Monday, October 12, 2009

ശ്ലോ(ശോ)ക കാൽ‌വിൻ

മലയാളത്തിന്റെ കാര്യം പറഞ്ഞാൽ നമ്മളൊക്കെ പത്താം ക്ലാസും ഗുസ്തിയുമാണ്. ഏഴാം ക്ലാസിൽ വെച്ച് രത്നമ്മ റ്റീച്ചർ മുറ്റുവിന, പറ്റുവിന, പേരച്ചം, വിനയച്ചം എന്നൊക്കെ പറഞ്ഞപ്പഴേ മനസിലുറപ്പിച്ചതാണ് എന്നൊരു ചാൻസ് കിട്ടുമോ അന്നീ മലയാളപഠനം നിർത്തുമെന്ന്.

നന്മകളാൽ വിശുദ്ധമായ നാട്ടിൻപുറത്തെ (കോപ്പാ) ഉസ്കൂളുകളിൽ നിന്നും പത്താം ക്ലാസ് പാസാവും വരെ കാത്തിരിക്കേണ്ടി വന്നൂയെനിക്ക് സെക്കന്റ് ലാം‌ഗ്വേജ് കിണ്ടിയാക്കി മാറ്റാൻ.

ആയെന്നോട് മലയാളത്തിൽ, അതും സംസ്കൃതവൃത്തത്തിൽ, നാലു വരി പദ്യമെഴുതാൻ പറഞ്ഞാൽ എങ്ങിനെയിരിക്കും?

ഗുരുവിനൊക്കെപ്പിന്നെയെന്തുമാവാമല്ലോ. നോക്കണേ വസന്തയുടെ തിലകത്തിൽ പൂരിപ്പിക്കണമെന്ന്!
- - - - - - - - - - -
- - - - - - - - - - -
- - - - - - - - - - -
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?


(എനിക്കും അതന്നെയാ ചോയ്‌ക്കാൻ ഉള്ളത്. ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ? മനുഷ്യൻ ചൊവ്വേലേക്ക് ആനക്കുട്ടിയെ കയറ്റി അയക്കുന്ന യുഗാണ്... വസന്തതിലകം പോലും!)

നമ്മടെ ഉമേഷണ്ണനല്ലേ, പാവല്ലേ, ഒരു പോസ്റ്റിട്ടതല്ലേന്നു കരുതി സ്നേഹത്തിന്റെ പൊറത്ത് (വെറും സ്നേഹത്തിന്റെ പൊറത്ത് ) ഒരു പൂരണം അങ്ങട് കാച്ചിയെന്നൊരു തെറ്റേ ഞാൻ ചെയ്തൊള്ളൂ. ദോണ്ടെ ദിങ്ങനെ.

കാൻസർ ചികിത്സിക്കാൻ ലാടവൈദ്യം മുഴു
ഭ്രാന്തുകൾ മാറ്റിടാൻ മന്ത്രവാദം; നിധി
കുംഭങ്ങൾ പൊക്കുവാൻ തൊണ്ണൂറുലക്ഷം
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?


അപ്പോ അതിനു വൃത്തം പോരാ ന്ന്! ഹും!

ന്നാ പിന്നെ വൃത്തമില്ലാഞ്ഞിട്ടാർക്കും ഉറക്കമില്ലായ്മ വേണ്ടാന്ന് കരുതി ഇട്ടു കൊടുത്തു വൃത്തത്തിലൊരെണ്ണം.

നീരിൽ പ്രസന്നമൊരു ഭാസുര തോറ്റുപോമാ
ക്ലാരിറ്റി കൂടിയ കമന്റിനൊടെന്നിരിക്കെ
ബ്ലോഗർക്കു സിമ്പിൾ കഥയിന്നു മനസ്സിലാക്കാൻ
ഈ പാവമാം ഗഡിയെ ചീതു പറഞ്ഞിടാമോ?


വൃത്തം ശര്യായപ്പോ അതിനർത്ഥം പോരാന്ന്.!!!!
(അര്‍ഥം അനര്‍ഥമായ് കാണാതിരുന്നാല്‍, അക്ഷരത്തെറ്റു വരുത്താതിരുന്നാല്‍.....ഇരുന്നാൽ... ഇരുന്നാലെന്താ? അവനനവനു കൊള്ളാം. )

വിട്വോ നമ്മള്... മീ ഹൂ സൺ? ഞാനാരാ മോൻ...

കാച്ചി വേറൊരെണ്ണം വൃത്തോം അർഥോം ഒപ്പിച്ചിട്ട്! (എന്റെ രണ്ടര മണിക്കൂർ ഹുദാ ഗവാ)

വോട്ടിന്നു വേണ്ടി ശശിമുണ്ടു ധരിച്ചിടാമെ-
ന്നാൽ കേന്ദ്രവാസമൊരു താജിൽകുറഞ്ഞ് പോരാ
ട്വീറ്റുമ്പൊ കോമഡി പശുക്കളെ പോലെയീ,ഭൂ
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?


ദേണ്ടെ കേക്കണേ രസം. അപ്പോ അതിലു യതിഭംഗം വന്നത്രേ? (അതു പോരാഞ്ഞിട്ട് താജിലെ ‘ജാ‘ക്കെന്തോ കുരുവിന്റെ അസുഖമുണ്ടെന്ന്). ഇങ്ങേരെയൊക്കെ എന്താ ചെയ്യണ്ടതെന്ന് നിങ്ങള് തന്നെ പറ? ഏ ഏ?
നമ്മൾക്കെന്തോന്ന് യതി? ഹിമായത്തിലെങ്ങാണ്ട് എന്തോ ഒരു യതിയുണ്ടെന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ.

സ്റ്റെപ്പിനി ശ്ലോകം ആയി ഒരു ലതച്ചേച്ചിയേയും ചേച്ചീടെ പ്രേമിച്ചൊളിച്ച് പോയ മോളെക്കുറിച്ചും ഒരെണ്ണം കൂടെ കാച്ചിയിരുന്നു. ദിങ്ങനെ...

ലാളിച്ചുപെറ്റലതയൻപൊടു ശൈശവത്തിൽ
ചേലൊത്ത ചേലകൾ നൽകീ പല വർണ്ണമെന്നാ
ലമ്മോ‍ളൊരുത്തനു ഛെ ലൈനതൊളിച്ചു പോയീ
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?


സംഗതി അതിഫീകരപൂരണമായതിനാലാവണം.... വൃത്തത്തെക്കുറിച്ചോ അർത്ഥത്തെക്കുറിച്ചോ കമാ എന്നൊരക്ഷരം മിണ്ടീട്ടില്ല... ബൈ ദി വേ കമാ രണ്ടക്ഷരമല്ലേ? ആ അതെന്തോ ആവട്ടെ. പക്ഷേ എനിക്ക് കുമാരനാശാനോട് ചിലത് ചോദിക്കാൻ ഒണ്ട്. അല്ലാശാനേ ഈ ലാളിച്ചോണ്ടെങ്ങിനെയാ പെറുന്നത്? പെറ്റ ശേഷമല്ലേ ലാളിക്കണത്? ആ ഇപ്പോ പെങ്കുട്യോളൊക്കെ സ്വപ്നത്തിൽ ട്രയിനിൽ കിടന്നും പ്രസവിക്കും. അപ്പോ ലാളിച്ചോണ്ടും പ്രസവിക്കാമെന്നായിരിക്കും. വെറുതെയല്ല “ആശാനതിശയഗംഭീരൻ”* എന്നൊക്കെ എട്ടാം ക്ലാസിൽ പഠിക്കണ മരുമകനുണ്ണി ഇടക്ക് പാടണത് കേൾക്കുന്നത്! അതിശയമല്ലേ ഇതൊക്കെ! )

അർത്ഥമില്ല, വൃത്തമില്ല, യതിഭംഗിയില്ല, കണ്ഠശുദ്ധി പോരാ എന്നൊക്കെ ഹിസ് ഹൈനസ് അബ്ദുള്ളയിൽ വിരഹിണി രാധ ഗായകരെ വിലയിരുത്തും പോലെ എന്റെ അതിഗംഭീരപദ്യങ്ങളെ വിലയിരുത്തുന്നത് കണ്ട് സഹിക്കാൻ മേലാതിരിക്കുമ്പോഴാണ് നല്ല പൂവമ്പഴം പോലത്തെ ഒരു ചാൻസ് ഒത്തു വന്നത്.

അതിലേ പോയ ഒരു മാതൃഭൂമി വാർത്തയെ ഇതിലേ പോയ ചന്ത്രക്കാരൻ വെറുതെ ഒന്നു ചൊറിഞ്ഞത് കണ്ടപ്പം വക്കാരിക്ക് ഒടുക്കത്തെ കലിപ്പ്. അത് കണ്ട ഉമേഷണ്ണൻ അതിൽ ചെന്നെടപെടണ്ട വല്ല കാര്യോമുണ്ടോ? (മൊട കണ്ടാൽ യെടപെടാൻ ഇങ്ങോരു രായമാണിക്യൊന്നുമല്ലല്ല്!). അടി സ്ഥാനത്ത് കൊണ്ട വക്കാരി ഉമേഷണ്ണനെ പോസ്റ്റിലൂടെ ദേ തലങ്ങും വിലങ്ങും ഇട്ട് കൊട്ടുന്നു (പറയുന്നതിനു പ്രത്യേകിച്ച് അർത്ഥമോ അർത്ഥാപത്തിയോ ഒന്നുമില്ലെങ്കിലും).

ശ്ലോകമെഴുതിയ ശോകം മാറ്റാൻ ഇതല്ലേ ബെസ്റ്റ് ചാൻസ്! കൊടുത്തു ഗുരുവിനു തന്നെ ഒരെണ്ണം!

ക്ഷിപ്രം ശമിച്ചു ഹ! സിസിക്കുമഹന്ത കണ്ടാ-
വക്കാരിയെന്തൊരു കലിപ്പൊരു പോസ്റ്റുമിട്ടൂ
ഹമ്പോകമന്റിയൊരുമേഷിനു കിട്ടി കൊട്ടും
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?


ഹൊ ഇപ്പോ എനിക്ക് സമാധാനമായി...,, ഇനിയെന്ത് പറയും എന്നൊന്ന് കാണണമല്ലോ!

വൃത്തമുണ്ടോ? - ഒണ്ട്.
അർത്ഥമില്ലേ? - അതല്ലേ ഉള്ളൂ.
യതിഭംഗം? - മിണ്ടരുത് തല്ലി റോട്ടിലിടും.

നമ്മള് വിചാരിച്ചാലും ഇവിടെ ചെലതൊക്കെ നടക്കും. ഹല്ല പിന്നെ!


അനുവിന്റെ ബന്ധു:
ദീപശിഖാകാളിദാസൻ എന്നൊക്കെപ്പറയുമ്പോലെ ബ്ലോഗശ്ലോകാകാൽ‌വിനാനന്ദ് എന്നെങ്ങാൻ എന്നെയും ഇനി ആരെങ്കിലും വിശേഷിപ്പിച്ചുകളയുമോന്നാ!


----
*“ആശാനാശയ ഗംഭീരൻ, ഉള്ളൂരുജ്ജ്വല ഗായകൻ, വള്ളത്തോൾ ശബ്ദസുന്ദരൻ” എന്ന് ശരിയായ രൂപം

Monday, September 28, 2009

രജനീകാന്തിനെ എനിക്കിഷ്ടമാണോ?


ചില നടന്മാരുണ്ട്. മുടിഞ്ഞ സ്ക്രീൻപ്രസൻസ് ആയിരിക്കും. ഫ്രെയിമിൽ വേറെ എത്ര വേന്ദ്രന്മാരും വേന്ദ്രികളും ഉണ്ടെങ്കിലും കാണികളുടെ മൊത്തം നോട്ടവും അവരിലേക്കൊതുങ്ങും.

വിശ്വാസമായില്ലെങ്കിൽ അന്നിയനിലെ പ്രേമത്തിന്റെ ആനയെ വരക്കുന്നെ റെമോ പാട്ട് കണ്ടു നോക്കൂ. സുന്ദരിയായ യാന ഗുപ്തയെപ്പോലും ശ്രദ്ധിക്കാൻ നമ്മൾ മറന്ന് പോവുന്നില്ലേ വിക്രം എന്ന വിദ്വാന്റെ ലീലാവിലാസങ്ങൾ കാരണം?

രജനീകാന്ത് ഏതാണ്ടാ സൈസ് ഒരു സംഭവം ആണെന്ന് തോന്നുന്നു. ഇതുവരെ രജനീകാന്ത് നായകനായ ഒരു സിനിമ മുഴുവൻ ഇരുന്ന് കാണാൻ ഉള്ള മഹാഭാഗ്യം എനിക്കുണ്ടായിട്ടില്ലെങ്കിലും പുള്ളിയെ എനിക്കിഷ്ടമാണ്.

ബാഷയെന്ന സിനിമ കാണാൻ ഇരുന്നത് കോളേജ് ഹോസ്റ്റലിൽ വെച്ചായിരുന്നു. മാമാ മിയാ.! എന്തൊക്കെ ബഹളങ്ങളാരുന്നു...!

കോട്ടിട്ട ഒരു മുതലാളിയുടെ ഓഫീസ് മുറിക്കകത്തേക്ക് കൂസലില്ലാതെ കേറിച്ചെല്ലുന്ന രജനി.

യേൻ പേര് മാണിക്കം. എനക്ക് ഇന്നും ഒരു പേർ ഇരിക്ക്.
ഇന്റർകട്ട്.!
കൊളാഷ്...
ബാഷ! ബാഷ! ബാഷ (ബാക്ഗ്രൌണ്ടിൽ ടെർമിനേറ്ററിന്റെ തീം മ്യൂസിക് ഡീഡിം ഡിം ഡിം...)
ബോംബെയിലെ രജനീകാന്ത് ഡോണിന്റെ പല പല രംഗങ്ങളുടെ കൊളാഷ്.
പിന്നേം ഇന്റർകട്ട്....
ഞെട്ടിത്തരിച്ചിരിക്കുന്ന കോട്ടിട്ട മുതലാളി.

അമ്മച്ചീ നമിച്ച്....

സിനിമയുടെ പാതിവഴിയിലെപ്പോഴോ ഒറ്റക്കൈ കൊണ്ട് ബോംബ് ദൂരേക്കേറിഞ്ഞ് ഡിഫ്യൂസ് ചെയ്യുന്ന സീൻ എത്തിയപ്പോഴേക്കും കണ്ണുകൾ താനേ അടഞ്ഞ് പോയി... പിന്നെ പിറ്റേന്ന് നേരം വെളുത്തതാണ് ഓർമ.

ചന്ദ്രമുഖി തിയേറ്ററിൽ തന്നെ ചെന്ന് ഇരുന്നിട്ട് പോലും മുഴവൻ സമയം കണ്ണ് തുറന്നിരിക്കാൻ പ്രജ്ഞ അനുവദിച്ചില്ല :-/

തളപതി കാണാനായി ശ്രമിച്ചപ്പോഴും ഫലം തഥൈവ!

ഹാവിംഗ് സെഡ് ഓൾ ദീസ്, രജനീകാന്തിനെ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് എനിക്കിഷ്ടമാണ്. മുന്നേ പറഞ്ഞ സ്ക്രീൻ പ്രസൻസാണ് കാരണം എന്ന് തോന്നുന്നു. രജനീകാന്തിന്റെ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു വീഡിയോ താഴെ. ഇളയരാജയുടെ അതിഗംഭീരസംഗീതം. സുന്ദരിയായ ഖുശ്ബ്ബൂ.കണ്ടിഷ്ടെപ്പെട്ടെങ്കിൽ ചെറിയൊരു പുഞ്ചിരിക്കായി താഴെയുള്ള വീഡിയോയും കാണാം. സ്റ്റാർ സിംഗർ അണ്ണാച്ചിയുടെ എനിക്കിഷ്ടപ്പെട്ട ചുരുക്കം ചില പാട്ടുകളിലൊന്ന്.മമ്മൂട്ടിയുടെ ഡാൻസിനെപ്പറ്റി നോ കമന്റ്സ്.. കുട്ടിച്ചാത്തന്റെ ഉപദ്രവമുള്ള സ്ഥലമാണീ ബ്ലോഗ് ബ്ലോഗ് എന്ന് പറയുന്നത്.

Monday, August 24, 2009

ജര (കഥ)

മൂക്കിനു കീഴെ തൂവെള്ള നിറത്തിൽ വളർന്നു നിന്നിരുന്ന അച്ഛന്റെ മീശ ഒരാഴ്ച കൊണ്ട് പൂർണമായും കറുത്തിരിക്കുന്നു. അച്ഛനെന്തോ സംഭവിക്കുന്നുണ്ടെന്ന് തീർച്ച. ചുണ്ടുകൾക്ക് ചുവപ്പു കൂടിയതും മുഖത്തെ ചുളിവുകൾക്ക് കുറവു വന്നതും എല്ലാം നേരത്തെ ശ്രദ്ധിക്കാഞ്ഞതല്ല.

നൂറ്റിനാല്പതിൽ എത്തി നിന്നിരുന്ന രക്തസമ്മർദ്ദം രണ്ടാഴ്ചയ്ക്കുള്ളിൽ സാധാരാണനിലയിലെത്തിയപ്പോൾ ആദ്യം അസ്വാ‍ഭാവികതയൊന്നും തോന്നിയിരുന്നില്ല.

അല്ലെങ്കിലും അച്ഛനെന്നും അതിശയിപ്പിച്ചിട്ടല്ലേയുള്ളൂ. ഇളയമ്മയെ ആദ്യമായി കണ്ട ദിവസം, പതിവു പോലെ അമ്മയുടെ രാത്രിഭക്ഷണത്തിൽ ഉറക്കഗുളിക ചേർത്തിട്ട് ഒന്നുമറിയാതെ കിടന്നുറങ്ങിയ അച്ഛന്റെ രക്തക്കുഴലുകളിലൂടെ ഒഴുകിയ രക്തത്തിനു ഒരിറ്റു വേഗത പോലും കൂടിയതായി തനിക്കറിയില്ല. “കൊലപാതകി” എന്ന് മുഖത്തു നോക്കി വിളിക്കാൻ ധൈര്യം കാണിച്ച ചേട്ടനെ, എന്നെന്നേക്കുമായി തെരുവിലേക്ക് വലിച്ചെറിയുമ്പോൾ മുഖത്തെ പേശികൾ പോലും അല്പമൊന്ന് വലിഞ്ഞു മുറുകിയതായി ഓർമയില്ല.

എന്താണ് ഒരിക്കലും അച്ഛനെ എതിർത്തൊന്നും പറയാതിരിക്കാൻ തനിക്ക് കഴിയാതെ പോയത്?
വൈകുന്നേരങ്ങളിൽ, ഓഫീസ് മുറിയിലെ ചുവന്ന വെൽ‌വെറ്റ് കസേരയിൽ തന്നെ മടിയിലിരുത്തി പരുത്ത വിരലുകൽ കൊണ്ട് കൈത്തണ്ടകളിലുഴിഞ്ഞ് അച്ഛനെന്നും പറയാണ്ടായിരുന്നു.

“നീയാണെന്റെ ഏകമകൻ. എന്റേതെല്ലാം നിന്റെയാണ്. നിന്റേതെല്ലാം എന്റേതും”

അച്ഛൻ ധനികനായിരുന്നു. എല്ലാ അർഥത്തിലും. പണം കൊണ്ട് നേടാവുന്നതെല്ലാം അച്ഛൻ നേടിയെടുത്തു. സ്വന്തമായി നടത്തുന്ന സ്കൂളിൽ നിന്നും തന്നെ ഏറെ പണം നിയമനങ്ങൾക്കായുള്ള കൈക്കൂലിയായി അച്ഛൻ സമ്പാദിച്ചിരുന്നു.

