Monday, January 26, 2009

ബാച്ചികളുടെ പാചക അന്തസ്സ് പുനസ്ഥാപിക്കപ്പെടുന്നു

ബാച്ചികളുടെ പാചക അന്തസ്സ് പുന്‍സ്ഥാപിക്കുക എന്ന നമത് വാഴുവും കാലത്തിന്റെ ആഹ്വാനത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് ഇത് ഇവിടെ പോസ്റ്റുന്നത്.അതോടൊപ്പം കൊച്ചുത്രേസ്യാകൊച്ചിന്റെ " ഉള്ളതു പറയാലോ.. എനിക്കറിയാവുന്ന ബാച്ചിലേഴ്സൊക്കെ തലെദിവസത്തെ പിസയുടെ ബാക്കിയോ ബ്രെഡോ മാഗിയോ ഒക്കെ കഴിച്ചാണ്‌ ജീവിക്കാറുള്ളത്‌.അല്ലെങ്കില്‍ പിന്നെ അടുത്തു വല്ല ഹോട്ടലോ മറ്റോ വേണം. ലവന്മാര്‍ക്കൊക്കെയാണ്‌ കല്യാണം കഴിയുന്നതോടെ മണ്‍കലത്തിലുണ്ടാക്കിയ ചോറ്‌, അമ്മീലരച്ച ചമ്മന്തി, ചിരട്ടപ്പുട്ട്‌ തുടങ്ങിയ കോംപ്ലികേറ്റഡ്‌ വിഭവങ്ങളില്ലാതെ ജീവിക്കാന്‍ പറ്റാതാവുന്നത്‌." എന്ന വിവാദപരാമര്‍‌ശത്തോടുള്ള സ്വാഭാവികപ്രതികരണം കൂടെ ആകുന്നു ഇത്.(ഇനി മുതല്‍ ബൂലോഗത്ത് പാചകക്കുറിപ്പ് മുതലായവ മതി എന്ന് സൂരജിന്റെ നിര്‍ദ്ദേശവും മറ്റൊരു പ്രചോദനം മാത്രം)സുഹൃത്തക്കള്‍ക്കിടയില്‍ "ദ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ ഓഫ് കേരള" എന്ന് അറിയപ്പെടുന്ന ( ഗേള്‍സ് ..നോട് ദ പോയിന്റ്) ഞാന്‍ തന്നെ ആവണമല്ലോ ബാച്ചികളുടെ പാചക അന്തസ്സ് പുനസ്ഥാപിക്കുന്നത്. ഇതാ നിങ്ങള്‍ക്കു മുന്നില്‍ വ്യതസ്തമാമൊരു പാചകക്കുറിപ്പ്.

(പ്രധാനമായും ബാചിലേഴ്സ്‌ ആയ ബോയ്സിനെ ഉദ്ദേശിച്ചാണ് ഈ പാചകക്കുറിപ്പ് തയ്യാറാക്കിയിരിക്കുന്നതെങ്കിലും, അല്ലാത്തവരും പരീക്ഷിച്ചു നോക്കുന്നതില്‍ തെറ്റില്ല).സാമ്പാര്‍


ആദ്യമായി കുറച്ച് തുവരപ്പരിപ്പെടുത്ത് ഇച്ചിരി മഞ്ഞള്‍ ചേര്‍ത്ത് ഒരു സ്പൂണ്‍ എണ്ണയും തൂവി, പ്രഷര്‍ കുക്കറില്‍ വേവിക്കാന്‍ വയ്ക്കുക. ( കുക്കറില്‍ രണ്ട്‌ ഗ്ലാസ് വെള്ളം കൂടെ ഒഴിക്കാന്‍ മറക്കല്ല്. ഇല്ലെങ്കില്‍ വിവരം അറിയും). പരിപ്പവിടെക്കിടന്ന് വേവട്ടെ.


എന്നിട്ട് പോയി കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യുക. ഏതെങ്കിലും ശ്രുതിമധുരമായ ഗാനം മീഡിയപ്ലെയറില്‍ വയ്ക്കുന്നത് നന്ന്. "പഞ്ചായത്തിലെ വമ്പു പിറന്നവളാരിവളോ" മുതലായവ. നല്ല മെലഡിയാണെന്നത് മാത്രമല്ല ബാച്ചികളെ പുച്ഛിക്കുന്ന വനിതകളെക്കുറിച്ചോര്‍ത്ത് സ്വയം പ്രേരണ ഉള്‍ക്കൊള്ളാനും ഇത് സഹായിക്കും.


