൽ താമസിച്ചു പഠിച്ചിരുന്ന കാലഘട്ടത്തിൽ ഒരു കൊച്ചു റേഡിയോ ആയിരുന്നു നേരം പോക്കാൻ പ്രധാനമായും ഒരു ഉപാധി. എല്ലാ ശനിയാഴ്ചകളിലോ മറ്റോ ആണെന്നു തോന്നുന്നു, അക്കാലത്ത് കോഴിക്കോട് ആകാശവാണി നിലയം പ്രക്ഷേപണം ചെയ്യുന്ന രസികൻ പരിപാടികളിൽ ഒരെണ്ണം പ്രശസ്തരായ ചിലർ അര മണിക്കൂർ നേരം അവർക്കിഷ്ടപ്പെട്ട ഗാനങ്ങളെക്കൂറിച്ച് വാതോരാതെ സംസാരിക്കുന്നു അവ കേൾപ്പിക്കുന്നു.

പ്രശസ്തരെല്ലാം നാല്പതു വയസിനു മുകളിൽ പ്രായം ഉള്ളവരായതു കൊണ്ടോ എന്തോ ഒന്നുകിൽ റഫിയുടെ ലോയൽ ഫാൻസ്, അല്ലെങ്കിൽ കിഷോറിന്റെ ലോയൽ ഫാൻസ് ആയിരിക്കും പരിപാടി അവതരിപ്പിക്കാൻ എത്തുന്നവരിൽ ഭൂരിഭാഗവും.

റഫി അൻപതികളിലേയും അറുപതുകളിലേയും ഏകാതിപധി:
നാല്പതുകളിൽ ചാൻസ് അന്വേഷിച്ച് ബോംബെയിൽ എത്തിയ റഫി എന്ന കൊച്ചുപയ്യൻ ആദ്യകാലങ്ങളിൽ ഹിന്ദി മ്യൂസിക് ലെജൻഡ് നൌഷാദിന്റെ ട്രൂപ്പിൽ കോറസ് പാടാൻ ആയിരുന്നു നിയോഗിക്കപ്പെട്ടത്. 1945ഇൽ പുറത്തു വന്ന “ഗാവോൻ കി ഗോരി” എന്ന സിനിമയിലെ “അജീ ദിൽ ഹോ ഖാബോൻ മേ” എന്ന ഗാനമാണ് റഫിയുടെതായി റിക്കോർഡ് ചെയ്യപ്പെട്ട ആദ്യഹിന്ദിഗാനം എന്നു കരുതിപ്പോരുന്നു. നൌഷാദ് , ശ്യാം സുന്ദർ , ഭഗത്‌റാം തുടങ്ങിയ സംഗീതസംവിധായകരുടെ നിരവധി സോളോ ഗാനങ്ങൾ ആയിടെ റഫി പാടുകയുണ്ടായി. ഹിന്ദി പിന്നണിഗാനരംഗത്ത് റഫി തന്റെ വരവറിയിക്കുകയായിരുന്നു.

1952 ഇൽ പുറത്തിറങ്ങിയ “ബൈജു ബാവ്‌രാ” എന്ന സിനിമയിലെ ഗാനങ്ങളാണ് റഫിയുടെ സംഗീതജീവിതത്തിലെ വഴിത്തിരിവായത്. നൌഷാദിന്റെ ഈണത്തിൽ വിരിഞ്ഞ “ഓ ദുനിയാ കേ രഖ്‌വാലേ” എന്ന ഒറ്റ ഗാനത്തോടെ റഫി എല്ലാവരുടെയും പ്രിയങ്കരനായി മാറി. തലത് മഹമൂദ് എന്ന തന്റെ പ്രിയ ഗായകനു പകരമായി നൌഷാദ് റഫിയിലൂടെ ഒരു പുതിയ ശബ്ദം കണ്ടെത്തുകയായിരുന്നു. അതിനു ശേഷം പുറത്തു വന്ന നൌഷാദിന്റേ ഏതാണ്ട് എല്ലാ ഗാനങ്ങളിലും റഫിയുടെ ശബ്ദം ഉണ്ടായിരുന്നു. (മൊത്തം 149 ഗാനങ്ങൾ, അതിൽ 81 സോളോ).