“മണി ഈസ് വാട് മണി ഡസ്”

അച്ഛൻ എപ്പോഴും പറയാറുള്ള വാക്കുകൾ തന്റെ മനസിന്റെ ഉള്ളറകളിൽ പോലും പതിഞ്ഞിരിക്കണം. അതു കൊണ്ടായിരിക്കണം അച്ഛനെ എതിർക്കാൻ ധൈര്യം കാണിച്ച് വീടു വിട്ടിറങ്ങിപ്പോയ ചേട്ടനെപ്പറ്റി ഭാമയോട് പറഞ്ഞപ്പോൾ “മണ്ടൻ” എന്നൊരു വിശേഷണം കൂടെ ചേർക്കാൻ തോന്നിയത്. അവൾക്കത് രസിച്ചില്ലെങ്കിലും.

ഇളയമ്മയും പോയ ശേഷം അച്ഛനിലും കണ്ടില്ലേ വാർദ്ധക്യത്തിന്റെ ചിഹ്നങ്ങൾ? തലയിലെ രോമങ്ങൾക്കിടയിൽ അവിടെയും ഇവിടെയും ഉയർന്നു നിന്ന വെള്ളിവരകളെ, ചായം തേച്ചു വീണ്ടും മിനുക്കിയെടുത്തെങ്കിലും, നെറ്റിയിൽ നിന്നു മുകളിലേക്ക് വിസ്താരം കൂടിക്കൊണ്ടിരുന്ന കഷണ്ടിയും, ചുളിവുകൾ അടിക്കടി കൂടി വന്നുകൊണ്ടിരുന്ന തൊലിയുമെല്ലാം, ഉറക്കെയുറക്കെ വിളിച്ചു പറഞ്ഞില്ലേ അച്ഛനും വൃദ്ധനായെന്ന്.

എന്നു മുതലാണ് അച്ഛൻ വീണ്ടും യുവത്വത്തിലേക്ക് തിരിച്ച് വരാൻ തുടങ്ങിയത്? ഭാമ വീട്ടിലെത്തിയ അന്നു മുതലാണെന്ന് തനിക്ക് വെറുതെ തോന്നുന്നതാവണം. ഭാമയുടെ കൈപിടിച്ച് ആദ്യമായി വീട്ടിൽ വന്നു കയറിയ നിമിഷത്തിൽ, വൃദ്ധന്റെ വെളിച്ചം മങ്ങിത്തുടങ്ങിയ കണ്ണുകളിൽ തിളക്കം വീണ്ടും പ്രത്യക്ഷപ്പെട്ടത് കണ്ടില്ലെന്ന് നടിക്കാനായിരുന്നു തനിക്കിഷ്ടം.

അനുരാഗത്തിന്റെ ആദ്യദിനങ്ങളിൽ, ഇഴുകിച്ചേരലിന്റെ നിമിഷങ്ങളിൽ, കിടപ്പറയിലെ ജനലിനപ്പുറം നിഴലുകൾ പലപ്പോഴും ഇളകുന്നതായി തോന്നിയിരുന്നു.

ഭാമ അസ്വസ്ഥയാ‍യിരുന്നു. ഇനിയും നേരെയാക്കാൻ തനിക്കു സമയം കണ്ടെത്താൻ കഴിയാത്തത് കാരണം ഇളകിയ കൊളുത്തുള്ള കുളിമുറിയിൽ, പഴയ ഉഷ ഫാനിന്റെ ശക്തിയിൽ ഇളകിയാടുന്ന കർട്ടനുകൾ ഉള്ള കിടപ്പുമുറിയിൽ, തീന്മേശയിൽ ഭക്ഷണം വിളമ്പുമ്പോൾ, അലക്കുമ്പോൾ, വസ്ത്രങ്ങൾ ഇസ്തിരിയിടുമ്പോൾ എല്ലാം അവൾ അസ്വസ്ഥയാവുന്നത് തനിക്കറിയാമായിരുന്നു.

നോട്ടങ്ങളിലുടെ, ചലനങ്ങളിലൂടെ ഒടുവിൽ സഹികെട്ട് വാക്കുകളിൽ കൂടെ അവൾ സൂചിപ്പിച്ചവയെല്ലാം കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുവാനേ തനിക്കു നിർ‌വാഹമുണ്ടായിരുന്നുള്ളൂ.

“ഗൌതമൻ.....”
അവളുടെ ശബ്ദത്തിൽ വെറുങ്ങലിപ്പ്.
മകളല്ലേ ഞാൻ?,...... അച്ഛന്റെ?”

ഒന്നും പറയാനില്ലായിരുന്നു തനിക്ക്.

വെളുത്തിരുന്ന അച്ഛന്റെ മീശ അനുദിനം കറുത്തു വരികയാണ്. ചായങ്ങൾ ഈയിടെയായി അച്ഛൻ ഉപയോഗിക്കാറില്ല്ലെന്ന് തീർച്ച. അല്ലെങ്കിലും ചായങ്ങൾ കൊണ്ടൊരിക്കലും മുഖത്തെ ചുളിവുകൾ മായില്ലല്ലോ. കൂനിത്തുടങ്ങിയ നട്ടെല്ല് വീണ്ടും നിവരില്ലല്ലോ.

സ്കൂളിലെ പുതിയ നിയമനത്തിന് കടലാസുകൾ ശരിയാക്കാൻ അച്ഛനു തന്നെ പോകാമായിരുന്നു. ടിക്കറ്റു ബുക്ക് ചെയ്ത ശേഷം നാളെത്തന്നെ പോകാൻ അച്ഛൻ ആജ്ഞാപനത്തിന്റെ സ്വരത്തിൽ പറഞ്ഞപ്പോൾ എതിർക്കാൻ ശക്തി പോരായിരുന്നു.

“ഉഡുപ്പിയിൽ മുറി ബുക്ക് ചെയ്തിട്ടുണ്ട്. രണ്ട് ദിവസം താമസിച്ച് എല്ലാം ശരിയാക്കിയിട്ട് തിരിച്ച് വന്നാൽ മതി”.

ശരിയെന്ന ഭാവത്തിൽ തല കുലുക്കി തിരിച്ച് നടക്കുമ്പോൾ കണ്ടു, ഭാമയുടെ കണ്ണിലെരിയുന്നതെല്ലാം. പുച്ഛം തന്നെയായിരിക്കണം. യാത്ര തുടങ്ങാനായി ബാഗിൽ തുണികൾ കുത്തിനിറയ്ക്കുമ്പോഴേക്കും പുച്ഛവും രോഷവുമെല്ലാം ദയനീയതയോ മറ്റോ ആയി മാറിയിരുന്നെങ്കിലും.

പോകരുതെന്ന് ഓരോ നോട്ടത്തിലൂടെയും അവൾ തന്നോട് പറയുന്നുണ്ടായിരുന്നു. ഇറങ്ങുമ്പോൾ അവളുടെ നഖങ്ങൾ എന്റെ കൈത്തണ്ടയെ ശക്തിയായി അള്ളിപ്പിടിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. നഖങ്ങൾ ആഴ്ന്നിറങ്ങിയ കൈത്തണ്ടയിൽ ശക്തമായ നീറ്റൽ!

തിരിച്ചെത്തിയ ശേഷം അവളുടെ കണ്ണുകളിലേക്ക് നോക്കാതിരിക്കാൻ ഞാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. പക! എനിക്കറിയാം.

പക്ഷേ എന്നെ അത്ഭുതപ്പെടുത്തുമാറ് അവളുടെ മുഖത്ത് ഒരു തരം നിസ്സംഗത മാത്രമേ അവശേഷിച്ചിരുന്നുള്ളൂ.

രാത്രിയിൽ അവളുടെ ശരീരത്തെ തൊടാൻ പോലും ഭയന്നു പോയി. അവളുടെ മനസിൽ നിറഞ്ഞൊഴുകുന്ന വെറുപ്പിന്റെ ചൂട് അവളെ തൊടാതെ തന്നെ എന്നെ ചുട്ടുപൊള്ളിക്കുന്നുണ്ടായിരുന്നു.

എങ്ങോ നോക്കിക്കൊണ്ട് അവളുടെ ചുണ്ടുകൾ പതുക്കെ ശബ്ദിച്ചു.
“ഗൌതമൻ , ഒന്നു ചോദിച്ചോട്ടെ?“
എന്റെ അനുവാദത്തിനവൾ കാത്തു നിന്നില്ല.
“ആ പഴയ കഥയില്ലേ. പിതാവിനു തന്റെ യുവത്വം നൽകി പകരം ജരാനരകൾ ഏറ്റുവാങ്ങിയ പുത്രന്റെ കഥ.“
എവിടേയ്ക്കാണ് അവളുടെ ചിന്തകൾ പോകുന്നതെന്നറിയാമായിരുന്നെങ്കിലും മറുപടിയായി ചോദ്യഭാവത്തിലൊന്ന് മൂളാതിരിക്കാൻ കഴിഞ്ഞില്ല.
“എനിക്കൊരു സംശയം, പിതാവിനു യുവത്വം ദാനം ചെയ്ത പുത്രന് രാജ്യം പ്രതിഫലമായി ലഭിച്ചതാണോ അതോ രാജ്യം പ്രതിഫലമായി ഇച്ഛിച്ച പുത്രൻ യുവത്വം തന്റെ പിതാവിന് അടിയറവ് വെച്ചതോ?“

ഒരായിരം മുള്ളുകൾ തലച്ചോറിനകത്തെവിടെയൊക്കെയോ തറഞ്ഞു കയറി.

ഓടിപ്പിടഞ്ഞെഴുന്നേറ്റ് ബാത്ത്‌റൂമിലെ ഏകാന്തതയിലൊളിക്കാനാണ് തോന്നിയത്. ബാത്ത്‌റൂമിലെ അരണ്ട വെളിച്ചത്തിലും വ്യക്തമായി തന്നെ കണ്ടു. തന്റെ തലമുടികൾ വെളുത്തിരിക്കുന്നു!

Wednesday, August 5, 2009

ജീവിതവിജയവും മരമാക്രിയും

പുറത്ത് നല്ല മഴ. റൂമിനകത്ത് ഇളം തണുപ്പ്. ചിക്കനും വീറ്റ് ദോശയും നർഗീസി കോഫ്തക്കാരൻ സ്നേഹത്തോടെ തന്നുവിട്ട അച്ചാറും കൂട്ടി തട്ടി ഒരു ഏമ്പക്കവും വിട്ടു. മനോഹരമായ കാലാവസ്ഥ. ലാപ്പിടോപ്പിയിൽ നിന്നും റഫിയുടെ ശബ്ദം.
“ആജ് മോസം ബഡാ ബയ്‌മാന് ഹേ ബഡാ”

ആഹാ.. സുഖം സ്വസ്ഥം സുന്ദരം.... ജീവിതം എത്ര സുന്ദരം? സിന്ദഗി കിത്നാ സുന്ദർ ഹേ? ലൈഫ് സോ ഗുഡ്. വാഴ്കൈ റൊമ്പ ... റൊമ്പ... റൊമ്പ... ആ എന്തരോ....

പെട്ടെന്നാണ് ഇടിത്തീ പോലെ മരമാക്രിയുടെ പോസ്റ്റ് കണ്ണിൽ‌പ്പെട്ടത്. ജീവിതവിജയം നേടുന്നതിന്റെ ഡഫനിഷം മാക്രി വിവരിച്ചിരിക്കുന്നു

എന്താണ് ജീവിതവിജയം?

  • ബ്യൂറോക്രസിയില്‍ ഇന്ത്യന്‍ സിവില്‍ സെര്‍വിസ്‌
  • എഞ്ചിനീയറിംഗ് എങ്കില്‍ ഐഐടി, കുറഞ്ഞത് എന്‍ഐടി (പഴയ ആര്‍ഈസി)
  • മെഡിസിന്‍ എങ്കില്‍ AIIMS, JIPMER, Vellore - ഇതില്‍ ഏതിലെങ്കിലും ഒന്ന്
  • ബ്രിട്ടനില്‍ ഓക്സ്ഫഡ്, അല്ലെങ്കില്‍ കേംബ്രിജ്‌
  • അമേരിക്കയില്‍ പോകുന്നവര്‍ ഏതെങ്കിലും ഐവി ലീഗ് സര്‍വകലാശാലകളില്‍/കോളജുകളില്‍ ഏതിലെങ്കിലും അഡ്മിഷന്‍ നേടിയിരിക്കണം (Ivy League - Columbia, Brown, Yale, Cornell, Dartmouth, Harvard, Princeton, Pennsylvania)
  • അമേരിക്കയില്‍ മെഡിസിന്‍ പഠനമാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ ജോണ്‍ ഹോപ്കിന്‍സ് അല്ലെങ്കില്‍ മയോ
നശിച്ചു... ഇടിവെട്ടി... പണ്ടാരടങ്ങി.

ബ്യൂറോക്രസി പോയിട്ട് ഹിപ്പോക്രസി പോലും ഇല്ല

എഞ്ചിനീയറിംഗ്... തേങ്ങാക്കൊല. ഐഐടിയുടെ പടി പോലും കണ്ടിട്ടില്ല. എൻ.ഐ.ടി യിൽ രാഗം പരിപാടി കാണാൻ പോയിട്ടുണ്ട്.

മെഡിസിൻ അസുഖം വരുമ്പോൾ കഴിക്കാറുണ്ട്.

ബ്രിട്ടൻ കണ്ടിട്ടുണ്ട്. നമസ്തേ ലണ്ടൻ സിനിമക്കകത്ത്.

അമേരിക്കയിൽ വന്നത് വേസ്സ്റ്റ് ആയി... ഇപ്പറഞ്ഞ യൂണീവേഴ്ക്കിറ്റികളുടെ വെബ്സൈറ്റ് പോലും കണ്ടിട്ടില്ല.

അമേരിക്കയിൽ മെഡിസിൻ പഠനത്തിനു മയോ... മ###... എന്നെക്കൊണ്ടൊന്നും പറയിക്കണ്ട...

തീർന്നില്ലേ? ജീവിതം വേസ്റ്റ്... ഇനി ഞാനെന്തിനു ജീവിച്ചിരിക്കണം?...

ലാപ്പിടോപ്പിയിലെ പാട്ട് വേഗം മാറ്റി...
“യേ ദുനിയാ യേ മെഹഫിൽ മേരെ കാം കീ നഹീ മെരേ കാം കീ നഹീ...”

ഇനിയിപ്പോ ആത്മഹത്യ ചെയ്യാതെ മറ്റു വഴി ഒന്നുമില്ല. തോണിക്ക് തല വെക്കാം എന്നാ‍ണ് തീരുമാനം. പകരം പട്ടണത്തിൽ ഭൂതം തിയേറ്ററിൽ പോയി കണ്ടാലോ എന്നും ആലോചനയുണ്ട്.

ഏതായാലും മരിക്കും മുൻപേ ഒരു നല്ല കാര്യമെങ്കിലും ചെയ്തു മരിച്ചില്ലെങ്കിൽ എന്റെ ആത്മാവിനെങ്ങാനും നെഗറ്റീവ് എനർജി വന്നാലോ?
അതുകൊണ്ടാണ് പൊതുതാല്പര്യപ്രകാരം ജീവിതവിജയത്തിനുള്ള അളവുകോലും മാർഗങ്ങളും ബ്ലോഗ് വഴി പ്രസിദ്ധീകരിച്ചുകളയാം എന്നു കരുതിയത്.

മാക്രിയുടെ ഡഫനിഷനിൽ എല്ലാം വിജയം എന്നു പറയുന്നത് ഒരു എൻഡ് റിസൾറ്റ് ആണ്. ഉദാ: രാഷ്ട്രീയമാണെങ്കിൽ അമേരിക്കൻ പ്രസിഡന്റാവുക, ബ്ലോഗറാണെങ്കിൽ നൂറിനു മേലെ ഫോളോവേഴ്സ് ഉണ്ടാവുക അങ്ങനെയങ്ങനെ.

എന്നാൽ വിജയത്തെ ഒരു അവസാന റിസൾട്ട് ആയി ഒതുക്കാതെ കണ്ടിന്യുവസ് സ്കെയിലിൽ അളക്കാൻ ഉള്ള മാർഗം ആണ് താഴെ വിവരിച്ചിരിക്കുന്നത്.

1. എ.ൽ.കെ ജി ക്ലാസ് മുതൽ ഏതാണ്ട് മുപ്പത് കിലോ ഭാരമുള്ള ബാഗ് കൊണ്ട് പോകാൻ കഴിയുക.
2. ഒന്നാം ക്ലാസ് മുതൽ ക്ലാസിൽ ഒന്നാം റാങ്ക് മാത്രം.
3. യുവജനോത്സവങ്ങളിൽ കലാപ്രതിഭ/തിലകം എന്തെങ്കിലും ആവുക.
4.ഏതെങ്കിലും ഒരു റീയാലിറ്റി ഷോയിൽ പങ്കെടുക്കുക. പെർ‌ഫോർ‌മൻസിന് ശേഷം ഓടി വന്ന് കെട്ടിപ്പിടിക്കുന്ന ജഡ്ജസിനെക്കൊണ്ട് “ഈ മോനെ/മോളെ മക്കളായി കിട്ടിയ അച്ഛനും അമ്മയുമാണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻമാർ“ എന്ന് പറയിക്കുക. പറ്റിയാൽ മക്കളു പാട്ടു പാടുമ്പോൾ സ്റ്റേജിൽ അച്ഛനും അമ്മയും കൂടെ ഡാൻസ് കളിക്കുക. (പരിപാടി പ്രക്ഷേപണം ചെയ്യുന്ന ദിവസം ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോൺ വിളിച്ച് പറഞ്ഞിരിക്കണം. ടിവിയിലാണ് വരുന്നത്).
5. സ്പോർട്സിലാണ് കമ്പമെങ്കിൽ മിനിമം ഒരു പഞ്ചാബിയുടെ കൈയിൽ നിന്നെങ്കിലും ചെകിട്ടത്തടി വാങ്ങിച്ചിരിക്കണം.
6.പ്ലസ് റ്റൂവിനു സി.ബി.എസ്.സി സ്കൂളിൽ മാത്രം ചേർക്കുക.
7. തൃശ്ശൂര് എണ്ട്രൻസ് കോച്ചിംഗിനു ചേർക്കുക.
8. മെഡിസിനോ എഞ്ചിനീയറിംഗിനോ അഡ്മിഷൻ തരപ്പെടുത്തുക.
9. പിള്ളേര് കോളേജിൽ ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയിൽ പ്രവർത്തിക്കാതെ പ്രത്യേകം ശ്രദ്ധിക്കുക.
10. പ്രേമിക്കുന്നത് ജീവിതവിജയത്തിനെ എപ്രകാരം പ്രതികൂലമായി ബാധിക്കുന്നു എന്ന് കുട്ടികളെ പ്രത്യേകം പറഞ്ഞ് മനസിലാക്കിക്കുക. ക്ലാസിൽ ആൺകുട്ടികളും പെണ്കുട്ടികളും ഒരേ ബെഞ്ചിൽ ഇരുന്നു പഠിക്കുന്നില്ല എന്ന് അദ്ധ്യാപകരോട് ചോദിച്ച് ഉറപ്പു വരുത്തേണ്ടതാണ്.
11. ഇനി എഞ്ചിനീയറിംഗ്/മെഡിസിൻ കിട്ടിയില്ലായെങ്കിൽ സിവിൽ സർവീസ് ഇത്യാദി ശ്രമിക്കാവുന്നതാണ്. എന്നാൽ ബി.എസ്.സി ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയതൊന്നും യാതൊരു കാരണവശാലും പഠിക്കരുതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
12. കല്യാണം.:- അമേരിക്കയിലോ ലണ്ടനിലോ ഗ്രീൻ‌കാർഡോടു കൂടിയ ഡോക്ടർ/എഞ്ചിനീയർ. കല്യാണത്തിനു പെണ്ണു വരുന്നത് കണ്ടാൽ ഒര് സ്വർണക്കട നടന്ന് വരുന്നത് പോലെ ആവാൻ ശ്രദ്ധിക്കണം. ആൺകുട്ടികളാണെങ്കിൽ സ്ത്രീധനമായി മിനിമം ഒരു ബെൻസ്, പത്തേക്കർ ഭൂമി, വീട്, ഒരു പത്തു ലക്ഷം പോക്കറ്റ് മണി. ഇതിൽ ഒട്ടും കുറയരുത്. ജീവിതവിജയം കൈവിട്ട് പോകും.

