Wednesday, February 25, 2009

വിവിദ (ധ) വധം ആട്ടക്കഥ

"മന്ത്രാഭിഷേകവും ശംഖാഭിഷേഖവും നവകാഭിഷേഖവും കഴിഞ്ഞാല്‍,
സുവര്‍ണകലശവും കളഭച്ചാര്‍ത്തും മലരുനിവേദ്യവും കഴിഞ്ഞാല്‍..
അടിയന്റെ വിശപ്പിനൊരരിമണി നല്‍കണേഗുരുവായൂര്‍ പരം പൊരുളേ..സകലചരാചരനഭസ്സേ..."

ഗുരുവായൂര്‍ ക്ഷേത്രമതിലകത്തു നിന്നും ദാസേട്ടന്റെ ശബ്ദത്തില്‍ മനോഹരമായ ഗാനം ഒഴുകിയെത്തുന്നു. മേല്‍മുണ്ടു മാത്രം ധരിച്ച് നഗ്‌നപാദനായി (ചുമലില്‍ ഒരു തോര്‍ത്ത് മുണ്ടും")അച്ഛനമ്മമാരുടെ കൂടെ അകത്തേക്ക് പ്രവേശിച്ചതും ക്ഷേത്രമണി ഉച്ചത്തില്‍ ശബ്ദിച്ചു... ആറു തവണ...ചുറ്റും ജനപ്രവാഹമാണ്.


സമയം പോയതറിഞ്ഞില്ല... പ്രദക്ഷിണം വെയ്ക്കുമ്പോഴാണ് അതു ശ്രദ്ധിച്ചത്... പടിഞ്ഞാറേ നടയിലേ കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ ഒരിടത്ത് ഒരു ചെറിയ ദ്വാരം ചതുരത്തില്‍... ആകെ സംശയം ആയി... ഇതെന്താ സംഭവം? റെയിന്‍വാട്ടര്‍ ഹാര്‍‌വെസ്റ്റിംഗില്‍ ഈ ദേവസ്വക്കാര്‍ക്കും താല്പര്യം ഉണ്ടോ? കാലം പോയ പോക്കേ....

അങ്ങനെ വണ്ടര്‍ അടിച്ചു നില്‍ക്കുന്നത് കണ്ടപ്പോഴാണ് അമ്മ ആ കഥ പറഞ്ഞത്..

ശങ്കരാചാര്യര്‍ സന്യാസത്തിലേക്കുള്ള എണ്ട്രന്‍സ് പരീക്ഷ പാസ്സായി ഇരിക്കുന്ന കാലം. "മുതല" പ്രശനങ്ങള്‍ ഒക്കെ വന്നതു കാരണം അദ്ദേഹത്തിന്റെ അമ്മ ഗ്രീന്‍ സിഗ്‌നല്‍ കൊടുത്തിരിക്കുകയാണ്. പക്ഷേ ഓണ്‍ വണ്‍ കണ്ടീഷന്‍ ... അമ്മക്കു കാണേണം എന്നു തോന്നുമ്പോള്‍ ആള്‍ ഇവിടെ എത്തിയിരിക്കണം..

ശങ്കരാചാര്യര്‍ ആലോചിച്ചു. എന്താണൊരു വഴി? ഒരു ടെലിഫോണ്‍ കണക്ഷന്‍ എടുത്തു കൊടുക്കാം എന്നു വെച്ചാല്‍ അലക്സാണ്ടര്‍ ഗ്രഹാംബെല്‍ ജനിക്കാന്‍ ഇനിയും നൂറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വരും. എന്നാല്‍ പിന്നെ ഒരു ടാറ്റാ ഇന്‍‌ഡിക്കോം ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന്‍ എടുക്കാം എന്നു വെച്ചാല്‍ രത്തന്‍ ടാറ്റ പോയിട്ട് ജാംഷെഡ്ജി ടാറ്റ പോലും ഭൂജാതനായിട്ടില്ല.

അങ്ങിനെയാണ് അവസാനം രണ്ടു പേരും കൂടെ ടെലിപ്പതി മതി എന്നു തീരുമാനിച്ചത് ( ഫോര്‍ റഫറന്‍സ് - ടെലിപ്പതി :- ശക്തിമാനും ഗീതാ ബിശ്വാസും കമ്യൂണിക്കേറ്റ് ചെയ്യുന്ന സംഗതി... മുട്ടന്‍ ടെക്നോളജി ആണ് )

അമ്മ മനസില്‍ വിചാരിച്ചാല്‍ മതി, ശങ്കരാചാര്യര്‍ അറിഞ്ഞോളും...

കമ്മ്യൂണിക്കേഷന്‍ അങ്ങിനെയാണെങ്കില്‍ ട്രാന്‍സ്പോട്ടേഷന്‍ അതിലും അഡ്വാന്‍സ്ഡ് ആണ്. ആകാശമാര്‍‌ഗം ശങ്കരാചാര്യര്‍ പോവുന്നേ കണ്ടു കഴിഞ്ഞാല്‍ നമ്മുടെ പ്രതിരോധവകുപ്പ് മിസൈലുകളൂടെ പൃഥ്വി-അഗ്നി എന്ന പേരൊക്കെ മാറ്റി ശങ്കര്‍ എന്നിട്ടേനേ ....

അപ്പോള്‍ പറഞ്ഞു വന്നത് ഇങ്ങനെ പോണ പോക്കില്‍ ഗുരുവായൂര്‍ സെന്‍‌ട്രലില്‍ എത്തിയാല്‍ , അവിടെ ഒന്നു ലാന്‍‌ഡ് ചെയ്ത് ഗുരുവായൂരപ്പനെ തൊഴുത ശേഷമേ ശ്രീശങ്കരാചാര്യര്‍ അടുത്ത ഫ്ലൈറ്റ് പിടിക്ക പതിവുള്ളൂ...

അങ്ങനെ ഒരു ദിവസം അമ്മയെക്കാണാന്‍ ഉള്ള തിടുക്കത്തില്‍ പോവുകയാരുന്നു. ഗുരുവായൂര്‍ അമ്പലത്തിന്റെ എയര്‍ ബോര്‍ഡറില്‍ എത്തിയപ്പോള്‍ താഴെ ശ്രീഭൂതബലി നടക്കുന്നു. ഭഗവാനും ബിസി താനും ബിസി, എന്നാല്‍ പിന്നെ കാര്യം നടക്കട്ടെ എന്നു കരുതി ഒന്നു സ്മൈല്‍ മാത്രം ചെയ്ത് ഫുള്‍ ത്രോട്ടിലില്‍ പോവാന്‍ തുടങ്ങിയതും...ശങ്കരാചാര്യര്‍ നേരെ പടിഞ്ഞാറേ നടയില്‍ ക്രാഷ് ലാന്റ് ചെയ്തു...

"എന്താ ശങ്കരാ, നമ്മളെ ഒന്നും മൈന്‍ഡ് ഇല്ലല്ലേ" എന്ന് ഒരു അശരീരിയും ശങ്കരാചാര്യര്‍ മാത്രം കേട്ടു.


ശങ്കരാചാര്യര്‍ പിന്നെ അമാന്തിച്ചില്ല ചാടി എഴുന്നേറ്റ് ഉച്ചത്തില്‍ ഗോവിന്ദാഷ്ടകം അങ്ങു പാടി.ഗുരുവായൂരപ്പനും ഹാപ്പി ശങ്കരാചാര്യറും ഹാപ്പി....

അങ്ങിനെ ശങ്കരാചാര്യര്‍ "ധര്‍ത്തീപുത്ര്" ആയ സ്ഥലത്താണ് ചതുരത്തില്‍ ഒരു ഹോള്‍ ഇട്ടിരിക്കുന്നത്.

അല്ലാ അതിപ്പോള്‍ കഴിഞ്ഞിട്ട് കാലം എത്ര കഴിഞ്ഞു? ഇപ്പോള്‍ ഒരു ചതുരം അവിടെ സൃഷ്ടിച്ചതിന്റെ പിറകില്‍ എന്തായിരിക്കും ഉദ്ദേശം? ഇനി അഥവാ ഒന്നൂടെ വീഴുവാണേല്‍ റുഫീല്‍ കിടക്കണ്ട നേരെ താഴേക്കു പോന്നോട്ടെ എന്നായിരിക്കാം....


അച്ഛനും അമ്മയും ചില വഴിപാടും കാര്യങ്ങളുമൊക്കെയായി പല വഴി പോയി... ഞാന്‍ മെല്ലെ കിഴക്കേ നടയുടെ ഒരു ഭാഗത്ത് ചെന്നിരുന്നു.