ഇനിയാണ് ശരിക്കുള്ള കലാപരിപാടികള്‍ ആരംഭിക്കുന്നത്. ആദ്യം പോയി വാതിലുകള്‍ എല്ലാം തുറന്നിടുക. നമ്മുടെ അനിര്‍‌വചനീയമായ പാചകകലയുടെ ബൈപ്രോഡക്റ്റായ കണ്ണില്‍ കുത്തുന്ന പുക പുറത്തു പോവാന്‍ വേണ്ടി മാത്രമല്ലത്. അത്യാവശ്യം വന്നാല്‍ നമുക്കു പെട്ടെന്ന് പുറത്തേക്കോടാന്‍ അല്ല മാറാന്‍ വേണ്ടീ കൂടെ ആണത്.


ഒരു വലിയ പാത്രത്തില്‍ മൂന്നാല് ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കുക. അതങ്ങനെ വെട്ടിത്തിളക്കുമ്പോള്‍ കുറച്ച് കടുക് അതിലേക്കിടുക. എന്നിട്ട് സകല ദൈവങ്ങളെയും വിളിച്ച് രണ്ട് സ്റ്റെപ് പുറകോട്ട് മാറിനില്‍ക്കുക. കടുകെല്ലാം ടപേ ടപേ എന്ന് പൊട്ടിത്തുടങ്ങുമ്പോള്‍ രണ്ടോ മൂന്നോ വറ്റല്‍ മുളകും കൂടെ "സ്വാഹാ" എന്ന മന്ത്രത്തിനെ അകമ്പടിയോടെ പാത്രത്തിലേക്കിടാം.


ഇനി കുറച്ച് ഉള്ളി അരിഞ്ഞത് പാത്രത്തിലേക്കിടാം. പിന്നെ ഒരു സെക്കന്റ് അവിടെ നിന്നേക്കരുത്. തിരിഞ്ഞു നോക്കാതെ ഓടിക്കോണം. പുറകില്‍ നിന്ന് കാട്ടാനമറുത അലറുന്നതിനേക്കാളും ഭീകരമായ ചില ശബ്‌ദങ്ങള്‍ കേട്ടേക്കാം. മൈന്റ് ചെയ്യരുത്. കമ്പ്യൂട്ടറിന്റെ മുന്നില്‍ ചെന്നിരുന്ന്, താമരക്കുരുവിക്ക് തട്ട്‌കട എന്ന പാട്ട് ഉച്ചത്തില്‍ വെച്ചാല്‍ , അടുക്കളയിലെ ശബ്ദം കേട്ട് അയല്‍ക്കാര്‍ ഓടിവരുന്നത് ഒഴിവാക്കാം.


കുറച്ചു കഴിയുമ്പോല്‍ പാത്രത്തിലെ ശബ്ദം നിലക്കും. ഇനി കുഴപ്പമൊന്നുമുണ്ടാവില്ല എന്നുറപ്പായാല്‍, പതുക്കെ ആ വഴി പോയി റഫിജറേടറില്‍ കൈയിടുക. ആദ്യം കിട്ടുന്ന മുഴുത്ത രണ്ട് തക്കാളി എടൂക്കുക. കട് കട് കട് ആന്‍ഡ് പുട് ഇറ്റ് ഇന്‍സൈഡ് ദ പാത്രം. ഇപ്പോഴും ചില നിലവിളികള്‍ ഉയരും. എഗൈന്‍ മൈന്‍‌ഡ് ചെയ്യണ്ട. അതങ്ങനെ ഫ്രൈ ആവുമ്പോള്‍ ഒരു ചെറിയ ഉരുളക്കിഴങ്ങും മത്തന്റെ കഷണവും രണ്ട് വെണ്ടക്കായും എടുത്ത്, ബാച്ചി ബോയ്സിനെ കളിയാക്കുന്ന പെണ്‍കിടാങ്ങളും ക്ലാസിലെ കല്യാണം കഴിഞ്ഞ ഫ്രണ്ട്സും ഒക്കെയാണെന്ന് സങ്കല്‍‌പിച്ച് വെട്ടി വെട്ടി നുറുക്കുക. ( പാചകം കഴിയുമ്പോഴേക്കും വിശപ്പ് കൂടാനും ഇതു സഹായിക്കും എന്നൊരു ഗുണവും ഉണ്ട്). പുട് ദാറ്റ് ഓള്‍സോ ഇന്‍സൈഡ് ദ പാത്രം ആന്‍ഡ് ആഡ് സം വാട്ടര്‍( ഇത്തിരി വെള്ളം ഒഴിക്കണമെന്ന്).


