Monday, February 16, 2009

രസങ്ങളും തന്ത്രങ്ങളും

പ്രൊലോഗ് :

കൈയിലിരിക്കുന്ന പേപ്പര്‍ മേശപ്പുറത്തേക്ക് അലക്ഷ്യമായി ഇട്ട ശേഷം ഓമനടീച്ചര്‍ എന്റെ നേരെ മുഖമുയര്‍ത്തി.

"ശ്രീഹറീ... വാട്ടിസ് ദ കെമിക്കള്‍ ഫോര്‍മുല ഓഫ് കലോമല്‍ ഇലക്ട്രോഡ്?"

അനന്തവും അനാദിയുമായ പ്രപഞ്ചത്തിലെ അനേകം താരപടലങ്ങള്‍ക്കിടയില്‍ എവിടെയോ ഉള്ള ഒരു സ്പൈറല്‍ ഗാലക്സിയിലെ ഒരു കുഞ്ഞുനക്ഷത്രകുടുംബത്തിലെ മൂന്നാമത്തെ ഗ്രഹത്തില്‍ അനേകം സ്പിഷീസുകള്‍ക്കിടയില്‍ ഒരു ജീവി മാത്രമായ മനുഷ്യന്റെ ജീവിതത്തില്‍ ഒരു കലോമല്‍ ഇലക്ട്രോഡിന്റെ പ്രസക്തി എന്തെന്നറിയാതെ ഞാന്‍ ചിന്താധീനനായി നിന്നു. ഉത്തരമില്ലാതെ..

രസങ്ങളും തന്ത്രങ്ങളും

ഹോട്ടല്‍ ന്യൂ കേരളായില്‍ നിന്നും ചൂടാറാത്ത പൊറോട്ടയും മത്തിക്കറിയും തട്ടി ഞാന്‍ തിരിച്ച് ക്ലാസിലേക്ക് നടന്നു. പോളിടെക്സ്നിക്കിന്റെ ഉപയോഗശൂന്യമായ വര്‍ക്ക്ഷോപ്പുകളില്‍ ഒന്നിലായിരുന്നു അന്നു ഞങ്ങളുടെ ക്ലാസ് റൂം. എന്നത്തേയും പോലെ ഉച്ചസമയത്ത് എല്ലാവരും അങ്ങിങ്ങായി ഇരുന്നു കൊച്ചുവര്‍ത്തമാനം പറയുകയാണ്.

ഒരു വശത്ത് സംഗീതസഭ കൂടിയിരിക്കുന്നു.

"ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാം ഞാന്‍ അതു ഗൂഢമെന്നുടെ ആരാമത്തില്‍..."

മീഞ്ചന്തക്കാരന്‍ രാഗേഷ് ( ഞങ്ങളുടെ സ്വന്തം ചന്തരാഗേഷ്... പതിനാറ് കഴിയാത്ത സുന്ദരന്‍ മുഖത്ത് ഇരുപത്താറിന്റെ മീശ കൊണ്ടു നടക്കുന്ന മീശരാഗേഷ്..) ഇരുന്നു ദേശ് രാഗത്തില്‍ തകര്‍ക്കുകയാണ്. അടുത്ത് കോഴിക്കോട്-മലപ്പുറം ബോര്‍ഡര്‍ സുതന്‍ ഷഫീഖ് ഇരുന്ന് താളം പിടിക്കുന്നു. തന്റെ സുന്ദരന്‍ പല്ലുകള്‍ മുപ്പത്തിരണ്ടും പുറത്തുകാട്ടി ഇസ്മായില്‍ ആയിക്കൊണ്ടാണ് താളം പിടി...

മുത്തശ്ശി പറയുന്ന ഫെയറിടെയില്‍ കഥ കേട്ട് അത്ഭുതപ്പെട്ടിരിക്കുന്ന നാലു വയസുകാരിയോടെ ഭാവഹാവാദികളോടെ ശില്പ രാഗവിസ്താരം ആസ്വദിക്കുന്നു. മിനിറ്റില്‍ നൂറ്റിരുപത് തവണ ഇമ വെട്ടിക്കൊണ്ട് ഗാനകോകിലം രുഗ്മിണിയും പാട്ടു കേള്‍ക്കുന്നവരുടെ കൂട്ടത്തിലുണ്ട്. മീശരാഗേഷിന്റെ സംഗതികളും സംഗതിയില്ലായമയുമെല്ലാം നോട് ചെയ്യുകയാവണം.... മിക്കവാറും അബന്റെ ദേശ് ഇന്നു വിദേശ് ആവും...

നേരെ ആ ഭാഗത്തു തന്നെ ചെന്നിരുന്നു.

"ശ്ശ്ശ് എന്തു പറ്റി?"

"ചന്ത റൊമാന്റിക് ആയെടാ...." ഷഫീഖ് എന്നോട് മന്ത്രിച്ചു.രാഗേഷിന്റെ പാട്ടു കേട്ട് ചുറ്റുമുള്ളവര്‍ അതിലേറേ റൊമാന്റിക് ആവുന്നു.. കുഴപ്പം ആവുമോ....

ദേ അപ്പുറത്ത് ചാക്കോ ഇരുന്നു സ്വപ്നം കാണുന്നു...