തൊട്ടുമുന്‍പില്‍ ഒരു പതിനഞ്ചു-പതിനാറ് വയസുകാരിയായ ഒരു അതീവസുന്ദരിക്കൊച്ച്. ആളങ്ങനെ പതുക്കെ പതുക്കെ അടിപ്രദക്ഷിണം നടത്തുന്നു.

ഐശ്വര്യത്തിന്റെ നിറകുടമായ സുസ്മേരവദനത്തില്‍ "കരുണ ചെയവാന്‍ എന്ത് താമസം കൃഷ്ണാ? " എന്നൊരു ഭാവം പരിലസിച്ചിരിക്കുന്നു... ( അതല്ലേലും ആ പ്രായത്തില്‍ അങ്ങനെയാണ്‌. പെണ്‍കുട്ടികള്‍ക്ക് കൃഷ്ണന്‍ ഹീറോയും ആണ്‍കുട്ടികള്‍ക്ക് റോള്‍ മോഡലും )

ഈശ്വരാ എന്തൊരു തേജസാണ് ആ മുഖത്ത്! അടിവെച്ച് നീങ്ങുന്ന പാദപങ്കജങ്ങളില്‍ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന സ്വര്‍‌ണപാദസരങ്ങള്‍ ! പുള്ളിക്കാരി എന്റെ സ്റ്റീല്‍ബോഡി കണ്ട് ഞെട്ടണ്ട എന്നു കരുതി മെല്ലെ ചുമലില്‍ കിടന്ന തോര്‍ത്ത് നേരെയാക്കി ഞാന്‍ അങ്ങനെ നോക്കിയിരിക്ക്യാണ്


"ഇടറിയ മാമനാദം മധുരിതമല്ലെന്നാലും,
ചരണപങ്കജങ്ങളില്‍ ഇവനുമഭയമരുളൂ നളിന നയനേ....." (പ്ലീസ്)


ഭാവിയില്‍ ഞങ്ങള്‍ ഒരുമിച്ചു വന്നു ദര്‍‌ശിക്കുന്നതും, ഞങ്ങടെ പിള്ളാര്‍ അവിടെ ഉരുളിയില്‍ കിടന്ന് മഞ്ചാടി വാരുന്നതും ഒക്കെ സ്വപ്നം കണ്ട് കണ്ട് ഇരിക്കുമ്പോള്‍ പെട്ടെന്നാണ് അച്ഛന്റെ ശബ്ദം കാതില്‍ പതിച്ചത്.

"ഡോ ,... കൃഷ്ണനാട്ടം കാണാന്‍ ഇന്ററസ്റ്റ് ഉണ്ടോടോ?"

"എന്താ?"

"ഇന്ന് രാത്രി കൃഷ്ണനാട്ടം ഉണ്ടാവും. ഉറക്കമൊഴിയാന്‍ പറ്റുമെങ്കില്‍ കാണാം."

പലവട്ടം ആലോചിച്ചു. രസമുള്ള പരിപാടിയാണ്. കഥകളീടെ അത്രേം ഗുമ്മില്ലെങ്കിലും രസിച്ച് കണ്ടിരിക്കാം. സംഗീതം ഒക്കെ ബഹുജോര്‍ ആയിരിക്കുകയും ചെയ്യും. പക്ഷേ ഉറക്കത്തിന്റെ കാര്യത്തില്‍ ഒരു കോമ്പ്രമൈസ് ....

തിരിച്ച് പാഞ്ചജന്യം ലോഡ്ജില്‍ എത്തിയപ്പോള്‍ അവിടെ ബോര്‍ഡില്‍ കണ്ടു ... "വിവിദവധം"... കഥ വായിച്ചിട്ടുണ്ട്. കളി കണ്ടിട്ടില്ല. എന്നാല്‍ ഇന്നു തന്നെ ആയേക്കാം.

അങ്ങനെ രാത്രി ഞങ്ങള്‍ എല്ലാവരും കൂടെ വിവിദനെ വധിക്കുന്നത് കാണാന്‍ ചെന്നിരുന്നു.
ആട്ടവിളക്കിന്റെ പ്രകാശത്തില്‍ കളി തുടങ്ങുകയായി.

ദൂരെ മാറി അയാളും ഉണ്ട്. പകലു കണ്ട പാദപങ്കജങ്ങള്‍ക്കുടമ... പകലു പകുതി നിര്‍ത്തിയ സ്വപ്നത്തിന്റെ രണ്ടാം പാര്‍ട് അവിടെ വച്ചു കണ്ടുതുടങ്ങി....

"ആയിരം സങ്കല്പങ്ങള്‍ തേരുകള്‍ തീര്‍ത്ത രാവില്‍
‍അര്‍ജ്ജുനനായ് ഞാന്‍ അവള്‍ ഉത്തരയായി..."

ഞാനിവിടെ കണ്ണുകള്‍ കൊണ്ട് കൃഷ്ണനാട്ടവും കഥകളിയും ഒരുമിച്ച് കളിക്യാണ്. അയാള്‍ക്കാണെങ്കില്‍ നമ്മളെ കണ്ട ഭാവമേയില്ല....

ആട്ടം അങ്ങനെ തകര്‍ക്കുകയാണ്. സംഗതി ഇങ്ങനെയാണ്. കേരളത്തിലെ എം.എല്‍.എ മാരുടെ അതേ തത്വചിന്തയില്‍ വിശ്വസിച്ചതു കൊണ്ടോ മറ്റോ, അധികാരത്തിലേറിയ ശേഷം ശ്രീകൃഷ്ണന്‍ സ്വന്തം നിയോജകമണ്ഢലമായ വൃന്ദാവനത്തിലോട്ട് ഒരു നാടമുറിക്കല്‍ കര്‍മത്തിനു പോലും ചെല്ലുക ഉണ്ടായിട്ടില്ല..

അങ്ങിനെ വിവിദന്‍ എന്നൊരു വാനരശ്രേഷ്ഠന്‍ അവിടെ ചില കലാപരിപാടികള്‍ നടത്തിയത് ഒരു അടിയന്തിരപ്രശ്നമായി മാറിയപ്പോഴാണ്, ബുഷ് കോണ്ടലീസാ റൈസിനെ അയക്കുമ്പോലെ, ബലരാമനെ വൃന്ദാവനത്തിലോട്ട് അയക്കാം എന്ന് കൃഷ്ണന്‍‌ കരുതിയത്...

അങ്ങനെ വൃന്ദാവനത്തിലെത്തിയ ബലരാമന്‍ അവിടെ പല പല കലാപരിപാടികള്‍ കാഴ്ച വെയ്ക്കുകയാണ്. മദിരയും മദിരാക്ഷിയും.....

ബലരാമന്‍ കൊള്ളാലോ? വിചാരിച്ച പോലെ അല്ല (എത്ര ഒക്കെ ആയാലും ശ്രീകൃഷ്ണന്റെ ചേട്ടനല്ലേ)
ഗുരവേ നമ: , ശിഷ്യപ്പെടുത്തിയാലും....
(അന്നത്തെക്കാലത്ത് ശ്രീരാമസേന ഇല്ലാഞ്ഞത് ബലരാംജീയുടെ ഭാഗ്യം. ഇല്ലേല്‍ ഓണ്‍ ദ സ്പോട്ട് എത്ര കല്യാണം കഴിക്കേണ്ടി വന്നേനെ.... ഹൊ)

കഥ നല്ല രസം പിടിച്ചു വരുന്നു. എങ്കിലും ഒരേ രംഗം ആടിയാടി തകര്‍ക്കുകയാണ്.
കള്ളിന്റെ മണം അടിച്ച് ആ വഴി നാചുറല്‍ ആയി വിവിദവാനരന്‍ എത്തുകയായി...
അപ്പുറത്ത് നമ്മുടെ നളിനാക്ഷി നമ്മളെ മൈന്‍ഡ് ചെയ്യുന്നില്ല. ഇപ്പുറത്ത് ബലരാമനും വിവിദനും ഒരു തരത്തിലും അടുക്കുന്നുമില്ല...

കണ്ണുകള്‍ പതുക്കെ അടഞ്ഞുതുടങ്ങുകയാണ്. പാതി ചിമ്മിയ മിഴികളില്‍ ആട്ടവിളക്കിന്റെ പ്രകാശം നക്ഷത്രരൂപങ്ങള്‍ തീര്‍ക്കുന്നു. പതുക്കെ പതുക്കെ...

":ഗ്ഘ്രാആ........"

ഒരു അലര്‍‌ച്ചയോടെ എന്റെ നേരേ ചാടിവീണ ഭീകരരൂപം കണ്ടതും " എന്റമ്മേ" എന്നു വിളിച്ച് ഞാന്‍ ഞെട്ടി ഉണര്‍ന്ന് അമ്മയെ കെട്ടിപ്പിടിച്ചതും ഓര്‍മയുണ്ട്.

