Monday, June 29, 2009

കിഷോർ കുമാറോ മുഹമ്മദ് റഫിയോ? - ഭാഗം രണ്ട്


ആദ്യഭാഗം ഇവിടെ

എഴുപതുകളുടെ തുടക്കവും ആരാ‍ധനയും:
1969 ഇൽ ആണ് പിന്നീട് ഹിന്ദിസിനിമയുടെ ചരിത്രത്തിലെ നാഴികല്ലുകളിലൊന്നായി മാറിയാ “ആരാധന” യുടെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. എസ്.ഡി. ബർമൻ ആയിരുന്നു സംഗീതസംവിധായകൻ.

തന്റെ പ്രിയഗായകനായ റഫിയെക്കൊണ്ടാണ് എസ് ഡി ബർമൻ ആദ്യരണ്ട് ഡ്യുയറ്റ് റിക്കാർഡ് ചെയ്തത് (ഗായിക : ലതാ മങ്കേഷകർ ). ഹിന്ദി സിനിമാ സംഗീതത്തിലെ ഏറ്റവും മനോഹരങ്ങളായ രണ്ട് ഡ്യുയറ്റ് ഗാനങ്ങളായിരുന്നു അവയെന്ന് സമ്മതിക്കാതെ വയ്യ ( ബാഗോൻ മേ ബഹാർ ഹെ, ഗുൻ ഗുനാ രഹേ ഹേ ബവ്‌രേ).
എന്നാൽ ഈ രണ്ട് ഗാനങ്ങൾ റെക്കോർഡ് ചെയ്തു കഴിഞ്ഞപ്പോഴേക്കും എസ്.ഡി.ബർമൻ രോഗശയ്യയിലായി.

പിന്നീട് ആരാധനയുടെ സംഗീതസംവിധാനം ഏറ്റെടുത്തത് മകൻ ആർ.ഡി.ബർമൻ ആണ്. അദ്ദേഹം തന്റെ എക്കാലത്തെയും പ്രിയഗായകനെയാണ് പാട്ടുകൾക്കായി തിരഞ്ഞെടുത്തത് - കിഷോർ കുമാർ.
“രൂപ് തെരാ മസ്താനാ “, “മെരെ സപ്‌നോം കീ റാണീ കബ് “ എന്നീ ഗാനങ്ങൾ ഹിന്ദി സിനിമ അന്നോളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഹിറ്റ് ഗാനങ്ങൾ ആയി മാറുകയായിരുന്നു. അതോടെ കിഷോർ കുമാറിന്റേയും റഫിയുടെയും കരിയറുകളിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. കിഷോറിനെ സംബന്ധിച്ചേടത്തോളം കരിയറിലെ ഒരു വലിയ വഴിത്തിരിവായി ആരാധന മാറിയെങ്കിൽ , റഫിയെന്ന സംഗീതചക്രവർത്തിയുടെ താഴോട്ടുള്ള വീഴ്ചയുടെ തുടക്കം കുറിക്കുകയായിരുന്നു ആരാധന.

“രൂപ് തെരാ മസ്താനാ” എന്ന ഗാനത്തിന് ആ വർഷത്തെ ഫിലിംഫെയർ അവാർഡും ലഭിക്കുകയുണ്ടായി ( ദൌർഭാഗ്യകരമെന്ന് പറയട്ടെ, ഹിന്ദി സിനിമാലോകം അന്നും ഇന്നും നാഷനൽ അവാർഡിനു മുകളിലായാണ് ഫിലിം ഫെയർ അവാർഡിനു നൽകുന്ന സ്ഥാനം).

എഴുപതുകളിലെ സൂപ്പർതാരമായി മാറിയ രാജേഷ് ഖന്നയ്ക്ക് ഏറ്റവും അനുയോജ്യമായ ശബ്ദം എന്ന വിശേഷണവും കിഷോറിനു ആരാധനയോടെ നേടിയെടുക്കാൻ കഴിഞ്ഞു.

സൂപ്പർസ്റ്റാറുകളുടെ ശബ്ദം:
അതത് കാലങ്ങളിലെ സൂപ്പർ താരങ്ങളുടെ ശബ്ദമാവാൻ കഴിയുക എന്നത് മിക്ക ഗായകരുടെയും കരിയറിനെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഘടകമാണെന്ന് വേണം പറയാൻ.