ഒരു സ്പൂണ്‍ വാളമ്പുളി കലക്കിയത് അതിലോട്ടൊഴിച്ച് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത്( പാചകക്കുറിപ്പെഴുതുന്നവരുടെ ശ്രദ്ധക്ക്. ഉപ്പിന്റെ കാര്യത്തില്‍ നമ്മള്‍ എപ്പോഴും ഡിപ്ലോമാറ്റിക് ആയ ഒരു സമീപനമേ സ്വീകരിക്കാവൂ. ഒന്നും തറപ്പിച്ചങ്ങ്‌ പറയരുത്. അളവൊക്കെ ഉണ്ടാക്കുന്നവന്റെ പാട്) , അതിനെ അതിന്റെ വഴിക്ക് വിട്ടേക്കുക. ഇനി കമ്പ്യൂട്ടറിന്റെ മുന്നില്‍ ചെന്നിരുന്ന്, ഭാരത് മാട്രിമോണിയോ എം ഫോര്‍ മാരിയോ തുറക്കാം. നിങ്ങളുടെ താല്‍‌പര്യമനുസരിച്ച് നല്ല പെണ്‍കിടാങ്ങളുടെ പോട്ടം കാണുകയോ, മാര്‍ക്കറ്റിലെ സ്കോപ് എന്തെല്ലാമെന്ന് ഗവേഷണം നടത്തുകയോ ആവാം.

അതിനിടയില്‍ ചെന്ന് കുറച്ചു സാമ്പാര്‍ മിക്സ് എടുത്ത് പാത്രത്തില്‍ നിക്ഷേപിക്കുക( "സ്വാഹാ" മന്ത്രം മറക്കണ്ട). ഒരു അഞ്ചു മിനുറ്റ് കൂടെ ഉണ്ട്. മനോരമ ഓണ്‍ലൈന്‍ തുറന്ന് പാര്‍‌വതി ഓമനക്കുട്ടന്‍ ചുവന്ന ഡ്രസ്സില്‍ ബീച്ചില്‍ നില്‍ക്കുന്ന ആ ഫോട്ടോ ഉണ്ടല്ലോ അത് ഓപ്പണ്‍ ചെയ്ത് അതിലേക്കും നോക്കി ഇരുന്നോണം. വിശപ്പങ്ങനെ കൂടിക്കൂടി വരും.


അപ്പോ പറഞ്ഞു വന്നത് ഇനി ഇതുകൊണ്ടൊന്നും നിങ്ങള്‍ തളരരുത്. നേരത്തെ വേവിച്ച പരിപ്പെടുത്ത് ഇടിച്ചു പിഴിഞ്ഞ് തിളക്കുന്ന കറിയിലേക്കൊഴിക്കുക. ഒന്നു ഇളക്കുകയും ചെയ്തേക്ക്. ഒരു എട്ട് മിനുട്ട്‌ അങ്ങനെ തിളക്കട്ടെ. അതിനു ശേഷം സ്റ്റൗവ് ഓഫാക്കാം. ഒരു സ്പൂണില്‍ ഇത്തിരി കോരി എടുത്ത് ഊതി തണുപ്പിച്ച ശേഷം ( തണുപ്പിച്ച ശേഷം മാത്രം ) നാവില്‍ വെച്ച് നോക്കുക. "എന്ത് രുചി എന്താ സ്വാദ്" എന്നൊരു ആത്മഗതവും തട്ടിയേക്കുക( സ്വാദ് എന്തു തന്നെയായാലും).