സംഭവിച്ചതിതാണ്. വിവിദവാനരന്‍ ബലരാമന്റെ "കള്ളിനെ" എങ്ങനെ അപ്രോച് ചെയ്യാം എന്ന് ആലോചിച്ചിരിക്കുമ്പോള്‍ കാണികള്‍ക്കിടയില്‍ ഒരു ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സന്തതി, സന്തതം കിടന്നുറങ്ങുന്നു. ഇമ്പ്രോവൈസേഷന്‍ ഇന്നിടത്ത് ഇങ്ങനെ എന്ന് ഭരതമുനി കൃത്യമായി പറഞ്ഞുവെച്ചിട്ടില്ലാത്തത് കൊണ്ട് എന്നാല്‍ ഇതു തന്നെ അവസരം എന്നു കരുതി പുള്ളി ആ പാവം പയ്യന്റെ നേരെ ഉച്ചത്തില്‍ അലറിവിളിച്ച് ചാടി അങ്ങു വീഴുന്നു....

കലികാലം! നമ്മടെ പാതി ജീവന്‍ അങ്ങു പോയി.... ശ്രീപദ്‌മനാഭന്‍ തുണ... ഇല്ലെങ്കില്‍ അന്നവിടെ വിവിദവധത്തോടൊപ്പം "വിവിധ" വധങ്ങള്‍ നടന്നേനെ....

സത്യം പറയാലോ ബാക്കിയുള്ള കളി മുഴുവന്‍ കണ്ണു മിഴിച്ചിരുന്നു കണ്ടു.... ഒരു സെക്കന്റ് ഒരു ഇമ പോലും ..ങേ ഹേ... വെട്ടിയിട്ടില്ല... ജെനുവിന്‍ താല്‍‌പര്യം കൊണ്ടാണ്... അല്ലാതെ പേടിച്ചിട്ടല്ല...

വേറേ എന്തു പറയാന്‍? കൃഷ്ണനാട്ടം കാണുന്ന പരിപാടി അന്നോടെ നിലച്ചെന്ന് പറഞ്ഞാല്‍ മതിയല്ലോ...

Monday, February 23, 2009

ഉരുകിയ മഞ്ഞുതുള്ളികള്‍ (കഥ)

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പേ എഴുതിയതാണ്. പത്താം ക്ലാസില്‍ വച്ച്...യൂണിക്കോഡല്ല.... സംഗതി മറ്റേ ഭീകരന്‍ ആണ്.


അച്ചടിമാധ്യമന്‍!
(പാവം ഒരു സ്കൂള്‍മാഗസിന്‍ ആണു കേട്ടോ)


+2 വിലെ മാഗസീനില്‍ പ്രസിദ്ധീകരിച്ചു....മാഗസീനിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കുമുള്ള എന്റെ നിസ്സീമമായ നന്ദി ഈയവസരത്തില്‍ ഒന്നു കൂടെ പറഞ്ഞുകൊള്ളട്ടേ...


ഓടോ:

എഴുതിയ പയ്യന്‍സിന്റെ ഫോട്ടോ കണ്ടിട്ട് അതാരാ എന്നൊന്നും ചോദിച്ചു കളയരുത്...


ക്ലിക്കി ക്ലിക്കി വലുതാക്കി വായിക്കൂ... :)


Monday, February 16, 2009

രസങ്ങളും തന്ത്രങ്ങളും

പ്രൊലോഗ് :

കൈയിലിരിക്കുന്ന പേപ്പര്‍ മേശപ്പുറത്തേക്ക് അലക്ഷ്യമായി ഇട്ട ശേഷം ഓമനടീച്ചര്‍ എന്റെ നേരെ മുഖമുയര്‍ത്തി.

"ശ്രീഹറീ... വാട്ടിസ് ദ കെമിക്കള്‍ ഫോര്‍മുല ഓഫ് കലോമല്‍ ഇലക്ട്രോഡ്?"

അനന്തവും അനാദിയുമായ പ്രപഞ്ചത്തിലെ അനേകം താരപടലങ്ങള്‍ക്കിടയില്‍ എവിടെയോ ഉള്ള ഒരു സ്പൈറല്‍ ഗാലക്സിയിലെ ഒരു കുഞ്ഞുനക്ഷത്രകുടുംബത്തിലെ മൂന്നാമത്തെ ഗ്രഹത്തില്‍ അനേകം സ്പിഷീസുകള്‍ക്കിടയില്‍ ഒരു ജീവി മാത്രമായ മനുഷ്യന്റെ ജീവിതത്തില്‍ ഒരു കലോമല്‍ ഇലക്ട്രോഡിന്റെ പ്രസക്തി എന്തെന്നറിയാതെ ഞാന്‍ ചിന്താധീനനായി നിന്നു. ഉത്തരമില്ലാതെ..

രസങ്ങളും തന്ത്രങ്ങളും

ഹോട്ടല്‍ ന്യൂ കേരളായില്‍ നിന്നും ചൂടാറാത്ത പൊറോട്ടയും മത്തിക്കറിയും തട്ടി ഞാന്‍ തിരിച്ച് ക്ലാസിലേക്ക് നടന്നു. പോളിടെക്സ്നിക്കിന്റെ ഉപയോഗശൂന്യമായ വര്‍ക്ക്ഷോപ്പുകളില്‍ ഒന്നിലായിരുന്നു അന്നു ഞങ്ങളുടെ ക്ലാസ് റൂം. എന്നത്തേയും പോലെ ഉച്ചസമയത്ത് എല്ലാവരും അങ്ങിങ്ങായി ഇരുന്നു കൊച്ചുവര്‍ത്തമാനം പറയുകയാണ്.

ഒരു വശത്ത് സംഗീതസഭ കൂടിയിരിക്കുന്നു.

"ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാം ഞാന്‍ അതു ഗൂഢമെന്നുടെ ആരാമത്തില്‍..."

മീഞ്ചന്തക്കാരന്‍ രാഗേഷ് ( ഞങ്ങളുടെ സ്വന്തം ചന്തരാഗേഷ്... പതിനാറ് കഴിയാത്ത സുന്ദരന്‍ മുഖത്ത് ഇരുപത്താറിന്റെ മീശ കൊണ്ടു നടക്കുന്ന മീശരാഗേഷ്..) ഇരുന്നു ദേശ് രാഗത്തില്‍ തകര്‍ക്കുകയാണ്. അടുത്ത് കോഴിക്കോട്-മലപ്പുറം ബോര്‍ഡര്‍ സുതന്‍ ഷഫീഖ് ഇരുന്ന് താളം പിടിക്കുന്നു. തന്റെ സുന്ദരന്‍ പല്ലുകള്‍ മുപ്പത്തിരണ്ടും പുറത്തുകാട്ടി ഇസ്മായില്‍ ആയിക്കൊണ്ടാണ് താളം പിടി...

മുത്തശ്ശി പറയുന്ന ഫെയറിടെയില്‍ കഥ കേട്ട് അത്ഭുതപ്പെട്ടിരിക്കുന്ന നാലു വയസുകാരിയോടെ ഭാവഹാവാദികളോടെ ശില്പ രാഗവിസ്താരം ആസ്വദിക്കുന്നു. മിനിറ്റില്‍ നൂറ്റിരുപത് തവണ ഇമ വെട്ടിക്കൊണ്ട് ഗാനകോകിലം രുഗ്മിണിയും പാട്ടു കേള്‍ക്കുന്നവരുടെ കൂട്ടത്തിലുണ്ട്. മീശരാഗേഷിന്റെ സംഗതികളും സംഗതിയില്ലായമയുമെല്ലാം നോട് ചെയ്യുകയാവണം.... മിക്കവാറും അബന്റെ ദേശ് ഇന്നു വിദേശ് ആവും...

നേരെ ആ ഭാഗത്തു തന്നെ ചെന്നിരുന്നു.

"ശ്ശ്ശ് എന്തു പറ്റി?"

"ചന്ത റൊമാന്റിക് ആയെടാ...." ഷഫീഖ് എന്നോട് മന്ത്രിച്ചു.രാഗേഷിന്റെ പാട്ടു കേട്ട് ചുറ്റുമുള്ളവര്‍ അതിലേറേ റൊമാന്റിക് ആവുന്നു.. കുഴപ്പം ആവുമോ....

ദേ അപ്പുറത്ത് ചാക്കോ ഇരുന്നു സ്വപ്നം കാണുന്നു...

"എന്താടാ ചാക്കോ.. അമീര്‍ ഖാന്റെ സിനിമയൊന്നും ഇക്കൊല്ലം ഇറങ്ങാനില്ലാത്തതു കൊണ്ടാണോ ഇങ്ങനെ ഇരിക്കുന്നത്..."

"അല്ലളിയാ ഞാന്‍ ഓര്‍ക്കുവാരുന്നു...."

"എന്തര് ..."