തന്റെ ശബ്ദത്തിനു ഏറ്റവും അനുയോജ്യമായ ശരീരഭാഷ പ്രേം നസീറിന്റേതാണെന്ന് യേശുദാസിനെക്കൊണ്ടും, തൊണ്ണൂറുകളിൽ മോഹൻലാലിന്റെ വ്യക്തിത്വത്തിനു ചേരാത്ത ശബ്ദമാണ് തന്റേതെന്ന ചിലരുടെ മുൻ‌വിധിയാണ് അക്കാലത്ത് തനിക്ക് അവസരങ്ങൾ കുറഞ്ഞുപോവാൻ കാരണം എന്ന് മലയാളം കണ്ട ഏറ്റവും മികച്ച ഗായകരിൽ ഒരാ‍ളായ വേണുഗോപാലിനെക്കൊണ്ടും പറയിപ്പിച്ചതും ഇതേ “സൂപ്പർ സ്റ്റാർ ഫാക്ടർ“ തന്നെയാവണം.

എഴുപതുകളിലെ സൂപ്പർതാരമായിരുന്ന രാജേഷ് ഖന്നയ്ക്ക് ഏറ്റവും അനുയോജ്യമായ ശബ്ദം എന്ന വിശേഷണം കിഷോർ കുമാറിന്റെ കരിയറിനെ കുറച്ചൊന്നുമല്ല സഹായിച്ചത്. (അൻപതുകളിലും അറുപതികളുടെ തുടക്കത്തിലും ദേവാനന്ദിനെ ശബ്ദമായിരുന്ന റഫിക്ക് ആ സ്ഥാനവും അറുപതുകളുടെ പകുതിയോടെ കിഷോർ കുമാറിനായി ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു).

എഴുപതുകളുടെ അവസാനത്തോടെ രാജേഷ ഖന്നയുടെ “ചോക്ലേറ്റ് ഹീറോ” ഇമേജിൽ നിന്നും ബോളിവുഡ് അമിതാബ് ബച്ചന്റെ “ഗർജിക്കുന്ന യുവത്വ”മെന്ന ഇമേജിലേക്ക് ചുവടുമാറി. അതേ സമയം രാജേഷ് ഖന്നയുടെ ശബ്ദം എന്നതിൽ നിന്നും അമിതാബിന്റെ ശബ്ദം എന്ന സ്ഥാത്തേക്ക് മാ‍റ്റം നേടി കിഷോർ കുമാർ തന്റെ സ്ഥാ‍നം വിട്ടുകൊടുക്കാതിരിക്കുകയും ചെയ്തു (നമക് ഹലാൽ(1982) ലെ “ആജ് രപട് ജായേ തോ“ അമിതാബ് സ്വയം പാടിയതല്ലെന്ന് എങ്ങിനെ വിശ്വസിക്കാൻ സാധിക്കും?).

എഴുപതുകളിലെ കിഷോർ വസന്തം:
ആരാധനയ്ക്ക് ശേഷം അക്ഷരാർത്ഥത്തിൽ കിഷോർ ഹിന്ദിസിനിമാഗാനരംഗ അടക്കിവാഴുകയായിരുന്നു
.
എസ്.ഡി ബർമൻ :
ഫൂലോൻ കീ രംഗ് സേ , ഷോകിയോൻ മേ ഗോലാ ജായേ(പ്രേം പൂജാരി - 1969)
ആജ് മദ്‌ഹോഷ്, ഖിൽതേ ഹേ ഗുൽ , ഓ മെരീ ഷർമീലി ( ഷർമീലീ - 1971)
മീത് നാ മിലാ (അഭിമാൻ-1973)
പ്യാർ കേ ഇസ് ജുഗ്നൂ മേ (ജുഗ്നൂ)

ആർ.ഡി.ബർമൻ :
ഓ മാജി രേ (ഖുഷ്ബൂ - )
യേ ഷാം മസ്താനി, യേ ജോ മൊഹബ്ബത് ഹേ (കടീ പതംഗ് -1971)
കുച് തോ ലോഗ് കഹേംഗേ, ചിംഗാരീ കൊയീ (അമർ പ്രേം - 1972)
രാത് കലീ ഏക് (ബുഡ്ഡാ മിൽ ഗയാ -1971)
മുസാഫിർ ഹൂം യാരോ(പരിചയ് - 1972)
ദിയേ ജൽതേ ഹേ (നമക് ഹരാം -1973)
മേരീ ബീഗീ ബീഗീ സീ (അനാമിക -1973)
സിന്ദഗീ ഏക് സഫർ മേം (ആപ് കീ കസം -1974)
അഗർ തും നാ ഹൊതാ, ഹമേം തുംസേ പ്യാർ കിത്‌നാ(കുദ്‌റത്)
മേരേ നൈനാ സാവൻ ഭാഗോ (മെഹ്ബൂബാ)

മറ്റുള്ളവരുമായി :
ഓം ശാന്തി ഓം, സിന്ദഗീ കാ സഫർ, പൽ പൽ ദിൽ കേ പാസ് , മേരാ ജീവൻ കോരാ കാഗസ്, ഓ സാതീ രേ, ഖൈകേ പാൻ ബനാരസ്, നീലേ നീലേ അംബർ പർ, ഭൂൽ ഗയാ സബ്കുച് , ദിൽ ക്യാ കരേം, ചൂകർ മെരേ മൻ കോ, ചൽതേ ചൽതേ മെരേ യേ ഗീത് അങ്ങനെ അനേകം അനശ്വരഗാനങ്ങൾ!