സാമ്പാര്‍ റെഡി!ടോപ്പിംഗ്സ്:
എന്താ നിങ്ങള്‍ ആലോചിക്കുന്നത്? എന്തോ മറന്നല്ലോ അല്ലേ? എന്താ അത്? ഓര്‍ക്കുന്നില്ല? പിടി കിട്ടിയില്ല? അത് തന്നെ.


"കായം."


കായത്തിന് ഇംഗ്ലീഷില്‍ പറയുന്നത് " asafoetida " ( കായം... അതിനാണ്‌). അത് ഞാന്‍ ഗ്രോസെറി ഷോപ്പിലെ മദാമ്മയോട് പ്രൊനൗണ്‍സ് ചെയ്താല്‍, അവര്‍ കേള്‍ക്കുന്നതെന്തോ, ഞാന്‍ ഉദ്ദേശിച്ചതെന്തോ. അവസാനം കിട്ടുന്നതെന്തോ. ഇനി അവരുടെ ഭാഷയില്‍ അത് വല്ല തെറിയുമാണെങ്കില്‍ അതിനുള്ള ശിക്ഷ വേറേയും അനുഭവിക്കണം. തല്‍ക്കാലം ബാച്ചി സാമ്പാറില്‍ കായം വേണ്ട.


അപ്പോ സംഗതി പിടി കിട്ടിയല്ലോ? സാര്‍‌വലോക ബാച്ചികളേ നിങ്ങള്‍ കുക്ക് ചെയ്യുവിന്‍!പ്രത്യേകശ്രദ്ധക്ക്:

നൂറു രൂപാ MO/DD അയക്കുന്നവര്‍ക്ക് "ജപ്പാനിയാ കുഹൂ കുഹൂ" തയ്യാറാക്കുന്ന റെസിപ്പീ(സചിത്രം) പോസ്റ്റല്‍ ആയി അയച്ചു തരുന്നതായിരിക്കും.

26 comments:

ശ്രീഹരി::Sreehari said...

എന്റെ കുക്കിംഗ് പരീക്ഷണങ്ങളുടെ കളര്‍ ഫോട്ടോ ഓര്‍ക്കുട്ടില്‍ അപ്‌ലോഡ് ചെയ്തതിന്റെ താഴെ "ഇതാണോ സാമ്പാര്?‍", ഇതാണോ പുളിശ്ശേരി?" "ഓലന്‍ എന്താ അവിയല്‍ പോലെ കാണാന്‍" എന്നൊക്കെ കമന്റടിക്കുന്നവരോടും കൂടെ ഇതു വഴി മറുപടി പറയുന്നു.

ഹല്ല പിന്നെ :)

suraj::സൂരജ് said...

സ്റ്റുഡിയോ അപ്പാര്‍ട്ട്മെന്റിലെ അറുനൂറ് സ്ക്വയര്‍ഫീറ്റിനകത്തിട്ട് ഇതെല്ലാം പരീക്ഷിക്കുന്നവര്‍ ഉടുപ്പിലും കാര്‍പ്പെറ്റിലും (വിശേഷിച്ച് തണുപ്പുരാജ്യങ്ങളില്‍) സ്യൂട്ടിലും ട്രെയിനേഴ്സിലും കോട്ടിലുമെല്ലാം കൊറേ സോഡാപ്പൊടി കൂടി തൂറ്റിയേച്ചും വേണം കലിപ്പുകള് തീര്‍ക്കാന്‍ എന്നൊരു ടിപ്പണി കൂടി ചേര്‍ക്കുന്നു.

- വെളുത്തുള്ളിമണക്കുന്ന ഒരു ഭാരതീയ ബാച്ചി!
(തല്‍ക്കാലം തീരെ എലിജിബിള്‍ അല്ല, വട്ടിനു മരുന്നു കഴിക്കുന്നുണ്ട്! gals നോട്ട് ദ പോയിന്റ്)

ജയേഷ് said...

സാമ്പാറുണ്ടാക്കാന്‍ ഇത്രയൊക്കെ ബുദ്ധിമുട്ടണോ?... ഇതിന്റെ പകുതി സ്റ്റെപ്പുകള്‍ കൊണ്ട് നല്ല സൊയമ്പന്‍ സാമ്പാര്‍ ഞങ്ങള്‍ എന്നുമെന്നും ഉണ്ടാക്കാറുണ്ട്.. സ്വാദിന്റെ കാര്യം മിണ്ടിയേക്കരുത്

Ann said...