"എനിക്കവളോട് ആദ്യമായി ഇഷ്ടം തോന്നുന്നത് എട്ടാം ക്ലാസില്‍ വച്ച്. അന്നവള്‍ നാലാം ക്ലാസില്‍...."

കളരിപരമ്പര ദൈവങ്ങളേ .... നാലാം ക്ലാസില്‍ വെച്ചേ പെണ്‍കുട്ടികള്‍ എല്ലാം ബുക്ഡ് ആയോ?
ഞാന്‍ അവനെ സമാധാനിപ്പിച്ചു.. സാരമില്ലഡാ അവളങ്ങ് ദൂരെയല്ലേ... പോരാത്തതിന് പ്ലസ് റ്റൂ... നാട്ടില്‍ പോവുമ്പോള്‍ കാണാമല്ലോ....

"അതു ശരിയാ അളിയാ പക്ഷേ ദില്‍ ഹേ കി മാന്‍‌താ നഹീ... മനസില്‍ കയറി ആരോ മാന്തുന്നതു പോലെ...."ചാക്കോ ആമീര്‍ ഡയലോഗ് പറയാന്‍ തുടങ്ങി.

കുഴപ്പമാണ്. ദില്‍ ഹേകി മാന്താ നഹിയില്‍ നിന്നും പാപ്പ കെഹ്തേ ഹെ വഴി അവസാനം രംഗീലയെത്തും മുന്‍പേ തടയണം....

ഞാന്‍ പതുക്കെ വിഷയം മാറ്റാന്‍ തുടങ്ങി....

"ഹിന്ദുസ്ഥാനി കളയളിയാ നമുക്ക് ജന്തുവരാളിയില്‍ ഒരു പിടി പിടിക്കാം"

"ജന്തുവരാളിയല്ലെഡാ പന്തുവരാളി..." ഷഫീഖ് എന്നെ തിരുത്തി...

ആണല്ലേ... എന്നാല്‍ അതു വേണ്ട ... നമുക്കു വല്ല വഞ്ചിപ്പാട്ടും പാടാം...

"ഒന്നാനാം ചൂണ്ടനേലമര‍ം പിടിക്കുന്ന
പൊന്നിലും പൊന്നായ തമ്പുരാനേ..
.ഉല്‍സവക്കാവിലും കരയോഗനാവിലും
ഒന്നാമനായുള്ള തമ്പുരാനേ...
നിന്നെത്തേടിത്തുഴഞ്ഞുവരുന്നൂ...
നിന്റെ ചെറുമീതന്‍ ചുരുളന്‍ വള്ളം...."

അവിചാരിതമായി രവീന്ദ്രസംഗിതം കടന്നുവന്നപ്പോള്‍ ശനിയ്യാഴച രാവിലെ ബാലരമ കണ്ട ഒന്നാം ക്ലാസുകാരിയെപ്പോലെ രുഗ്മിണി ചിരിച്ചു... അല്ലെങ്കിലും അതങ്ങനെയാണ് രവീന്ദ്രസംഗീതത്തിന്റെ കാര്യത്തില്‍ രണ്ടഭിപ്രായമില്ല ആര്‍ക്കും...

പാട്ടു കനക്കുന്നതിനിടയില്‍ എവിടോ നിന്നൊ അമൃത ഓടിയെത്തി...
"പൂത്താലം വലം കൈയിലേന്തീ വാസന്തം....
മധുമാരിയില്‍ സുമരാജിയില്‍
കാറ്റിന്‍തൂവല്‍ തഴുകീ കന്യാവനമിളകീ...."

പാട്ടു കേട്ടതും ഷഫീഖ് വയലന്റായി...
"എന്റെ പൊന്നമൃതേ എത്ര കാലാമായീ നീയീ പൂത്താലം വല്‍ം കൈയിലേന്തുന്നു... അതിനി ഇടത്തെ കൈയിലോട്ട് മാറ്റിപിടിച്ച് വേറേ വല്ല പാട്ടും പാട്..."

"ആരാ അവിടെ പാട്ടുപാടുന്നത്?" അമിതാബ് ബച്ചന്‍ മലയാളം പറയുന്നത് പോലെ ഘനഗംഭീരമായ ഒരു ശബ്ദം കേട്ട് എല്ലാവരുടേയും ശ്രദ്ധ ആ ഭാഗത്തേക്കായി...

ഒന്നേ നോക്കിയുള്ളൂ.... ഒരു ബാച്ചിന് മൊത്തമായി ആകെക്കൂടെയുള്ള സിക്സ് പാക്കാണ് വിപിന്‍....പലപ്പോഴും ക്ലാസില്‍ വല്ല കാര്യത്തിനും തിരിഞ്ഞു നോക്കിയ്യാല്‍ ആദ്യം കാണുന്നതവന്റെ ബൈസെപ്സ് ആണ്.... പണ്ടാരക്കലനാണെങ്കില്‍ ഹാഫ് സ്ലീവ് ഷര്‍ട്ട് ഇട്ടെ വരൂ....

ഇനിയിവിടെ മിക്കവാറും മ്യൂസിക് വിത്ത് ബോഡി മസില്‍സ് നടക്കും

"മെലഡി പാടണമെടാ മെലഡി..." വിപിന്‍ വികാരാധീനനായി....

"ഓമലാളെ കണ്ടൂ ഞാന്‍ പൂങ്കിനാവില്‍..."

"ഓമാലാളുടെ കാര്യം പറഞ്ഞപ്പോഴാ .. കെമിസ്ട്രി ലാബില്‍ കയറാന്‍ ടൈം ആയി...ഓമന ടീച്ചറ് എത്തും മുന്‍പേ കയറണം"

ഷഫീഖ് പറഞ്ഞു മുഴുമിക്കും മുന്‍പേ പലരും പല വഴിക്കോടി... ബാഗ്ഗിനുള്ളില്‍ നിന്നും ലാബ് യൂണിഫോം എടുത്ത് ഷഫീഖ് ബാത്ത് റൂമിലേക്കോടി... റെക്കോര്‍ഡ് എവിടെ വര്‍ക്ക് ബുക്ക് എവിടെ എന്നും പറഞ്ഞ് ശില്പ വേറൊരു വഴിക്കോടി.... മസിലു പെരുപ്പിച്ച് വിപിന്‍ ഫിസിക്സ് ലാബിലോട്ടോടി....

ഞാന്‍ ഒന്നമാന്തിച്ചു നിന്നു... ഒന്നാമതേ കെമിസ്ട്രി ലാബ്... എനിക്ക് എന്താ എന്നറിഞ്ഞൂട എട്ടാം ക്ലാസു മുതലേ കെമിസ്ട്രി വളരെ ഇഷ്ടമുള്ള സബ്ജക്റ്റാണ്. ഓക്സിജന്റെ വാലന്‍സി എത്രയാണെന്ന് ഉറക്കത്തില്‍ ചോദിച്ചാല്‍ പോലും ഞാന്‍ പറയും "പതിനാല്".. അതു കൊണ്ട് ലാബില്‍ ഭയങ്കര പെര്‍ഫോര്‍മന്‍സ് ആണ്.

പന്ത്രണ്ടാം ക്ലാസിലെ ലാബില്‍, ടെസ്റ്റ്യൂബില്‍ സൊലൂഷന്‍ ചൂടാക്കുമ്പോള്‍ ബുന്‍സന്‍ ബര്‍ണറിനു മുകളില്‍ ( തീക്കളി ആയതു കൊണ്ട് ആകെക്കൂടെ ഇഷ്ടമുള്ള ഒരു കാര്യം അതാണ് വല്ലതും ചൂടാക്കുക) ടെസ്റ്റ് റ്റ്യൂബ് 60 ഡിഗ്രി ചെരിച്ചു പിടിക്കണം എന്നു ഷാജിമാഷ് പറഞ്ഞത്‌ കേട്ട് അങ്ങനെ ചെയ്തതും, ഞാന്‍ ചൂടാക്കിക്കൊണ്ടിരുന്ന ടെസ്റ്റ് റ്റ്യൂബില്‍ നിന്നും കതിനക്കുറ്റിക്ക് തീ പിടിക്കുന്നതിന് തൊട്ട് മുന്‍പുള്ള ശബ്ദത്തോടെ എന്തോ ഒരു സംഭവം ആകാശത്തേക്ക് ഉയറ്ന്ന് പൊങ്ങിയതും, കൃത്യം അറുപത് ഡിഗ്രി ട്രാജക്റ്ററിയില്‍ സഞ്ചരിച്ച് ആകാശത്തില്‍ ഷാജിമാഷുടെ നേരെ തലയ്ക്കു മുകളില്‍‍ അത് മഴയായി പെയ്‌തതും ഒരു നിമിഷം ഓര്‍ത്തു പോയി....(നോ അതിശയോക്തി ഹിയര്‍)