അൻപതുകളും അറുപതുകളും റഫിയുടെ സുവർണകാലഘട്ടം ആയിരുന്നു. എസ്.ഡി. ബർമൻ എന്ന വിഖ്യാതസംഗീതസംവിധായകൻ റഫിയുടെ തലതൊട്ടപ്പന്റെ സ്ഥാനം സ്വയം ഏറ്റെടുത്തു. ബർമനോടൊപ്പം റഫി സഹകരിച്ച “തേരെ ഘർ കേ സാമ്‌നേ”, “പ്യാസാ”, “കാഗസ് കാ ഫൂൽ” “ഗൈഡ്” തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ അക്കാലത്തേ ഏറ്റവും വലിയ ഹിറ്റുകൾ ആയിരുന്നു. അക്കാലങ്ങളിലെ സൂപ്പർ സ്റ്റാർ ദേവാനന്ദിന് അനുയോജ്യമായ ശബ്ദം എന്ന വിശേഷണം റഫിയുടെ കരിയറിനെ കുറച്ചൊന്നുമല്ല സഹായിച്ചത്.

അക്കാലങ്ങളിൽ തന്റെ അഭിനയത്തിൽ കൂടുതൽ ശ്രദ്ധിച്ചിരുന്ന കിഷോർ കുമാറിനു വേണ്ടി പാടിയിരുന്നതും റഫിയായിരുന്നു എന്നത് രസകരമായ വസ്തുതയാണ്. ഒ.പി. നയ്യാറിന്റെ ഈണങ്ങളിൽ റഫിയും ആഷാ ബോസ്ലേയും ആലപിച്ച “നയാ ദൌർ”, “തുംസാ നഹീ ദേഖാ”, “കഷ്മീർ കീ കലീ” തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളിൽ ഭൂരിഭാഗവും ഹിറ്റ് ചാർട്ടിൽ സ്ഥിരമായി ഇടം പിടിച്ചു.
സംഗീതസംവിധായകൻ രവി യുടേതായി പുറത്തിറങ്ങിയ “ബാബുൽ കീ ദുവായേൻ ലേതീ ജാ” (ചിത്രം: നീൽകമൽ”) എന്ന ഗാനത്തിനാണ് റഫിക്ക് ആദ്യമായി ദേശീയ അവാർഡ് ലഭിക്കുന്നത്. (അതിനു മുൻപേ ആദ്യത്തെ ഫിലിം ഫേർ അവാർഡ് ലഭിക്കുന്നതും രവിയുടെ തന്നെ ഗാനത്തിനാണ് - ചൌദ്‌വീൻ കാ ചാന്ദ് ഹോ ).

അറുപതുകളുടെ അവസാനത്തോട് കൂടി റഫിയുടേയും ലതാ മങ്കേഷ്കറുടെയും വ്യക്തി ബന്ധങ്ങൾക്കിടയിലും വിള്ളലുകൾ ഉണ്ടാവാൻ തുടങ്ങി. ഗായകരുടെ റോയൽറ്റി ശതമാനവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളിൽ തുടങ്ങിയ തർക്കം ഒടുവിൽ ഗിന്നസ് ബുക് ഓഫ് റെക്കോർഡ്സിലെ ലതാ മങ്കേഷ്കറുടെ ഏറ്റവും കൂടുതൽ ( മുപ്പതിനായിരം) ഗാനങ്ങൾ റെക്കോഡ് ചെയ്ത ഗായിക എന്ന നേട്ടത്തെ ചോദ്യം ചെയ്തു കൊണ്ട് റഫി കത്തെഴുതുന്നതിൽ വരെ ചെന്നെത്തി. താനായിരുന്നു കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്തിട്ടുള്ളത് എന്നായിരുന്നു റഫിയുടെ അവകാശവാദം. ലതയുടെ പേരിനോട് കൂടെ റഫിയുടെ പേരിലും 28000 ത്തോളം ഗാനങ്ങൾ റെക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് ഗിന്നസ് ബുക്ക് എഴിതിച്ചേർത്തു. (നീണ്ടു നിന്ന തർക്കങ്ങൾക്കവസാ‍നം 1991 ഇൽ ഗിന്നസ് ബുക്ക് രണ്ടു പേരുടെയും പേരുകൾ എടുത്ത് വെളിയിൽ കളഞ്ഞു. )

കിഷോർ കുമാർ - നടനിൽ നിന്നും ഗായകനിലേക്ക്:
അബാസ് കുമാർ ഗാംഗുലി അഥവാ കിഷോർ കുമാർ എന്ന ബഹുമുഖപ്രതിഭയും ബോബെയിൽ എത്തിച്ചേരുന്നത് നാല്പതുകളിൽ തന്നെയായിരുന്നു. റഫിയെപ്പോലെ ഒരു കോറസ് ഗായകനായി കരിയർ ആരംഭിച്ച കിഷോർ കുമാർ 1946 ഇൽ പുറത്തിറങ്ങിയ “ശിക്കാരി” എന്ന സിനിമയിൽ നായകന്റെ വേഷവും അണിഞ്ഞു. 49 ഇൽ പുറത്തിറങ്ങിയ “സിദ്ദീ” എന്ന സിനിമയിലെ “മർനേ കീ ദുവായേൻ ക്യൂൻ മാംഗൂ” എന്ന സോളോ ഗാനം ആലപിക്കാനും കിഷോർ കുമാറിനു സാധിച്ചു. അതോട് കൂടി കൂടുതൽ കൂടുതൽ അവസരങ്ങൾ കിഷോറിനെ തേടി എത്തിച്ചേരുകയായിരുന്നു.