13. എല്ലാം കഴിഞ്ഞ് കല്യാണം കഴിഞ്ഞ് പെൺകുട്ടികൾ ഉണ്ടാവാതെ കിട്ടിയാൽ പൂർത്തിയായി. സമ്പൂർണജീവിതവിജയം.

ജീവിതവിജയം അളക്കാനുള്ള ഈ മെട്രിക് ഇനി മുതൽ കാൽ‌വിൻ സ്കെയിൽ എന്നറിയപ്പെടുന്നതായിരിക്കും.
Sunday, July 19, 2009

പോട്ടർ മാനിയ

ഹൊ എന്തൊക്കെ ബഹളങ്ങൾ ആയിരുന്നു. സമാധാനം ആയിട്ട് ഒരു സിനിമ കാണാലോ എന്നു കരുതിയാ തിയേറ്ററിൽ ചെന്നത്. ഹരി പുത്തറും പകുതിച്ചോര രാജകുമാരനും.

എന്റെ പ്രിയപ്പെട്ട സീറ്റ് ആയ പുറകിൽ നിന്നും രണ്ടാമത്തെ റോയിൽ ചെന്നിരിക്കാൻ നോക്കിയപ്പോ ദേണ്ടേ സായിപ്പ് കലിപ്പ്.

“ദിസ് റോ ഈസ് ബുക്ഡ് ബൈ എ ഗ്രൂപ്പ് ഫോർ സ്പെഷൽ വ്യൂയിംഗ് സാർ” [ഡാ ചെക്കാ, കളിക്കാതെ മുന്നിലെങ്ങാൻ ചെന്നിരിക്ക്. ഇവിടെ ഇരിക്കാൻ ഉള്ള പ്രായം ആവുമ്പോ അറിയിക്കാം]

“ഓ. ഐം ആം ദ സോറി” [ നിന്നെ പിന്നെ എടുത്തോളാം ട്ടാ, നീ ഇന്ത്യേലോട്ട് വാ.. രജനീകാന്തിന്റെ അടുത്ത പടത്തിനു നിന്നെ ബ്ലാകിൽ പോലും തിയേറ്ററിൽ കയറ്റൂലാ...തിയേറ്ററിൽ നിന്റെ കണ്ണീരു വീഴുമെടാ കണ്ണീരു വീഴും.]

ഒരു മൂലക്ക് ചെന്നിരുന്നു. ദേ സ്പെഷ്യൽ റോയിൽ ബഹളം... സായിപ്പുമാരും മദാമ്മമാരും, ഹാരി പോട്ടർ കോസ്റ്റ്യൂം അണിഞ്ഞാണ് പടം കാണാൻ വന്നിരിക്കുന്നത്. എന്തൊക്കെ ആടയാഭരണങ്ങളാണ്. വിച്ച് ഓവർകോട്ട്, തൊപ്പി, കുപ്പി, വടി...

ഭാഗ്യം ബ്രൂം സ്റ്റിക് ഇല്ല...[കുറ്റിച്ചൂല് , കുറ്റിച്ചൂലേ]

കൂട്ടത്തിൽ ഇത്തിരി വൃത്തീം മെനേം ഉള്ള ഒരു മിനിസ്കർട്ടുകാരി മുന്നോട്ട് വന്നു. അവള് ആപ്റ്റിറ്റ്യൂഡ് കിസ്സ് തൊടങ്ങി. ശരിയുത്തരം പറേണോർക്ക് മിട്ടാ‍യി സമ്മാനം.

“സ്നെയ്പിന്റെ അച്ഛന്റേം അമ്മേന്റേ പേരെന്ത്?” (എന്തോന്ന്... മിസ്റ്റർ ആൻഡ് മിസ്സിസ് സ്നേയ്പ് എന്നാരിക്കും ഹല്ല പിന്നെ)

ഡംബിൾഡോർ ഫാമിലിൽ എത്ര കുട്ടികളുണ്ട്. [എന്തോന്ന് ഡോറ്? വാതിലൊനൊക്കെ കുട്ടികളാ‍]

“റോൺ ആദ്യമായി ഉപയൊഗിച്ച് സ്പെൽ ഏത്?” [റോൺ ആദ്യമായി പഠിച്ച സ്പെല്ലിംഗിന്റെ കാര്യമാണോ? “തറ” ന്നായിരിക്കും]

“ഹാരിയുടെ ബർത്ഡേ ഏത്? “ [ഹരിയുടെ ബർത്ഡേ ആണേൽ മെയ് പതിമൂന്ന്].

ഏതൊക്കെയോ സായിപ്പുമാരും മദാമ്മമാരും എന്തൊക്കെയോ ആൻസർ പറഞ്ഞു മിട്ടായീം വാങ്ങിപ്പോയി.. അറിയാവുന്ന വല്ല ചോദ്യോം ഉണ്ടാവും മിഠായീം കിട്ടും ന്നു കരുതിയ നമ്മള് അവസാനം ശശി.

ഡീ കൊച്ചേ നീയധികം നെഗളിക്കല്ലേ. നിനക്ക് ലുട്ടാപ്പിയുടെ അമ്മാവന്റെ പേരറിയോ? സൂത്രൻ ആദ്യായിട്ട് ഉപയോഗിച്ച സൂത്രം എന്താന്നറിയോ? രാജാവിന്റെ മകനിലെ മോഹൻലാലിനോട് പണ്ട് രാജുമോൻ ചോദിച്ചത് എന്താന്നറിയോ? ഒക്കെ പോട്ട് അക്കരക്കാഴ്ചയിലെ ഗ്രിഗറി എഴുതിയ ഇൻഷൂറൻസ് പശു എന്ന് കവിതേഡേ ലിറിക്ക് അറിയോ?

അവടെ ഒരു പോട്ടർ മാനിയ... ഓടിക്കോണം...

---
സിനിമ അതിനേക്കാളും ശശി... പോട്ടറിൽ ആകെക്കൂടെ ഇഷ്ടം ള്ളത് സ്നെയ്പിനെ ആരുന്നു.. അങ്ങേരെ പിടിച്ക് വോൾഡമോർട്ടിന്റെ ടീമാക്കി....
റൌളിംഗ് അമ്മച്ചീ മൂർദ്ദാബാ‍ദ്...

Tuesday, July 7, 2009

അലസം


വിരസതയുടെ വിറുങ്ങലിപ്പുകൾക്കൊടുവിൽ


ഗുപ്തന്റെ വിരസം എന്ന പോസ്റ്റിനു ഒരു ഫോട്ടോറെസ്പോൺസ്

Monday, June 29, 2009

കിഷോർ കുമാറോ മുഹമ്മദ് റഫിയോ? - ഭാഗം രണ്ട്


ആദ്യഭാഗം ഇവിടെ

എഴുപതുകളുടെ തുടക്കവും ആരാ‍ധനയും:
1969 ഇൽ ആണ് പിന്നീട് ഹിന്ദിസിനിമയുടെ ചരിത്രത്തിലെ നാഴികല്ലുകളിലൊന്നായി മാറിയാ “ആരാധന” യുടെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. എസ്.ഡി. ബർമൻ ആയിരുന്നു സംഗീതസംവിധായകൻ.

തന്റെ പ്രിയഗായകനായ റഫിയെക്കൊണ്ടാണ് എസ് ഡി ബർമൻ ആദ്യരണ്ട് ഡ്യുയറ്റ് റിക്കാർഡ് ചെയ്തത് (ഗായിക : ലതാ മങ്കേഷകർ ). ഹിന്ദി സിനിമാ സംഗീതത്തിലെ ഏറ്റവും മനോഹരങ്ങളായ രണ്ട് ഡ്യുയറ്റ് ഗാനങ്ങളായിരുന്നു അവയെന്ന് സമ്മതിക്കാതെ വയ്യ ( ബാഗോൻ മേ ബഹാർ ഹെ, ഗുൻ ഗുനാ രഹേ ഹേ ബവ്‌രേ).
എന്നാൽ ഈ രണ്ട് ഗാനങ്ങൾ റെക്കോർഡ് ചെയ്തു കഴിഞ്ഞപ്പോഴേക്കും എസ്.ഡി.ബർമൻ രോഗശയ്യയിലായി.

പിന്നീട് ആരാധനയുടെ സംഗീതസംവിധാനം ഏറ്റെടുത്തത് മകൻ ആർ.ഡി.ബർമൻ ആണ്. അദ്ദേഹം തന്റെ എക്കാലത്തെയും പ്രിയഗായകനെയാണ് പാട്ടുകൾക്കായി തിരഞ്ഞെടുത്തത് - കിഷോർ കുമാർ.
“രൂപ് തെരാ മസ്താനാ “, “മെരെ സപ്‌നോം കീ റാണീ കബ് “ എന്നീ ഗാനങ്ങൾ ഹിന്ദി സിനിമ അന്നോളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഹിറ്റ് ഗാനങ്ങൾ ആയി മാറുകയായിരുന്നു. അതോടെ കിഷോർ കുമാറിന്റേയും റഫിയുടെയും കരിയറുകളിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. കിഷോറിനെ സംബന്ധിച്ചേടത്തോളം കരിയറിലെ ഒരു വലിയ വഴിത്തിരിവായി ആരാധന മാറിയെങ്കിൽ , റഫിയെന്ന സംഗീതചക്രവർത്തിയുടെ താഴോട്ടുള്ള വീഴ്ചയുടെ തുടക്കം കുറിക്കുകയായിരുന്നു ആരാധന.

“രൂപ് തെരാ മസ്താനാ” എന്ന ഗാനത്തിന് ആ വർഷത്തെ ഫിലിംഫെയർ അവാർഡും ലഭിക്കുകയുണ്ടായി ( ദൌർഭാഗ്യകരമെന്ന് പറയട്ടെ, ഹിന്ദി സിനിമാലോകം അന്നും ഇന്നും നാഷനൽ അവാർഡിനു മുകളിലായാണ് ഫിലിം ഫെയർ അവാർഡിനു നൽകുന്ന സ്ഥാനം).

എഴുപതുകളിലെ സൂപ്പർതാരമായി മാറിയ രാജേഷ് ഖന്നയ്ക്ക് ഏറ്റവും അനുയോജ്യമായ ശബ്ദം എന്ന വിശേഷണവും കിഷോറിനു ആരാധനയോടെ നേടിയെടുക്കാൻ കഴിഞ്ഞു.

സൂപ്പർസ്റ്റാറുകളുടെ ശബ്ദം:
അതത് കാലങ്ങളിലെ സൂപ്പർ താരങ്ങളുടെ ശബ്ദമാവാൻ കഴിയുക എന്നത് മിക്ക ഗായകരുടെയും കരിയറിനെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഘടകമാണെന്ന് വേണം പറയാൻ.

തന്റെ ശബ്ദത്തിനു ഏറ്റവും അനുയോജ്യമായ ശരീരഭാഷ പ്രേം നസീറിന്റേതാണെന്ന് യേശുദാസിനെക്കൊണ്ടും, തൊണ്ണൂറുകളിൽ മോഹൻലാലിന്റെ വ്യക്തിത്വത്തിനു ചേരാത്ത ശബ്ദമാണ് തന്റേതെന്ന ചിലരുടെ മുൻ‌വിധിയാണ് അക്കാലത്ത് തനിക്ക് അവസരങ്ങൾ കുറഞ്ഞുപോവാൻ കാരണം എന്ന് മലയാളം കണ്ട ഏറ്റവും മികച്ച ഗായകരിൽ ഒരാ‍ളായ വേണുഗോപാലിനെക്കൊണ്ടും പറയിപ്പിച്ചതും ഇതേ “സൂപ്പർ സ്റ്റാർ ഫാക്ടർ“ തന്നെയാവണം.

എഴുപതുകളിലെ സൂപ്പർതാരമായിരുന്ന രാജേഷ് ഖന്നയ്ക്ക് ഏറ്റവും അനുയോജ്യമായ ശബ്ദം എന്ന വിശേഷണം കിഷോർ കുമാറിന്റെ കരിയറിനെ കുറച്ചൊന്നുമല്ല സഹായിച്ചത്. (അൻപതുകളിലും അറുപതികളുടെ തുടക്കത്തിലും ദേവാനന്ദിനെ ശബ്ദമായിരുന്ന റഫിക്ക് ആ സ്ഥാനവും അറുപതുകളുടെ പകുതിയോടെ കിഷോർ കുമാറിനായി ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു).

എഴുപതുകളുടെ അവസാനത്തോടെ രാജേഷ ഖന്നയുടെ “ചോക്ലേറ്റ് ഹീറോ” ഇമേജിൽ നിന്നും ബോളിവുഡ് അമിതാബ് ബച്ചന്റെ “ഗർജിക്കുന്ന യുവത്വ”മെന്ന ഇമേജിലേക്ക് ചുവടുമാറി. അതേ സമയം രാജേഷ് ഖന്നയുടെ ശബ്ദം എന്നതിൽ നിന്നും അമിതാബിന്റെ ശബ്ദം എന്ന സ്ഥാത്തേക്ക് മാ‍റ്റം നേടി കിഷോർ കുമാർ തന്റെ സ്ഥാ‍നം വിട്ടുകൊടുക്കാതിരിക്കുകയും ചെയ്തു (നമക് ഹലാൽ(1982) ലെ “ആജ് രപട് ജായേ തോ“ അമിതാബ് സ്വയം പാടിയതല്ലെന്ന് എങ്ങിനെ വിശ്വസിക്കാൻ സാധിക്കും?).

എഴുപതുകളിലെ കിഷോർ വസന്തം:
ആരാധനയ്ക്ക് ശേഷം അക്ഷരാർത്ഥത്തിൽ കിഷോർ ഹിന്ദിസിനിമാഗാനരംഗ അടക്കിവാഴുകയായിരുന്നു
.
എസ്.ഡി ബർമൻ :
ഫൂലോൻ കീ രംഗ് സേ , ഷോകിയോൻ മേ ഗോലാ ജായേ(പ്രേം പൂജാരി - 1969)
ആജ് മദ്‌ഹോഷ്, ഖിൽതേ ഹേ ഗുൽ , ഓ മെരീ ഷർമീലി ( ഷർമീലീ - 1971)
മീത് നാ മിലാ (അഭിമാൻ-1973)
പ്യാർ കേ ഇസ് ജുഗ്നൂ മേ (ജുഗ്നൂ)

ആർ.ഡി.ബർമൻ :
ഓ മാജി രേ (ഖുഷ്ബൂ - )
യേ ഷാം മസ്താനി, യേ ജോ മൊഹബ്ബത് ഹേ (കടീ പതംഗ് -1971)
കുച് തോ ലോഗ് കഹേംഗേ, ചിംഗാരീ കൊയീ (അമർ പ്രേം - 1972)
രാത് കലീ ഏക് (ബുഡ്ഡാ മിൽ ഗയാ -1971)
മുസാഫിർ ഹൂം യാരോ(പരിചയ് - 1972)
ദിയേ ജൽതേ ഹേ (നമക് ഹരാം -1973)
മേരീ ബീഗീ ബീഗീ സീ (അനാമിക -1973)
സിന്ദഗീ ഏക് സഫർ മേം (ആപ് കീ കസം -1974)
അഗർ തും നാ ഹൊതാ, ഹമേം തുംസേ പ്യാർ കിത്‌നാ(കുദ്‌റത്)
മേരേ നൈനാ സാവൻ ഭാഗോ (മെഹ്ബൂബാ)

മറ്റുള്ളവരുമായി :
ഓം ശാന്തി ഓം, സിന്ദഗീ കാ സഫർ, പൽ പൽ ദിൽ കേ പാസ് , മേരാ ജീവൻ കോരാ കാഗസ്, ഓ സാതീ രേ, ഖൈകേ പാൻ ബനാരസ്, നീലേ നീലേ അംബർ പർ, ഭൂൽ ഗയാ സബ്കുച് , ദിൽ ക്യാ കരേം, ചൂകർ മെരേ മൻ കോ, ചൽതേ ചൽതേ മെരേ യേ ഗീത് അങ്ങനെ അനേകം അനശ്വരഗാനങ്ങൾ!

റഫിയുടെ തിരിച്ചുവരവ്:
ആരാധനയ്ക്ക് ശേഷം പ്രഭ നഷ്ടപ്പെട്ട റഫി 1974 ഇൽ ഉഷാ ഖന്നയുടെ സംഗീതസംവിധാനത്തിൽ ഹവാസ്(1974) ഇൽ ഇരു തിരിച്ചു വരവ് നടത്തിയെങ്കിലും പഴയ പ്രതാപം വീണ്ടെടുക്കാൻ സാധിച്ചില്ല. വീണ്ടും 1977ഇൽ ആണ് റഫി “ക്യാ ഹുവാ തേരാ വാദാ” യിലൂടെ തന്റെ തിരിച്ചു വരവ് നടത്തിയത്. ആ ഗാനത്തിനു ഫിലിം ഫെയർ അവാർഡും ദേശീയ അവാർഡും ഒന്നിച്ചു നേടി ( റഫിയുടെ കരിയറിലെ വീഴ്ചയ്ക്കു കാരണമായ ആർ.ഡി.ബർമൻ , ക്യാ ഹുവാ തേരാ വാദാ” യിലൂടെ തന്റെ പാപം കഴുകിയെന്നു സ്വയം സമാധാനിച്ചിരിക്കാം).

റഫിയുടെ മികച്ച ഗാനങ്ങളുടെ പട്ടികയിൽ താഴേയാവും “ക്യാ ഹുവാ തേരാ” യുടെ സ്ഥാനം എങ്കിലും, പിന്നണിഗായകൻ എന്ന തന്റെ സ്ഥാനം വീണ്ടെടുക്കാൻ റഫിയെ ഈ ഗാനം വളരെയധികം സഹായിച്ചു.

അമർ അക്ബർ ആന്റണി(1977), ആപ്നാപൻ (1978), കുർ‌ബാനീ(1980), ദോസ്താനാ(1980), നസീബ്(1981), അബ്ദുള്ള(1980), ഷാൻ(1980), ആഷാ(1980) , സർഗം(1979) , കർസ് (1980)തുടങ്ങിയ സിനിമകളിൽ റഫി ആലപിച്ച ഗാനങ്ങളെല്ലാം അക്കാലത്തെ മികച്ച ഹിറ്റുകൾ ആയിരുന്നു.

ആസ്പാസ് ലെ “ഷാം ഫിർ ക്യൂൻ ഉദാസ് ഹേ” ആയിരുന്നു റഫിയുടെ ശബ്ദത്തിൽ റെക്കോർഡ് ചെയ്യപ്പെട്ട അവസാനഗാനം. 1980 ജൂലെ മുപ്പത്തി ഒന്നിനു ഹിന്ദി സിനിമയെ അടക്കി വാണ ആ “മാജിക്കൽ വോയ്സ്“ എന്നെന്നേക്കുമായി നിലച്ചു.