രണ്ടാമത് ഓമനടീച്ചര്‍ക്ക് ക്ലാസില്‍ ആകെ കൂടെ ഒരിഷ്ടം ഉള്ളത് എന്നോടാണ്. മകരം മരങ്ങളിലോര്‍‌മ്മകള്‍ പൊഴിക്കുന്ന ഒരു സുന്ദരദിനത്തില്‍ , ക്ലാസുമുറികളില്‍ ഹോമിക്കപ്പെടുന്ന യുവത്വത്തിന്റെ നിരര്‍ഥകത ഓര്‍‌ത്ത് ഓമനടീച്ചറുടെ ഇലക്ക്ട്രോകെമിസ്ട്രി ക്ലാസില്‍ നിന്നും സ്കൂട്ടായി കൈരളി തീയേറ്ററില്‍ ഹാജര്‍ വെച്ച അന്നു മുതലാണ് ടീച്ചര്‍ക്കെന്നോട് അതികലശലായ ഇഷ്ടം വന്ന് തുടങ്ങിയത്. അന്ന് തീയേറ്ററില്‍ നിന്നും തിരിച്ച് വീട്ടില്‍ എത്തും മുന്‍പേ ഒരു ട്രങ്ക് കോള്‍ എന്നെ വീട്ടില്‍ വെയ്റ്റ് ചെയ്യുന്നുണ്ടായിരുന്നു....

അല്ലെങ്കില്‍ തന്നെ ഈ കെമിസ്ട്രി പഠിച്ചിട്ട് എന്ത് മലമറിക്കാനാ എന്ന് ഇത്രയും കാലമായിട്ടും എനിക്ക് മനസിലായിട്ടില്ല. സപ്പോസ് ഒരു ദിവസം രാവിലെ വീട്ടില്‍ അമ്മ ചായ ഉണ്ടാക്കാന്‍ നോക്കുമ്പോള്‍ വെള്ളം തീര്‍ന്നുപോയി എന്നു കരുതുക. അല്ലെങ്കില്‍ വെള്ളം കോരുന്ന ബക്കറ്റ് കിണറ്റില്‍ പോയി എന്ന്...

എന്നാല്‍ കെമിസ്ട്രി അറിയാലോ എന്നും പറഞ്ഞ് കൂറേ ഓക്സിജന്‍ മോളിക്യൂളിനേയും ഹൈഡ്രജന്‍ മോളിക്യൂളിനേയും ഓടിച്ചിട്ട് പിടിച്ച് വെള്ളം ഉണ്ടാക്കിക്കളയാം എന്നു കരുതിയാല്‍ നടക്കുമോ? കം‌പ്ലീറ്റ് വേസ്റ്റ് ഓഫ് ടൈം.....

വെറുതെയല്ല ഓള്‍ സയന്‍സ് ഈസ് ഐദര്‍ ഫിസിക്സ് ഓര്‍ സ്റ്റാമ്പ് കളക്റ്റിംഗ് എന്ന് കെമിസ്ട്രി വിദ്വാന്‍ റൂതര്‍ഫോര്‍‌ഡ് പറഞ്ഞു കളഞ്ഞത്...

മനസില്ലാമനസോടെയാണ് ലാബിലേക്ക് നടന്നു തുടങ്ങിയത്. വഴിക്ക് കോളേജ് ക്രിക്കറ്റ് ഗോപറ്റീഷന്‍ ഫൈനലില്‍ കെമിക്കല്‍ എഞ്ചിനീയറിംഗിനെ തോല്പിച്ച മെക്കാനിക്കല്‍ ഗഡികള്‍ ജാഥയായി മുദ്രാവാക്യം വിളിച്ചോണ്ട് പോവുന്നു...

"പിപ്പറ്റല്ലിത് ബ്യൂററ്റല്ലിത് ക്രിക്കറ്റാണേ കട്ടായം....."

മനസ് ഇത്തിരി ഒന്നു തണുത്തു. ഒരുത്തന്‍ പിപ്പറ്റിനേയും ബ്യൂററ്റിനേയും ചീത്ത വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ എന്തൊരാശ്വാസം...

വിനമ്രിതശിരസ്കനായി ലാബിനുള്ളില്‍ കയറി. ഡെസ്കിലേക്ക് പൊവും മുന്‍പേ ഓമനടീച്ചറുടെ മേശയിലേക്ക് ഒന്നു നോക്കി.... വെള്ളത്തില്‍ വീണ പൊട്ടാസ്യം പോലെ എന്റെ നെഞ്ച് കത്തി.
ഇന്റേണല്‍ പരീക്ഷയുടേ ആന്‍സര്‍ ഷീറ്റുകള്‍.... എന്തൊക്കെ അക്രമമാണതില്‍
കാണിച്ചതെന്നാര്‍ക്കറിയാം...

ഓര്‍ഗാനിക് കെംസ്റ്റ്റിയില്‍ ഏതോ ഒരു ഒടുക്കത്തെ എസ്റ്ററിന്റെ മോളിക്യൂലാര്‍ സ്ട്രകചര്‍ വരക്കാനുള്ള ചോദ്യം ഓര്‍മ ഉണ്ട്.

കെമിസ്ട്റി എന്ന വിഷയത്തിലെ താല്പര്യമൊന്നു കാരണം വീട്ടിലെ ജനാലയുടെ കമ്പികള്‍ ബന്‍സീന്‍ റിംഗിന്റെ ആകൃതിയില്‍ പ്രത്യേകം ഡിസൈന്‍ ചെയ്യിച്ചാണ് അച്ഛന്‍ പണി കഴിപ്പിച്ചിരിക്കുന്നത് ( ലോകത്ത് വേറേ ഏതെങ്കിലും വീടിന്റെ ജനല്‍ക്കമ്പികള്‍ ബന്‍സീന്‍ റിംഗിന്റെ ഷേപ്പില്‍ ഉണ്ടോ എന്നെനിക്കറിയില്ല).

ഓര്‍മ വെച്ച കാലം മുതല്‍ ബന്‍സീന്‍ റിംഗ് കണ്ടു വളര്‍ന്ന എന്നോടാണോ കളി... തലങ്ങും വിലങ്ങും ഹെക്സാഗണുകള്‍... ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് അനേകം വാലന്‍സി വരകള്‍. ചിലയിടന്ന് സിംഗിള്‍ ബോണ്ട് ചിലയിടത്ത് ഡബിള്‍ ബോണ്ട്.... അതിപ്പോല്‍ ഇങ്ങനെ ഇന്നിടത്ത് എന്നൊന്നുമില്ല. എനിക്ക് തോന്നിയ പോലെ...

അങ്ങനെ ഒരു പക്ഷേ കെകൂലി പോലും തോല്‍ക്കുന്ന മോളിക്യുലാര്‍ സ്ട്രക്‌ചര്‍ ഉള്‍പ്പടെ അനേകം അബ്സ്ട്രാക്റ്റ് ആര്‍ട്ടുകള്‍ പരിലസിക്കുന്ന ഒരു ആന്‍സര്‍ പേപ്പറും അക്കൂട്ടത്തില്‍ കാണും.

എന്റെ ലാബ്മേറ്റ് ഗഡി ശ്രീലേഖ് പിപ്പറ്റും ബ്യൂററ്റും ഒക്കെ കഴുകുന്നു. മുന്‍പ് എന്റെ ലാബ് മേറ്റ് സൗമ്യയായിരുന്നു. അവളാണെങ്കില്‍ കുഴപ്പം ഇല്ല. ഒരു കോണീക്കല്‍ ഫ്ലാസ്ക്കില്‍ എന്റെങ്കിലും കുറേ ലിക്വിഡ് ഒക്കെ ഒഴിച്ച് ബ്യൂററ്റിന്റെ അടിയില്‍ മുന്‍സിപ്പല്‍ പൈപ്പിന്റെ അടിയില്‍ നിന്നും വെള്ളം പിടിക്കുന്നതു പോലെ വെച്ചിളക്കിക്കോളും. പകുതിസമയവും സ്വപ്നലോകത്തായതു കൊണ്ട് ബ്യൂററ്റിലെ സംഭവങ്ങള്‍ മൊത്തത്തിന്‍ കോണിക്കലെ ഫ്ലാസ്കിലായാലും പുള്ളിക്കാരി അറിയില്ല എന്നൊരു ഗുണമുണ്ട്.

മാഹിമോന്‍ അങ്ങനെയല്ല... സിന്‍സിയാറിറ്റി ഒക്കെ ഉള്ള കൂട്ടത്തില്‍ ആണ്.

മുന്‍പില്‍ സുഗുണ, മാഡം ക്യൂറിയെ തോല്പിച്ചേ അടങ്ങൂ എന്ന മട്ടില്‍ എന്തൊക്കെയോ ഇളക്കുന്നു , ഒഴിക്കുന്നു, മണത്തു നോക്കുന്നു... എന്തൊക്കെയാണോ എന്തോ....