ഛെ..കളഞല്ലോ ശ്രീഹരി,ഇതിനേക്കാള്‍ എളുപ്പത്തില്‍ എത്ര വിദ്യ കിടക്കുന്നു..കഷ്ടം..ഞാന്‍ ബാച്ചി ഗ്രൂപ്പില്‍ അല്ലെങ്കിലും ഇപ്പൊഴും എളുപ്പവഴി മറക്കാന്‍പറ്റുമോ ? (തൊണ്ട വേദന കാരണം രാവിലെ എഴുനേറ്റിരുന്നു ‘കുര’ക്കുന്ന എന്നെ ഈ പോസ്റ്റ് ഒരു ‘പുലി’യാക്കി...ഹ ഹ

വല്യമ്മായി said...

സാമ്പാര്‍ ഉണ്ടാക്കി ക്ഷീണിച്ചതല്ലേ,ഇതാ കോഴിമുട്ട പുഴുങ്ങാനറിയാത്തകര്‍ക്കും ഉണ്ടാക്കാന്‍ കഴിയുന്ന മുട്ടക്കറി http://nalapachakam.blogspot.com/2006/09/blog-post.html

ബിനോയ് said...

ഹമ്പോ! ബാച്ചി ശ്രീഹരിയുടെ എലിജിബിലിറ്റി കിരീടത്തില്‍ ഒരു പൊന്‍‌തൂവല്‍ കൂടി. പിസയും ബര്‍ഗറും തിന്നുമടുത്ത പെണ്‍ബാച്ചികള്‍ ഹരിയുടെ ഒരിറ്റു സാമ്പാറിനായി കേഴും. പ്രലോഭനങ്ങളുടെ ഈ പ്രളയത്തെ അതിജീവിച്ച് ബാച്ചി സ്റ്റാറ്റസ് നിലനിര്‍ത്താന്‍ ശ്രീഹരിക്കാകുമോ ഡോക്ട്ടര്‍?

ജിവി/JiVi said...

ശ്രീഹരി, ബാച്ചികളുടെ പാചക അന്തസ്സ് പുനസ്ഥാപിക്കുന്നതിനുള്ള ഈ ശ്രമം അഭിനന്ദനീയം തന്നെ. എന്നാലും ആ ആദ്യ സ്റ്റെപ്പ്- സാമ്പാര്‍ എന്ന് പേരിട്ടുകളഞ്ഞത് - ശരിയായില്ല. പാകം ചെയ്ത് സാധനം റെഡിയാകുന്നതിനുമുമ്പെ അത് ഇന്നതാണെന്ന് പ്രഖ്യാപിക്കുന്നത് ബാച്ചികളുടെ പാചക അന്തസ്സിന് ചേര്‍ന്നതല്ല.

ആത്മ said...

സൊ, ഇങ്ങിനെയാണ് ബാച്ചിലേഴ്സ് സാമ്പാര്‍ അല്ലെ !
എല്ലാം സഹിക്കാം.പക്ഷെ, കടുകുവറുത്ത് ഉള്ളിയും ഇട്ടതിനുശേഷം വെജിറ്റബിള്‍സ് എടുക്കാന്‍ ഓടുന്നതിനു പകരം അതെല്ലാം ആദ്യമേ അരിഞ്ഞുവച്ചാല്‍ ഇത്ര ആക്രാന്തപ്പെടാതെ സാമ്പാര്‍ വയ്ക്കാം. ഏതിനും നല്ല ഭാവിയുണ്ട് ..:)

ആചാര്യന്‍... said...

ഹൊ, ആ പഴയ ഹാരി പോട്ടര്‍ പോട്ടം മാറ്റിയതോടെ എന്നാ ഒരു സൗന്ദര്യാ ഇ ബ്ലോഗിന്...