ഒരു ഗായകൻ ആയിത്തീരുന്നത് സ്വപനം കണ്ടിരുന്ന കിഷോർ കുമാറിനെ തന്നെപ്പോലെ ഒരു നടൻ ആക്കാൻ ആയിരുന്നു ചേട്ടനായിരുന്ന അശോക് കുമാറിന് ആഗ്രഹം. “നൌൿ‌രീ (1954)”, “മുസാഫിർ(1957)“ തുടങ്ങിയ ചിത്രങ്ങളിൽ നായകന്റേ വേഷം ചെയ്തത് കിഷോർ കുമാർ ആയിരുന്നു.

കിഷോർ സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലെന്നറിഞ്ഞ സലീൽ ചൌധരി അദ്ദേഹത്തെക്കൊണ്ട് നൌൿ‌രീ യിലെ ഗാനം പാടിക്കുവാൻ ആദ്യം വിസമ്മതം പ്രകടിപ്പിച്ചു. എങ്കിലും പിന്നീട് കിഷോറിന്റെ ആലാപനശൈലി കേട്ട ശേഷം അദ്ദേഹം “ചോട്ടാ സാ സാഗർ ഹോഗാ” എന്ന ഗാനം കിഷോറിനു നൽകി.

തുടക്കത്തിലെ തിരിച്ചടികൾക്കു ശേഷം “അഭിനേതാവ്“ എന്ന രീതിയിൽ കിഷോർ പ്രശസ്തിയിലേക്കുയർന്നു. “ന്യൂ ഡൽഹി”, “ആഷാ”, “ചൽതീ കാ നാം ഗാഡീ” , “ജും‌രൂ”, “ഹാഫ് ടിക്കറ്റ്”, “പഡോസൻ” തുടങ്ങിയ സിനിമകളിലെ കോമഡി ഹീറോ ഇമേജ് കിഷോറിനെ സംബന്ധിച്ചേടത്തോളം വൻ വിജയങ്ങൾ ആയിരുന്നു.

ഇതിനിടയിലും തന്റെ ഗായകമോഹം കിഷോർ പൂർണമായും ഉപേക്ഷിച്ചിരുന്നില്ല. എസ്.ഡി.ബർമൻ ആണ് കിഷോറിലെ പ്രതിഭയെ ആ‍ദ്യാമായി തിരിച്ചറിഞ്ഞ സംഗീതസംവിധായകൻ. അതു വരെ ആലാപനത്തിൽ സൈഗാളിനെ അനുകരിച്ചിരുന്ന കിഷോർ കുമാറിനോട് സ്വന്തമായി ഒരു ശൈലി വളർത്തിയെടുക്കാൻ ആദ്യമായി ഉപദേശിച്ചതും ബർമൻ തന്നെയായിരുന്നു. അതിൻപ്രകാരം “യോഡ്‌ലിംഗ് “ എന്ന രീതി കിഷോർ കൂമാർ തന്റെ സ്വന്തം രീതിയായി വളർത്തി വികസിപ്പിച്ചെടുക്കുകയായിരുന്നു (യോഡ്‌ലിംഗ് ആദ്യമായി ഹിന്ദിഗാനങ്ങളിൽ അവതരിപ്പിച്ചത് റഫിയായിരുന്നു. പക്ഷേ കിഷോറിനോളം അതിൽ വിജയം കണ്ടെത്താൻ അദ്ദേഹത്തിനായില്ല.)..

യോഡ്‌ലിംഗ് ശൈലിയിൽ പുറത്തിറങ്ങിയ ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ കിഷോറിന്റേതായി ഉണ്ട്. “സിന്ദഗീ ഏക് സഫർ ഹേ സുഹാനാ“ ( അന്ദാസ് - 1971) അവയിൽ പ്രശസ്തമായ ഒന്നാണ്.

ഗായകൻ എന്ന രീതിയിൽ വിജയം കൊയ്യുമ്പോഴും അക്കാലങ്ങളിൽ റഫിയുടെ നിഴലായി ഒതുങ്ങാൻ തന്നെയായിരുന്നു കിഷോറിന്റെ വിധി.