1987 ഇൽ ആയിരുന്നു കിഷോർ കുമാറിന്റെ മരണം. അങ്ങിനെ രണ്ട് സംഗീത ഇതിഹാസങ്ങൾ ഹിന്ദി സിനിമയെ വിട്ടു പിരിഞ്ഞു.

ഇതിഹാസ ഗായകർ :
സെമിക്ലാസിക്കൽ ഗാനങ്ങളിൽ റഫിയെ വെല്ലാൻ ആരുമുണ്ടായിരുന്നില്ല എന്നതാണ് സത്യം. ശബ്ദത്തിലെ സ്വതസിദ്ധമായ പുഞ്ചിരിച്ച് കൊണ്ട് പാടുന്ന ഭാവം പ്രസന്നഭാവത്തിലുള്ള പ്രണയഗാനങ്ങളെ മികച്ചതാക്കാൻ റഫിയെയും സഹായിച്ചു. അതേ സമയം അല്പം ദുഃഖഭാവം കലർന്ന പ്രണയഗാനങ്ങളിൽ കിഷോർ മികച്ചു നിന്നു. അത്തരം ഗാനങ്ങളിൽ എന്നും വെല്ലുവിളിയായി മുകേഷും ഉണ്ടായിരുന്നു.

സംഗത്തിലെ “യേ മേരാ പ്രേം പത്ര് പഡ്കർ “ എന്ന അപൂർ‌വസുന്ദര പ്രണയഗാനത്തിനോടൊപ്പം തന്നെ ഹിറ്റ് ചാർട്ടുകളിൽ മുകേഷ് പാടീയ “ദോസ്ത് ദോസ്ത്‌ നാ രഹാ”യും “ ഓ മേഹ്ബൂബാ”യും ഉണ്ടായിരുന്നു.

ലതാ മങ്കേഷ്കറോടൊപ്പം യുഗ്മഗാനങ്ങളിൽ ഏറ്റവും ചേർന്നു നിന്നതും പലപ്പോഴും കിഷോറിന്റെ ശബ്ദമായിരുന്നു എന്ന് വേണം പറയാൻ.

റഫി, ,കിഷോർ, മന്നാഡേ, സൈഗാൾ, മുകേഷ്, തലത് മഹമൂദ് തുടങ്ങിയ ഗായകരുടെ ശബ്ദങ്ങൾ എന്നും സംഗീതപ്രേമികളുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരിക്കും. കാലം എത്ര കഴിഞ്ഞാലും.


Monday, June 22, 2009

കിഷോർ കുമാറോ മുഹമ്മദ് റഫിയോ?

കിഷോർ കുമാറോ മുഹമ്മദ് റഫിയോ മികച്ച ഹിന്ദി സിനിമാ പിന്നണിഗായകൻ? ഞങ്ങൾ കോഴിക്കോട്ടുകാരെ വർഷങ്ങളായി അലട്ടിക്കൊണ്ടിരിക്കുന്ന ഒരു തർക്കവിഷയമാണ് കിഷോർ-റഫി താരതമ്യം.

മികച്ച സംഗീതസംവിധായകൻ ആര് എന്നു ചോദിച്ചാൽ ഒരു പക്ഷേ പണ്ട് ബാബുരാജ്, ഇടക്കാലത്ത് രവീന്ദ്രൻ ഇപ്പോൾ എ.ആർ റഹ്മാൻ എന്ന് ഉത്തരം നൽകാൻ അധികം ആലോചിക്കേണ്ടി വരില്ല. എന്നാൽ ഗായകരുടെ കാര്യത്തിൽ പണ്ടു മുതലേ “കാര്യം വിഷമസ്സിതി”.

റഫി നൈറ്റുകളും കിഷോർ കുമാർ സന്ധ്യകളും പണ്ടു മുതലേ കോഴിക്കോട്ടുകാരുടെ ആവേശമാണ്. മോഹൻലാൽ- മമ്മൂട്ടി ഫാൻസ് തർക്കത്തേക്കാളും വീറും വാശിയും മൂത്ത തർക്കങ്ങളാണ് കിഷോർ-റഫി ഫാൻസ് യുദ്ധങ്ങളിൽ ഉണ്ടാവാറ്.

ഹോസ്റ്റലിൽ താമസിച്ചു പഠിച്ചിരുന്ന കാലഘട്ടത്തിൽ ഒരു കൊച്ചു റേഡിയോ ആയിരുന്നു നേരം പോക്കാൻ പ്രധാനമായും ഒരു ഉപാധി. എല്ലാ ശനിയാഴ്ചകളിലോ മറ്റോ ആണെന്നു തോന്നുന്നു, അക്കാലത്ത് കോഴിക്കോട് ആകാശവാണി നിലയം പ്രക്ഷേപണം ചെയ്യുന്ന രസികൻ പരിപാടികളിൽ ഒരെണ്ണം പ്രശസ്തരായ ചിലർ അര മണിക്കൂർ നേരം അവർക്കിഷ്ടപ്പെട്ട ഗാനങ്ങളെക്കൂറിച്ച് വാതോരാതെ സംസാരിക്കുന്നു അവ കേൾപ്പിക്കുന്നു.

പ്രശസ്തരെല്ലാം നാല്പതു വയസിനു മുകളിൽ പ്രായം ഉള്ളവരായതു കൊണ്ടോ എന്തോ ഒന്നുകിൽ റഫിയുടെ ലോയൽ ഫാൻസ്, അല്ലെങ്കിൽ കിഷോറിന്റെ ലോയൽ ഫാൻസ് ആയിരിക്കും പരിപാടി അവതരിപ്പിക്കാൻ എത്തുന്നവരിൽ ഭൂരിഭാഗവും.

റഫി അൻപതികളിലേയും അറുപതുകളിലേയും ഏകാതിപധി:
നാല്പതുകളിൽ ചാൻസ് അന്വേഷിച്ച് ബോംബെയിൽ എത്തിയ റഫി എന്ന കൊച്ചുപയ്യൻ ആദ്യകാലങ്ങളിൽ ഹിന്ദി മ്യൂസിക് ലെജൻഡ് നൌഷാദിന്റെ ട്രൂപ്പിൽ കോറസ് പാടാൻ ആയിരുന്നു നിയോഗിക്കപ്പെട്ടത്. 1945ഇൽ പുറത്തു വന്ന “ഗാവോൻ കി ഗോരി” എന്ന സിനിമയിലെ “അജീ ദിൽ ഹോ ഖാബോൻ മേ” എന്ന ഗാനമാണ് റഫിയുടെതായി റിക്കോർഡ് ചെയ്യപ്പെട്ട ആദ്യഹിന്ദിഗാനം എന്നു കരുതിപ്പോരുന്നു. നൌഷാദ് , ശ്യാം സുന്ദർ , ഭഗത്‌റാം തുടങ്ങിയ സംഗീതസംവിധായകരുടെ നിരവധി സോളോ ഗാനങ്ങൾ ആയിടെ റഫി പാടുകയുണ്ടായി. ഹിന്ദി പിന്നണിഗാനരംഗത്ത് റഫി തന്റെ വരവറിയിക്കുകയായിരുന്നു.

1952 ഇൽ പുറത്തിറങ്ങിയ “ബൈജു ബാവ്‌രാ” എന്ന സിനിമയിലെ ഗാനങ്ങളാണ് റഫിയുടെ സംഗീതജീവിതത്തിലെ വഴിത്തിരിവായത്. നൌഷാദിന്റെ ഈണത്തിൽ വിരിഞ്ഞ “ഓ ദുനിയാ കേ രഖ്‌വാലേ” എന്ന ഒറ്റ ഗാനത്തോടെ റഫി എല്ലാവരുടെയും പ്രിയങ്കരനായി മാറി. തലത് മഹമൂദ് എന്ന തന്റെ പ്രിയ ഗായകനു പകരമായി നൌഷാദ് റഫിയിലൂടെ ഒരു പുതിയ ശബ്ദം കണ്ടെത്തുകയായിരുന്നു. അതിനു ശേഷം പുറത്തു വന്ന നൌഷാദിന്റേ ഏതാണ്ട് എല്ലാ ഗാനങ്ങളിലും റഫിയുടെ ശബ്ദം ഉണ്ടായിരുന്നു. (മൊത്തം 149 ഗാനങ്ങൾ, അതിൽ 81 സോളോ).

അൻപതുകളും അറുപതുകളും റഫിയുടെ സുവർണകാലഘട്ടം ആയിരുന്നു. എസ്.ഡി. ബർമൻ എന്ന വിഖ്യാതസംഗീതസംവിധായകൻ റഫിയുടെ തലതൊട്ടപ്പന്റെ സ്ഥാനം സ്വയം ഏറ്റെടുത്തു. ബർമനോടൊപ്പം റഫി സഹകരിച്ച “തേരെ ഘർ കേ സാമ്‌നേ”, “പ്യാസാ”, “കാഗസ് കാ ഫൂൽ” “ഗൈഡ്” തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ അക്കാലത്തേ ഏറ്റവും വലിയ ഹിറ്റുകൾ ആയിരുന്നു. അക്കാലങ്ങളിലെ സൂപ്പർ സ്റ്റാർ ദേവാനന്ദിന് അനുയോജ്യമായ ശബ്ദം എന്ന വിശേഷണം റഫിയുടെ കരിയറിനെ കുറച്ചൊന്നുമല്ല സഹായിച്ചത്.

അക്കാലങ്ങളിൽ തന്റെ അഭിനയത്തിൽ കൂടുതൽ ശ്രദ്ധിച്ചിരുന്ന കിഷോർ കുമാറിനു വേണ്ടി പാടിയിരുന്നതും റഫിയായിരുന്നു എന്നത് രസകരമായ വസ്തുതയാണ്. ഒ.പി. നയ്യാറിന്റെ ഈണങ്ങളിൽ റഫിയും ആഷാ ബോസ്ലേയും ആലപിച്ച “നയാ ദൌർ”, “തുംസാ നഹീ ദേഖാ”, “കഷ്മീർ കീ കലീ” തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളിൽ ഭൂരിഭാഗവും ഹിറ്റ് ചാർട്ടിൽ സ്ഥിരമായി ഇടം പിടിച്ചു.
സംഗീതസംവിധായകൻ രവി യുടേതായി പുറത്തിറങ്ങിയ “ബാബുൽ കീ ദുവായേൻ ലേതീ ജാ” (ചിത്രം: നീൽകമൽ”) എന്ന ഗാനത്തിനാണ് റഫിക്ക് ആദ്യമായി ദേശീയ അവാർഡ് ലഭിക്കുന്നത്. (അതിനു മുൻപേ ആദ്യത്തെ ഫിലിം ഫേർ അവാർഡ് ലഭിക്കുന്നതും രവിയുടെ തന്നെ ഗാനത്തിനാണ് - ചൌദ്‌വീൻ കാ ചാന്ദ് ഹോ ).

അറുപതുകളുടെ അവസാനത്തോട് കൂടി റഫിയുടേയും ലതാ മങ്കേഷ്കറുടെയും വ്യക്തി ബന്ധങ്ങൾക്കിടയിലും വിള്ളലുകൾ ഉണ്ടാവാൻ തുടങ്ങി. ഗായകരുടെ റോയൽറ്റി ശതമാനവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളിൽ തുടങ്ങിയ തർക്കം ഒടുവിൽ ഗിന്നസ് ബുക് ഓഫ് റെക്കോർഡ്സിലെ ലതാ മങ്കേഷ്കറുടെ ഏറ്റവും കൂടുതൽ ( മുപ്പതിനായിരം) ഗാനങ്ങൾ റെക്കോഡ് ചെയ്ത ഗായിക എന്ന നേട്ടത്തെ ചോദ്യം ചെയ്തു കൊണ്ട് റഫി കത്തെഴുതുന്നതിൽ വരെ ചെന്നെത്തി. താനായിരുന്നു കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്തിട്ടുള്ളത് എന്നായിരുന്നു റഫിയുടെ അവകാശവാദം. ലതയുടെ പേരിനോട് കൂടെ റഫിയുടെ പേരിലും 28000 ത്തോളം ഗാനങ്ങൾ റെക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് ഗിന്നസ് ബുക്ക് എഴിതിച്ചേർത്തു. (നീണ്ടു നിന്ന തർക്കങ്ങൾക്കവസാ‍നം 1991 ഇൽ ഗിന്നസ് ബുക്ക് രണ്ടു പേരുടെയും പേരുകൾ എടുത്ത് വെളിയിൽ കളഞ്ഞു. )

കിഷോർ കുമാർ - നടനിൽ നിന്നും ഗായകനിലേക്ക്:
അബാസ് കുമാർ ഗാംഗുലി അഥവാ കിഷോർ കുമാർ എന്ന ബഹുമുഖപ്രതിഭയും ബോബെയിൽ എത്തിച്ചേരുന്നത് നാല്പതുകളിൽ തന്നെയായിരുന്നു. റഫിയെപ്പോലെ ഒരു കോറസ് ഗായകനായി കരിയർ ആരംഭിച്ച കിഷോർ കുമാർ 1946 ഇൽ പുറത്തിറങ്ങിയ “ശിക്കാരി” എന്ന സിനിമയിൽ നായകന്റെ വേഷവും അണിഞ്ഞു. 49 ഇൽ പുറത്തിറങ്ങിയ “സിദ്ദീ” എന്ന സിനിമയിലെ “മർനേ കീ ദുവായേൻ ക്യൂൻ മാംഗൂ” എന്ന സോളോ ഗാനം ആലപിക്കാനും കിഷോർ കുമാറിനു സാധിച്ചു. അതോട് കൂടി കൂടുതൽ കൂടുതൽ അവസരങ്ങൾ കിഷോറിനെ തേടി എത്തിച്ചേരുകയായിരുന്നു.

ഒരു ഗായകൻ ആയിത്തീരുന്നത് സ്വപനം കണ്ടിരുന്ന കിഷോർ കുമാറിനെ തന്നെപ്പോലെ ഒരു നടൻ ആക്കാൻ ആയിരുന്നു ചേട്ടനായിരുന്ന അശോക് കുമാറിന് ആഗ്രഹം. “നൌൿ‌രീ (1954)”, “മുസാഫിർ(1957)“ തുടങ്ങിയ ചിത്രങ്ങളിൽ നായകന്റേ വേഷം ചെയ്തത് കിഷോർ കുമാർ ആയിരുന്നു.

കിഷോർ സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലെന്നറിഞ്ഞ സലീൽ ചൌധരി അദ്ദേഹത്തെക്കൊണ്ട് നൌൿ‌രീ യിലെ ഗാനം പാടിക്കുവാൻ ആദ്യം വിസമ്മതം പ്രകടിപ്പിച്ചു. എങ്കിലും പിന്നീട് കിഷോറിന്റെ ആലാപനശൈലി കേട്ട ശേഷം അദ്ദേഹം “ചോട്ടാ സാ സാഗർ ഹോഗാ” എന്ന ഗാനം കിഷോറിനു നൽകി.

തുടക്കത്തിലെ തിരിച്ചടികൾക്കു ശേഷം “അഭിനേതാവ്“ എന്ന രീതിയിൽ കിഷോർ പ്രശസ്തിയിലേക്കുയർന്നു. “ന്യൂ ഡൽഹി”, “ആഷാ”, “ചൽതീ കാ നാം ഗാഡീ” , “ജും‌രൂ”, “ഹാഫ് ടിക്കറ്റ്”, “പഡോസൻ” തുടങ്ങിയ സിനിമകളിലെ കോമഡി ഹീറോ ഇമേജ് കിഷോറിനെ സംബന്ധിച്ചേടത്തോളം വൻ വിജയങ്ങൾ ആയിരുന്നു.

ഇതിനിടയിലും തന്റെ ഗായകമോഹം കിഷോർ പൂർണമായും ഉപേക്ഷിച്ചിരുന്നില്ല. എസ്.ഡി.ബർമൻ ആണ് കിഷോറിലെ പ്രതിഭയെ ആ‍ദ്യാമായി തിരിച്ചറിഞ്ഞ സംഗീതസംവിധായകൻ. അതു വരെ ആലാപനത്തിൽ സൈഗാളിനെ അനുകരിച്ചിരുന്ന കിഷോർ കുമാറിനോട് സ്വന്തമായി ഒരു ശൈലി വളർത്തിയെടുക്കാൻ ആദ്യമായി ഉപദേശിച്ചതും ബർമൻ തന്നെയായിരുന്നു. അതിൻപ്രകാരം “യോഡ്‌ലിംഗ് “ എന്ന രീതി കിഷോർ കൂമാർ തന്റെ സ്വന്തം രീതിയായി വളർത്തി വികസിപ്പിച്ചെടുക്കുകയായിരുന്നു (യോഡ്‌ലിംഗ് ആദ്യമായി ഹിന്ദിഗാനങ്ങളിൽ അവതരിപ്പിച്ചത് റഫിയായിരുന്നു. പക്ഷേ കിഷോറിനോളം അതിൽ വിജയം കണ്ടെത്താൻ അദ്ദേഹത്തിനായില്ല.)..

യോഡ്‌ലിംഗ് ശൈലിയിൽ പുറത്തിറങ്ങിയ ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ കിഷോറിന്റേതായി ഉണ്ട്. “സിന്ദഗീ ഏക് സഫർ ഹേ സുഹാനാ“ ( അന്ദാസ് - 1971) അവയിൽ പ്രശസ്തമായ ഒന്നാണ്.

ഗായകൻ എന്ന രീതിയിൽ വിജയം കൊയ്യുമ്പോഴും അക്കാലങ്ങളിൽ റഫിയുടെ നിഴലായി ഒതുങ്ങാൻ തന്നെയായിരുന്നു കിഷോറിന്റെ വിധി.

(തുടരും)

Monday, June 8, 2009

മീൻപിടിത്തം


സീൻ ഒന്ന് :-
ഓസ്ട്രേലിയ.

നീണ്ട ചകിരി പോലുള്ള മുടിയും ചുണ്ടിൽ പാണ്ടു പോലെ സൺസ്ക്രീമും ഉള്ള ഒരു തടിയൻ കിടന്നുറങ്ങുന്നു.
അടുത്ത് ലേറ്റസ്റ്റ് ഐ-ഫോൺ.

കട് റ്റു
സീൻ രണ്ട്:-
ബിലാത്തി...

തേംസ് നദിക്കു മുകളിലൂടെ പാൻ ചെയ്യുന്ന ക്യാമറ.... ഒരു അപാർട്മെന്റിന്റെ ജനൽ... മേശമേൽ മുഖം വെച്ച് കിടങ്ങുന്ന കൊച്ചുത്രേസ്യ... ക്യാമറ വീണ്ടും ചലിക്കുന്നു... ശബ്ദബഹളങ്ങളാൽ നിറഞ്ഞ ഒരു സ്റ്റേഡിയത്തിനകത്തേക്ക്....

ക്രീസിൽ രണ്ട് കടും നീല ജഴ്സികൾ കാണാം... ബൌണ്ടറിലൈനിൽ നിന്നും ഒരു മഞ്ഞജഴ്സിക്കാരൻ പോക്കറ്റിൽ നിന്നും ആരും കാണാതെ ലേറ്റസ്റ്റ് മൊബൈൽ എടുക്കുന്നു...

നമ്പർ കുത്തുന്നു... ടിം ടും ടും ടിം ടിം ടും ടൂം ടൂം...

കട് റ്റു
സീൻ മൂന്ന് :-
സീൻ ഒന്നിൽ കണ്ട തടിയന്റെ മൊബൈൽ ശബ്ദിക്കുന്നു.

“ചുരാ ലിയാ ഹേ തുംനേ ജോ ദിൽകോ”

തടിയൻ ഉറക്കച്ചടവോടെ ഫോൺ എടുത്ത്...