സാംഭാര്‍ ഉണ്ടാക്കി അസഫീറ്റെട പോയിക്കിടക്കാ മോനേ... കണ്ണൂം വെട്ടത്ത് കണ്ടാല്‍ പിടിച്ചു ഞാന്‍ ബ്ലോഗിക്കളയും

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇവടെ അടുത്താണല്ലോ, ദേ ഞാന്‍ ഉണ്ടാക്ക്യ സാംബാറെന്നൊന്നും പറഞ്ഞ് വന്നേക്കരുത്..

മയൂര said...

കുറച്ച് സമ്പാര്‍ അയച്ചു തരാം “ ജപ്പാനിയാ കുഹൂ കുഹൂ" കൈയില്‍ തന്നെയിരിക്കട്ടെ ;)

sreeNu Guy said...

"ജപ്പാനിയാ കുഹൂ കുഹൂ" ഒരു കോപ്പി അയച്ചുതരണം. പകരം കലൂര്‍ - കടവന്ത്ര ലോങ്ങ് ട്ട്രിപ്പ് ബുസ്സിന്റെ ടിക്കറ്റ് അയചുതരാം.

ഗീത് said...

ജനിച്ചപ്പം മുതല്‍ സകലകലാവല്ലഭനായ ശ്രീഹരീ, ഈ ബ്ലോഗ് നന്നേ ഇഷ്ടപ്പെട്ടു.
പിന്നേയ്, സാമ്പാര്‍ ഉണ്ടാക്കുമ്പോള്‍ പച്ചക്കറിയും കൂടി പരിപ്പിനൊപ്പം കുക്കറില്‍ വേവിക്കും നമ്മള്‍. സമയവും ഇന്ധനവും ലാഭം.
പക്ഷേ ഇടയ്ക്കുള്ള കമ്പ്യൂട്ടര്‍ നോക്കല്‍ പരിപാടിയും കൂടി ചെയ്തപ്പോഴൊക്കെ രണ്ടാമതൊരിക്കല്‍ കൂടി സാമ്പാര്‍ വയ്ക്കേണ്ടി വന്നിട്ടുണ്ട്.

ഇനി അടുത്തവിഭവം ...

ചോറ്‌ !

കുഞ്ഞിക്കിളി said...

ശ്രീ ഹരീ .... സാമ്പാര്‍ ഉണ്ടാക്കാന്‍ ഇത്രയും process വേണോ ? പലരും ഒപ്ടിമിഴെ ചെയ്തു കമന്റ് ഇട്ടതു കണ്ടില്ലേ..? പച്ചക്കറിയും പരിപ്പും എല്ലാം കൂടെ ഒരുമിച്ചു വേവിക്ക് .. എന്നിട്ട് പുളി വെള്ളം ഒഴിച്ച് വെക്കുക.. കടുക് പൊട്ടിച്ചു ഉള്ളി ഇട്ടു വഴറ്റി സാമ്പാര്‍ പൌഡര്‍ ഇടുക.. എന്നിട്ട് ഇതു ആ പുളി വെള്ളം ഒഴിച്ച് തിളക്കുന്ന പത്രത്തില്‍ ഒഴിചെയ്... കണ്ടോ എത്ര എളുപ്പത്തില്‍ സാമ്പാര്‍ ഉണ്ടായെന്നു.. കയം ഏത് ഇന്ത്യന്‍ സ്റ്റോര്‍ ലും കിട്ടും.. അത് പോയ് മദാമ്മ യോട് ചോദിക്കേണ്ട കാര്യം ഇല്ല.. കയം ഇല്ലാതെ എന്ത് സാമ്പാര്‍ മാഷേ.. എന്താണേലും പോസ്റ്റ് കിടിലം.... ഇപ്പൊ പെണ്‍കുട്ടികള്‍ പൊതുവെ പറയാറുണ്ട് ഇപ്പോളത്തെ ബാച്ചികള്‍ വന്‍ കുക്കിംഗ്‌ ആണ്.. പെണ്‍കുട്ടികള്‍ ക്ക് കുക്കിംഗ്‌ അറിയില്ലെലും ജീവിച്ചു പോകാം എന്ന്.. അത് പോലത്തെ ഒരു പെണ്‍കുട്ടിയെ ഹരി കു കിട്ടട്ടേ എന്ന് ആശംസിക്കുന്നു..ആത്മാര്തമായി ;)

mizhaavu said...