(തുടരും)

40 comments:

cALviN::കാല്‍‌വിന്‍ said...

കിഷോർ കുമാറോ മുഹമ്മദ് റഫിയോ മികച്ച ഹിന്ദി സിനിമാ പിന്നണിഗായകൻ? ഞങ്ങൾ കോഴിക്കോട്ടുകാരെ വർഷങ്ങളായി അലട്ടിക്കൊണ്ടിരിക്കുന്ന ഒരു തർക്കവിഷയമാണ് കിഷോർ-റഫി താരതമ്യം.

Melethil said...

നീ തുടരേണ്ട !!! :) :) തീരുമാനം ഇതാ, റാഫി തന്നെ മഹാന്‍!! നിന്ന നില്‍പ്പില്‍ സകലഭാവങ്ങളും വരുത്തി, പാട്ട് പാടുന്ന റാഫി തന്നെ മഹാന്‍!പക്ഷെ ജീവന്‍ സെ ഭരേ , തുടങ്ങിയ കിഷോര്‍ കൃതികളും എനിയ്ക്ക് വളരെ ഇഷ്ടാണ്. എന്നാലും റാഫിയ്ക്കൊപ്പം വര്വോ? സംശയാണ്
ഓ ടോ :-
നീ റാഫിയും, ദാസും തമ്മിലുള്ള ഒരു കമ്പാരിസണ്‍ ചെയ്‌താല്‍ നന്നായിരുന്നു (നമ്മളെക്കൊണ്ട് പറ്റൂലാന്നെ..:)) ദാസ് തീര്‍ച്ചയായും കിഷോറിന് മുകളിലാണ്.. ( http://www.youtube.com/watch?v=8NUAci4wkEE, ഇതും , http://www.youtube.com/watch?v=yoWmpnKrfSw&feature=related, ഇതും കേട്ട് നോക്ക്, ഒരേ രാഗം, ഒരേ സംഗീതകാരന്‍, രണ്ടു വല്യ പാട്ടുകാര്‍)

Melethil said...

പോസ്റ്റ്‌ നന്നായി എന്ന് പറയാന്‍ വിട്ടു. ക്ഷമിയ്ക്കണം

cALviN::കാല്‍‌വിന്‍ said...

മേലേതിലേ ഇടിച്ചു കൂമ്പു ഞാൻ വാട്ടും. ഇപ്പോ ബാക്കി പറേണില്യാ.. ബാക്കി കൂടെ എഴുതീട്ടാവാം അടി... ;)

Ashly A K said...

Nice post, and u have done good R & D.

Who ever may be the top singer, I love Kishore Kumar.

Looking for the next part

എതിരന്‍ കതിരവന്‍ said...

'അത് അല്ലെങ്കിൽ ഇത്’ എന്നൊരു കടും പിടുത്തമോ തെരഞ്ഞെടുപ്പോ എപ്പോഴും ആവശ്യമായ്തൊന്നുമല്ല.

കിശോർകുമാർ പൊപുലർ ആയത് ആലാപനത്തിലുള്ള അതിമികവ് ഒന്നു കൊണ്ടു മാത്രമല്ല.
ദേവാനന്ദിനു വേണ്ടി കിശോറാണ് കൂടുതൽ പാടിയിട്ടുള്ളത്.
സിനിമയുടെ പേരുകൾ ശ്രദ്ധിക്കുക: ബൈജു ബാവ്‌ര, നയാ ദൌർ.....

ശ്രീ said...

രണ്ടാളേയും താരതമ്യം ചെയ്യാനുള്ള അറിവില്ല.

ലേഖനം നന്നായി.

സി. കെ. ബാബു said...

ലേഖനത്തിന്റെ അവസാനം റാഫിയാണു് കിഷോറിനേക്കാൾ മികച്ച ഗായകൻ എന്നെഴുതിച്ചേർക്കാൻ മറക്കില്ലല്ലോ അല്ലേ? :)

Baiju Elikkattoor said...

the concept of comparison seems to be not rational. rafi, kishore, talat, mukesh, hemant, manna, yesudas, spb - all are incomparable in their own ways.

ethiran kathiravan,

all songs of ‘baiju bawra’ and ‘naya daur’ were sung by rafi. dev anand did not act in these films. The leading actors were bharat bhushan and dilip kumar respectively.

Sudheesh|I|സുധീഷ്‌.. said...

ഗഡീ

അപ്പൂട്ടന്‍ said...