“ഹല സൈമണ്ടൻ ഹിയർ...”

“അളിയാ... ഇത് ഞാ‍നാണ്ണാ ജെറ്റ്ലീ...”

“ഏ അണ്ണനാ... അണ്ണാ അപ്പോ മാച്ച് തീർന്നാ....”

“ഇല്ലഡേയ് ഇനീം അഞ്ച് പത്ത് ഓവറൂടെ ഒണ്ട്... കലിപ്പ് തന്നെ”

“അപ്പോ പിന്നെ ഈ നേരത്ത്...”

“ഡേയ് ഒരു പ്രധാനകാര്യം പറയാനാണ് വിളിച്ചത് “

“തള്ളണ്ണാ...”

“ഡേയ് നീ ഇനി മീൻ പിടിക്കാൻ എന്നാണ് പോണത്”

“മറ്റെന്നാൾ”

“തള്ളേ ഒരു മൂന്നു ടിക്കറ്റൂടെ വേണ്ടി വരും കെട്ടാ...”

“വോ ആരൊക്കെ അണ്ണാ...”

“വൊന്ന് ഞാൻ തന്നെ... പിന്നെ മൈക്കൽ പ്യൂണ്..

“ഏഹ് അപ്പോ നിങ്ങളിങ്ങ് പോരുവാണോ”

“തന്നേഡേ... ആ പയല് സംഗക്കാര ദോണ്ടെ എടുത്തിട്ട് കറ്റ മെതിക്കണ പോലല്ലേ ഓരോന്നിനെ എടുത്തിട്ട് പൊതുക്കുന്നത്... നമ്മടെ പിള്ളേർടെ ബൌളിംഗ് ഫിഗറ് കണ്ടാൽ നടനവിദ്വാൻ ഗോപുമോൻ വരെ ചമ്മിപ്പോവും ”

“വോ... സന്തോയമായണ്ണാ... അല്ലണ്ണാ അപ്പോ ആരാ ചൂണ്ടയിടാൻ വരണ മറ്റേയാൾ?”

“അത്.. അത്... മിക്കി റോണ്ടിംഗ്...”

“തള്ളേ മാണിക്യണ്ണനും ഒണ്ടാ... ഇത്തവണ നമ്മൾ കൊമ്പൻ സ്രാവിനെ തന്നെ പിടിക്കുമണ്ണാ...”

“വോ തന്നെ... പക്ഷേ ആരോടും ഇപ്പം പറേണ്ട... പത്രസമ്മേളനം ഒന്ന് കഴിഞ്ഞോട്ട്....”

“ഇതിലും കൂടെ തൊപ്പിയിട്ടാൽ പിന്നെ എന്തിരണ്ണാ പത്രക്കാരോട് പറയാൻ?”

“ട്വെന്റി - ട്വെന്റി ഒന്നും ക്രിക്കറ്റല്ലാ, ടെസ്റ്റാണ് ക്രിക്കറ്റ്.. ഇത് മൂന്നാം ലോകരാജ്യങ്ങളുടെ കളിയാണെന്ന് പിന്നെ നിങ്ങടമ്മാവൻ വന്നു പറയുമോ”

“ഓ അത് കത്തീലണ്ണാ.. പഷേങ്കിലു നമ്മള് ടെസ്റ്റിലും തോറ്റില്ലണ്ണാ?

“അത് മഹീന്ദ്രാ തോണിക്ക് ക്യാപ്റ്റൻസി സ്പിരിറ്റ് ഇല്ലാത്തോണ്ടാണെന്ന് മാണിക്യണ്ണൻ അന്നേ പറഞ്ഞല്ല് “

“അപ്പോ വൺ ഡേയിൽ ഒന്നാം സ്ഥാനം പോയതോ”

“ദേ നീ ഒരു മാതിരി അനിൽ ഗുവാസ്കരൻ സംസാരിക്കുമ്പോലെ സംസാരിക്കല്ല്... അതൊക്കെ നമ്മടെ സ്ട്രാറ്റജിയല്ലേ...”

“വോ നിങ്ങളണ്ണന്മാരുടെ ഒരു കാര്യം... എന്നാ വേഗം ഇങ്ങ് പോരീനണ്ണാ.. ഞാൻ ചൂണ്ട റെഡിയാക്കട്ട്...”

സൈമണ്ടൻ വലിച്ചെറിഞ്ഞ ഐ-ഫോൺ ജനലിലൂടെ കായലിൽ ചെന്നു വീണു.

ബ്ലും......


Wednesday, May 27, 2009

വരിമുറിപ്പാട്ടുകൾ


“ജീവിതം സങ്കീർണമാവുന്നതിനൊപ്പം കവിതയും അത് ആവിഷ്കരിക്കുന്ന രീതികളും സങ്കീര്‍ണ്ണമാവും“

-വെള്ളെഴുത്ത്.

കവിതയ്ക്ക് പരിണാമം സംഭവിച്ചപ്പോഴും മാറ്റങ്ങളില്ലാത്തതായി നിലകൊള്ളുന്ന ഒന്നുണ്ട് - മലയാളിയുടെ സിനിമഗാനങ്ങൾ.

ആദ്യകാലസിനിമാഗാനങ്ങളിൽ മിക്കവയും കവിതയുടെ സ്വഭാവം അതേ പടി കാത്തു സൂക്ഷിക്കുന്നവയായിരുന്നു. ഗാനങ്ങളിൽ ഏറെയും മികച്ചതായിരുന്നുവെങ്കിലും പലപ്പോഴും കഥയ്ക്കോ കഥാപാത്രത്തിനോ സന്ദർഭത്തിനോ വഴങ്ങാത്ത വിധം അവ സിനിമകളിൽ മുഴച്ചു നിന്നു. നിലവാരമില്ലാത്ത കച്ചവടസിനിമകളിലെ ഗാനങ്ങൾ മാത്രം മലയാളിക്ക് അഭിമാനകരമായിത്തീർന്നു.

ഒരു വശത്ത് സാഹിത്യത്തിനും മറ്റു കലാരൂപങ്ങൾക്കും പരിണാമം സംഭവിച്ചു കൊണ്ടിരുന്നു. മാറ്റങ്ങൾ മലയാളസിനിമയിലും പ്രകടമായിരുന്നു. മലയാളസിനിമയിൽ ഗൌരവമായി സമീപിച്ച സം‌വിധായകരിൽ മിക്ക പേരും സംഗീതത്തെ കണ്ടില്ലെന്നു നടിച്ചു. സിനിമകളിൽ സംഗീതത്തെ ഉൾക്കൊള്ളാൻ സന്മനസ്സ് കാണിച്ച പദ്മരാജനെപ്പോലെയുള്ളവരാകട്ടെ സിനിമയിലെ മാറ്റങ്ങൾ ഗാനങ്ങളിൽ കൂടെ പ്രതിഫലിപ്പിക്കാൻ മനഃപ്പൂർവമോ അല്ലാതെയോ ശ്രമിച്ചുമില്ല.

അന്യഭാഷാചിത്രങ്ങളിലേയും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. ഇളയരാജയുടേയും സലീൽ ചൌധരിയുടേയും ഈണങ്ങൾക്ക് യോജിച്ചത് പഴയ വൃത്തമൊപ്പിച്ചുള്ള കവിതയുടെ സാന്നിദ്ധ്യമാണെന്ന് അവരും തിരിച്ചറിഞ്ഞു.

ഈണങ്ങൾ പോലെ വരികളിലും ആധുനികതയുമായി ആദ്യമെത്തിയത് ഒരു പക്ഷേ റഹ്മാൻ തന്നെ ആവണം.

ആയുധ എഴുത്തിലെ ഇൻപയെന്ന നിരക്ഷരനായ ഗുണ്ടയുടെ ജീവിതത്തിനു പശ്ചാത്തലമായി നൽകിയ “ഡോൽഡോൽന” എന്ന ഗാനത്തിനു നിയതമായ വരികൾ ഇല്ലെന്നത് യാദൃശ്ചികമാവാൻ സാധ്യതയില്ല. അതേ ചിത്രത്തിലെ ജനഗണമന (ഹിന്ദിയിൽ - ധകലകബുക) എന്ന ഗാനവും , വരികളിലെ “സാധാരണത്വം” ഇല്ലായ്മയിലൂടെ ശ്രദ്ധിക്കപ്പെടുന്നതാണ്. എങ്കിലും ഭൂരിഭാഗം അവസരങ്ങളിലും ഗാനങ്ങൾക്ക് പഴയ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നും പുറത്തു വരാൻ സാധിച്ചില്ല.

ഒന്നുകിൽ പഴയ അതേ ഫോർമാറ്റ് അല്ലെങ്കിൽ വെറും തട്ടുപൊളിപ്പൻ എന്ന രീതിയിലേക്ക് ഒതുങ്ങാൻ തന്നെയായിരുന്നു ഗാനങ്ങളുടെ വിധി. മറ്റു കലാരൂപങ്ങളിൽ ഇവോൾവ് ആയിക്കൊണ്ടിരുന്ന അബ്സ്ട്രാക്റ്റ് സങ്കേതങ്ങൾ എന്തു കൊണ്ടോ ഗാനരചനയിൽ മാത്രം പ്രതിഫലിച്ചില്ല.

തമിഴന്റെ കച്ചവടസിനിമകളിൽ ചില സ്ഫുരണങ്ങൾ ദൃശ്യമായിരുന്നു.

“ജൂലൈ പിറക്കും ജൂലൈ പിറക്കും
ജൂനിയറ്ക്കും സീനിയറ്ക്കും
കല്ലൂരി വാസം വന്താൽ റാഗിംഗ് നടക്കും”

എന്നു പാടാൻ തമിഴൻ ധൈര്യം കാണിച്ചെങ്കിലും വെറും ജനപ്രിയ മസാലകളിലേക്ക് ഒതുങ്ങിപ്പോവാൻ ആയിരുന്നു അവയുടേയും വിധി.
തമിഴനെ അനുകരിച്ച് കേരളത്തിൽ മുഴങ്ങിയ എസ്കോട്ടെല്ലോ ബിപി.എല്ലോ തുടങ്ങിയ ഗാനങ്ങൾ ആവട്ടെ എങ്ങുമെത്താതെ തകർന്ന് തരിപ്പണം ആവുകയാണുണ്ടായത്.

ജാസിഗിഫ്റ്റും ലജ്ജാവതിയും ഫോർ ദ പീപ്പിളും ഈണത്തിലും ആലാപനശൈലിയിലും ശബ്ദത്തിലും മാറി ചിന്തിക്കാൻ തയ്യാറായപ്പോഴും വരികളിൽ പഴയ വിട്ടു മാറാതെ കൂടിച്ചേന്നു തന്നെയിരുന്നു.

ഈണത്തിൽ പുതുമ കൊണ്ടുവരാൻ ധൈര്യം കാണിച്ച മനസുകൾക്ക് പക്ഷേ വരികളിൽ “മണിമാടം കെട്ടിയ കുട്ടിക്കാലവും, കുന്നോളം മാമ്പഴം അണ്ണാരക്കണ്ണനുമായി പങ്കുവെച്ച കഥകളും “ അനിവാര്യമായി തോന്നിയത് അസ്വാഭാവികമായി വിലയിരുത്തപ്പെട്ടില്ലെന്നതും മറ്റൊരൽഭുതം.

ഇതിനിടെ ബോളിവുഡിൽ വീണ്ടും റഹ്മാൻ “അപ്നീ തോ പാഠ്ശാലയുമായി“ എത്തി

"चेहरे की किताबें हे
हम वो पड़ने आते हे
ये सूरत तेरी मरी
mobile library
यारों की equation हे
row multiplication हे
जिसने भी कुल जीता हे
वो alpha हे theta हे"


വരികളിൽ ഒരു വ്യത്യസ്തത ബോളിവുഡ് ആദ്യമായി അറിയുകയായിരുന്നു. എങ്കിലും എന്തോ ഒരു അപൂർണത എവിടെയോ ബാക്കി കിടന്നു.

സംഗീതം വിഷയമായി 2008 ഇൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു റോക് ഓൺ (Rock on).
ഫർഹാൻ അക്തർ നായക കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിലെ സംഗീതം ശങ്കർ-എഹസാൻ-ലോയ് കൂട്ടുകെട്ടിന്റേതാണ്. വരികൾ എഴുതിയതാവട്ടെ ജാവേദ് അക്തറും.

(ബോളിവുഡിലെ ഏറ്റവും പ്രശസ്തമായ കുടുംബം ഒരു പക്ഷേ ബച്ചൻ കുടുംബം ആയിരിക്കും. അല്ലെങ്കിൽ കപൂർ കുടുംബം. പക്ഷേ ബോളിവുഡിലെ ഏറ്റവും പ്രതിഭാധനരായ കുടുംബം ഏതെന്ന് ചോദ്യത്തിനുത്തരം ജാവേദ് അക്തറിന്റെ കുടുംബം എന്നു തന്നെയാവണം.)

റോക്ക് ഓൺ ഇലെ “പിച്‌ലേ സാത് ദിനോം മേ“ എന്ന ഗാനത്തിന്റെ വ്യത്യസ്തമായ വരികൾ താഴെ.


मेरी laundry का एक bill
इक आधी पढ़ी novel
एक लड़की का phone number
मेरे काम का एक paper
मेरे , ताश से heart का king
मेरा , इक चांदी का ring
पिछले सात दिनों में मैंने खोया
कभी खुद पे हंसा मैं ,
और
कभी खुद पे रोया

present मिली एक गाडी
प्यारी थी मुझे बड़ी
mary jane का एक packet
मेरी denim की jacket
दो one-day match के passes
मेरे नए नए sunglasses
पिछले सात दिनों में मैंने खोया
कभी खुद पे हंसा मैं ,
और
कभी खुद पे रोया

कैसे , भूलूं , सातवा जो दिन आया
किसी ने , तुमसे , इक party में मिलवाया
कैसा , पल था , जिस पल मैंने तुमको पहली बार देखा था
हम जो मिले पहली बार
मैंने जाना क्या है प्यार
मैंने होश भी खोया दिल भी खोया
कभी खुद पे हंसा मैं ,
और
कभी खुद पे रोया
मैंने पिछले सात दिनों में
ये सब है , खोया ..


റോക് ഓൺ വെറുമൊരു തുടക്കം മാത്രമാണ്. വരാനിരിക്കുന്ന ഒരു വലിയ പരിണാമത്തിന്റെ വെറും ഒരു സൂചന. മാറ്റങ്ങൾ ഇനിയും വരാൻ ഇരിക്കുന്നതേയുള്ളൂ.

വരികളിൽ നഷ്ടപ്പെട്ട ആഖ്യാതത്തെയും യുവത്വത്തിന്റേയ്യും പുതുമയുടേയും ചടുലമാ‍യ താളങ്ങളെയും കുറിച്ചോർത്ത് നമുക്ക് വിഷമിച്ചിരിക്കാം... മാറ്റങ്ങളില്ലാതെ, പഴമയുടെ വക്താക്കളായി...
-----------------------------------------------
അപ്‌ഡേറ്റ് ഒന്ന് :-
കൂടുതൽ വായനക്ക്
1. അനോണി ആന്റണി.
2. ഡിങ്കൻ

Wednesday, May 6, 2009

കാറ്റത്ത്‌ തേങ്ങാക്കുലകള്‍ ആടുന്നതെപ്പോള്‍?

ചോദ്യം :- കാറ്റത്ത്‌ തേങ്ങാക്കുലകള്‍ ആടുന്നതെപ്പോള്‍?

ഉത്തരം : - കര്‍ക്കടകമാസത്തില്‍

കാരണം:-
തുലാഭാരം എന്ന സിനിമയിലെ ഓമനത്തിങ്കളിലോണം പിറക്കുമ്പോള്‍ എന്ന ഗാനത്തിന്റെ വരികള്‍

വൃശ്ചിക മാസത്തില്‍ മാനത്തെ കുഞ്ഞിനു
വെള്ളോട്ട് പാത്രത്തില്‍ പാല്‍കഞ്ഞി
കണ്ണീരുപ്പിട്ടു കാണാത്ത വറ്റിട്ട് കര്‍ക്കടകത്തില്‍ കരിക്കാടി (കരിക്ക് ആടി)

ഞാനീ ഡിസ്ട്രിക്റ്റ് വിട്ടിരിക്കുന്നു

Monday, May 4, 2009

മൂവീ നോട്സ് - ഒന്ന്

റിവ്യൂ എന്ന് വിളിക്കാന്‍ കഴിയില്ല...
കണ്ടു പോകുന്ന സിനിമകളില്‍ നല്ലതെന്നു തോന്നുന്നവയെക്കുറിച്ചുള്ള ചെറുവിവരണങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു. ആര്‍ക്കെങ്കിലും ഉപകാരപ്രദമാവുകയാണെങ്കില്‍ എന്നു കരുതി....

സെന്‍ട്രല്‍ സ്റ്റേഷന്‍:

മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്ന വിഖ്യാത സിനിമയുടെ സം‌ധായകന്‍ വാള്‍ട്ടര്‍ സലേസിന്റെ 1998 ഇല്‍ പുറത്തു വന്ന ചിത്രം. ആ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിനര്‍ഹമായി..

ഭാഷ : പോര്‍ച്ചുഗീസ്
കഥ നടക്കുന്നത് : ബ്രസീല്‍
സം‌വിധാനം : വാള്‍ട്ടര്‍ സലേസ്
ഒറിജിനല്‍ ടൈറ്റില്‍ : Central do Brasil

പ്ലോട്ട് :
ദോറ റിയോ ഡീ ജനീറോയിലെ സെന്‍‌ട്രല്‍ സ്റ്റേഷനില്‍ ജോലി ചെയ്യുന്നു. നിരക്ഷരായവര്‍ക്കു വേണ്ടി കത്തെഴുതലാണ് ഒരു റിട്ടയേര്‍ഡ് ടീച്ചറും അവിവാഹിതയുമായ ദോറയുടേ തൊഴില്‍. ജീവിതത്തിലെ ദുരന്തങ്ങളില്‍ നിന്നും കഠിനഹൃദയായി തീര്‍ന്നിരിക്കുന്ന ദോറയ്ക്ക് സഹജീവികളോട് അല്പം പോലും സ്നേഹമില്ല. കത്തെഴുതാന്‍ അവള്‍ പണം ഈടാക്കുന്നുണ്ടെങ്കിലും കത്തുകള്‍ പോസ്റ്റ് ചെയ്യാതെ കീറിക്കളയുകയാണ് പതിവ്.

ജെസ്യൂ എന്ന ഒന്‍പതു വയസുകാരനുമായി ദോറയുടെ അരികിലെത്തുന്ന ഒരു സ്ത്രീ അവളുടെ ഭര്‍ത്താവിന് ദോറ മുഖാന്തരം കത്തുകളെഴുതുന്നു. ദോറയാകട്ടെ ആ കത്തുകളും പോസ്റ്റ് ചെയ്യാറില്ല. ഒരു ദിവസം ഒരു റോഡ് അപകടത്തില്‍ ജെസ്യൂ വിന്റെ അമ്മ കൊല്ലപ്പെടുന്നു.

ജെസ്യൂവിന്റെ സം‌രക്ഷണം ദോറ ഏറ്റെടുക്കുന്നു. അവനെ വിറ്റുകാശാക്കുകയാണ് ദോറയുടെ ലക്ഷ്യം. എന്നാല്‍ ആകസ്മികമായ ചില സംഭവങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ജെസ്യൂവിന്റെ പിതാവിനെ കണ്ടെത്തി അവനെ ഏല്പിക്കാനായി ദോറയും ജെസ്യൂവും യാത്ര തിരിക്കുകയാണ്.