"എന്താടാ ചാക്കോ.. അമീര്‍ ഖാന്റെ സിനിമയൊന്നും ഇക്കൊല്ലം ഇറങ്ങാനില്ലാത്തതു കൊണ്ടാണോ ഇങ്ങനെ ഇരിക്കുന്നത്..."

"അല്ലളിയാ ഞാന്‍ ഓര്‍ക്കുവാരുന്നു...."

"എന്തര് ..."

"എനിക്കവളോട് ആദ്യമായി ഇഷ്ടം തോന്നുന്നത് എട്ടാം ക്ലാസില്‍ വച്ച്. അന്നവള്‍ നാലാം ക്ലാസില്‍...."

കളരിപരമ്പര ദൈവങ്ങളേ .... നാലാം ക്ലാസില്‍ വെച്ചേ പെണ്‍കുട്ടികള്‍ എല്ലാം ബുക്ഡ് ആയോ?
ഞാന്‍ അവനെ സമാധാനിപ്പിച്ചു.. സാരമില്ലഡാ അവളങ്ങ് ദൂരെയല്ലേ... പോരാത്തതിന് പ്ലസ് റ്റൂ... നാട്ടില്‍ പോവുമ്പോള്‍ കാണാമല്ലോ....

"അതു ശരിയാ അളിയാ പക്ഷേ ദില്‍ ഹേ കി മാന്‍‌താ നഹീ... മനസില്‍ കയറി ആരോ മാന്തുന്നതു പോലെ...."ചാക്കോ ആമീര്‍ ഡയലോഗ് പറയാന്‍ തുടങ്ങി.

കുഴപ്പമാണ്. ദില്‍ ഹേകി മാന്താ നഹിയില്‍ നിന്നും പാപ്പ കെഹ്തേ ഹെ വഴി അവസാനം രംഗീലയെത്തും മുന്‍പേ തടയണം....

ഞാന്‍ പതുക്കെ വിഷയം മാറ്റാന്‍ തുടങ്ങി....

"ഹിന്ദുസ്ഥാനി കളയളിയാ നമുക്ക് ജന്തുവരാളിയില്‍ ഒരു പിടി പിടിക്കാം"

"ജന്തുവരാളിയല്ലെഡാ പന്തുവരാളി..." ഷഫീഖ് എന്നെ തിരുത്തി...

ആണല്ലേ... എന്നാല്‍ അതു വേണ്ട ... നമുക്കു വല്ല വഞ്ചിപ്പാട്ടും പാടാം...

"ഒന്നാനാം ചൂണ്ടനേലമര‍ം പിടിക്കുന്ന
പൊന്നിലും പൊന്നായ തമ്പുരാനേ..
.ഉല്‍സവക്കാവിലും കരയോഗനാവിലും
ഒന്നാമനായുള്ള തമ്പുരാനേ...
നിന്നെത്തേടിത്തുഴഞ്ഞുവരുന്നൂ...
നിന്റെ ചെറുമീതന്‍ ചുരുളന്‍ വള്ളം...."

അവിചാരിതമായി രവീന്ദ്രസംഗിതം കടന്നുവന്നപ്പോള്‍ ശനിയ്യാഴച രാവിലെ ബാലരമ കണ്ട ഒന്നാം ക്ലാസുകാരിയെപ്പോലെ രുഗ്മിണി ചിരിച്ചു... അല്ലെങ്കിലും അതങ്ങനെയാണ് രവീന്ദ്രസംഗീതത്തിന്റെ കാര്യത്തില്‍ രണ്ടഭിപ്രായമില്ല ആര്‍ക്കും...

പാട്ടു കനക്കുന്നതിനിടയില്‍ എവിടോ നിന്നൊ അമൃത ഓടിയെത്തി...
"പൂത്താലം വലം കൈയിലേന്തീ വാസന്തം....
മധുമാരിയില്‍ സുമരാജിയില്‍
കാറ്റിന്‍തൂവല്‍ തഴുകീ കന്യാവനമിളകീ...."

പാട്ടു കേട്ടതും ഷഫീഖ് വയലന്റായി...
"എന്റെ പൊന്നമൃതേ എത്ര കാലാമായീ നീയീ പൂത്താലം വല്‍ം കൈയിലേന്തുന്നു... അതിനി ഇടത്തെ കൈയിലോട്ട് മാറ്റിപിടിച്ച് വേറേ വല്ല പാട്ടും പാട്..."

"ആരാ അവിടെ പാട്ടുപാടുന്നത്?" അമിതാബ് ബച്ചന്‍ മലയാളം പറയുന്നത് പോലെ ഘനഗംഭീരമായ ഒരു ശബ്ദം കേട്ട് എല്ലാവരുടേയും ശ്രദ്ധ ആ ഭാഗത്തേക്കായി...

ഒന്നേ നോക്കിയുള്ളൂ.... ഒരു ബാച്ചിന് മൊത്തമായി ആകെക്കൂടെയുള്ള സിക്സ് പാക്കാണ് വിപിന്‍....പലപ്പോഴും ക്ലാസില്‍ വല്ല കാര്യത്തിനും തിരിഞ്ഞു നോക്കിയ്യാല്‍ ആദ്യം കാണുന്നതവന്റെ ബൈസെപ്സ് ആണ്.... പണ്ടാരക്കലനാണെങ്കില്‍ ഹാഫ് സ്ലീവ് ഷര്‍ട്ട് ഇട്ടെ വരൂ....