റഫിയുടെ തിരിച്ചുവരവ്:
ആരാധനയ്ക്ക് ശേഷം പ്രഭ നഷ്ടപ്പെട്ട റഫി 1974 ഇൽ ഉഷാ ഖന്നയുടെ സംഗീതസംവിധാനത്തിൽ ഹവാസ്(1974) ഇൽ ഇരു തിരിച്ചു വരവ് നടത്തിയെങ്കിലും പഴയ പ്രതാപം വീണ്ടെടുക്കാൻ സാധിച്ചില്ല. വീണ്ടും 1977ഇൽ ആണ് റഫി “ക്യാ ഹുവാ തേരാ വാദാ” യിലൂടെ തന്റെ തിരിച്ചു വരവ് നടത്തിയത്. ആ ഗാനത്തിനു ഫിലിം ഫെയർ അവാർഡും ദേശീയ അവാർഡും ഒന്നിച്ചു നേടി ( റഫിയുടെ കരിയറിലെ വീഴ്ചയ്ക്കു കാരണമായ ആർ.ഡി.ബർമൻ , ക്യാ ഹുവാ തേരാ വാദാ” യിലൂടെ തന്റെ പാപം കഴുകിയെന്നു സ്വയം സമാധാനിച്ചിരിക്കാം).

റഫിയുടെ മികച്ച ഗാനങ്ങളുടെ പട്ടികയിൽ താഴേയാവും “ക്യാ ഹുവാ തേരാ” യുടെ സ്ഥാനം എങ്കിലും, പിന്നണിഗായകൻ എന്ന തന്റെ സ്ഥാനം വീണ്ടെടുക്കാൻ റഫിയെ ഈ ഗാനം വളരെയധികം സഹായിച്ചു.

അമർ അക്ബർ ആന്റണി(1977), ആപ്നാപൻ (1978), കുർ‌ബാനീ(1980), ദോസ്താനാ(1980), നസീബ്(1981), അബ്ദുള്ള(1980), ഷാൻ(1980), ആഷാ(1980) , സർഗം(1979) , കർസ് (1980)തുടങ്ങിയ സിനിമകളിൽ റഫി ആലപിച്ച ഗാനങ്ങളെല്ലാം അക്കാലത്തെ മികച്ച ഹിറ്റുകൾ ആയിരുന്നു.

ആസ്പാസ് ലെ “ഷാം ഫിർ ക്യൂൻ ഉദാസ് ഹേ” ആയിരുന്നു റഫിയുടെ ശബ്ദത്തിൽ റെക്കോർഡ് ചെയ്യപ്പെട്ട അവസാനഗാനം. 1980 ജൂലെ മുപ്പത്തി ഒന്നിനു ഹിന്ദി സിനിമയെ അടക്കി വാണ ആ “മാജിക്കൽ വോയ്സ്“ എന്നെന്നേക്കുമായി നിലച്ചു.

1987 ഇൽ ആയിരുന്നു കിഷോർ കുമാറിന്റെ മരണം. അങ്ങിനെ രണ്ട് സംഗീത ഇതിഹാസങ്ങൾ ഹിന്ദി സിനിമയെ വിട്ടു പിരിഞ്ഞു.

ഇതിഹാസ ഗായകർ :
സെമിക്ലാസിക്കൽ ഗാനങ്ങളിൽ റഫിയെ വെല്ലാൻ ആരുമുണ്ടായിരുന്നില്ല എന്നതാണ് സത്യം. ശബ്ദത്തിലെ സ്വതസിദ്ധമായ പുഞ്ചിരിച്ച് കൊണ്ട് പാടുന്ന ഭാവം പ്രസന്നഭാവത്തിലുള്ള പ്രണയഗാനങ്ങളെ മികച്ചതാക്കാൻ റഫിയെയും സഹായിച്ചു. അതേ സമയം അല്പം ദുഃഖഭാവം കലർന്ന പ്രണയഗാനങ്ങളിൽ കിഷോർ മികച്ചു നിന്നു. അത്തരം ഗാനങ്ങളിൽ എന്നും വെല്ലുവിളിയായി മുകേഷും ഉണ്ടായിരുന്നു.