"ശ്രീഹറീ......" ഓമനടീച്ചറുടെ ഘനഗംഭീരശബ്ദം ലാബോട്ടുക്കും മുഴങ്ങി. ആ വിളിയില്‍ തന്നെ എന്തൊരു സ്നേഹം!...

"ശ്രീഹറീ.... ഒന്നിങ്ങോട്ട് വരൂ...."

ഞാന്‍ ടിച്ചറുടെ മുന്നില്‍ സ്റ്റാന്‍ഡ് അറ്റ് ഈസ് ആയി... ടീച്ചറുടെ കൈയില്‍ , കൊലച്ചിലില്‍ കാക്ക തൂറീയത് പോലുള്ള ഹാന്‍ഡ് റൈറ്റിംഗില്‍ ഒരു ആന്‍സര്‍ പേപ്പര്‍... അതാരുടേത് എന്നൂഹിക്കാന്‍ എനിക്ക് ഫോറന്‍സിക് പരിശോധന നടത്തേണ്ട ആവശ്യം ഇല്ലായിരുന്നു....

"ശ്രീഹറീ... വാട്ടിസ് ദ കെമിക്കള്‍ ഫോര്‍മുല ഓഫ് കലോമല്‍ ഇലക്ട്രോഡ്?"

കാവിലമ്മേ .. പിതൃക്കളേ... ചതിച്ചോ? അതായിരുന്നു എക്സാമിലെ ആദ്യത്തെ കൊസ്റ്റയന്‍.... കലോമല്‍ എന്നാല്‍ മെര്‍‌ക്കുറിയും ക്ലോറിനും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിലെ ജാരസന്തതി ആണെന്ന് മാത്രം അറിയാം. അതില്‍ മെറ്ക്കുറിയ്ക്കാണോ ക്ലോറിനാണോ കൂടുതല്‍ പങ്ക് എന്നൊക്കെ ചോദിച്ചാല്‍?

ഉത്തരമെഴുതുമ്പോള്‍ രണ്ടൂം മൂന്നും കല്പിച്ച് hg2cl എന്നെഴുതിയത് ഓര്‍മ ഉണ്ട്. അതല്ല എന്നുറപ്പായി( ഓ പിന്നെ hg യുടെ അടില്‍ രണ്ടോ ക്ലോറിന്റെ അടിയില്‍ മൂന്നോ എന്ന് നോക്കിയിട്ടല്ലേ ഇവിടെ സൂര്യനുദിക്കുന്നത്..)

"എച്,,,,,എച്,,,,, എച് ജി ടൂ സീ എല്‍ ടൂ...."

"എന്നിട്ടതൊന്നും അല്ലല്ലോ എക്സാമിനെഴുതിയത്?"

പറഞ്ഞ ഉത്തരം ശരി!.... തിരിച്ചു വീട്ടില്‍ പോവുന്ന വഴി ഒരു ലോട്ടറി എടുത്തേക്കാം...

"ക്ലാസിലൊന്നും കേറാത്തത് എല്ലാം അറിയാവുന്നത് കൊണ്ടാണെന്ന് ഞാന്‍ കരുതി..." ടീച്ചര്‍ എന്റെ ശവപ്പെട്ടിയിലേക്ക് ആണികള്‍ ഒന്നൊന്നായി അടിച്ചിറക്കുകയാണ്...

"ഇനിയെങ്കിലും ക്ലാസില്‍ ഒക്കെ കയറാന്‍ നോക്ക്... കലോമല്‍ ഇലക്ട്രോഡ് പോലും അറിയില്ലെങ്കില്‍ എങ്ങനയാ മാര്‍ക്ക് തരുന്നത്?"

ലാബിലുള്ള വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം എന്നെയാണ് ശ്രദ്ധിക്കുന്നത്. അഭിമാനത്തിന്റെ ആസിഡ് ലായനിയിലേക്ക് ഓമനടീച്ചറുടെ വാക്കുകള്‍ ആല്‍ക്കലിയെന്ന പോലെ ഇറ്റിവീഴുകയാണ്. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഉയരുന്ന വേദന...

തിരിച്ചു നടക്കുമ്പോള്‍ ആരുടേയും കണ്ണുകളില്‍ നോക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. മാഹിയോടൊപ്പം ടൈട്ടെറേഷന്‍ തുടരുമ്പോഴും മനസില്‍ അപമാനഭാരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു....

"ഇന്നത്തെ റീഡിംഗ് കറക്ട് ആണ് 22.3 രണ്ടു തവണ തുടര്‍ച്ചയായി കിട്ടി..." മാഹിമോന്‍ സന്തോഷത്തോടെ പറഞ്ഞു...

അതെ ഇന്നത്തേ റീഡിംഗ് കറക്ട് ആണ്. കോണിക്കല്‍ ഫ്ലാസ്കില്‍ നിന്നും അവന്‍ ടൈട്രേറ്റ് ചെയ്ത ലായനിയില്‍ രണ്ടു തുള്ളി കണ്ണുനീര്‍ ചേര്‍ന്നത് ഒരുപക്ഷേ അവന്‍ അറിഞ്ഞു കാണില്ല....

എപ്പിലോഗ് :

എന്നിട്ടും ഞാന്‍ നന്നായില്ല!

Thursday, February 12, 2009

മാജിക് ലാം‌പ് - റീലോഡഡ്

അറ്റമില്ലാതെ പരന്നു കിടക്കുന്ന മണലാരണ്യത്തിന്റെ നടുവില്‍ , പഴുത്തു ചുവന്ന ഈന്തപ്പഴങ്ങള്‍ നിറഞ്ഞ പനയുടെ താഴെ , അഴുക്കുപുരണ്ട തന്റെ കുപ്പായക്കീശയില്‍ നിന്നും അലാദ്ദീന്‍ ഇനിയും തിളക്കം നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു പഴയ വിളക്ക് പുറത്തെടുത്തു.

സംഭവിക്കാന്‍ പോവുന്നത് എന്താണ് എന്നറിയാവുന്നത് കൊണ്ട് തന്നെ അവന്‍ ഒരു നിമിഷം സംശയിച്ചു നിന്ന ശേഷം വിളക്കില്‍ ഉരസാന്‍ തുടങ്ങി.

സ്മോക്ക് എഫക്റ്റ്......

വിളക്കില്‍ നിന്നും സുന്ദരനായ ഒരു ജീനി പുറത്തു ചാടി.

"ആലം‌പനാ..." .


തന്റെ പോണിടെയില്‍ ബെക്കാമിനെ പോലെ ആട്ടിക്കൊണ്ട് ജീനി സംസാരിച്ചു തുടങ്ങി.


"ആലം‌പന അല്ല ഈന്തപ്പന". അലാദ്ദീന്‍ നിഷ്കളങ്കമായി പറഞ്ഞു.


ജീനി ചിരിക്കണോ എന്ന് ഒരു നിമിഷം സംശയിച്ചു.


"ഇനി ഇത്തരം തമാശ പറഞ്ഞാല്‍ നിന്നെ ഞാന്‍ റിയാലിറ്റി ഷോയുടെ ജഡ്ജിയായി പോസ്റ്റ് ചെയ്യും. വാണിംഗ്‌ തന്നില്ലെന്നു വേണ്ട."


റിയാലിറ്റി ഷോ കണ്ട് കപ്പല്‍ കയറി നാട് വിട്ട സിന്ദ്‌ബാദ് ദ സെയിലറുടെ കാര്യം ഓര്‍ത്ത് അലാദ്ദീന്‍ നാക്കു കടിച്ചു പിടിച്ചു.


"കമിംഗ് റ്റു ദ പോയിന്റ്" ജീനി വീണ്ടും സംസാരിച്ചു തുടങ്ങി.


" എന്റെ വിളക്കിലെ സ്ക്രാച്ച് ആന്‍‌ഡ് വിന്‍ കോമ്പറ്റീഷനിലെ ഫസ്റ്റ് വിന്നര്‍ എന്ന പരിഗണനയില്‍ ഒരു ഓഫര്‍ തരാം. ജസ്റ്റ് മൂന്ന് വിഷസ്. നതിംഗ് മോര്‍ നതിംഗ് ലെസ്സ്."


അലാദ്ദീന്‍ ഒരു നിമിഷം ചിന്തിച്ചു നിന്നു.


" ചോദിച്ചാല്‍ എന്നെ ടീം ഇന്‍ഡ്യയുടെ കോച്ച് ഒന്നും ആക്കിക്കളയില്ലല്ലോ?" സംശയം പൂര്‍‌ണമായും വിട്ടുമാറാതെ അലാദ്ദീന്‍ ചോദിച്ചു.