എഴുതി തെളിയട്ടെ.... സോറി, കഴിയട്ടെ. പറയാനുള്ളത് അപ്പ പറയാം.
Am a fan of both

എതിരന്‍ കതിരവന്‍ said...

ബൈജു എലിക്കാട്ടൂർ:
സിനിമകളുടെ പേർ ശ്രീഹരി തെറ്റിച്ചെഴുതിയത് തിരുത്തുകയായിരുന്നു. ദേവാനന്ദ് ഈ സിനിമകളിൽ അഭിനയിച്ചു എന്നു പറഞ്ഞതുപോലെ തോന്നിയത് ഇടയ്ക്ക് ഒരു സ്പേയ്സ് ഇടാത്തതു കൊണ്ടാ.

കോട്ടയം കുഞ്ഞച്ചൻ said...
This comment has been removed by the author.
കടവന്‍ said...

തീരുമാനം ഇതാ, റാഫി തന്നെ മഹാന്‍!! നിന്ന നില്‍പ്പില്‍ സകലഭാവങ്ങളും വരുത്തി, പാട്ട് പാടുന്ന റാഫി തന്നെ മഹാന്‍!i likeജീവന്‍ സെ ഭരേ , തുടങ്ങിയ കിഷോര്‍songs..once kishorda told..i'm singing with 2bhavas, rafisab with 2000bhavas..
for more check many sites of rafisab

cALviN::കാല്‍‌വിന്‍ said...

മേലേതിൽ,
നിന്ന നില്പിൽ സകലഭാവങ്ങളും വരുത്തി പാടുന്നതു കൊണ്ട് ഏറ്റവും മികച്ച ഗായകനെന്ന് വിലയിരുത്തുന്നതിന്റെ അളവുകോൽ എന്താണെന്ന് ഒന്ന് വിശദീകരിക്കാമോ? താളത്തിനൊത്ത് ശരീരം ചലിപ്പിക്കുക എന്നത് ഹ്യൂമൻ ഇൻസ്റ്റിൻ‌ക്റ്റ് അല്ലേ? സ്വാഭാവികമായി വരുന്ന ചലനങ്ങളെ അടക്കിനിർത്തി പാടുന്നത് കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നും ഉണ്ടെന്ന് തോന്നുന്നില്ല.

ബാക്കി കൂടെ ഒന്നെഴുതിക്കോട്ടേ ന്നേ. :)

ആഷ്‌ലി,
അദ്ദാണ്. ബാക്കി എഴുതീട്ട് നമ്മക്കു ചർച്ച തുടരാം. :)

എതിരൻ ജീ,
ഇന്ന ആളാണ് മികച്ചതെന്ന് മാർക്കിട്ട് കണ്ടുപിടിക്കൽ ഈ ലേഖനത്തിന്റെ പ്രഖ്യാപിതലക്ഷ്യം അല്ല. വളരെക്കാലമായി നിലനിൽക്കുന്ന ചില തർക്കങ്ങളുടെ ബാക്ഗ്രൌണ്ട് ഒന്നു വരച്ചു കാണിക്കൽ മാത്രമേ ഉദ്ദേശിച്ചിടുള്ളൂ. (എന്നാൽ പക്ഷമുണ്ട് താനും )

“സൂപ്പർതാരങ്ങളുടെ ശബ്ദം” എന്ന പോയിന്റ് അടുത്ത ഭാഗത്തിൽ വിശദമായി തന്നെ പറയുന്നുണ്ട്.
തെറ്റുകൾ തിരുത്തിയിട്ടുണ്ട്. നന്ദി :)

ശ്രീ,
അറിവ് രണ്ടാമതും, ആസ്വാദനം ഒന്നാമതും അതല്ലേ അതിന്റെ ഒരിത് :)

സി. കെ. ബാബു,
കാണാൻ പോണ പൂരം ഇപ്പ വിശദീകരിക്കുന്നില്ല :)

Baiju Elikkattoor,
മുകളിൽ പറഞ്ഞ പോലെ മാർക്കിടാൻ ഉദ്ദേശമില്ല. ചില വസ്തുതകൾ പ്രതിപാദിക്കുന്നത് മാത്രമേയുള്ളൂ.

നന്ദി :)

സുധീഷ്,
യെസ് ഗഡീ :)

അപ്പൂട്ടന്‍,
അത്രേള്ളൂ .. തീർന്നിട്ടാവാം തല്ലും വഴക്കും ;)

കോട്ടയം കുഞ്ഞച്ചൻ,
എന്താ മക്കളേ ഈ പറയുന്നത് ;)

കടവന്‍,
റഫി ഫാൻസ് സംയമനം പാലിക്കേണ്ടതാണ് ;)
നന്ദി :)

കടിഞൂല്‍ പൊട്ടന്‍ said...