ഇനിയിവിടെ മിക്കവാറും മ്യൂസിക് വിത്ത് ബോഡി മസില്‍സ് നടക്കും

"മെലഡി പാടണമെടാ മെലഡി..." വിപിന്‍ വികാരാധീനനായി....

"ഓമലാളെ കണ്ടൂ ഞാന്‍ പൂങ്കിനാവില്‍..."

"ഓമാലാളുടെ കാര്യം പറഞ്ഞപ്പോഴാ .. കെമിസ്ട്രി ലാബില്‍ കയറാന്‍ ടൈം ആയി...ഓമന ടീച്ചറ് എത്തും മുന്‍പേ കയറണം"

ഷഫീഖ് പറഞ്ഞു മുഴുമിക്കും മുന്‍പേ പലരും പല വഴിക്കോടി... ബാഗ്ഗിനുള്ളില്‍ നിന്നും ലാബ് യൂണിഫോം എടുത്ത് ഷഫീഖ് ബാത്ത് റൂമിലേക്കോടി... റെക്കോര്‍ഡ് എവിടെ വര്‍ക്ക് ബുക്ക് എവിടെ എന്നും പറഞ്ഞ് ശില്പ വേറൊരു വഴിക്കോടി.... മസിലു പെരുപ്പിച്ച് വിപിന്‍ ഫിസിക്സ് ലാബിലോട്ടോടി....

ഞാന്‍ ഒന്നമാന്തിച്ചു നിന്നു... ഒന്നാമതേ കെമിസ്ട്രി ലാബ്... എനിക്ക് എന്താ എന്നറിഞ്ഞൂട എട്ടാം ക്ലാസു മുതലേ കെമിസ്ട്രി വളരെ ഇഷ്ടമുള്ള സബ്ജക്റ്റാണ്. ഓക്സിജന്റെ വാലന്‍സി എത്രയാണെന്ന് ഉറക്കത്തില്‍ ചോദിച്ചാല്‍ പോലും ഞാന്‍ പറയും "പതിനാല്".. അതു കൊണ്ട് ലാബില്‍ ഭയങ്കര പെര്‍ഫോര്‍മന്‍സ് ആണ്.

പന്ത്രണ്ടാം ക്ലാസിലെ ലാബില്‍, ടെസ്റ്റ്യൂബില്‍ സൊലൂഷന്‍ ചൂടാക്കുമ്പോള്‍ ബുന്‍സന്‍ ബര്‍ണറിനു മുകളില്‍ ( തീക്കളി ആയതു കൊണ്ട് ആകെക്കൂടെ ഇഷ്ടമുള്ള ഒരു കാര്യം അതാണ് വല്ലതും ചൂടാക്കുക) ടെസ്റ്റ് റ്റ്യൂബ് 60 ഡിഗ്രി ചെരിച്ചു പിടിക്കണം എന്നു ഷാജിമാഷ് പറഞ്ഞത്‌ കേട്ട് അങ്ങനെ ചെയ്തതും, ഞാന്‍ ചൂടാക്കിക്കൊണ്ടിരുന്ന ടെസ്റ്റ് റ്റ്യൂബില്‍ നിന്നും കതിനക്കുറ്റിക്ക് തീ പിടിക്കുന്നതിന് തൊട്ട് മുന്‍പുള്ള ശബ്ദത്തോടെ എന്തോ ഒരു സംഭവം ആകാശത്തേക്ക് ഉയറ്ന്ന് പൊങ്ങിയതും, കൃത്യം അറുപത് ഡിഗ്രി ട്രാജക്റ്ററിയില്‍ സഞ്ചരിച്ച് ആകാശത്തില്‍ ഷാജിമാഷുടെ നേരെ തലയ്ക്കു മുകളില്‍‍ അത് മഴയായി പെയ്‌തതും ഒരു നിമിഷം ഓര്‍ത്തു പോയി....(നോ അതിശയോക്തി ഹിയര്‍)

രണ്ടാമത് ഓമനടീച്ചര്‍ക്ക് ക്ലാസില്‍ ആകെ കൂടെ ഒരിഷ്ടം ഉള്ളത് എന്നോടാണ്. മകരം മരങ്ങളിലോര്‍‌മ്മകള്‍ പൊഴിക്കുന്ന ഒരു സുന്ദരദിനത്തില്‍ , ക്ലാസുമുറികളില്‍ ഹോമിക്കപ്പെടുന്ന യുവത്വത്തിന്റെ നിരര്‍ഥകത ഓര്‍‌ത്ത് ഓമനടീച്ചറുടെ ഇലക്ക്ട്രോകെമിസ്ട്രി ക്ലാസില്‍ നിന്നും സ്കൂട്ടായി കൈരളി തീയേറ്ററില്‍ ഹാജര്‍ വെച്ച അന്നു മുതലാണ് ടീച്ചര്‍ക്കെന്നോട് അതികലശലായ ഇഷ്ടം വന്ന് തുടങ്ങിയത്. അന്ന് തീയേറ്ററില്‍ നിന്നും തിരിച്ച് വീട്ടില്‍ എത്തും മുന്‍പേ ഒരു ട്രങ്ക് കോള്‍ എന്നെ വീട്ടില്‍ വെയ്റ്റ് ചെയ്യുന്നുണ്ടായിരുന്നു....