സംഗത്തിലെ “യേ മേരാ പ്രേം പത്ര് പഡ്കർ “ എന്ന അപൂർ‌വസുന്ദര പ്രണയഗാനത്തിനോടൊപ്പം തന്നെ ഹിറ്റ് ചാർട്ടുകളിൽ മുകേഷ് പാടീയ “ദോസ്ത് ദോസ്ത്‌ നാ രഹാ”യും “ ഓ മേഹ്ബൂബാ”യും ഉണ്ടായിരുന്നു.

ലതാ മങ്കേഷ്കറോടൊപ്പം യുഗ്മഗാനങ്ങളിൽ ഏറ്റവും ചേർന്നു നിന്നതും പലപ്പോഴും കിഷോറിന്റെ ശബ്ദമായിരുന്നു എന്ന് വേണം പറയാൻ.

റഫി, ,കിഷോർ, മന്നാഡേ, സൈഗാൾ, മുകേഷ്, തലത് മഹമൂദ് തുടങ്ങിയ ഗായകരുടെ ശബ്ദങ്ങൾ എന്നും സംഗീതപ്രേമികളുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരിക്കും. കാലം എത്ര കഴിഞ്ഞാലും.


Monday, June 22, 2009

കിഷോർ കുമാറോ മുഹമ്മദ് റഫിയോ?

കിഷോർ കുമാറോ മുഹമ്മദ് റഫിയോ മികച്ച ഹിന്ദി സിനിമാ പിന്നണിഗായകൻ? ഞങ്ങൾ കോഴിക്കോട്ടുകാരെ വർഷങ്ങളായി അലട്ടിക്കൊണ്ടിരിക്കുന്ന ഒരു തർക്കവിഷയമാണ് കിഷോർ-റഫി താരതമ്യം.

മികച്ച സംഗീതസംവിധായകൻ ആര് എന്നു ചോദിച്ചാൽ ഒരു പക്ഷേ പണ്ട് ബാബുരാജ്, ഇടക്കാലത്ത് രവീന്ദ്രൻ ഇപ്പോൾ എ.ആർ റഹ്മാൻ എന്ന് ഉത്തരം നൽകാൻ അധികം ആലോചിക്കേണ്ടി വരില്ല. എന്നാൽ ഗായകരുടെ കാര്യത്തിൽ പണ്ടു മുതലേ “കാര്യം വിഷമസ്സിതി”.

റഫി നൈറ്റുകളും കിഷോർ കുമാർ സന്ധ്യകളും പണ്ടു മുതലേ കോഴിക്കോട്ടുകാരുടെ ആവേശമാണ്. മോഹൻലാൽ- മമ്മൂട്ടി ഫാൻസ് തർക്കത്തേക്കാളും വീറും വാശിയും മൂത്ത തർക്കങ്ങളാണ് കിഷോർ-റഫി ഫാൻസ് യുദ്ധങ്ങളിൽ ഉണ്ടാവാറ്.

ഹോസ്റ്റലിൽ താമസിച്ചു പഠിച്ചിരുന്ന കാലഘട്ടത്തിൽ ഒരു കൊച്ചു റേഡിയോ ആയിരുന്നു നേരം പോക്കാൻ പ്രധാനമായും ഒരു ഉപാധി. എല്ലാ ശനിയാഴ്ചകളിലോ മറ്റോ ആണെന്നു തോന്നുന്നു, അക്കാലത്ത് കോഴിക്കോട് ആകാശവാണി നിലയം പ്രക്ഷേപണം ചെയ്യുന്ന രസികൻ പരിപാടികളിൽ ഒരെണ്ണം പ്രശസ്തരായ ചിലർ അര മണിക്കൂർ നേരം അവർക്കിഷ്ടപ്പെട്ട ഗാനങ്ങളെക്കൂറിച്ച് വാതോരാതെ സംസാരിക്കുന്നു അവ കേൾപ്പിക്കുന്നു.

പ്രശസ്തരെല്ലാം നാല്പതു വയസിനു മുകളിൽ പ്രായം ഉള്ളവരായതു കൊണ്ടോ എന്തോ ഒന്നുകിൽ റഫിയുടെ ലോയൽ ഫാൻസ്, അല്ലെങ്കിൽ കിഷോറിന്റെ ലോയൽ ഫാൻസ് ആയിരിക്കും പരിപാടി അവതരിപ്പിക്കാൻ എത്തുന്നവരിൽ ഭൂരിഭാഗവും.