ഈ യാത്ര ഇരുവരുടെ ജീവിതത്തേയും മാറ്റിമറിക്കുന്നു. ജെസ്യൂവിന്റേയും ദോറയുടേയും മാനസിക സംഘര്‍ഷങ്ങളിലൂടെ സിനിമ മുന്നോട്ട് നീങ്ങുന്നു.

വാള്‍ട്ടര്‍ സലേസിന്റെ സം‌വിധാനമികവിന്റെ മികച്ച ഉദാഹരണമാണ് ഈ സിനിമ. ഓരോ ഷോട്ടും തികഞ്ഞ കൈയടക്കത്തൊടെയാണ് സലേസ് തിരഞ്ഞെടുത്തിരിക്കുന്നത്. കഥയുടെ മുറുക്കത്തിനനുസരിച്ചും കഥാപാത്രങ്ങളുടെ സംഘര്‍ഷങ്ങള്‍ പ്രേക്ഷകരിലേക്കെത്തിക്കുന്ന രീതിയിലും ഷോട്ടുകളും സീക്വന്‍സുകളും സം‌വിധായകന്‍ ഒരുക്കിയിരിക്കുന്നു.

എടുത്തു പറയേണ്ട രംഗങ്ങള്‍ :-

സെന്‍‌ട്രല്‍ സ്റ്റേഷനില്‍ ട്രെയിന്‍ എത്തുന്ന സമയത്ത് തിരക്കു വര്‍ധിക്കുന്നതും തിരക്കിനിടയിലൂടെ ദോറ ട്രെയിനില്‍ കയറിപ്പറ്റുന്നതും ചിത്രീകരിച്ചിരിക്കുന്നത്.

ദോറയോട് പിണങ്ങി മെഴ്കുതിരികളുമായി പ്രാര്‍ഥനാനിരതരായ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിമറയുന്ന ജെസ്യൂവിനെ ദോറ പിന്തുടരുന്ന രംഗം.

IMDB Link ഇവിടെ

ട്രെയിലര്‍ താഴെ കാണാം:
കളര്‍ ഓഫ് പാരഡൈസ്‌ :

സം‌വിധാനം : മജീദ് മജീദി
ഭാഷ : പേര്‍ഷ്യന്‍
ഒറിജിനല്‍ ടൈറ്റില്‍ : Rang-e khoda

വിശദീകരണങ്ങള്‍ ആവശ്യമില്ലാത്ത സം‌വിധായകനും സിനിമയും. ടെഹ്റാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അന്ധവിദ്യാര്‍ത്ഥിയായ മൊഹമ്മദ് വേനലവധിക്കായി വീട്ടിലെത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. അമ്മ നേരത്തെ മരിച്ച മൊഹമ്മദിനു രണ്ട് സഹോദരിമാരും അച്ഛനും മുത്തശ്ശിയും ആണുള്ളത്. ഒരു രണ്ടാ വിവാഹത്തിനായി ഒരുങ്ങുന്ന മൊഹമ്മദിന്റെ അച്ഛന് മൊഹമ്മദ് ഒരു ഭാരമാണ്. ആ ഭാരം തന്റേ ജീവിതത്തില്‍ നിന്നും ഒഴിവാക്കാന്‍ അയാള്‍ ശ്രമിക്കുന്നതോടു കൂടി മൊഹമ്മദിന്റെ ജീവിതവും മാറിമറയുന്നു.

മനോഹരമായ തിരക്കഥ. അതിലേറേ മനോഹരമായ സം‌വിധാനം. മനോഹരമായ ഷോട്ടുകള്‍.

എടുത്തു പറയേണ്ട രംഗം :
ആശാരിപ്പണി പഠിക്കാന്‍ എന്ന വ്യാജേന മൊഹമ്മദിനെ ഒരു അന്ധനായ കാര്‍പെന്ററുടെ അരികില്‍ മൊഹമ്മദിന്റെ അച്ഛന്‍ ഏല്പ്പിക്കുന്നു. അവിടെ വെച്ച് മൊഹമ്മദ് കാര്‍പന്ററോട്:
“Our teacher says that God loves the blind more because they can’t see.
But I told him if it was so, He would not make us blind so that we can’t see Him.”

കാര്‍പന്റര്‍ : “God is not visible. He is everywhere. You can feel Him. You see Him through your fingertips.”

മൊഹമ്മദ് : “Now I reach out everywhere for God till the day my hands touch Him and tell Him everything, even all the secrets in my heart.”

ട്രെയിലര്‍ താഴെ കാണാം:
IMDB link ഇവിടെ


ഐ സ്റ്റില്‍ നോ വാട്ട് യൂ ഡിഡ് ഇന്‍ ലാസ്റ്റ് സമ്മര്‍:

ഐ നോ വാട്ട് യൂ ഡിഡ് ഇന്‍ ലാസ്റ്റ് സമ്മര്‍ എന്ന സിനിമയുടെ രണ്ടാം ഭാഗം. മികച്ച ത്രില്ലര്‍. ആദ്യഭാഗത്തോളം പ്രേക്ഷകരെ ത്രസിപ്പിക്കുന്നിലെങ്കിലും നല്ല ഒരു ത്രില്ലര്‍ തന്നെ.


സൈക്കോ:

ഒരു ആല്‍ഫ്രഡ് ഹിച്ച്കോക്ക് സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍. 1960 ഇല്‍ പുറത്തിറങ്ങിയ സിനിമ ഇന്നും പ്രേക്ഷകരെ ത്രസിപ്പിക്കും എന്നുറപ്പ്. ഹിച്ച്കോക്കിന്റെ സം‌വിധാനമികവിനാല്‍ ഭദ്രമായ തിരക്കഥ.

കൂടുതല്‍ വിവരങ്ങള്‍ വിക്കിയില്‍

ട്രെയിലര്‍ താഴെ കാണാം:ഡേവിഡ്‌ ആറ്റന്‍ബറോ - വൈല്‍ഡ്‌ ലൈഫ്‌ സ്പെഷ്യല്‍:

BBC one ഇല്‍ പ്രക്ഷേപണം ചെയ്ത ഡൊക്യുമെന്ററി. മികച്ച ഫോട്ടൊഗ്രഫിയും ഡേവിഡ് ആറ്റന്‍ബറോയുടെ വിവരണവും കൊണ്ട് ശ്രദ്ധേയം. ഏറ്റവും മികച്ച മൂന്ന് എപ്പിസോഡുകള്‍ താഴെ.

ലെപാര്‍ഡ് - ഏജെന്റ് ഓഫ് ഡെവിള്‍
ഇന്‍ഫ്രാറെഡ് കാമറ ഉപയോഗിച്ച് അതു വരെ അജ്ഞാതമായിരുന്ന പുള്ളിപ്പുലിയുടെ ജീവിതം മറ നീക്കുന്നു.

ഈഗിള്‍ - മാസ്റ്റ്ര്‍ ഓഫ് ദ സ്കൈസ്
ഉജ്ജ്വലമായ ഏരിയല്‍ ഫോട്ടൊഗ്രാഫിയുടെ മകുടോദാഹരണം. പതിനഞ്ചു തരം പരുന്തുകളുടെ ജീവിതത്തിന്റെ അതിമനോഹരമായ ചിത്രീകരണം. മസ്റ്റ് വാച്ച്..

ഗ്രേറ്റ് നാചുറല്‍ വണ്ടേഴ്സ് ഓഫ് ദ വേള്‍ഡ്
പ്രകൃതി തീര്‍ത്ത അല്‍‌ഭുതക്കാഴ്ചകളുടെ വിവരണം.


കൂടുതല്‍ വിവരങ്ങള്‍ വിക്കിയില്‍


ഇറ്റ് ഹാപ്പന്‍ഡ് വണ്‍ നൈറ്റ്:

1934 ഇല്‍ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് പ്രണയകഥ. മികച്ച സിനിമ ഉള്‍പ്പടെ ആ വര്‍ഷത്തെ അഞ്ച് അക്കാഡമി അവാര്‍ഡുകള്‍ കരസ്ഥമാക്കി. ഇന്നും പുതുമ നഷ്ടപ്പെടാത്ത ചിത്രം. ഒട്ടേറെ സിനിമകള്‍ പിന്നീട് ഇതേ രീതിയില്‍ പുറത്തിറങ്ങി. ( ദില്‍ ഹേ കി മാന്‍‌താ നഹി ഒരുദാഹരണം)

IMDB Link ഇവിടെ

പോളാര്‍ എക്സ്പ്രസ് :
ഇതേ പേരില്‍ പുറത്തിറങ്ങിയ കുട്ടികള്‍ക്കായുള്ള നോവലിന്റെ ആനിമേഷന്‍ .
മികച്ച അനിമേഷനും തിരക്കഥയും. ഒരു റോളര്‍ കോസ്റ്റര്‍ റൈഡുപോലെ കാഴ്ചക്കാരെ ത്രില്ലടിപ്പിക്കുന്ന സിനിമ. പ്രാധാന കഥാപാത്രത്തിലൊരാളായ ടിക്കറ്റ് ചെക്കറിന് ടോം ഹാങ്ക്സ് ശബ്ദം നല്‍കിയിട്ടുണ്ട്.

സാന്താക്ലോസ് മിത്തിനെ അടിസ്ഥാനമാക്കിയുള്ള ചിത്രം കുട്ടികളേയും മുതിര്‍ന്നവരേയും ഒരു പോലെ എന്റര്‍ടെയിന്‍ ചെയ്യും.

IMDB Link ഇവിടെ

ട്രെയിലര്‍ താഴെ കാണാം:

ഡോട്ട് ദി ഐ :
രസകരമായ ഒരു പ്രണയകഥ. ആദ്യന്തം നിറഞ്ഞു നില്‍ക്കുന്ന സസ്പെന്‍സ്. ചിത്രത്തിലുടനീളം ഉപയോഗിച്ചിരിക്കുന്ന ഇടയ്ക്കിടെ ഹാന്‍ഡിക്കാം ഫൂട്ടേജുകളിലേക്ക് വഴുതിവീഴുന്ന ചിത്രീകരണ രീതി അഭിനന്ദനം അര്‍ഹിക്കുന്നു. സസ്പന്‍സ് സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ സിനിമ ഇഷ്ടമാവാതിരിക്കില്ല

IMDB Link ഇവിടെ

ട്രെയിലര്‍ താഴെ കാണാം:
നന്ദി :
റോബി, വിന്‍സ്, പൊട്ടസ്ലേറ്റ് - സിനിമകളിലേക്കെത്തിച്ചതിന്

Wednesday, April 29, 2009

സിനിമാ ക്വിസ് ഗോമ്പറ്റീഷന്‍ - രണ്ട്

ഹോള്‍ ടിക്കറ്റില്ലാഞ്ഞത് മൂലവും വൈകിയെത്തിയതു മൂലവും കൊണ്ടും കഴിഞ്ഞ പരീക്ഷയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി പുതിയ ചോദ്യപേപ്പര്‍. കഴിഞ്ഞ പരീക്ഷയില്‍ തോറ്റമ്പിയ സപ്ലി ടീമിനും ഇതില്‍ പങ്കെടുക്കാവുന്നതാണ്.

കേന്ദ്ര വിദ്യാഭ്യാസ കമ്മീഷന്റെ പുതിയ നിര്‍ദ്ദേശപ്രകാരം ഗണിതത്തിനും അനാലിറ്റിക്കല്‍ സ്കില്‍സിനും ഇത്തവണ കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്.

ചോദ്യങ്ങളുടെ മാര്‍ക്ക് എത്ര എന്ന് നല്‍കിയിട്ടില്ല്ല. വിദ്യാഭ്യാസവകുപ്പില്‍ നിന്നും വിജയശതമാനം എത്ര വേണം എന്നുള്ള ഉത്തരവ് വന്ന ശേഷം തരാതരം പോലെ മാര്‍ക്കിടുന്നതായിരിക്കും. (ങ്ങള് അതൊന്നും ആലോചിച്ച് ബേജാറാവാണ്ട് പരീക്ഷ എഴ്തി കയ്ച്ചിലാവാന്‍ നോക്ക്)

നീല നിറത്തില്‍ എഴുതിയിരിക്കുന്നത് മൂല്യനിര്‍ണയം നടത്തുന്ന അദ്ധ്യാപകര്‍ക്കായുള്ള ഉത്തരസൂചികയാണ്. വിദ്യാര്‍ത്ഥികള്‍ ചോദ്യത്തില്‍ മാത്രം ശ്രദ്ധിക്കുക.1. സാഗര്‍ ഏലിയാസ് ജാക്കിയുടെ രണ്ടു പിസ്ടളില്‍ കൊള്ളാവുന്ന ബുള്ളറ്റുകളുടെ എണ്ണം എത്ര?
a) നൂറു b ) മുന്നൂറു c) ആയിരത്തി ഒരുന്നൂറു d) പതിമൂവായിരം

2) "കൊച്ചി പഴേ കൊച്ചിയല്ലാന്നറിയാം... പക്ഷേ ______ പഴേ ______ തന്നെയാണ്" . വിട്ട ഭാഗം പൂരിപ്പിക്കുക
a) ബിലാല്‍ b) പേരാല്‍ c) അരയാല്‍ d) മഞ്ജുളാല്‍

3) റെഡ് ചില്ലീസില്‍ ഒമര്‍ എത്ര തവണ കാറിന്റെ വാതില്‍ അടച്ചു /തുറന്നു ?
a) മുപ്പത് b) അമ്പത് c) മിനുട്ടില്‍ രണ്ടു തവണ വെച്ച് d) അങ്ങനെ കണക്കൊന്നും ഇല്ല

4) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശം ഏത്?
a) ചിറാപുഞ്ചി b) നാഗര്‍ കോവില്‍ c) ഹിന്ദിസിനിമാഗാനരംഗങ്ങളില്‍ d) അമല്‍ നീരദിന്റെ നായകന്‍ നില്‍ക്കുന്ന സ്ഥലങ്ങളില്‍

5)താഴെ പറയുന്ന സന്ദര്‍ഭങ്ങളില്‍ എന്തു സംഭവിക്കും എന്ന് ചുരുക്കി വിവരിക്കുക ?
a) "സുന്ദരിയും വിവാഹിതയുമായ ഒരു യുവതി ഒറ്റക്കിരിക്കുന്ന മുറിയിലേക്ക് ആകസ്മികമായി( എന്ന മട്ടില്‍) ഇമ്രാന്‍ ഹാഷ്മി കയറിച്ചെല്ലുന്നു."

b)" മമ്മൂട്ടി നോക്കിനില്‍ക്കെ റഹ്മാനും പദ്മപ്രിയയും ഡാന്‍സ് ചെയ്യുന്നു. "


6) സുരേഷ് ഗോപിയുടെ അടുത്ത സിനിമയിലെ റോള്‍?
a) പോലീസ് ഓഫീസര്‍ b) പോലീസ് ഓഫീസര്‍ c) പോലീസ് ഓഫീസര്‍ d) പോലീസ് ഓഫീസര്‍

7) താഴെ കൊടുത്തിരിക്കുന്ന കവിത ഏത് പാഠ ഭാഗത്തില്‍ നിന്നും എടുത്തിരിക്കുന്നു എന്ന് തിരിച്ചറിയുക.

"മനസിലൊരു പൂമാല
കൊരുത്തുവെച്ചതാരാണ്?
മണിച്ചിക്കലമാനോ പൂമീനോ?
വരണുണ്ടേ വിമാനച്ചിറകില്‍
സുല്‍ത്താന്‍മാര്‍ ഒത്തൊരുമിച്ചിരിക്കാന്‍
ആരാണാ ബീവി ഇതിലാരാണാ ഹൂറി?"

a) അച്ചുവിന്റെ ചിന്താവിഷയം b) ഇന്നത്തെ അമ്മ c) ടെര്‍മിനേറ്റര്‍ d) വണ്‍ ഫ്ല്യൂ ഓവര്‍ ദ കുക്കൂസ് നെസ്റ്റ്

8) ചോദ്യം ഏഴില്‍ പ്രതിപാദിച്ചിരിക്കുന്ന കവിതാ ശകലത്തിന്റെ വൃത്തം കണ്ടു പിടിച്ച ശേഷം ആശയം വ്യക്തമാക്കുക (ഒന്നറിഞ്ഞിട്ടു തന്നെ കാര്യം).

9) ഗ്രൂപ്പില്‍ നിന്നും കൂട്ടത്തില്‍ പെടാത്തത് എടുത്തെഴുതുക
( കവിയൂര്‍ പൊന്നമ്മ , കെ.പി.എ.സി. ലളിത , അടൂര്‍ പങ്കജം , കൊല്ലം തുളസി)

10) "ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടുവാ" എന്ന് നായകന്‍ ഉറക്കെപ്പടിയിട്ടും ആരും ഒന്നു കൊണ്ടുവരാഞ്ഞത് എന്തുകൊണ്ട്?
(നായകന്‍ എങ്ങാനും ഡാന്‍സ് ചെയ്തു കളഞ്ഞാലോ?)

11) ബിന്ദുവിന് എന്തൊക്കെയാണ് വീട്ടില്‍ പണികള്‍ എന്ന് പത്തിരുന്നൂറ് വാക്കുകളില്‍ വിവരിക്കുക.

12) കമല്‍ ഹാസനും ഭാര്യയും കൂടെ ( ഏതെന്ന് ചോദിക്കരുത്) കടല്‍ക്കരയിലുടെ നടക്കാന്‍ ഇറങ്ങിയപ്പോള്‍ എതിരെ ഒരു കുരങ്ങനും നാലഞ്ച് ആനകളും നടന്നു വന്നു. അപ്പോള്‍
കമല്‍ പാടിയ പാട്ട്?

തെരേ മേരേ ബീച്ച് മേം, കൈസാ ഹേ യേ ബന്തര്‍ ? അഞ്ചാനാ....

Wednesday, April 8, 2009

സിനിമാ ക്വിസ് ഗോമ്പറ്റീഷന്‍


ഇതാ നിങ്ങള്‍ക്ക് എല്ലാം വേണ്ടി ആവേശകരമായ ഒരു ഗോമ്പറ്റീഷന്‍ ചോദ്യപേപ്പര്‍ ...

പഴയ എസ്.എസ്.എല്‍.സി. പരീക്ഷയുടെ മാതൃകയില്‍ ആണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയിരിക്കുന്നത്. ആകെ പതിനാലു ചോദ്യങ്ങള്‍ക്ക്. പരമാവധി ലഭിക്കാവുന്ന മാര്‍ക്ക് - അന്‍പത്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതാന്‍ ശ്രമിക്കുക.