Da kollaam...
ivide manja pitham nirmaarjanathinte bhaagam aayi enna illaa saambaar undaakki porunnu...

ശ്രീഹരി::Sreehari said...

സൂരജ്, ജയേഷ്, Ann, വല്യമ്മായി, ബിനോയ്, ജിവി, ആത്മ, ആചാര്യന്‍, പ്രിയ, മയൂര, ശ്രീനു, ഗീത്, കുഞ്ഞിക്കിളീ, മിഴാവ്...
എല്ലാവര്‍ക്കും നന്ദി.

ഫോക്ക്സ്, യൂ ഓള്‍ മിസ്ഡ് ദ പോയിന്റ്. എങ്ങനെ എളുപ്പത്തില്‍ സാമ്പാര്‍ ഉണ്ടാക്കാം എന്നതല്ല ഇവിടത്തെ പോയിന്റ്. എങ്ങനെ സാമ്പാറുണ്ടാക്കി (കായം ഇല്ലാതെ പോലും) ബാച്ചിവിരോധികളുടെ വായടപ്പിക്കാം എന്നതാണ്. ഏതായാലും നയത്തില്‍ സാമ്പാര്‍ എളുപ്പത്തില്‍ ഉണ്ടാക്കുനതെങ്ങിനെയെന്നും മനസിലാക്കാന്‍ പറ്റിയല്ലോ. അടിയന്‍ കൃതാര്‍ത്ഥനായി...

ഇനി ബാച്ചി പച്ചടി, ബാച്ചി അവിയല്‍ ബാച്ചി ഓലന്‍ മുതലായവ എങ്ങിനെ ഉണ്ടാക്കാം എന്നും അങ്ങട് പറഞ്ഞു തരിക. എനിക്കറിയാഞ്ഞിട്ടല്ല. നിങ്ങള്‍ക്കറിയാമോ എന്നു പരീക്ഷിക്കാന്‍ വേണ്ടീ :)

പിന്നെ ജപ്പാനിയ കുഹൂ കുഹൂവിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്‌... (sniff sniff) ... വികാരപരമായി അത്രക്കും അടുപ്പം അതിനോടുണ്ട്...

Typist | എഴുത്തുകാരി said...

കൂടുതല്‍ പാചകക്കസര്‍ത്തുകളൊന്നും കാണിക്കല്ലേ,(അല്ലെങ്കില്‍ അതു ഞങ്ങളോടു പറയല്ലേ)'most elegible bachelor of Kerala'സ്ഥാനം പോയിക്കിട്ടും.

ശ്രീഹരി::Sreehari said...

എഴുത്തുകാരി അതു മാത്രം പറയരുത്. സ്ഥാനമാനങ്ങള്‍ മോഹിച്ചല്ല ഞാനിതൊന്നും ചെയ്യുന്നത്. പിന്നെ എല്ലാവരും ചേര്‍ന്ന് നിര്‍ബന്ധിച്ചപ്പോ ആ സ്ഥാനം ഏറ്റെടുന്ന് മാത്രം. സത്യം ഉറക്കെ വിളിച്ചു പറയുമ്പോള്‍ ആ സ്ഥാനം പോവുകയാണെങ്കില്‍ ഞാന്‍ അതും നേരിടാന്‍ തയ്യാര്‍! ;)

ആര്യന്‍ said...

കിട്ക്കന്‍ പാചകം...
ഏത് restaurant-ല്‍ ആണ് ജ്വാലി? (അവത്തത്തില്‍ പോലും ആ വഴി വരരുതല്ലോ)
ഒരു ബാച്ചിയും സ്വയം പാചകനും ആയ എന്നെയും എന്നെപ്പോലെ ഉള്ള മറ്റു ബാച്ചികളെയും വഴി തെറ്റിക്കാന്‍ ഇറങ്ങിയെക്കുവാ അല്ലെ...
"അത് ഞാന്‍ ഗ്രോസെറി ഷോപ്പിലെ മദാമ്മയോട് പ്രൊനൗണ്‍സ് ചെയ്താല്‍, അവര്‍ കേള്‍ക്കുന്നതെന്തോ, ഞാന്‍ ഉദ്ദേശിച്ചതെന്തോ. അവസാനം കിട്ടുന്നതെന്തോ. ഇനി അവരുടെ ഭാഷയില്‍ അത് വല്ല തെറിയുമാണെങ്കില്‍ അതിനുള്ള ശിക്ഷ വേറേയും അനുഭവിക്കണം."
സാമ്പാര്‍ അല്ല സാമ്പാറിന്റെ അപ്പൂപ്പനെ വരെ ഞാന്‍ ഉണ്ടാക്കും എന്ന അഹങ്കാരം മാത്രം മതിയല്ലോ, പാചകം ചെയ്യാന്‍ - കായം എന്തിന്!