രണ്ടു പേരും എനിക്കിഷ്ടപ്പെട്ട പാട്ടുകാരാണ്... മുഹമ്മദ് റാഫിയുടെ ഒരുപാട് നല്ല പാട്ടുകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും കൂടുതല്‍ റൊമാന്റിക് പാട്ടുകള്‍ പാറ്റിയിട്ടുള്ളത് കിഷോര്‍ കുമാര്‍ ആണ്...
അല്ലേ...?? ആണോ...??

Shravan | ശ്രവണ്‍ said...

ഇതിനൊന്നും പറയാൻ ഞാൻ ആളല്ലപ്പ.. അത്രക്കുള്ള വിവരം ഒന്നും ഇല്ലെന്നെ :)

Melethil said...

പാടുന്നതിനു ഒരു mode ഇല്ലേ , അതായത്‌ തൊണ്ട ശരിയായി, ശരിയായ പിച്ചില്‍, പാടുക. അങ്ങനെ സ്വിച്ചിട്ട പോലെ പാടുന്ന( ചിലര്‍ക്ക് അതുപോലെ ഏതു നിമിഷവും എഴുതാന്‍ കഴിയും) അങ്ങനത്തെ ഒരു മാനസികാവസ്ഥ ആണുദ്ദേശിച്ചത് , അല്ലാതെ വടി പോലെ/അല്ലാതെ പാടുന്നതല്ല ... ഞാനും ചാടി വീഴാന്‍ കാത്തു നില്‍ക്കുകയാ, നിന്റെ തുടരാന്‍ കഴിയട്ടെ , എന്നിട്ട് കൂമ്പിനു ഞാന്‍ വെള്ളമോഴിക്കുന്നുണ്ട് ...

thahseen said...

Calvin - ലേഖനം നന്നായിട്ടുണ്ട് , ബാക്കി കൂടി പോരട്ടെ ..
റാഫിയും കിഷോറും , രണ്ടു "സ്കൂള്‍ ഓഫ് സിങ്ങിംഗ്" ആയിട്ടാണ് തോന്നിയിട്ടുള്ളത് .
ഇതില്‍ ഇതു മികച്ചത് എന്നത് മിക്കവാറും ശ്രോതാവിന്റെ അഭിരുചി അനുസരിച്ചാണ് കണ്ടിട്ടുള്ളത്.
സംഗീതത്തിന്റെ ശാസ്ത്രീയ വശങ്ങള്‍ അറിയുന്നവര്‍ ഒരിക്കലും , കിഷോര്‍ രഫിയെക്കള്‍ നല്ല ഗായകനാണെന്ന് സമ്മതിക്കില്ല , ഇത് നൂറ്റി ഒന്ന് തരം! എന്തായാലും അടുത്ത പോസ്റ്റിനു കാത്തിരിക്കുന്നു :-)

ㄅυмα | സുമ said...

thahseen പറഞ്ഞത് കോപ്പി&പേസ്റ്റ്...
നല്ല പോസ്റ്റ്‌ ട്ടോ...

അല്ല എന്തെ കുറച്ച കാലം പോസ്റ്റ്‌ ഒന്നും കണ്ടില്ല...പയങ്കര പുസി ആരുന്നല്ലേ... :D

തുടര് തുടര്....
ബാക്കിം കൂടെ വന്നിട്ട് എന്‍റെ സ്വന്തം അഭിപ്രായം പറയാം...

cALviN::കാല്‍‌വിന്‍ said...

കടിഞ്ഞൂൽ പൊട്ടൻ,
അല്ലേ? ആണോ? ആണല്ലേ? ;)

ശ്രവണ്‍,
അഭിപ്രായം പറയെന്നേ :)

Melethil,
അടുത്ത ഭാഗം കൂടെ എഴുതിത്തീർക്കട്ടെ.. :)

thahseen,
സത്യങ്ങൾ എല്ലാം കൂടെ കമന്റിട്ട് കളഞ്ഞാൽ എനിക്ക് പിന്നെ അടുത്ത ഭാഗം എഴുതാൻ ഒന്നും ഇല്ലാണ്ടാവുമല്ലോ :)
യോജിക്കുന്നു , നന്ദി :)

ㄅυмα | സുമ,
ഓ നമ്മൾക്കെന്ത് ബിസി. പണ്ടാണെങ്കിൽ എയർടെൽ മുത്തപ്പൻ ഇടക്ക് വിളിക്കുമാരുന്നു. ഇപ്പോ ടി-മോബൈൽ ചേച്ചിക്ക് ആസ്നേഹം പോലും ഇല്ല.. അതോണ്ട് എപ്പോഴും വെറുതേ ഇരുപ്പാ...