"നഹി നഹി ആലം‌പനാ...."


"ഈ മണലാരണ്യത്തിന്റെ ഭാവി........ നമ്മുടേയും."


" സുന്ദരം, സുരഭിലം..... നഗരങ്ങള്‍, വികസനം, കൂറ്റന്‍ കെട്ടിടങ്ങള്‍. നാളെയുടെ ഇന്ധനത്തിനു വേണ്ടി ഏഴു കടലിനക്കരെ നിന്നും മനുഷ്യര്‍ ഇവിടെയെത്തും. രക്തച്ചൊരിച്ചിലുകള്‍ നിരന്തരം. നിന്റെയും എന്റെയും അസ്ഥികള്‍ നാളെ മനുഷ്യര്‍ കുഴിച്ചെടുത്ത് ഈ വിളക്കിലൊഴിച്ച് കത്തിക്കും. " ജീനി ഗദ്‌ഗദകണ്ഠന്‍ ആയി.

"നമ്മുടെ ഭാവിയെക്കുറിച്ച് പറഞ്ഞില്ല...." അലാദ്ദീന്‍ അക്ഷമനായി.


"നിന്റെയും എന്റെയും കഥ കാലഘട്ടങ്ങളെ അതിജീവിക്കും . അതിര്‍ത്തിവരമ്പുകള്‍ ഇല്ലാതെ അവ മനുഷ്യഹൃദയങ്ങളില്‍ കുടികൊള്ളൂം. "


"ബാക്കി പറയൂ"


" കഥകളില്‍ എന്റെ സൗന്ദര്യം നിനക്ക് നല്‍‌കപ്പെടും. നിന്റെ വൈരൂപ്യം എന്നില്‍ ആരോപിക്കപ്പെടും. കഥകളില്‍ എപ്പോഴും നായകന്‍ സുന്ദരനാവേണമല്ലോ."


ജീനിയുടെ കണ്ണുകളില്‍ അശ്രുബിന്ദു.


" കഥാന്ത്യത്തില്‍ വിജയം നിന്റേതായിരിക്കും. എനിക്ക് വിദൂഷകന്റെ വേഷമാവും. നീ വേട്ടക്കാരനും ഞാന്‍ വേട്ടമൃഗവും "


" മതി. ഇനി സെക്കന്റ് വിഷ്.... രാജകുമാരി."


ജീനി കൈകള്‍ ഉയര്‍ത്തി. മുല്ലപ്പൂവിന്റെ സുഗന്ധം അന്തരീക്ഷത്തില്‍ പടര്‍ന്നു. രാജകുമാരി ദൈന്യം നിറഞ്ഞ മിഴികളോടെ ജീനിയെ നോക്കി. ജീനി മുഖം തിരിച്ചു.


"ഇനി നിന്റെ അവസാനത്തെ ആഗ്രഹം കൂടെ ആവശ്യപ്പെടാം. എന്റെ മോചനത്തിന്റെ സമയവും അടുത്തു തുടങ്ങി."


" എന്റെ അവസാനത്തെ ആവശ്യം എന്തെന്നാല്‍"


അലാദ്ദീന്‍ ഒന്നു നിര്‍ത്തി. ജാസ്മിനെ നോക്കി കണ്ണിറുക്കിക്കാണിച്ച ശേഷം അവന്‍ തുടര്‍ന്നു.


"ഇനിയുള്ള കാലം നീ എന്റെ പരിചാരകനായി, എന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചു തന്ന് എന്റെ കൂടെ അടിമയായി..."


കഥാന്ത്യം മുന്‍‌കൂട്ടി അറിഞ്ഞിരുന്ന ജീനി കണ്ണുകള്‍ താഴ്ത്തി.


അലാദ്ദീന്‍ ചിരിച്ചു. വേട്ടക്കാരന്റെ ചിരി.

Thursday, February 5, 2009

സൂര്യഗ്രഹണത്തിന്റെ ചിത്രങ്ങള്‍

പ്രിയ സതീര്‍ഥ്യന്‍ ഫിലിപ്. പി. ജയിംസ് എടുത്ത സൂര്യഗ്രഹണത്തിന്റെ ഫോട്ടോകള്‍ ആണ് താഴെ.
മൂന്നു ഫോട്ടോകള്‍ - മൂന്നും മൂന്നു തരം ടെലിസ്കോപിന്റെ സഹായത്താല്‍ എടുത്തത്.ടെലിസ്കോപ് അടക്കമുള്ള ഒരുക്കങ്ങള്‍ ഡാര്‍ക്ക്‌നെസ്സില്‍ ആണ് സെറ്റ് അപ് ചെയ്യുന്നത്.
ഫോട്ടോകള്‍ എങ്ങിനെ എടുത്തു എന്നത് അവന്റെ തന്നെ വാക്കുകളില്‍:

"Three photos are from three different telescopes. Two of them viewing was from eye piece with filter in objective. Of these two, one was 6" cassigrean reflecting and other 6" refracting telescope.

Third one from 4" reflecting telescope with projection method. We move eyepiece and project the rays to a white screen. The telscope would be kept in a dark enclosure. "

ഫിലിപിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തട്ടേ. ഫോട്ടോകള്‍ക്കും അറിവിനും.

സൂര്യഗ്രഹണത്തെക്കുറിച്ച് മുന്‍പ് ടോട്ടോചാന്‍ ഇട്ട പോസ്റ്റ് ഇവിടെ വായിക്കാം

Tuesday, February 3, 2009

അതു മഞ്ജരി ആയില്ല!!!

അങ്ങനെ മഞ്ജരിയും പോയി. ഗായിക മഞ്ജരിയുടെ പ്രണയ കഥയും വായിച്ചു. ഒരു പ്രതീക്ഷ ഉണ്ടായിരുന്നതാണ്. അതും...

പാടാനുള്ള കഴിവ് ജന്മസിദ്ധമായി തന്നെ എനിക്ക് വളരെ "കൂടുതല്‍" ആയി ലഭിച്ചിരിക്കുന്നതു മൂലം ആവണം ഗായികമാരോട് പണ്ടേ ഒരു "ഇദ്" കൂടുതല്‍ ആണ്.പണ്ട് മേരീ ആവാസ് സുനോയില്‍ സുനീധീ ചൗഹാന്‍ പാടുന്നത് കേട്ടപ്പോഴാണ് ആദ്യമായി അങ്ങനെ ഒരു സംഭവം തുടങ്ങിയത്. നല്ല കൊച്ച്. എന്താ പാട്ട്! ലതാ മങ്കേഷ്കര്‍ ഒക്കെ കഷ്ടപ്പെട്ട് റീടേക്ക് എടുത്ത പാടുകള്‍ അല്ലേ കുഞ്ഞ് വഞ്ച്ചിപ്പാട്ട് പാടും പോലെ ഈസിയായി പാടിക്കളഞ്ഞത്? ഫൈനല്‍ എപിസോഡു വരെ മുഴുവന്‍ കണ്ടു തീര്‍ത്ത ശേഷം അത് അതിന്റെ വഴിക്കു പോയി... ഇപ്പോ "ബീഡി ജലൈലേയും, സജ്നാ ദീ വാരി വാരി" യും ഒക്കെ ആയി ഒരു വഴിക്ക്.

പ്രായം കുറഞ്ഞ ഗായികമാരെ ഒന്നും പിന്നെ അങ്ങനെ കാണാന്‍ കിട്ടിയില്ല. അങ്ങന്റെ ഇരിക്കുമ്പോഴാണ് നമ്മടെ ഗായത്രി ചേച്ചീടെ വരവ്. കാണാനും കൊള്ളാം. ആടയാഭരണങ്ങള്‍ ഒന്നുമില്ല. തനി ഫെമിനിസ്റ്റ് ലുക്.. ഒരുമാതിരി ഇഷ്ടം ആയി വന്നെങ്കിലും ക്ലച് പിടിച്ചില്ല. ചേച്ചി കെട്ടി പോവേം ചെയ്തു....

പിന്നെയാണ് ജ്യോത്സ്ന എന്നൊരു കക്ഷി പ്രത്യക്ഷപ്പെടുന്നത്. "സുഖമാണീ നിലാവ്" എന്നൊരു സോംഗ്. തരക്കേടില്ല. പാട്ടിനു വലിയ ഡെപ്ത് ഒന്നും ഇല്ല. എന്നാലും ആ പാട്ടിനകത്തെ ആലാപ് പുള്ളിക്കാരി സ്വന്തം കയ്യില്‍ നിന്നും എടുത്ത് അലക്കിയതാ എന്നറിഞ്ഞപ്പോ ന്യായമായും ഒരു ആരാധന തോന്നിപ്പോയി. എന്തു പറയാന്‍, ഗായികക്ക് തടി കൂടുകയും ആലാപനമികവ് ഇച്ചിരി കുറയുകയും ചെയ്ത ശേഷം അതും കെട്ടടങ്ങി...