ഒന്ന് മുതല്‍ അഞ്ച് വരെ ചോദ്യങ്ങള്‍ക്ക് ബ്രാക്കറ്റില്‍ നിന്നും ശരി ഉത്തരം തിരഞ്ഞെടുത്ത് എഴുതുക (ഓരോന്നിനും ഒരു മാര്‍ക്ക് വീതം )

1).-------- കണ്‍ നിറഞ്ഞു , ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു.... ആര്‍ക്കാണ് കണ്ണ് നിറഞ്ഞത്?
[എ) അമ്മമഴക്കാറിനു ബി) അംബാസിഡര്‍ കാറിനു സി) പ്രിമിയര്‍ പദ്മിനി കാറിനു ഇ) വോള്‍വോ ബസിനു ]


2) പറവൂര്‍ ഭരതന്റെ ജന്മനാട് ഏതു ?
[എ) പറവൂര്‍ ബി) പയ്യന്നൂര്‍ ക) ഗുരുവായു‌ര്‍ ഡി) സാന്‍ഫ്രാന്‍സിസ്കോ ]

3) ------- ഇവള്‍ സുന്ദരിയോ ദേവരംഭയോ മോഹിനിയോ? വിട്ട ഭാഗം പൂരിപ്പിക്കുക
[എ) ഇന്ദിരയോ ബി) സോണിയയോ സി) മനേകയോ ഡി) പ്രിയങ്കയോ ]


4) " ഒരു വിരല്‍ത്തുമ്പില്‍ എന്നെയും മറ് വിരല്‍ത്തുമ്പില്‍ ആണ്ട്ര്യുസിനെയും പിടിച്ച് നടക്കുമ്പോള്‍ അമ്മച്ചി പറയാറുള്ള ഒരു കഥയുണ്ട്, നിധി കാക്കുന്ന ഭുതത്താന്റെ കഥ." ഇത് ആരുടെ ഡയലോഗ് ആണ്?
[എ) ജോണ്‍ ഹോനായി ബി) ജോണ്‍ ഹോനായില്ല സി) ജോണ്‍ ഹോനാവും ഡി) ജോണ്‍ ഹോനായോ? ]


5) "ഹരിക്കുമ്പോഴും ഗുണിക്കുമ്പോഴും ഉത്തരം ശരി ആണെന്ന്‍ തോന്നിയാലും ഒന്നും കൂടെ ഹരിച്ചും ഗുണിച്ചും നോക്കുന്നത് നല്ലതല്ലേ? " ഡോക്ടര്‍ സണ്ണി ഇങ്ങനെ പറയാന്‍ കാരണം?


[എ) സണ്ണിക്ക് കണക്കറിയില്ല ബി) സണ്ണിക്ക് സയന്റിഫിക് കാല്‍ക്കുലേറ്റര്‍ ഇല്ല സി) സണ്ണിയ്ക്ക് ലോഗരിതം ടേബിള്‍ നോക്കാന്‍ അറിയില്ല ]


6 )ചേരും പടി ചേര്‍ക്കുക ( അഞ്ച് മാര്‍ക്ക് )
ഏഴു മുതല്‍ പതിനൊന്നു വരെ ചോദ്യങ്ങള്‍ക്ക് വിശദം ആയി ഉത്തരം എഴുതുക (രണ്ട് മാര്‍ക്ക് വീതം )


7) വിദ്യാ ബാലന് പല്ല് വേദന വന്നപ്പോള്‍ ഡോകടര്‍ പല്ലെല്ലാം പറിക്കേണ്ടി വരും എന്ന് പറഞ്ഞു. അപ്പോള്‍ വിദ്യ ഒരു പാടു പാടി. ഏതു പാട്ട് ?

"പല്‍ പല്‍ പല്‍ പല്‍ ഹര്‍ പല്‍
കൈസേ കടെഗാ പല്‍ ഹര്‍ പല്‍ ഹര്‍ പല്‍"


8) സൈഫ് അലി ഖാന്‍ വളിച്ച തമാശ പറഞ്ഞപ്പോള്‍ കരീന കപൂര്‍ പാടിയ പാട്ട് ?


"मेरे ज़िन्दगी में चली आई चली आई "
(മേരെ സിന്ദഗി മേ ചളി ആയി ചളി ആയി..)


9) ഉദിത് നാരായണന്‍ വെള്ളത്തില്‍ വീണപ്പോള്‍ പാടിയ പാട്ട്?

"മുജെ നീന്ത് നാ ആയെ ...... ഹോ. "


10) കാമുകി തന്റെ ലാപ്ടോപ് ഹാക്ക് ചെയ്തു എന്നറിഞ്ഞപ്പോള്‍ ഷാരുഖ് ഖാന്‍ പാടിയ പാട്ടേത്?

"തു ഹാക്കര്‍ യാ ക്രാക്കര്‍ തു ഹേ മേരി കിരണ്‍ ....."


11) "ഹു ഈസ് ദിസ് ജാക്കി? J-A-C-K-Y ജാക്കി ?" ആര് ആരോട് എപ്പോള്‍ എന്തിനു ചോദിച്ചു ?12) താഴെ കൊടുത്ത കവിതാശകലത്തില്‍ നിന്നും അലങ്കാരങ്ങളെ തിരിച്ചറിയുക ( അഞ്ച് മാര്‍ക്ക്)

"ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരിപ്പട്ടാളം"
"ഡുമ്മക്ക് ഡുമ്മക്ക് ഡുമ്മക്ക് ഡുമ്മക്ക് ഡ്യൂക്കില് പട്ടാളം "


13) "നിറം" ത്തില്‍ കുഞ്ചാക്കൊയ്ക്കും ശാലിനിയ്ക്കും ഇടയില്‍ പ്രണയം ഉരുത്തിരിയാന്‍ ഉണ്ടായ സാഹചര്യങ്ങളെ കുറിച്ച് നൂറു വാക്കില്‍ കഴിയാതെ ഉപന്യസിക്കുക ( പത്ത് മാര്‍ക്ക്)

14) തുറുപ്പുഗുലാന് , മായാബസാര്‍ , പരുന്ത് എന്നീ പാഠഭാഗങ്ങളെ മുന്‍നിര്‍ത്തി "മമ്മുട്ടിയും നാട്യശാസ്ത്രവും" എന്നാ വിഷയത്തെക്കുറിച്ച് 200 വാക്കില്‍ കുറയാതെ ഉപന്യസിക്കുക ( പതിനഞ്ച് മാര്‍ക്ക് )


Wednesday, February 25, 2009

വിവിദ (ധ) വധം ആട്ടക്കഥ

"മന്ത്രാഭിഷേകവും ശംഖാഭിഷേഖവും നവകാഭിഷേഖവും കഴിഞ്ഞാല്‍,
സുവര്‍ണകലശവും കളഭച്ചാര്‍ത്തും മലരുനിവേദ്യവും കഴിഞ്ഞാല്‍..
അടിയന്റെ വിശപ്പിനൊരരിമണി നല്‍കണേഗുരുവായൂര്‍ പരം പൊരുളേ..സകലചരാചരനഭസ്സേ..."

ഗുരുവായൂര്‍ ക്ഷേത്രമതിലകത്തു നിന്നും ദാസേട്ടന്റെ ശബ്ദത്തില്‍ മനോഹരമായ ഗാനം ഒഴുകിയെത്തുന്നു. മേല്‍മുണ്ടു മാത്രം ധരിച്ച് നഗ്‌നപാദനായി (ചുമലില്‍ ഒരു തോര്‍ത്ത് മുണ്ടും")അച്ഛനമ്മമാരുടെ കൂടെ അകത്തേക്ക് പ്രവേശിച്ചതും ക്ഷേത്രമണി ഉച്ചത്തില്‍ ശബ്ദിച്ചു... ആറു തവണ...ചുറ്റും ജനപ്രവാഹമാണ്.


സമയം പോയതറിഞ്ഞില്ല... പ്രദക്ഷിണം വെയ്ക്കുമ്പോഴാണ് അതു ശ്രദ്ധിച്ചത്... പടിഞ്ഞാറേ നടയിലേ കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ ഒരിടത്ത് ഒരു ചെറിയ ദ്വാരം ചതുരത്തില്‍... ആകെ സംശയം ആയി... ഇതെന്താ സംഭവം? റെയിന്‍വാട്ടര്‍ ഹാര്‍‌വെസ്റ്റിംഗില്‍ ഈ ദേവസ്വക്കാര്‍ക്കും താല്പര്യം ഉണ്ടോ? കാലം പോയ പോക്കേ....

അങ്ങനെ വണ്ടര്‍ അടിച്ചു നില്‍ക്കുന്നത് കണ്ടപ്പോഴാണ് അമ്മ ആ കഥ പറഞ്ഞത്..

ശങ്കരാചാര്യര്‍ സന്യാസത്തിലേക്കുള്ള എണ്ട്രന്‍സ് പരീക്ഷ പാസ്സായി ഇരിക്കുന്ന കാലം. "മുതല" പ്രശനങ്ങള്‍ ഒക്കെ വന്നതു കാരണം അദ്ദേഹത്തിന്റെ അമ്മ ഗ്രീന്‍ സിഗ്‌നല്‍ കൊടുത്തിരിക്കുകയാണ്. പക്ഷേ ഓണ്‍ വണ്‍ കണ്ടീഷന്‍ ... അമ്മക്കു കാണേണം എന്നു തോന്നുമ്പോള്‍ ആള്‍ ഇവിടെ എത്തിയിരിക്കണം..

ശങ്കരാചാര്യര്‍ ആലോചിച്ചു. എന്താണൊരു വഴി? ഒരു ടെലിഫോണ്‍ കണക്ഷന്‍ എടുത്തു കൊടുക്കാം എന്നു വെച്ചാല്‍ അലക്സാണ്ടര്‍ ഗ്രഹാംബെല്‍ ജനിക്കാന്‍ ഇനിയും നൂറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വരും. എന്നാല്‍ പിന്നെ ഒരു ടാറ്റാ ഇന്‍‌ഡിക്കോം ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന്‍ എടുക്കാം എന്നു വെച്ചാല്‍ രത്തന്‍ ടാറ്റ പോയിട്ട് ജാംഷെഡ്ജി ടാറ്റ പോലും ഭൂജാതനായിട്ടില്ല.

അങ്ങിനെയാണ് അവസാനം രണ്ടു പേരും കൂടെ ടെലിപ്പതി മതി എന്നു തീരുമാനിച്ചത് ( ഫോര്‍ റഫറന്‍സ് - ടെലിപ്പതി :- ശക്തിമാനും ഗീതാ ബിശ്വാസും കമ്യൂണിക്കേറ്റ് ചെയ്യുന്ന സംഗതി... മുട്ടന്‍ ടെക്നോളജി ആണ് )

അമ്മ മനസില്‍ വിചാരിച്ചാല്‍ മതി, ശങ്കരാചാര്യര്‍ അറിഞ്ഞോളും...

കമ്മ്യൂണിക്കേഷന്‍ അങ്ങിനെയാണെങ്കില്‍ ട്രാന്‍സ്പോട്ടേഷന്‍ അതിലും അഡ്വാന്‍സ്ഡ് ആണ്. ആകാശമാര്‍‌ഗം ശങ്കരാചാര്യര്‍ പോവുന്നേ കണ്ടു കഴിഞ്ഞാല്‍ നമ്മുടെ പ്രതിരോധവകുപ്പ് മിസൈലുകളൂടെ പൃഥ്വി-അഗ്നി എന്ന പേരൊക്കെ മാറ്റി ശങ്കര്‍ എന്നിട്ടേനേ ....

അപ്പോള്‍ പറഞ്ഞു വന്നത് ഇങ്ങനെ പോണ പോക്കില്‍ ഗുരുവായൂര്‍ സെന്‍‌ട്രലില്‍ എത്തിയാല്‍ , അവിടെ ഒന്നു ലാന്‍‌ഡ് ചെയ്ത് ഗുരുവായൂരപ്പനെ തൊഴുത ശേഷമേ ശ്രീശങ്കരാചാര്യര്‍ അടുത്ത ഫ്ലൈറ്റ് പിടിക്ക പതിവുള്ളൂ...

അങ്ങനെ ഒരു ദിവസം അമ്മയെക്കാണാന്‍ ഉള്ള തിടുക്കത്തില്‍ പോവുകയാരുന്നു. ഗുരുവായൂര്‍ അമ്പലത്തിന്റെ എയര്‍ ബോര്‍ഡറില്‍ എത്തിയപ്പോള്‍ താഴെ ശ്രീഭൂതബലി നടക്കുന്നു. ഭഗവാനും ബിസി താനും ബിസി, എന്നാല്‍ പിന്നെ കാര്യം നടക്കട്ടെ എന്നു കരുതി ഒന്നു സ്മൈല്‍ മാത്രം ചെയ്ത് ഫുള്‍ ത്രോട്ടിലില്‍ പോവാന്‍ തുടങ്ങിയതും...ശങ്കരാചാര്യര്‍ നേരെ പടിഞ്ഞാറേ നടയില്‍ ക്രാഷ് ലാന്റ് ചെയ്തു...

"എന്താ ശങ്കരാ, നമ്മളെ ഒന്നും മൈന്‍ഡ് ഇല്ലല്ലേ" എന്ന് ഒരു അശരീരിയും ശങ്കരാചാര്യര്‍ മാത്രം കേട്ടു.


ശങ്കരാചാര്യര്‍ പിന്നെ അമാന്തിച്ചില്ല ചാടി എഴുന്നേറ്റ് ഉച്ചത്തില്‍ ഗോവിന്ദാഷ്ടകം അങ്ങു പാടി.ഗുരുവായൂരപ്പനും ഹാപ്പി ശങ്കരാചാര്യറും ഹാപ്പി....

അങ്ങിനെ ശങ്കരാചാര്യര്‍ "ധര്‍ത്തീപുത്ര്" ആയ സ്ഥലത്താണ് ചതുരത്തില്‍ ഒരു ഹോള്‍ ഇട്ടിരിക്കുന്നത്.

അല്ലാ അതിപ്പോള്‍ കഴിഞ്ഞിട്ട് കാലം എത്ര കഴിഞ്ഞു? ഇപ്പോള്‍ ഒരു ചതുരം അവിടെ സൃഷ്ടിച്ചതിന്റെ പിറകില്‍ എന്തായിരിക്കും ഉദ്ദേശം? ഇനി അഥവാ ഒന്നൂടെ വീഴുവാണേല്‍ റുഫീല്‍ കിടക്കണ്ട നേരെ താഴേക്കു പോന്നോട്ടെ എന്നായിരിക്കാം....


അച്ഛനും അമ്മയും ചില വഴിപാടും കാര്യങ്ങളുമൊക്കെയായി പല വഴി പോയി... ഞാന്‍ മെല്ലെ കിഴക്കേ നടയുടെ ഒരു ഭാഗത്ത് ചെന്നിരുന്നു.

തൊട്ടുമുന്‍പില്‍ ഒരു പതിനഞ്ചു-പതിനാറ് വയസുകാരിയായ ഒരു അതീവസുന്ദരിക്കൊച്ച്. ആളങ്ങനെ പതുക്കെ പതുക്കെ അടിപ്രദക്ഷിണം നടത്തുന്നു.

ഐശ്വര്യത്തിന്റെ നിറകുടമായ സുസ്മേരവദനത്തില്‍ "കരുണ ചെയവാന്‍ എന്ത് താമസം കൃഷ്ണാ? " എന്നൊരു ഭാവം പരിലസിച്ചിരിക്കുന്നു... ( അതല്ലേലും ആ പ്രായത്തില്‍ അങ്ങനെയാണ്‌. പെണ്‍കുട്ടികള്‍ക്ക് കൃഷ്ണന്‍ ഹീറോയും ആണ്‍കുട്ടികള്‍ക്ക് റോള്‍ മോഡലും )

ഈശ്വരാ എന്തൊരു തേജസാണ് ആ മുഖത്ത്! അടിവെച്ച് നീങ്ങുന്ന പാദപങ്കജങ്ങളില്‍ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന സ്വര്‍‌ണപാദസരങ്ങള്‍ ! പുള്ളിക്കാരി എന്റെ സ്റ്റീല്‍ബോഡി കണ്ട് ഞെട്ടണ്ട എന്നു കരുതി മെല്ലെ ചുമലില്‍ കിടന്ന തോര്‍ത്ത് നേരെയാക്കി ഞാന്‍ അങ്ങനെ നോക്കിയിരിക്ക്യാണ്


"ഇടറിയ മാമനാദം മധുരിതമല്ലെന്നാലും,
ചരണപങ്കജങ്ങളില്‍ ഇവനുമഭയമരുളൂ നളിന നയനേ....." (പ്ലീസ്)


ഭാവിയില്‍ ഞങ്ങള്‍ ഒരുമിച്ചു വന്നു ദര്‍‌ശിക്കുന്നതും, ഞങ്ങടെ പിള്ളാര്‍ അവിടെ ഉരുളിയില്‍ കിടന്ന് മഞ്ചാടി വാരുന്നതും ഒക്കെ സ്വപ്നം കണ്ട് കണ്ട് ഇരിക്കുമ്പോള്‍ പെട്ടെന്നാണ് അച്ഛന്റെ ശബ്ദം കാതില്‍ പതിച്ചത്.

"ഡോ ,... കൃഷ്ണനാട്ടം കാണാന്‍ ഇന്ററസ്റ്റ് ഉണ്ടോടോ?"

"എന്താ?"

"ഇന്ന് രാത്രി കൃഷ്ണനാട്ടം ഉണ്ടാവും. ഉറക്കമൊഴിയാന്‍ പറ്റുമെങ്കില്‍ കാണാം."

പലവട്ടം ആലോചിച്ചു. രസമുള്ള പരിപാടിയാണ്. കഥകളീടെ അത്രേം ഗുമ്മില്ലെങ്കിലും രസിച്ച് കണ്ടിരിക്കാം. സംഗീതം ഒക്കെ ബഹുജോര്‍ ആയിരിക്കുകയും ചെയ്യും. പക്ഷേ ഉറക്കത്തിന്റെ കാര്യത്തില്‍ ഒരു കോമ്പ്രമൈസ് ....

തിരിച്ച് പാഞ്ചജന്യം ലോഡ്ജില്‍ എത്തിയപ്പോള്‍ അവിടെ ബോര്‍ഡില്‍ കണ്ടു ... "വിവിദവധം"... കഥ വായിച്ചിട്ടുണ്ട്. കളി കണ്ടിട്ടില്ല. എന്നാല്‍ ഇന്നു തന്നെ ആയേക്കാം.

അങ്ങനെ രാത്രി ഞങ്ങള്‍ എല്ലാവരും കൂടെ വിവിദനെ വധിക്കുന്നത് കാണാന്‍ ചെന്നിരുന്നു.
ആട്ടവിളക്കിന്റെ പ്രകാശത്തില്‍ കളി തുടങ്ങുകയായി.

ദൂരെ മാറി അയാളും ഉണ്ട്. പകലു കണ്ട പാദപങ്കജങ്ങള്‍ക്കുടമ... പകലു പകുതി നിര്‍ത്തിയ സ്വപ്നത്തിന്റെ രണ്ടാം പാര്‍ട് അവിടെ വച്ചു കണ്ടുതുടങ്ങി....

"ആയിരം സങ്കല്പങ്ങള്‍ തേരുകള്‍ തീര്‍ത്ത രാവില്‍
‍അര്‍ജ്ജുനനായ് ഞാന്‍ അവള്‍ ഉത്തരയായി..."

ഞാനിവിടെ കണ്ണുകള്‍ കൊണ്ട് കൃഷ്ണനാട്ടവും കഥകളിയും ഒരുമിച്ച് കളിക്യാണ്. അയാള്‍ക്കാണെങ്കില്‍ നമ്മളെ കണ്ട ഭാവമേയില്ല....

ആട്ടം അങ്ങനെ തകര്‍ക്കുകയാണ്. സംഗതി ഇങ്ങനെയാണ്. കേരളത്തിലെ എം.എല്‍.എ മാരുടെ അതേ തത്വചിന്തയില്‍ വിശ്വസിച്ചതു കൊണ്ടോ മറ്റോ, അധികാരത്തിലേറിയ ശേഷം ശ്രീകൃഷ്ണന്‍ സ്വന്തം നിയോജകമണ്ഢലമായ വൃന്ദാവനത്തിലോട്ട് ഒരു നാടമുറിക്കല്‍ കര്‍മത്തിനു പോലും ചെല്ലുക ഉണ്ടായിട്ടില്ല..