അടുത്ത ഭാഗം പെട്ടെന്നിടാം... അഭിപ്രായം പറയാൻ മറക്കല്ലേ :)

Ashly A K said...

കാല്‍വിന്‍ കുട്ടാപി,

I think comparing these two wonderful singers is a crime. Both are good. And for an average music lover,(who can't judge the music by in a professional way), will like both of them. Depends on the mood of the listener, he will select who is the best. But, if he/she listen to another song, the impression might change.

Can you compare Newton with Einstein and say who is the greatest ? Both are great. I think the same is in this case too.

OT :
If you have asked to compare Raja Ravi Varma and MF Husain, I would have easily voted for Ravi Varma, since he knows painting. And I would have killed you for comparing Ravi Varma with M F H.

Gowri said...

മലയാളത്തിലെ നല്ല ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി
http://vaakku.ning.com എന്ന കൂട്ടായ്മ, വാക്ക് തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ രചനകള്‍ അവിടെ പോസ്റ്റ്‌ ചെയ്യുക... വാക്കിന്റെ ഒരു ഭാഗമാവുക. എഴുത്തുകാരുടെ സഹകരണം മാത്രമാണ് ഈ ഒരു സംരംഭത്തിന്റെ മുതല്‍ക്കൂട്ട് .

കുമാരന്‍ | kumaran said...

സംഗീത ചക്രവർത്തിമാരെപറ്റി ഒരുപാട് അറിവു തന്നതിൻ നന്ദി.

അരുണ്‍ കായംകുളം said...

കാല്‍വിന്‍, ഞനിതിന്‌ ആളല്ല.ഒരു പിടിയുമില്ലാത്ത കാര്യമാ:(

മേരിക്കുട്ടി(Marykutty) said...

Dev Anand used Kishore da's voice mostly. Not Rafi's.

And i do not like Rafi, as a singer.

Rare Rose said...

താരതമ്യ പഠനം നടത്താന്‍ മാത്രം വിവരമില്ലാത്തതു കൊണ്ടു മിണ്ടാതെ വന്നു വായിച്ചു..രണ്ടു സംഗീതചക്രവര്‍ത്തിമാരെ പറ്റി ഇങ്ങനെയൊരു വിവരണം നല്‍കിയത് ഇഷ്ടപ്പെട്ടു..:)

Baiju Elikkattoor said...

"Dev Anand used Kishore da's voice mostly. Not Rafi's"

marykutty,
let me correct you. during 50's and upto around first half of 60's rafi had sung for dev anand (taxi driver, paying guest, etc. in 50's and immortal guide in 60's - a few examples). during second half of 60's and 70's kishore sung for dev. but by the end of 60's and in 70's kishore's voice was synonymous to rajesh khanna who was the superstar.

cALviN::കാല്‍‌വിന്‍ said...

Ashly A K,
മുകലിൽ പറഞ്ഞ പോലെ മാർക്കിംഗോ ഗ്രേഡിംഗോ ഒന്നുമല്ല ഉദ്ദേശം. അടുത്ത പാർട്ടൂടെ ഒന്നു തീർക്കട്ടേന്നേ.

കുമാരൻ,
:)

അരുൺ കാ‍യംകുളം,
:)

മേരിക്കുട്ടി,
ബൈജുവിന്റെ കമന്റ് ശ്രദ്ധിച്ചല്ലോ അല്ലേ... :)

റേർ റോസ്,
നന്ദി :)

ബൈജു,
നന്ദി :)

cALviN::കാല്‍‌വിന്‍ said...

Gowri,
അങ്ങനെയാവട്ടും... :)

Ashly A K said...

ഹും. തല്‍കാലം വെറുതേ വിട്ടുകൊണ്ട് ഉത്തരവ് ഇട്ടിരികുന്നു.

lol..
ഒന്ന് വേഗം ബാകി പോസ്റൂ, പ്ലീസ്..

വേറിട്ട ശബ്ദം said...

റഫി സാബിനെയും,കിഷോർ ദായെയും ഇഷ്ടമാണ്‌.ഓ ദുനിയാ കേ രഖ്‌ വാലെയും,മുസാഫിറും ഫേവരിറ്റ്സ്‌.രണ്ടു ശൈലികളും ഇഷ്ടാണ്‌.പിന്നെ,ഒരു നടൻ എന്ന നിലയിൽ കിഷോർ നന്നായിരുന്നു എന്നാണ്‌ ചൽതികാ നാം ഗാഡിയും,പഡോസനും കണ്ടപ്പോ
തോന്നിയത്‌.താരതമ്യം ചെയ്യാനുള്ള അറിവൊന്നും ഇക്കാര്യത്തിൽ ഇല്ല.എനിക്കു രണ്ടാളെയും ഇഷ്ടാ.:)
പോസ്റ്റ്‌ വളരെ ഇഷ്ടപ്പെട്ടു.:)

Enigmatic Explorer said...