ഇങ്ങനെ ഒക്കെ ജീവിതം അങ്ങ് പോയ്ക്കൊണ്ടിരുന്നപ്പോഴാണ് മഞ്ജരി സിനിമാ സ്റ്റൈല്‍ എന്‍‌ട്രി നടത്തിക്കളഞ്ഞത്. പണ്ടു തൊട്ടേ ഹിന്ദുസ്ഥാനിയോട് ഒരു "സോഫ്റ്റ് കോര്‍ണര്‍" ഉള്ളതാണ്. ഗസലും ഷായരിയും കാര്യങ്ങളും ഒക്കെ കേട്ടാല്‍ മനസ് ഒന്നാടും.അപ്പോഴല്ലേ ആള്‍ "മുകിലിന്‍ മകളേ" പാടിയത് കേള്‍ക്കാനിട വന്നത്. വീണു. ആദ്യം കേട്ടപ്പോള്‍ തന്നെ മലര്‍ന്നടിച്ച് വീണു(പിന്നെ എഴുന്നേറ്റിട്ടില്ല).

സ്റ്റൈല്‍ ....

ആളു കാണാനും സുന്ദരിയാണ് എനറിഞ്ഞപ്പോള്‍ ന്യായമായും ക്യൂപിഡിന്റെ വിളിയും വന്നു.

അങ്ങിനെയിരിക്കുമ്പോഴാണ് ഉണ്ണിമേനോന്‍ കോഴിക്കോട് കടപ്പുറത്തിനെ ഗാനകേളിയില്‍ ആറാടിക്കാനെത്തുന്നു എന്ന ന്യൂസ് കേട്ടത്.

ഉണ്ണി മേനോന്‍...

എന്താപാട്ട്.... പുതു വെള്ളൈ മഴയും, മിന്നലെപ്പിടിക്കുന്നതും, എന്ന വിലയെന്റെ അഴകും എത്ര വേണേലും കേട്ടിരുന്നോളാം... ഏകാന്ത ചന്ദ്രിക ലൂപിലിട്ട് കേള്‍ക്കാം...പക്ഷേ ഗാനമേള കേള്‍ക്കാന്‍ നമ്മള്‍ പോയതു തന്നെ.

ബട്...... ബട്... ബട്...

കൂടെ എത്തുന്ന ഫീമേയില്‍ വോയ്സ് ആരാ?

ആരാ?

യെസ് പിള്ളാരെ യൂ ഗസ്ഡ് ഇറ്റ് റൈറ്റ്.

....... മഞ്ജരി....

ഒട്ടും താമസിച്ചില്ല. ഹോസ്റ്റലീന്ന് മാഹി മോനെ പൊക്കി( ഗഡി ശ്രീലേഖ്... പഴയ റൂം മേറ്റ്... മാഹി എന്ന "കേരളക്കരയുടെ സ്വപനഭൂമിയില്‍" ജനിച്ചവന്‍.... ആ ഒരു കണ്‍സിഡറേഷനില്‍ മാത്രം എന്നെങ്കിലും ഒരു ജോണിവാക്കറോ ബ്ലാക് ലേബലോ തരപ്പെടും എന്നു കരുതി സീനിയേഴ്സ് റാഗ് ചെയ്യാതെ വിട്ടവന്‍... പക്ഷേ കള്ള് കൈ കൊണ്ട് തൊടാത്ത ശുദ്ധന്‍.... വടിയും ഏറും ഒരുമിച്ചാവില്ലല്ലോ... )

നേരെ ചെന്നത് ബാലുവിന്റെ ഹോസ്റ്റലില്‍ (MSS ബീച്ചില്‍ പോവും വഴിയാണ്)...കാര്യം പറഞ്ഞപ്പോള്‍ അവന് നാളേ ഗേറ്റ് എന്‍‌ട്രന്‍സ് എക്സാം ആണ് പഠിക്കണം പോലും!!!പിന്നേ മഞ്ജരി പാടാന്‍ വന്നപ്പോള്‍ അല്ലേ അവന്റെ ഒരു ഗേറ്റ്... അതും നാളെ രാവിലെ വരെ സമയമില്ലേ? നമ്മള്‍ക്കൊന്നും നാളെ എക്സാം ഇല്ലാത്ത പോലെ പഠിക്കണം എങ്കില്‍ തന്നെ സമയം എത്ര കിടക്കുന്നു? പരീക്ഷക്ക് മുന്‍പ് അര മണിക്കൂര്‍ സമയം പിന്നെ എന്തിനാ?പൊക്കിയെടുത്തോണ്ട് പോയി....

മേള ഇനിയും തുടങ്ങിയില്ല... കുറേ നേരം വടി പോലെ നിന്നു...

ബാലു : "ഡാ നാളെ എക്സാം ഉണ്ട്
"ഞാന്‍ : "മിണ്ടിപ്പോകരുത്"

അവസാനം തുടങ്ങിക്കിട്ടി...ഭക്തിഗാനം... ഉണ്ണി മേനോന്റെ പധനിസ.. നാളെ എക്സാം ഉള്ള പിള്ളേരാണ്... മഞ്ജരിയെ വിളിക്കിനെടാ....

ബാലു : "ഡാ നാളെ എക്സാം ഉണ്ട്"
ഞാന്‍ : "മിണ്ടിപ്പോകരുത്"

അവസാനം... അതാ ദൂരെ.. സ്റ്റേജിനു മുകളില്‍ ഒരു നേര്‍ത്ത പുള്ളിക്കുത്തു പോലെ മഞ്‍ജരി....

ബാലു : "ഡാ നാളെ എക്സാം ഉണ്ട്"
ഞാന്‍ ഒന്നും മിണ്ടിയില്ല.

ദേ മഞ്ജരി പാടുന്നു.. ആഹാ എന്തൊരു ശബ്ദം എന്തൊരു ആലാപനമാധുര്യം.... തിക്കിക്കയറി കുറേക്കൂടി അടുത്തു കണ്ടു...

ഞങ്ങളുടെ വിവാഹത്തിന്റെ ഡേറ്റ് ഒക്കെ അന്നേതാണ്ട് മനസില്‍ ഉറപ്പിച്ചെന്നാണ് ഓര്‍മ. ജൂണിലോ മറ്റോ ആയിരുന്നു. ആ എന്തു പറയാന്‍?

ഒരു അഭിനന്ദന എസ്.എം.എസ് ആണത്രേ നായകന്‍ ആള്‍ക്ക് ആദ്യം അയച്ചത്. അങ്ങിനെ പതുക്കെ പതുക്കെ അത്ര് പ്രണയമായി പോലും....

ഒരു വാക്ക്... ഒരു സൂചന തന്നിരുന്നെങ്കില്‍?
ഒരു 3315ഉം ഒരു എയര്‍ടെല്‍ കണക്ഷനും പൂത്തു ചിതലരിച്ച് കിടന്നിടുന്നതാണ്. എയര്‍‌ടെല്‍ ഒഴിച്ച് ഒരു മാക്രിക്കുഞ്ഞു പോലും മെസ്സേജ് അതിലോട്ടയക്കാറില്ല. പുറത്തോട്ട് മെസേജ് പോവുന്ന പതിവേ ഇല്ല.എത്ര എത്ര അഭിനന്ദന മെസ്സേജുകള്‍ ഞാന്‍ അയച്ചേനേ? അറ്റ് ലീസ്റ്റ് നാല് ഫോര്‍‌വേര്‍ഡ് എങ്കിലും...

നായകന്‍ റിംഗ് ടോണ്‍ ആയി കുറേക്കാലം ഇട്ടത് "ഒരു ചിരി കണ്ടാല്‍ " ആണു പോലും...

എന്റെ ചങ്കില്‍ കുത്തരുത്... എത്ര കാലം... എത്രയെത്ര കാലം ആ റിംഗ് ടോണ്‍ ഞാന്‍ കൊണ്ട് നടന്നു...ആ ഇനി പറഞ്ഞിട്ടെന്താ...

ബഡി ആസാനീ സേ ദില്‍ ലഗായേ ജാതേ ഹേ
ബഡി ആസാനീ സേ ദില്‍ ലഗായേ ജാതേ ഹേ...

ബഡീ മുശ്കില്‍ സേ വാദേ നിഭായേ ജാതേ ഹേ...

ലേ ജാതീ ഹേ മൊഹബ്ബത് ഉന്‍ രാഹോം പര്‍
‍ലേ ജാതീ ഹേ മൊഹബ്ബത് ഉന്‍ രാഹോം പര്‍

‍ജഹാന്‍ ദിയേ നഹി, ദില്‍ ജലായേ ജാതേ ഹേ....

(അശ്രു...)
...