അല്ലെങ്കില്‍ തന്നെ ഈ കെമിസ്ട്രി പഠിച്ചിട്ട് എന്ത് മലമറിക്കാനാ എന്ന് ഇത്രയും കാലമായിട്ടും എനിക്ക് മനസിലായിട്ടില്ല. സപ്പോസ് ഒരു ദിവസം രാവിലെ വീട്ടില്‍ അമ്മ ചായ ഉണ്ടാക്കാന്‍ നോക്കുമ്പോള്‍ വെള്ളം തീര്‍ന്നുപോയി എന്നു കരുതുക. അല്ലെങ്കില്‍ വെള്ളം കോരുന്ന ബക്കറ്റ് കിണറ്റില്‍ പോയി എന്ന്...

എന്നാല്‍ കെമിസ്ട്രി അറിയാലോ എന്നും പറഞ്ഞ് കൂറേ ഓക്സിജന്‍ മോളിക്യൂളിനേയും ഹൈഡ്രജന്‍ മോളിക്യൂളിനേയും ഓടിച്ചിട്ട് പിടിച്ച് വെള്ളം ഉണ്ടാക്കിക്കളയാം എന്നു കരുതിയാല്‍ നടക്കുമോ? കം‌പ്ലീറ്റ് വേസ്റ്റ് ഓഫ് ടൈം.....

വെറുതെയല്ല ഓള്‍ സയന്‍സ് ഈസ് ഐദര്‍ ഫിസിക്സ് ഓര്‍ സ്റ്റാമ്പ് കളക്റ്റിംഗ് എന്ന് കെമിസ്ട്രി വിദ്വാന്‍ റൂതര്‍ഫോര്‍‌ഡ് പറഞ്ഞു കളഞ്ഞത്...

മനസില്ലാമനസോടെയാണ് ലാബിലേക്ക് നടന്നു തുടങ്ങിയത്. വഴിക്ക് കോളേജ് ക്രിക്കറ്റ് ഗോപറ്റീഷന്‍ ഫൈനലില്‍ കെമിക്കല്‍ എഞ്ചിനീയറിംഗിനെ തോല്പിച്ച മെക്കാനിക്കല്‍ ഗഡികള്‍ ജാഥയായി മുദ്രാവാക്യം വിളിച്ചോണ്ട് പോവുന്നു...

"പിപ്പറ്റല്ലിത് ബ്യൂററ്റല്ലിത് ക്രിക്കറ്റാണേ കട്ടായം....."

മനസ് ഇത്തിരി ഒന്നു തണുത്തു. ഒരുത്തന്‍ പിപ്പറ്റിനേയും ബ്യൂററ്റിനേയും ചീത്ത വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ എന്തൊരാശ്വാസം...

വിനമ്രിതശിരസ്കനായി ലാബിനുള്ളില്‍ കയറി. ഡെസ്കിലേക്ക് പൊവും മുന്‍പേ ഓമനടീച്ചറുടെ മേശയിലേക്ക് ഒന്നു നോക്കി.... വെള്ളത്തില്‍ വീണ പൊട്ടാസ്യം പോലെ എന്റെ നെഞ്ച് കത്തി.
ഇന്റേണല്‍ പരീക്ഷയുടേ ആന്‍സര്‍ ഷീറ്റുകള്‍.... എന്തൊക്കെ അക്രമമാണതില്‍
കാണിച്ചതെന്നാര്‍ക്കറിയാം...

ഓര്‍ഗാനിക് കെംസ്റ്റ്റിയില്‍ ഏതോ ഒരു ഒടുക്കത്തെ എസ്റ്ററിന്റെ മോളിക്യൂലാര്‍ സ്ട്രകചര്‍ വരക്കാനുള്ള ചോദ്യം ഓര്‍മ ഉണ്ട്.

കെമിസ്ട്റി എന്ന വിഷയത്തിലെ താല്പര്യമൊന്നു കാരണം വീട്ടിലെ ജനാലയുടെ കമ്പികള്‍ ബന്‍സീന്‍ റിംഗിന്റെ ആകൃതിയില്‍ പ്രത്യേകം ഡിസൈന്‍ ചെയ്യിച്ചാണ് അച്ഛന്‍ പണി കഴിപ്പിച്ചിരിക്കുന്നത് ( ലോകത്ത് വേറേ ഏതെങ്കിലും വീടിന്റെ ജനല്‍ക്കമ്പികള്‍ ബന്‍സീന്‍ റിംഗിന്റെ ഷേപ്പില്‍ ഉണ്ടോ എന്നെനിക്കറിയില്ല).