An interesting Kishore Rafi comparison.

http://satyansh.com/smf/index.php?topic=15.0

With due respect to Rafi's greatness, I would say that Kishore Kumar was the most talented artist, Bollywood has ever seen.

Enigmatic Explorer said...

These could make some Kishore Critics think twice:

http://www.youtube.com/watch?v=OO4P4o1Fx-U
http://www.youtube.com/watch?v=EbXBD-HGzwA&feature=related

I would say comparing two great legends with absolutely different rendering styles would be near to impossible. But that's just me!

Can someone compare "Kuchh to Log Kahenge" from Amar Prem to "Din Dhal Jaaye" from Guide? Both are mesmarising. If Kishore could not get much difficult songs like Rafi, blame it on the music directors and the trends of Bollywood. I don't think the lack of clasical training would have affected Kishore's singing because he was extremely talented (take the example of SPB).

Baiju Elikkattoor said...

Enigmatic Explorer,

thanks for your interesting comments and the links. "din dhal jaaye" - not only rafi’s voice but dev’s fantastic portrayal as well transfuses the pain of a dejected soul to the audience with all its intensity!

can we ever imagine the song "woh shaam kuch ajeeb thi" being sung by anybody else than kishore with such a haunting magic of voice? one more thing, what i felt, in romatic duets, lata seemed more comformable singing with kishore though she had rendered more duets with rafi.

കണ്ണനുണ്ണി said...

ഈ രണ്ടാളടേം പാട്ടും പേരും കേട്ടിടുന്ടെന്നു അല്ലാതെ ഒരഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല..:)

Sureshkumar Punjhayil said...

Randuperum Valiyavar thanne...Manoharam, Ashamsakal...!!!

cALviN::കാല്‍‌വിന്‍ said...

Ashly,

ബാക്കി ഇന്നു പോസ്റ്റിയിട്ടുണ്ട് :)

വേറിട്ട ശബ്ദം,
നന്ദി :)

Enigmatic Explorer,
ലിങ്കുകൾക്കും അഭിപ്രായത്തിനും നന്ദി. ഏറെക്കുറേ യോജിക്കുന്നു.

Baiju Elikkattoor,
“in romatic duets, lata seemed more comformable singing with kishore though she had rendered more duets with rafi“

യോജിപ്പ്.

കണ്ണനുണ്ണി,
കമന്റിനു നന്ദി :)

Sureshkumar Punjhayil,
നന്ദി :)

cALviN::കാല്‍‌വിന്‍ said...

രണ്ടാം ഭാഗം ഇവിടെ.

Rajeeve Chelanat said...

കാല്‍‌വിന്‍,
എന്റെ വ്യക്തിപരമായ പക്ഷപാതം റാഫിയോടുതന്നെയാണ്. അതിസൂക്ഷ്മമായ ശബ്ദവ്യതിയാനങ്ങളിലൂടെ മൂഡ് സൃഷ്ടിക്കാന്‍, പ്രത്യേകിച്ചും ദു:ഖത്തിന്റെ കറുത്ത നിഴല്‍ വിരിക്കാന്‍ റാഫി തന്നെയാണ് കേമന്‍ എന്നു തോന്നുന്നു. എന്തായാലും റാഫിയെക്കുറിച്ചും കിഷോര്‍ കുമാറിനെക്കുറിച്ചും വീണ്ടും ചിലത് ഇവിടെനിന്ന് അറിയാന്‍ കഴിഞ്ഞു. രവി മേനോന്റെ ഒരു അസാദ്ധ്യ ലേഖനം, കുറച്ചുനാള്‍ മുന്‍പ് വന്നിരുന്നു മാതൃഭൂമി ആഴ്ചപ്പതിപ്പില്‍. രണ്ടുപേരെയും കുറിച്ച്. വായിച്ചിരിക്കുമല്ലോ.

രണ്ടാം ഭാഗത്തേക്ക് വഴികാട്ടുന്ന (കമന്റിലെ) ലിങ്ക് പ്രവര്‍ത്തിക്കുന്നില്ല എന്നു തോന്നുന്നു. ഒന്നുകൂടി നോക്കാം.

അഭിവാദ്യങ്ങളോടെ

...