റഫി അൻപതികളിലേയും അറുപതുകളിലേയും ഏകാതിപധി:
നാല്പതുകളിൽ ചാൻസ് അന്വേഷിച്ച് ബോംബെയിൽ എത്തിയ റഫി എന്ന കൊച്ചുപയ്യൻ ആദ്യകാലങ്ങളിൽ ഹിന്ദി മ്യൂസിക് ലെജൻഡ് നൌഷാദിന്റെ ട്രൂപ്പിൽ കോറസ് പാടാൻ ആയിരുന്നു നിയോഗിക്കപ്പെട്ടത്. 1945ഇൽ പുറത്തു വന്ന “ഗാവോൻ കി ഗോരി” എന്ന സിനിമയിലെ “അജീ ദിൽ ഹോ ഖാബോൻ മേ” എന്ന ഗാനമാണ് റഫിയുടെതായി റിക്കോർഡ് ചെയ്യപ്പെട്ട ആദ്യഹിന്ദിഗാനം എന്നു കരുതിപ്പോരുന്നു. നൌഷാദ് , ശ്യാം സുന്ദർ , ഭഗത്‌റാം തുടങ്ങിയ സംഗീതസംവിധായകരുടെ നിരവധി സോളോ ഗാനങ്ങൾ ആയിടെ റഫി പാടുകയുണ്ടായി. ഹിന്ദി പിന്നണിഗാനരംഗത്ത് റഫി തന്റെ വരവറിയിക്കുകയായിരുന്നു.

1952 ഇൽ പുറത്തിറങ്ങിയ “ബൈജു ബാവ്‌രാ” എന്ന സിനിമയിലെ ഗാനങ്ങളാണ് റഫിയുടെ സംഗീതജീവിതത്തിലെ വഴിത്തിരിവായത്. നൌഷാദിന്റെ ഈണത്തിൽ വിരിഞ്ഞ “ഓ ദുനിയാ കേ രഖ്‌വാലേ” എന്ന ഒറ്റ ഗാനത്തോടെ റഫി എല്ലാവരുടെയും പ്രിയങ്കരനായി മാറി. തലത് മഹമൂദ് എന്ന തന്റെ പ്രിയ ഗായകനു പകരമായി നൌഷാദ് റഫിയിലൂടെ ഒരു പുതിയ ശബ്ദം കണ്ടെത്തുകയായിരുന്നു. അതിനു ശേഷം പുറത്തു വന്ന നൌഷാദിന്റേ ഏതാണ്ട് എല്ലാ ഗാനങ്ങളിലും റഫിയുടെ ശബ്ദം ഉണ്ടായിരുന്നു. (മൊത്തം 149 ഗാനങ്ങൾ, അതിൽ 81 സോളോ).

അൻപതുകളും അറുപതുകളും റഫിയുടെ സുവർണകാലഘട്ടം ആയിരുന്നു. എസ്.ഡി. ബർമൻ എന്ന വിഖ്യാതസംഗീതസംവിധായകൻ റഫിയുടെ തലതൊട്ടപ്പന്റെ സ്ഥാനം സ്വയം ഏറ്റെടുത്തു. ബർമനോടൊപ്പം റഫി സഹകരിച്ച “തേരെ ഘർ കേ സാമ്‌നേ”, “പ്യാസാ”, “കാഗസ് കാ ഫൂൽ” “ഗൈഡ്” തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ അക്കാലത്തേ ഏറ്റവും വലിയ ഹിറ്റുകൾ ആയിരുന്നു. അക്കാലങ്ങളിലെ സൂപ്പർ സ്റ്റാർ ദേവാനന്ദിന് അനുയോജ്യമായ ശബ്ദം എന്ന വിശേഷണം റഫിയുടെ കരിയറിനെ കുറച്ചൊന്നുമല്ല സഹായിച്ചത്.

അക്കാലങ്ങളിൽ തന്റെ അഭിനയത്തിൽ കൂടുതൽ ശ്രദ്ധിച്ചിരുന്ന കിഷോർ കുമാറിനു വേണ്ടി പാടിയിരുന്നതും റഫിയായിരുന്നു എന്നത് രസകരമായ വസ്തുതയാണ്. ഒ.പി. നയ്യാറിന്റെ ഈണങ്ങളിൽ റഫിയും ആഷാ ബോസ്ലേയും ആലപിച്ച “നയാ ദൌർ”, “തുംസാ നഹീ ദേഖാ”, “കഷ്മീർ കീ കലീ” തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളിൽ ഭൂരിഭാഗവും ഹിറ്റ് ചാർട്ടിൽ സ്ഥിരമായി ഇടം പിടിച്ചു.
സംഗീതസംവിധായകൻ രവി യുടേതായി പുറത്തിറങ്ങിയ “ബാബുൽ കീ ദുവായേൻ ലേതീ ജാ” (ചിത്രം: നീൽകമൽ”) എന്ന ഗാനത്തിനാണ് റഫിക്ക് ആദ്യമായി ദേശീയ അവാർഡ് ലഭിക്കുന്നത്. (അതിനു മുൻപേ ആദ്യത്തെ ഫിലിം ഫേർ അവാർഡ് ലഭിക്കുന്നതും രവിയുടെ തന്നെ ഗാനത്തിനാണ് - ചൌദ്‌വീൻ കാ ചാന്ദ് ഹോ ).