ഓര്‍മ വെച്ച കാലം മുതല്‍ ബന്‍സീന്‍ റിംഗ് കണ്ടു വളര്‍ന്ന എന്നോടാണോ കളി... തലങ്ങും വിലങ്ങും ഹെക്സാഗണുകള്‍... ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് അനേകം വാലന്‍സി വരകള്‍. ചിലയിടന്ന് സിംഗിള്‍ ബോണ്ട് ചിലയിടത്ത് ഡബിള്‍ ബോണ്ട്.... അതിപ്പോല്‍ ഇങ്ങനെ ഇന്നിടത്ത് എന്നൊന്നുമില്ല. എനിക്ക് തോന്നിയ പോലെ...

അങ്ങനെ ഒരു പക്ഷേ കെകൂലി പോലും തോല്‍ക്കുന്ന മോളിക്യുലാര്‍ സ്ട്രക്‌ചര്‍ ഉള്‍പ്പടെ അനേകം അബ്സ്ട്രാക്റ്റ് ആര്‍ട്ടുകള്‍ പരിലസിക്കുന്ന ഒരു ആന്‍സര്‍ പേപ്പറും അക്കൂട്ടത്തില്‍ കാണും.

എന്റെ ലാബ്മേറ്റ് ഗഡി ശ്രീലേഖ് പിപ്പറ്റും ബ്യൂററ്റും ഒക്കെ കഴുകുന്നു. മുന്‍പ് എന്റെ ലാബ് മേറ്റ് സൗമ്യയായിരുന്നു. അവളാണെങ്കില്‍ കുഴപ്പം ഇല്ല. ഒരു കോണീക്കല്‍ ഫ്ലാസ്ക്കില്‍ എന്റെങ്കിലും കുറേ ലിക്വിഡ് ഒക്കെ ഒഴിച്ച് ബ്യൂററ്റിന്റെ അടിയില്‍ മുന്‍സിപ്പല്‍ പൈപ്പിന്റെ അടിയില്‍ നിന്നും വെള്ളം പിടിക്കുന്നതു പോലെ വെച്ചിളക്കിക്കോളും. പകുതിസമയവും സ്വപ്നലോകത്തായതു കൊണ്ട് ബ്യൂററ്റിലെ സംഭവങ്ങള്‍ മൊത്തത്തിന്‍ കോണിക്കലെ ഫ്ലാസ്കിലായാലും പുള്ളിക്കാരി അറിയില്ല എന്നൊരു ഗുണമുണ്ട്.

മാഹിമോന്‍ അങ്ങനെയല്ല... സിന്‍സിയാറിറ്റി ഒക്കെ ഉള്ള കൂട്ടത്തില്‍ ആണ്.

മുന്‍പില്‍ സുഗുണ, മാഡം ക്യൂറിയെ തോല്പിച്ചേ അടങ്ങൂ എന്ന മട്ടില്‍ എന്തൊക്കെയോ ഇളക്കുന്നു , ഒഴിക്കുന്നു, മണത്തു നോക്കുന്നു... എന്തൊക്കെയാണോ എന്തോ....

"ശ്രീഹറീ......" ഓമനടീച്ചറുടെ ഘനഗംഭീരശബ്ദം ലാബോട്ടുക്കും മുഴങ്ങി. ആ വിളിയില്‍ തന്നെ എന്തൊരു സ്നേഹം!...

"ശ്രീഹറീ.... ഒന്നിങ്ങോട്ട് വരൂ...."

ഞാന്‍ ടിച്ചറുടെ മുന്നില്‍ സ്റ്റാന്‍ഡ് അറ്റ് ഈസ് ആയി... ടീച്ചറുടെ കൈയില്‍ , കൊലച്ചിലില്‍ കാക്ക തൂറീയത് പോലുള്ള ഹാന്‍ഡ് റൈറ്റിംഗില്‍ ഒരു ആന്‍സര്‍ പേപ്പര്‍... അതാരുടേത് എന്നൂഹിക്കാന്‍ എനിക്ക് ഫോറന്‍സിക് പരിശോധന നടത്തേണ്ട ആവശ്യം ഇല്ലായിരുന്നു....

"ശ്രീഹറീ... വാട്ടിസ് ദ കെമിക്കള്‍ ഫോര്‍മുല ഓഫ് കലോമല്‍ ഇലക്ട്രോഡ്?"

കാവിലമ്മേ .. പിതൃക്കളേ... ചതിച്ചോ? അതായിരുന്നു എക്സാമിലെ ആദ്യത്തെ കൊസ്റ്റയന്‍.... കലോമല്‍ എന്നാല്‍ മെര്‍‌ക്കുറിയും ക്ലോറിനും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിലെ ജാരസന്തതി ആണെന്ന് മാത്രം അറിയാം. അതില്‍ മെറ്ക്കുറിയ്ക്കാണോ ക്ലോറിനാണോ കൂടുതല്‍ പങ്ക് എന്നൊക്കെ ചോദിച്ചാല്‍?

ഉത്തരമെഴുതുമ്പോള്‍ രണ്ടൂം മൂന്നും കല്പിച്ച് hg2cl എന്നെഴുതിയത് ഓര്‍മ ഉണ്ട്. അതല്ല എന്നുറപ്പായി( ഓ പിന്നെ hg യുടെ അടില്‍ രണ്ടോ ക്ലോറിന്റെ അടിയില്‍ മൂന്നോ എന്ന് നോക്കിയിട്ടല്ലേ ഇവിടെ സൂര്യനുദിക്കുന്നത്..)