പാവത്താൻ said...

നല്ല സാമ്പാർ. എനിക്കീ കുറിപ്പ്‌ വളരെ പ്രയോജനപ്രദമായി.എന്നും കുറെ അവന്മാർ ഉച്ച ഭക്ഷണ സമയമാവുമ്പോൾ കേറി വരാറുണ്ടായിരുന്നു.സാമ്പാർ വെക്കാൻ തുടങ്ങിയതോടെ അതങ്ങു നിന്നു. ഇനി ബ്രേയ്ക്ക്‌ ഫാസ്റ്റിനുള്ള ഒരു വിഭവം കൂടി പോസ്റ്റാക്കുമല്ലൊ. രാവിലെ വരുന്ന കുറെ എണ്ണമുണ്ട്‌. അവന്മാരെയും ഒരു പാഠം പഠിപ്പിക്കണം.....വേഗം വേണേ....

Tintu | തിന്റു said...

ങാ.. ശ്രീഹരി... ചെമ്മീന്‍ മുളകിലിട്ടതിന്റെ recipie എപ്പോഴാ വരുന്നത്‌???? ;)

കുഞ്ഞികിളി പറഞ്ഞതു സത്യമാ.. ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്കു ഒക്കെ പാചകം അറുയുന്ന പയ്യനെ മതി... കരണമെന്താന്നോ...ഇപ്പോഴത്തെ ഭൂരിപക്ഷം പെണ്‍കുട്ടികള്‍ക്കും ചായ ഉണ്ടാക്കാന്‍ പോലും അറിയില്ല.( ഞാന്‍ നാടന്‍ homely പെണ്ണിന്റെ കാര്യമല്ല പറഞ്ഞത്‌.) എന്തയാലും നന്നയി ശ്രീ, അവള്‍ക്ക്‌ വെച്ചുണ്ടാക്കി കൊടുക്കന്‍ ഒരു പരിശീലനമായല്ലോ....

Tin2

സന്‍ജ്ജു said...

ബാച്ചികളുടെ അന്തസ്സു 100 point കൂടി 8500'ല്‍ close ചെയ്തൂ.
ഇനി ഒരു ആഴ്ച കൂക്കിങ്ങ് വെണ്ടാലോ??

divya said...

hello Sir,

baachikalude paachakamokke kanakka...eey mathematics alla ketto..athu aduthude poyittilla..ethra spoon podi venam ennu chodichaal parayaan ariyilla..but final product swaadishtamayirikkum..athu kondu kuzhappamilla..

pinne japani kuhu kuhu recipe enikkonnu venam..ivide japanil undaakkunnapoleyaano ennu check cheyyanaaa...lol...

അപരിചിത said...

ini "ജപ്പാനിയാ കുഹൂ കുഹൂ" athinte kuravum kuudiyae ullu

:O

ശ്രീഹരി::Sreehari said...

ആര്യന്‍, പാവത്താന്‍ (അതെയതെ), തിന്റു, സന്‍ജ്ജു, ദിവ്യ, അപരിചിത,

ബാച്ചികളുടെ പാചക അന്തസ്സ് ഈ ഒരു പോസ്റ്റിലൂടെ ഉയര്‍ന്നു എന്ന കാര്യത്തില്‍ നിങ്ങള്‍ ഒക്കെ ഒറ്റക്കെട്ടായി ഒരഭിപ്രായമാണെന്നതില്‍ സന്തോഷം!

നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ സാമ്പാറോടു കൂടിയുള്ള സദ്യ തരാന്‍ പ്ലാന്‍ ഇടുന്നുണ്ട്.

എല്ലാരും വരണേ :)

Captain Haddock said...

oh..okey..now i got....how u trapped her

...