അറുപതുകളുടെ അവസാനത്തോട് കൂടി റഫിയുടേയും ലതാ മങ്കേഷ്കറുടെയും വ്യക്തി ബന്ധങ്ങൾക്കിടയിലും വിള്ളലുകൾ ഉണ്ടാവാൻ തുടങ്ങി. ഗായകരുടെ റോയൽറ്റി ശതമാനവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളിൽ തുടങ്ങിയ തർക്കം ഒടുവിൽ ഗിന്നസ് ബുക് ഓഫ് റെക്കോർഡ്സിലെ ലതാ മങ്കേഷ്കറുടെ ഏറ്റവും കൂടുതൽ ( മുപ്പതിനായിരം) ഗാനങ്ങൾ റെക്കോഡ് ചെയ്ത ഗായിക എന്ന നേട്ടത്തെ ചോദ്യം ചെയ്തു കൊണ്ട് റഫി കത്തെഴുതുന്നതിൽ വരെ ചെന്നെത്തി. താനായിരുന്നു കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്തിട്ടുള്ളത് എന്നായിരുന്നു റഫിയുടെ അവകാശവാദം. ലതയുടെ പേരിനോട് കൂടെ റഫിയുടെ പേരിലും 28000 ത്തോളം ഗാനങ്ങൾ റെക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് ഗിന്നസ് ബുക്ക് എഴിതിച്ചേർത്തു. (നീണ്ടു നിന്ന തർക്കങ്ങൾക്കവസാ‍നം 1991 ഇൽ ഗിന്നസ് ബുക്ക് രണ്ടു പേരുടെയും പേരുകൾ എടുത്ത് വെളിയിൽ കളഞ്ഞു. )

കിഷോർ കുമാർ - നടനിൽ നിന്നും ഗായകനിലേക്ക്:
അബാസ് കുമാർ ഗാംഗുലി അഥവാ കിഷോർ കുമാർ എന്ന ബഹുമുഖപ്രതിഭയും ബോബെയിൽ എത്തിച്ചേരുന്നത് നാല്പതുകളിൽ തന്നെയായിരുന്നു. റഫിയെപ്പോലെ ഒരു കോറസ് ഗായകനായി കരിയർ ആരംഭിച്ച കിഷോർ കുമാർ 1946 ഇൽ പുറത്തിറങ്ങിയ “ശിക്കാരി” എന്ന സിനിമയിൽ നായകന്റെ വേഷവും അണിഞ്ഞു. 49 ഇൽ പുറത്തിറങ്ങിയ “സിദ്ദീ” എന്ന സിനിമയിലെ “മർനേ കീ ദുവായേൻ ക്യൂൻ മാംഗൂ” എന്ന സോളോ ഗാനം ആലപിക്കാനും കിഷോർ കുമാറിനു സാധിച്ചു. അതോട് കൂടി കൂടുതൽ കൂടുതൽ അവസരങ്ങൾ കിഷോറിനെ തേടി എത്തിച്ചേരുകയായിരുന്നു.

ഒരു ഗായകൻ ആയിത്തീരുന്നത് സ്വപനം കണ്ടിരുന്ന കിഷോർ കുമാറിനെ തന്നെപ്പോലെ ഒരു നടൻ ആക്കാൻ ആയിരുന്നു ചേട്ടനായിരുന്ന അശോക് കുമാറിന് ആഗ്രഹം. “നൌൿ‌രീ (1954)”, “മുസാഫിർ(1957)“ തുടങ്ങിയ ചിത്രങ്ങളിൽ നായകന്റേ വേഷം ചെയ്തത് കിഷോർ കുമാർ ആയിരുന്നു.

കിഷോർ സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലെന്നറിഞ്ഞ സലീൽ ചൌധരി അദ്ദേഹത്തെക്കൊണ്ട് നൌൿ‌രീ യിലെ ഗാനം പാടിക്കുവാൻ ആദ്യം വിസമ്മതം പ്രകടിപ്പിച്ചു. എങ്കിലും പിന്നീട് കിഷോറിന്റെ ആലാപനശൈലി കേട്ട ശേഷം അദ്ദേഹം “ചോട്ടാ സാ സാഗർ ഹോഗാ” എന്ന ഗാനം കിഷോറിനു നൽകി.