"എച്,,,,,എച്,,,,, എച് ജി ടൂ സീ എല്‍ ടൂ...."

"എന്നിട്ടതൊന്നും അല്ലല്ലോ എക്സാമിനെഴുതിയത്?"

പറഞ്ഞ ഉത്തരം ശരി!.... തിരിച്ചു വീട്ടില്‍ പോവുന്ന വഴി ഒരു ലോട്ടറി എടുത്തേക്കാം...

"ക്ലാസിലൊന്നും കേറാത്തത് എല്ലാം അറിയാവുന്നത് കൊണ്ടാണെന്ന് ഞാന്‍ കരുതി..." ടീച്ചര്‍ എന്റെ ശവപ്പെട്ടിയിലേക്ക് ആണികള്‍ ഒന്നൊന്നായി അടിച്ചിറക്കുകയാണ്...

"ഇനിയെങ്കിലും ക്ലാസില്‍ ഒക്കെ കയറാന്‍ നോക്ക്... കലോമല്‍ ഇലക്ട്രോഡ് പോലും അറിയില്ലെങ്കില്‍ എങ്ങനയാ മാര്‍ക്ക് തരുന്നത്?"

ലാബിലുള്ള വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം എന്നെയാണ് ശ്രദ്ധിക്കുന്നത്. അഭിമാനത്തിന്റെ ആസിഡ് ലായനിയിലേക്ക് ഓമനടീച്ചറുടെ വാക്കുകള്‍ ആല്‍ക്കലിയെന്ന പോലെ ഇറ്റിവീഴുകയാണ്. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഉയരുന്ന വേദന...

തിരിച്ചു നടക്കുമ്പോള്‍ ആരുടേയും കണ്ണുകളില്‍ നോക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. മാഹിയോടൊപ്പം ടൈട്ടെറേഷന്‍ തുടരുമ്പോഴും മനസില്‍ അപമാനഭാരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു....

"ഇന്നത്തെ റീഡിംഗ് കറക്ട് ആണ് 22.3 രണ്ടു തവണ തുടര്‍ച്ചയായി കിട്ടി..." മാഹിമോന്‍ സന്തോഷത്തോടെ പറഞ്ഞു...

അതെ ഇന്നത്തേ റീഡിംഗ് കറക്ട് ആണ്. കോണിക്കല്‍ ഫ്ലാസ്കില്‍ നിന്നും അവന്‍ ടൈട്രേറ്റ് ചെയ്ത ലായനിയില്‍ രണ്ടു തുള്ളി കണ്ണുനീര്‍ ചേര്‍ന്നത് ഒരുപക്ഷേ അവന്‍ അറിഞ്ഞു കാണില്ല....

എപ്പിലോഗ് :

എന്നിട്ടും ഞാന്‍ നന്നായില്ല!

19 comments:

ശ്രീഹരി::Sreehari said...

അതെ ഇന്നത്തേ റീഡിംഗ് കറക്ട് ആണ്. കോണിക്കല്‍ ഫ്ലാസ്കില്‍ നിന്നും അവന്‍ ടൈട്രേറ്റ് ചെയ്ത ലായനിയില്‍ രണ്ടു തുള്ളി കണ്ണുനീര്‍ ചേര്‍ന്നത് ഒരുപക്ഷേ അവന്‍ അറിഞ്ഞു കാണില്ല....

ചില രസങ്ങളും തന്ത്രങ്ങളും... അല്പം നൊമ്പരങ്ങളും

പാമരന്‍ said...

:)

പൊറാടത്ത് said...

ചിരിച്ച് തലേടെ ആണിക്കല്ല് ഇളകി മാഷേ... ക്വാട്ട് ചെയ്യാനാനെങ്കിൽ വളരെയധികം..

ഫോണ്ട് സൈസ് ഇത്തിരി കൂടിയാൽ എന്നെപ്പോലുള്ള വയസ്സന്മാർക്ക് വായിയ്ക്കാൻ എളുപ്പമാവും.

ശ്രീ said...

ഒരുപാട് ഓര്‍മ്മകള്‍ തന്ന മനോഹരമായ ഒരു പോസ്റ്റ്, ശ്രിഹരീ...

എന്റെ കെമിസ്ട്രി പഠനം പ്രീഡിഗ്രിയോടെ തീര്‍ന്നു.പക്ഷേ, ഒഴിവു പിരിയഡില്‍ ക്ലാസ്സിലെ വിവരണം ഞങ്ങളുടെ കലാലയ ദിനങ്ങളെയും ഓര്‍മ്മിപ്പിച്ചു. വളരെ നന്ദി.
:)

Melethil said...

ഹരീ നന്നായിട്ടുണ്ട് , കോളേജ് എന്ന് പറഞ്ഞാല്‍ ആകെ ഓര്‍ക്കുന്നത് കെമിസ്ട്രി ലാബാ. എന്നെ +2 -വിനു രക്ഷിച്ചത്‌ കെമിസ്ട്രി-യാ..

vipin said...