തുടക്കത്തിലെ തിരിച്ചടികൾക്കു ശേഷം “അഭിനേതാവ്“ എന്ന രീതിയിൽ കിഷോർ പ്രശസ്തിയിലേക്കുയർന്നു. “ന്യൂ ഡൽഹി”, “ആഷാ”, “ചൽതീ കാ നാം ഗാഡീ” , “ജും‌രൂ”, “ഹാഫ് ടിക്കറ്റ്”, “പഡോസൻ” തുടങ്ങിയ സിനിമകളിലെ കോമഡി ഹീറോ ഇമേജ് കിഷോറിനെ സംബന്ധിച്ചേടത്തോളം വൻ വിജയങ്ങൾ ആയിരുന്നു.

ഇതിനിടയിലും തന്റെ ഗായകമോഹം കിഷോർ പൂർണമായും ഉപേക്ഷിച്ചിരുന്നില്ല. എസ്.ഡി.ബർമൻ ആണ് കിഷോറിലെ പ്രതിഭയെ ആ‍ദ്യാമായി തിരിച്ചറിഞ്ഞ സംഗീതസംവിധായകൻ. അതു വരെ ആലാപനത്തിൽ സൈഗാളിനെ അനുകരിച്ചിരുന്ന കിഷോർ കുമാറിനോട് സ്വന്തമായി ഒരു ശൈലി വളർത്തിയെടുക്കാൻ ആദ്യമായി ഉപദേശിച്ചതും ബർമൻ തന്നെയായിരുന്നു. അതിൻപ്രകാരം “യോഡ്‌ലിംഗ് “ എന്ന രീതി കിഷോർ കൂമാർ തന്റെ സ്വന്തം രീതിയായി വളർത്തി വികസിപ്പിച്ചെടുക്കുകയായിരുന്നു (യോഡ്‌ലിംഗ് ആദ്യമായി ഹിന്ദിഗാനങ്ങളിൽ അവതരിപ്പിച്ചത് റഫിയായിരുന്നു. പക്ഷേ കിഷോറിനോളം അതിൽ വിജയം കണ്ടെത്താൻ അദ്ദേഹത്തിനായില്ല.)..

യോഡ്‌ലിംഗ് ശൈലിയിൽ പുറത്തിറങ്ങിയ ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ കിഷോറിന്റേതായി ഉണ്ട്. “സിന്ദഗീ ഏക് സഫർ ഹേ സുഹാനാ“ ( അന്ദാസ് - 1971) അവയിൽ പ്രശസ്തമായ ഒന്നാണ്.

ഗായകൻ എന്ന രീതിയിൽ വിജയം കൊയ്യുമ്പോഴും അക്കാലങ്ങളിൽ റഫിയുടെ നിഴലായി ഒതുങ്ങാൻ തന്നെയായിരുന്നു കിഷോറിന്റെ വിധി.

(തുടരും)

Monday, June 8, 2009

മീൻപിടിത്തം


സീൻ ഒന്ന് :-
ഓസ്ട്രേലിയ.

നീണ്ട ചകിരി പോലുള്ള മുടിയും ചുണ്ടിൽ പാണ്ടു പോലെ സൺസ്ക്രീമും ഉള്ള ഒരു തടിയൻ കിടന്നുറങ്ങുന്നു.
അടുത്ത് ലേറ്റസ്റ്റ് ഐ-ഫോൺ.

കട് റ്റു
സീൻ രണ്ട്:-
ബിലാത്തി...

തേംസ് നദിക്കു മുകളിലൂടെ പാൻ ചെയ്യുന്ന ക്യാമറ.... ഒരു അപാർട്മെന്റിന്റെ ജനൽ... മേശമേൽ മുഖം വെച്ച് കിടങ്ങുന്ന കൊച്ചുത്രേസ്യ... ക്യാമറ വീണ്ടും ചലിക്കുന്നു... ശബ്ദബഹളങ്ങളാൽ നിറഞ്ഞ ഒരു സ്റ്റേഡിയത്തിനകത്തേക്ക്....

ക്രീസിൽ രണ്ട് കടും നീല ജഴ്സികൾ കാണാം... ബൌണ്ടറിലൈനിൽ നിന്നും ഒരു മഞ്ഞജഴ്സിക്കാരൻ പോക്കറ്റിൽ നിന്നും ആരും കാണാതെ ലേറ്റസ്റ്റ് മൊബൈൽ എടുക്കുന്നു...

നമ്പർ കുത്തുന്നു... ടിം ടും ടും ടിം ടിം ടും ടൂം ടൂം...

കട് റ്റു
സീൻ മൂന്ന് :-
സീൻ ഒന്നിൽ കണ്ട തടിയന്റെ മൊബൈൽ ശബ്ദിക്കുന്നു.