വളരെ അധികം ഇഷ്ടപ്പെട്ടു!!!!!!!! പഴയ കെ ടു ക്ലാസും പിന്നെ ഇടുങ്ങിയ ലാബിലും ഒന്ന് പോയത് പോലെ ആയി :)

നിലാവ് said...

ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി!
നല്ല പോസ്റ്റ്...വീണ്ടു വീണ്ടും വായിക്കാന്‍ തോന്നിപ്പിക്കുന്ന നല്ല പോസ്റ്റ്...
ബ്ലോഗ് ടെമ്പ്ലേറ്റ് നന്നായിട്ടുണ്ട്..!

Tintu | തിന്റു said...

എന്റെ ശ്രീഹരി... പോസ്റ്റ്‌ കലക്കി...

തന്റെ ഓമന റ്റീച്ചറിനെ പൊലേ എനിക്കും ഉണ്ടായിരുന്നു ഒരു മോനി റ്റീച്ചര്‍, എന്നെ കണ്ടാലേ അവര്‍ക്ക്‌ ദേഷ്യാമായിരുന്നു.. കരണം മറ്റൊന്നുമല്ല... എന്തോരം ഒറ്റസഖ്യാ മാര്‍ക്കുകളാ ഞാന്‍ വാരികൂട്ടിയിരുന്നത്‌.... ഇന്നും chemical Eqn balance ചെയ്യന്‍ അറിയുന്നവരോട്‌ എനിക്ക്‌ അസൂയയാണ്‌...

sherikkum ee post enne chemistry lab il kondu poy.... enthooram acid kudichekkanu.. enthoram base solution kudichekkanu.... kaiyyil nitric acid veenu manja color il tholi pokumbo.. award kittiya santhoshamaayirnnu....dyes undaakki shawl enthra ennam naashamakki....

Sherikkum chemistry lab sambhavabahulam thannayirunnu....

Keep Blogging
:D
Tin2

Haree | ഹരീ said...

:-) ഇതീ ബ്ലോഗില്‍ കേറിയാല്‍ പാട്ടു കേള്‍പ്പിക്കതെ വിടില്ലല്ലോ!!! പിന്നെ, ഈ സുപ്രഭാതം റഹ്മാന്റെയാണോ? അല്ലെന്നു തോന്നുന്നു. ഇതല്ലാതെ ഒരു ഫ്യൂഷന്‍ അല്ലേ?

ഹൊ, കെമസ്ട്രി എന്നു കേള്‍ക്കുമ്പോളേ മേലാകെ ഒരു തരിപ്പ്! :-)

“കൊലച്ചിലില്‍ കാക്ക തൂറിയത്...” - എന്താണ് ഈ കൊലച്ചില്‍?
--

ആചാര്യന്‍... said...

"ഹിന്ദുസ്ഥാനി കളയളിയാ നമുക്ക് ജന്തുവരാളിയില്‍ ഒരു പിടി പിടിക്കാം"

"ജന്തുവരാളിയല്ലെഡാ പന്തുവരാളി..." ഷഫീഖ് എന്നെ തിരുത്തി...


ഹെവിവെയ്റ്റ് ചിരി...ഹോ

sreeNu Guy said...

നീ നന്നവില്ല ഗഡീ. നന്നാവില്ല. (ഉപദേശിക്കാനല്ലേ പറ്റൂ. ഞാന്‍ സ്കൂളില്‍ പോയിട്ടില്ല.)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചിരിച്ചൊരു വഴിയ്ക്കായി. ആ എപ്പിലോഗ് ഇഷ്ടായി.അല്ലേലും സത്യം പറഞ്ഞാ പെട്ടന്നിഷ്ടാവും

dileep said...

എന്നിട്ടും ഞാന്‍ നന്നായില്ല!

Typist | എഴുത്തുകാരി said...

രസങ്ങളും തന്ത്രങ്ങളുമൊക്കെ നന്നായിട്ടുണ്ട്‌.പക്ഷേ ഒരുപാട് ബുദ്ധിമുട്ടീട്ടോ വായിച്ചവസാനിപ്പിക്കാന്‍. കണ്ണ് വേദനിച്ചു തുടങ്ങി. അക്ഷരം ഇത്തിരി കൂടിയൊന്നു വലുതാക്കിക്കൂടേ?

asareeri said...

Ninte koode enthayalum chemistry lab cheyyenda gathi kedu enikkundayilla.. :-) Ninakkum.. Karanam.. Njaan vannathu late ayum latest aayum aanu...

Pinne.. Pandu Pandu Dwapara yugathil.. ( Athayahtu njaan Pre-degree ku chemistry labil aayirunnappo) etho oru vrithikettavan "Made in India" Naatukarku motham kelkanayi vachu.. Oru aswadakante avakasham muzhuvan eduthu kondu njaanum onnilaki.. Kurachu.. Valare kurachu Sulfuric acid niracha oru test tube kailundayirunnu.. Sesham.. Chintaneeyam.. :-)..

Nannavunnudeda.. And I agree with the statement " Nee nannavilla "

ശ്രീഹരി::Sreehari said...