“ചുരാ ലിയാ ഹേ തുംനേ ജോ ദിൽകോ”

തടിയൻ ഉറക്കച്ചടവോടെ ഫോൺ എടുത്ത്...

“ഹല സൈമണ്ടൻ ഹിയർ...”

“അളിയാ... ഇത് ഞാ‍നാണ്ണാ ജെറ്റ്ലീ...”

“ഏ അണ്ണനാ... അണ്ണാ അപ്പോ മാച്ച് തീർന്നാ....”

“ഇല്ലഡേയ് ഇനീം അഞ്ച് പത്ത് ഓവറൂടെ ഒണ്ട്... കലിപ്പ് തന്നെ”

“അപ്പോ പിന്നെ ഈ നേരത്ത്...”

“ഡേയ് ഒരു പ്രധാനകാര്യം പറയാനാണ് വിളിച്ചത് “

“തള്ളണ്ണാ...”

“ഡേയ് നീ ഇനി മീൻ പിടിക്കാൻ എന്നാണ് പോണത്”

“മറ്റെന്നാൾ”

“തള്ളേ ഒരു മൂന്നു ടിക്കറ്റൂടെ വേണ്ടി വരും കെട്ടാ...”

“വോ ആരൊക്കെ അണ്ണാ...”

“വൊന്ന് ഞാൻ തന്നെ... പിന്നെ മൈക്കൽ പ്യൂണ്..

“ഏഹ് അപ്പോ നിങ്ങളിങ്ങ് പോരുവാണോ”

“തന്നേഡേ... ആ പയല് സംഗക്കാര ദോണ്ടെ എടുത്തിട്ട് കറ്റ മെതിക്കണ പോലല്ലേ ഓരോന്നിനെ എടുത്തിട്ട് പൊതുക്കുന്നത്... നമ്മടെ പിള്ളേർടെ ബൌളിംഗ് ഫിഗറ് കണ്ടാൽ നടനവിദ്വാൻ ഗോപുമോൻ വരെ ചമ്മിപ്പോവും ”

“വോ... സന്തോയമായണ്ണാ... അല്ലണ്ണാ അപ്പോ ആരാ ചൂണ്ടയിടാൻ വരണ മറ്റേയാൾ?”

“അത്.. അത്... മിക്കി റോണ്ടിംഗ്...”

“തള്ളേ മാണിക്യണ്ണനും ഒണ്ടാ... ഇത്തവണ നമ്മൾ കൊമ്പൻ സ്രാവിനെ തന്നെ പിടിക്കുമണ്ണാ...”

“വോ തന്നെ... പക്ഷേ ആരോടും ഇപ്പം പറേണ്ട... പത്രസമ്മേളനം ഒന്ന് കഴിഞ്ഞോട്ട്....”

“ഇതിലും കൂടെ തൊപ്പിയിട്ടാൽ പിന്നെ എന്തിരണ്ണാ പത്രക്കാരോട് പറയാൻ?”

“ട്വെന്റി - ട്വെന്റി ഒന്നും ക്രിക്കറ്റല്ലാ, ടെസ്റ്റാണ് ക്രിക്കറ്റ്.. ഇത് മൂന്നാം ലോകരാജ്യങ്ങളുടെ കളിയാണെന്ന് പിന്നെ നിങ്ങടമ്മാവൻ വന്നു പറയുമോ”

“ഓ അത് കത്തീലണ്ണാ.. പഷേങ്കിലു നമ്മള് ടെസ്റ്റിലും തോറ്റില്ലണ്ണാ?

“അത് മഹീന്ദ്രാ തോണിക്ക് ക്യാപ്റ്റൻസി സ്പിരിറ്റ് ഇല്ലാത്തോണ്ടാണെന്ന് മാണിക്യണ്ണൻ അന്നേ പറഞ്ഞല്ല് “

“അപ്പോ വൺ ഡേയിൽ ഒന്നാം സ്ഥാനം പോയതോ”

“ദേ നീ ഒരു മാതിരി അനിൽ ഗുവാസ്കരൻ സംസാരിക്കുമ്പോലെ സംസാരിക്കല്ല്... അതൊക്കെ നമ്മടെ സ്ട്രാറ്റജിയല്ലേ...”

“വോ നിങ്ങളണ്ണന്മാരുടെ ഒരു കാര്യം... എന്നാ വേഗം ഇങ്ങ് പോരീനണ്ണാ.. ഞാൻ ചൂണ്ട റെഡിയാക്കട്ട്...”

സൈമണ്ടൻ വലിച്ചെറിഞ്ഞ ഐ-ഫോൺ ജനലിലൂടെ കായലിൽ ചെന്നു വീണു.

ബ്ലും......


...