പാമരന്‍,
:)

പൊറാടത്ത്,
നന്ദി :)
ഫോണ്ട് സൈസ് കൂട്ടുമ്പോള്‍ റെന്‍ഡറിംഗ് കറക്ട് ആവുന്നില്ല. :( അടുത്ത പോസ്റ്റ് ഇടുമ്പോഴേക്കും തീര്‍ച്ചയായും ഒരു വഴി കണ്ടെത്തുന്നതാണ്.

ശ്രീ,
നന്ദി :)

Melethil,
എന്നെ രക്ഷിച്ചത് ഫിസിക്സും :)

വിപിന്‍,
കമന്റിനു നന്ദി :)

നിലാവ്,
വളരെ നന്ദി :)

തിന്റു,
കെമിക്കല്‍ ഈക്വേഷന്‍സ് ബാലന്‍സ് ചെയ്യുന്ന കാര്യം മാത്രം പറയരുത്.... പലതും ഓര്‍ത്തു പോവും :(

കെമിസ്‌ട്രി ലാബ് ഒരു ഒന്നൊന്നര സംഭവം തന്നെ ആയിരുന്നു..... :)

ഹരീ,
ഈ ബ്ലോഗില്‍ വരുന്നവരെ പാട്ടു കേള്‍പ്പിച്ചേ അടങ്ങൂ എന്ന് ഉറപ്പിച്ചിരിക്കയാണ്‌. ആഹാ അത്രക്കായോ? പാത്രിരാത്രിയും സുപ്രഭാതം കേള്‍പ്പിക്കും... ;)

ഇത് റഹ്മാന്റെ ആണോ എന്ന് ഉറപ്പില്ല കെട്ടോ. എതായാലും അതു മാറ്റി വേറെയായി ഇപ്പോള്‍...

കൊലച്ചില്‍ എന്നത്, തെങ്ങില്‍ തേങ്ങ തൂങ്ങിക്കിടക്കുന്ന ഒരു സാധനം ഇല്ലേ? അതിന് കോഴിക്കോട് പ്രചാരത്തിലുള്ള വാക്കാണ്. ഇന്ത്യയിലങ്ങനെയാണ് പറയുന്നത് .... പഞ്ചാബിലെ കാര്യം അറിഞ്ഞൂടാ. ;)

ആചാര്യാ,
നന്ദി :)

ശ്രീനു,
നമ്മള്‍ നന്നാവില്ല :)

പ്രിയ,
നന്ദി :)... നഗനസ്ത്യങ്ങള്‍ ഇനിയും പലതും വന്നുപോയെന്നിരിക്കും.. എന്നും അതു തന്നെ പറയണം.... :)

ടൈപിസ്റ്റ്,
നന്ദി :)... ഫോണ്ട് ശരിയാക്കാം ട്ടൊ.... ഈ പോസ്റ്റ് ക്ഷമിക്കൂ... അടുത്തത് മുതല്‍ ശരിയാക്കിയിരിക്കും...

അശരീരി,
കെംസിസ്ട്രി ലാബില്‍ എന്റെ മഹനീയ സാന്നിദ്ധ്യം അങ്ങേക്ക് അനുവദിച്ചുകിട്ടിയില്ലെങ്കില്‍ എന്ത്? കപ്പാസിറ്ററുകള്‍ കരിഞ്ഞ, റസിസ്റ്ററുകള്‍ പൊട്ടിത്തകര്‍ന്ന, ഡയോഡുകള്‍ ഇഹലോകവാസം വെടിഞ്ഞ എത്രയെത്ര ലാബുകളില്‍ നാമൊരുമിച്ചായിരുന്നു...! ശ്ശ്യോ..... :)

സള്‍ഫ്യൂരിക്‌ ആസിഡും കൊണ്ട് ഡാന്‍സ് കളിക്കാന്‍ ഇയാളാരുവാ? അടി അടി...

നീ അല്ലെങ്കില്‍ ഞാന്‍ അല്ല നമ്മള്‍ നന്നാവില്ല ;)

BS Madai said...

ശ്രീ, "രസതന്ത്രത്തിന്റെ" ഓര്‍മ്മകള്‍ ഇഷ്ടായി.
'കൊലച്ചില്‍' വടക്കന്‍ മലബാറില്‍ മാത്രം ഉപയോഗിക്കുന്ന ഒരു വാക്കാണെന്നു തോന്നുന്നു. കലാലയ ഓര്‍മ്മകള്‍ ഇനിയും പോരട്ടെ.

വായനക്കാരി said...

ശ്രീഹരീ,
ഓക്സിജന്‍ മോളിക്ക്യൂളിനെയും ഹൈഡ്രജന്‍ മോളിക്ക്യൂളിനെയും ഓടിച്ചിട്ടു ...ആരംഗം കൊള്ളാം. ആകെമൊത്തം സ്റ്റൈലായിട്ടുണ്ട് ട്ടോ.....

ശ്രീഹരി::Sreehari said...

BS Madai,
നന്ദി :),
അതെ കൊലച്ചില്‍ ഒരു കൊളോക്യല്‍ പ്രയോഗമാണ്..

വായനക്കാരി,
നന്ദി :)... ഇനിയും വരുമല്ലോ...

...