അങ്ങിനെ വിവിദന്‍ എന്നൊരു വാനരശ്രേഷ്ഠന്‍ അവിടെ ചില കലാപരിപാടികള്‍ നടത്തിയത് ഒരു അടിയന്തിരപ്രശ്നമായി മാറിയപ്പോഴാണ്, ബുഷ് കോണ്ടലീസാ റൈസിനെ അയക്കുമ്പോലെ, ബലരാമനെ വൃന്ദാവനത്തിലോട്ട് അയക്കാം എന്ന് കൃഷ്ണന്‍‌ കരുതിയത്...

അങ്ങനെ വൃന്ദാവനത്തിലെത്തിയ ബലരാമന്‍ അവിടെ പല പല കലാപരിപാടികള്‍ കാഴ്ച വെയ്ക്കുകയാണ്. മദിരയും മദിരാക്ഷിയും.....

ബലരാമന്‍ കൊള്ളാലോ? വിചാരിച്ച പോലെ അല്ല (എത്ര ഒക്കെ ആയാലും ശ്രീകൃഷ്ണന്റെ ചേട്ടനല്ലേ)
ഗുരവേ നമ: , ശിഷ്യപ്പെടുത്തിയാലും....
(അന്നത്തെക്കാലത്ത് ശ്രീരാമസേന ഇല്ലാഞ്ഞത് ബലരാംജീയുടെ ഭാഗ്യം. ഇല്ലേല്‍ ഓണ്‍ ദ സ്പോട്ട് എത്ര കല്യാണം കഴിക്കേണ്ടി വന്നേനെ.... ഹൊ)

കഥ നല്ല രസം പിടിച്ചു വരുന്നു. എങ്കിലും ഒരേ രംഗം ആടിയാടി തകര്‍ക്കുകയാണ്.
കള്ളിന്റെ മണം അടിച്ച് ആ വഴി നാചുറല്‍ ആയി വിവിദവാനരന്‍ എത്തുകയായി...
അപ്പുറത്ത് നമ്മുടെ നളിനാക്ഷി നമ്മളെ മൈന്‍ഡ് ചെയ്യുന്നില്ല. ഇപ്പുറത്ത് ബലരാമനും വിവിദനും ഒരു തരത്തിലും അടുക്കുന്നുമില്ല...

കണ്ണുകള്‍ പതുക്കെ അടഞ്ഞുതുടങ്ങുകയാണ്. പാതി ചിമ്മിയ മിഴികളില്‍ ആട്ടവിളക്കിന്റെ പ്രകാശം നക്ഷത്രരൂപങ്ങള്‍ തീര്‍ക്കുന്നു. പതുക്കെ പതുക്കെ...

":ഗ്ഘ്രാആ........"

ഒരു അലര്‍‌ച്ചയോടെ എന്റെ നേരേ ചാടിവീണ ഭീകരരൂപം കണ്ടതും " എന്റമ്മേ" എന്നു വിളിച്ച് ഞാന്‍ ഞെട്ടി ഉണര്‍ന്ന് അമ്മയെ കെട്ടിപ്പിടിച്ചതും ഓര്‍മയുണ്ട്.

സംഭവിച്ചതിതാണ്. വിവിദവാനരന്‍ ബലരാമന്റെ "കള്ളിനെ" എങ്ങനെ അപ്രോച് ചെയ്യാം എന്ന് ആലോചിച്ചിരിക്കുമ്പോള്‍ കാണികള്‍ക്കിടയില്‍ ഒരു ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സന്തതി, സന്തതം കിടന്നുറങ്ങുന്നു. ഇമ്പ്രോവൈസേഷന്‍ ഇന്നിടത്ത് ഇങ്ങനെ എന്ന് ഭരതമുനി കൃത്യമായി പറഞ്ഞുവെച്ചിട്ടില്ലാത്തത് കൊണ്ട് എന്നാല്‍ ഇതു തന്നെ അവസരം എന്നു കരുതി പുള്ളി ആ പാവം പയ്യന്റെ നേരെ ഉച്ചത്തില്‍ അലറിവിളിച്ച് ചാടി അങ്ങു വീഴുന്നു....

കലികാലം! നമ്മടെ പാതി ജീവന്‍ അങ്ങു പോയി.... ശ്രീപദ്‌മനാഭന്‍ തുണ... ഇല്ലെങ്കില്‍ അന്നവിടെ വിവിദവധത്തോടൊപ്പം "വിവിധ" വധങ്ങള്‍ നടന്നേനെ....

സത്യം പറയാലോ ബാക്കിയുള്ള കളി മുഴുവന്‍ കണ്ണു മിഴിച്ചിരുന്നു കണ്ടു.... ഒരു സെക്കന്റ് ഒരു ഇമ പോലും ..ങേ ഹേ... വെട്ടിയിട്ടില്ല... ജെനുവിന്‍ താല്‍‌പര്യം കൊണ്ടാണ്... അല്ലാതെ പേടിച്ചിട്ടല്ല...

വേറേ എന്തു പറയാന്‍? കൃഷ്ണനാട്ടം കാണുന്ന പരിപാടി അന്നോടെ നിലച്ചെന്ന് പറഞ്ഞാല്‍ മതിയല്ലോ...

Monday, February 23, 2009

ഉരുകിയ മഞ്ഞുതുള്ളികള്‍ (കഥ)

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പേ എഴുതിയതാണ്. പത്താം ക്ലാസില്‍ വച്ച്...യൂണിക്കോഡല്ല.... സംഗതി മറ്റേ ഭീകരന്‍ ആണ്.


അച്ചടിമാധ്യമന്‍!
(പാവം ഒരു സ്കൂള്‍മാഗസിന്‍ ആണു കേട്ടോ)


+2 വിലെ മാഗസീനില്‍ പ്രസിദ്ധീകരിച്ചു....മാഗസീനിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കുമുള്ള എന്റെ നിസ്സീമമായ നന്ദി ഈയവസരത്തില്‍ ഒന്നു കൂടെ പറഞ്ഞുകൊള്ളട്ടേ...


ഓടോ:

എഴുതിയ പയ്യന്‍സിന്റെ ഫോട്ടോ കണ്ടിട്ട് അതാരാ എന്നൊന്നും ചോദിച്ചു കളയരുത്...


ക്ലിക്കി ക്ലിക്കി വലുതാക്കി വായിക്കൂ... :)


Monday, February 16, 2009

രസങ്ങളും തന്ത്രങ്ങളും

പ്രൊലോഗ് :

കൈയിലിരിക്കുന്ന പേപ്പര്‍ മേശപ്പുറത്തേക്ക് അലക്ഷ്യമായി ഇട്ട ശേഷം ഓമനടീച്ചര്‍ എന്റെ നേരെ മുഖമുയര്‍ത്തി.

"ശ്രീഹറീ... വാട്ടിസ് ദ കെമിക്കള്‍ ഫോര്‍മുല ഓഫ് കലോമല്‍ ഇലക്ട്രോഡ്?"

അനന്തവും അനാദിയുമായ പ്രപഞ്ചത്തിലെ അനേകം താരപടലങ്ങള്‍ക്കിടയില്‍ എവിടെയോ ഉള്ള ഒരു സ്പൈറല്‍ ഗാലക്സിയിലെ ഒരു കുഞ്ഞുനക്ഷത്രകുടുംബത്തിലെ മൂന്നാമത്തെ ഗ്രഹത്തില്‍ അനേകം സ്പിഷീസുകള്‍ക്കിടയില്‍ ഒരു ജീവി മാത്രമായ മനുഷ്യന്റെ ജീവിതത്തില്‍ ഒരു കലോമല്‍ ഇലക്ട്രോഡിന്റെ പ്രസക്തി എന്തെന്നറിയാതെ ഞാന്‍ ചിന്താധീനനായി നിന്നു. ഉത്തരമില്ലാതെ..

രസങ്ങളും തന്ത്രങ്ങളും

ഹോട്ടല്‍ ന്യൂ കേരളായില്‍ നിന്നും ചൂടാറാത്ത പൊറോട്ടയും മത്തിക്കറിയും തട്ടി ഞാന്‍ തിരിച്ച് ക്ലാസിലേക്ക് നടന്നു. പോളിടെക്സ്നിക്കിന്റെ ഉപയോഗശൂന്യമായ വര്‍ക്ക്ഷോപ്പുകളില്‍ ഒന്നിലായിരുന്നു അന്നു ഞങ്ങളുടെ ക്ലാസ് റൂം. എന്നത്തേയും പോലെ ഉച്ചസമയത്ത് എല്ലാവരും അങ്ങിങ്ങായി ഇരുന്നു കൊച്ചുവര്‍ത്തമാനം പറയുകയാണ്.

ഒരു വശത്ത് സംഗീതസഭ കൂടിയിരിക്കുന്നു.

"ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാം ഞാന്‍ അതു ഗൂഢമെന്നുടെ ആരാമത്തില്‍..."

മീഞ്ചന്തക്കാരന്‍ രാഗേഷ് ( ഞങ്ങളുടെ സ്വന്തം ചന്തരാഗേഷ്... പതിനാറ് കഴിയാത്ത സുന്ദരന്‍ മുഖത്ത് ഇരുപത്താറിന്റെ മീശ കൊണ്ടു നടക്കുന്ന മീശരാഗേഷ്..) ഇരുന്നു ദേശ് രാഗത്തില്‍ തകര്‍ക്കുകയാണ്. അടുത്ത് കോഴിക്കോട്-മലപ്പുറം ബോര്‍ഡര്‍ സുതന്‍ ഷഫീഖ് ഇരുന്ന് താളം പിടിക്കുന്നു. തന്റെ സുന്ദരന്‍ പല്ലുകള്‍ മുപ്പത്തിരണ്ടും പുറത്തുകാട്ടി ഇസ്മായില്‍ ആയിക്കൊണ്ടാണ് താളം പിടി...

മുത്തശ്ശി പറയുന്ന ഫെയറിടെയില്‍ കഥ കേട്ട് അത്ഭുതപ്പെട്ടിരിക്കുന്ന നാലു വയസുകാരിയോടെ ഭാവഹാവാദികളോടെ ശില്പ രാഗവിസ്താരം ആസ്വദിക്കുന്നു. മിനിറ്റില്‍ നൂറ്റിരുപത് തവണ ഇമ വെട്ടിക്കൊണ്ട് ഗാനകോകിലം രുഗ്മിണിയും പാട്ടു കേള്‍ക്കുന്നവരുടെ കൂട്ടത്തിലുണ്ട്. മീശരാഗേഷിന്റെ സംഗതികളും സംഗതിയില്ലായമയുമെല്ലാം നോട് ചെയ്യുകയാവണം.... മിക്കവാറും അബന്റെ ദേശ് ഇന്നു വിദേശ് ആവും...

നേരെ ആ ഭാഗത്തു തന്നെ ചെന്നിരുന്നു.

"ശ്ശ്ശ് എന്തു പറ്റി?"

"ചന്ത റൊമാന്റിക് ആയെടാ...." ഷഫീഖ് എന്നോട് മന്ത്രിച്ചു.രാഗേഷിന്റെ പാട്ടു കേട്ട് ചുറ്റുമുള്ളവര്‍ അതിലേറേ റൊമാന്റിക് ആവുന്നു.. കുഴപ്പം ആവുമോ....

ദേ അപ്പുറത്ത് ചാക്കോ ഇരുന്നു സ്വപ്നം കാണുന്നു...

"എന്താടാ ചാക്കോ.. അമീര്‍ ഖാന്റെ സിനിമയൊന്നും ഇക്കൊല്ലം ഇറങ്ങാനില്ലാത്തതു കൊണ്ടാണോ ഇങ്ങനെ ഇരിക്കുന്നത്..."

"അല്ലളിയാ ഞാന്‍ ഓര്‍ക്കുവാരുന്നു...."

"എന്തര് ..."

"എനിക്കവളോട് ആദ്യമായി ഇഷ്ടം തോന്നുന്നത് എട്ടാം ക്ലാസില്‍ വച്ച്. അന്നവള്‍ നാലാം ക്ലാസില്‍...."

കളരിപരമ്പര ദൈവങ്ങളേ .... നാലാം ക്ലാസില്‍ വെച്ചേ പെണ്‍കുട്ടികള്‍ എല്ലാം ബുക്ഡ് ആയോ?
ഞാന്‍ അവനെ സമാധാനിപ്പിച്ചു.. സാരമില്ലഡാ അവളങ്ങ് ദൂരെയല്ലേ... പോരാത്തതിന് പ്ലസ് റ്റൂ... നാട്ടില്‍ പോവുമ്പോള്‍ കാണാമല്ലോ....

"അതു ശരിയാ അളിയാ പക്ഷേ ദില്‍ ഹേ കി മാന്‍‌താ നഹീ... മനസില്‍ കയറി ആരോ മാന്തുന്നതു പോലെ...."ചാക്കോ ആമീര്‍ ഡയലോഗ് പറയാന്‍ തുടങ്ങി.

കുഴപ്പമാണ്. ദില്‍ ഹേകി മാന്താ നഹിയില്‍ നിന്നും പാപ്പ കെഹ്തേ ഹെ വഴി അവസാനം രംഗീലയെത്തും മുന്‍പേ തടയണം....

ഞാന്‍ പതുക്കെ വിഷയം മാറ്റാന്‍ തുടങ്ങി....

"ഹിന്ദുസ്ഥാനി കളയളിയാ നമുക്ക് ജന്തുവരാളിയില്‍ ഒരു പിടി പിടിക്കാം"

"ജന്തുവരാളിയല്ലെഡാ പന്തുവരാളി..." ഷഫീഖ് എന്നെ തിരുത്തി...

ആണല്ലേ... എന്നാല്‍ അതു വേണ്ട ... നമുക്കു വല്ല വഞ്ചിപ്പാട്ടും പാടാം...

"ഒന്നാനാം ചൂണ്ടനേലമര‍ം പിടിക്കുന്ന
പൊന്നിലും പൊന്നായ തമ്പുരാനേ..
.ഉല്‍സവക്കാവിലും കരയോഗനാവിലും
ഒന്നാമനായുള്ള തമ്പുരാനേ...
നിന്നെത്തേടിത്തുഴഞ്ഞുവരുന്നൂ...
നിന്റെ ചെറുമീതന്‍ ചുരുളന്‍ വള്ളം...."

അവിചാരിതമായി രവീന്ദ്രസംഗിതം കടന്നുവന്നപ്പോള്‍ ശനിയ്യാഴച രാവിലെ ബാലരമ കണ്ട ഒന്നാം ക്ലാസുകാരിയെപ്പോലെ രുഗ്മിണി ചിരിച്ചു... അല്ലെങ്കിലും അതങ്ങനെയാണ് രവീന്ദ്രസംഗീതത്തിന്റെ കാര്യത്തില്‍ രണ്ടഭിപ്രായമില്ല ആര്‍ക്കും...

പാട്ടു കനക്കുന്നതിനിടയില്‍ എവിടോ നിന്നൊ അമൃത ഓടിയെത്തി...
"പൂത്താലം വലം കൈയിലേന്തീ വാസന്തം....
മധുമാരിയില്‍ സുമരാജിയില്‍
കാറ്റിന്‍തൂവല്‍ തഴുകീ കന്യാവനമിളകീ...."

പാട്ടു കേട്ടതും ഷഫീഖ് വയലന്റായി...
"എന്റെ പൊന്നമൃതേ എത്ര കാലാമായീ നീയീ പൂത്താലം വല്‍ം കൈയിലേന്തുന്നു... അതിനി ഇടത്തെ കൈയിലോട്ട് മാറ്റിപിടിച്ച് വേറേ വല്ല പാട്ടും പാട്..."

"ആരാ അവിടെ പാട്ടുപാടുന്നത്?" അമിതാബ് ബച്ചന്‍ മലയാളം പറയുന്നത് പോലെ ഘനഗംഭീരമായ ഒരു ശബ്ദം കേട്ട് എല്ലാവരുടേയും ശ്രദ്ധ ആ ഭാഗത്തേക്കായി...

ഒന്നേ നോക്കിയുള്ളൂ.... ഒരു ബാച്ചിന് മൊത്തമായി ആകെക്കൂടെയുള്ള സിക്സ് പാക്കാണ് വിപിന്‍....പലപ്പോഴും ക്ലാസില്‍ വല്ല കാര്യത്തിനും തിരിഞ്ഞു നോക്കിയ്യാല്‍ ആദ്യം കാണുന്നതവന്റെ ബൈസെപ്സ് ആണ്.... പണ്ടാരക്കലനാണെങ്കില്‍ ഹാഫ് സ്ലീവ് ഷര്‍ട്ട് ഇട്ടെ വരൂ....

ഇനിയിവിടെ മിക്കവാറും മ്യൂസിക് വിത്ത് ബോഡി മസില്‍സ് നടക്കും

"മെലഡി പാടണമെടാ മെലഡി..." വിപിന്‍ വികാരാധീനനായി....

"ഓമലാളെ കണ്ടൂ ഞാന്‍ പൂങ്കിനാവില്‍..."

"ഓമാലാളുടെ കാര്യം പറഞ്ഞപ്പോഴാ .. കെമിസ്ട്രി ലാബില്‍ കയറാന്‍ ടൈം ആയി...ഓമന ടീച്ചറ് എത്തും മുന്‍പേ കയറണം"

ഷഫീഖ് പറഞ്ഞു മുഴുമിക്കും മുന്‍പേ പലരും പല വഴിക്കോടി... ബാഗ്ഗിനുള്ളില്‍ നിന്നും ലാബ് യൂണിഫോം എടുത്ത് ഷഫീഖ് ബാത്ത് റൂമിലേക്കോടി... റെക്കോര്‍ഡ് എവിടെ വര്‍ക്ക് ബുക്ക് എവിടെ എന്നും പറഞ്ഞ് ശില്പ വേറൊരു വഴിക്കോടി.... മസിലു പെരുപ്പിച്ച് വിപിന്‍ ഫിസിക്സ് ലാബിലോട്ടോടി....

ഞാന്‍ ഒന്നമാന്തിച്ചു നിന്നു... ഒന്നാമതേ കെമിസ്ട്രി ലാബ്... എനിക്ക് എന്താ എന്നറിഞ്ഞൂട എട്ടാം ക്ലാസു മുതലേ കെമിസ്ട്രി വളരെ ഇഷ്ടമുള്ള സബ്ജക്റ്റാണ്. ഓക്സിജന്റെ വാലന്‍സി എത്രയാണെന്ന് ഉറക്കത്തില്‍ ചോദിച്ചാല്‍ പോലും ഞാന്‍ പറയും "പതിനാല്".. അതു കൊണ്ട് ലാബില്‍ ഭയങ്കര പെര്‍ഫോര്‍മന്‍സ് ആണ്.

പന്ത്രണ്ടാം ക്ലാസിലെ ലാബില്‍, ടെസ്റ്റ്യൂബില്‍ സൊലൂഷന്‍ ചൂടാക്കുമ്പോള്‍ ബുന്‍സന്‍ ബര്‍ണറിനു മുകളില്‍ ( തീക്കളി ആയതു കൊണ്ട് ആകെക്കൂടെ ഇഷ്ടമുള്ള ഒരു കാര്യം അതാണ് വല്ലതും ചൂടാക്കുക) ടെസ്റ്റ് റ്റ്യൂബ് 60 ഡിഗ്രി ചെരിച്ചു പിടിക്കണം എന്നു ഷാജിമാഷ് പറഞ്ഞത്‌ കേട്ട് അങ്ങനെ ചെയ്തതും, ഞാന്‍ ചൂടാക്കിക്കൊണ്ടിരുന്ന ടെസ്റ്റ് റ്റ്യൂബില്‍ നിന്നും കതിനക്കുറ്റിക്ക് തീ പിടിക്കുന്നതിന് തൊട്ട് മുന്‍പുള്ള ശബ്ദത്തോടെ എന്തോ ഒരു സംഭവം ആകാശത്തേക്ക് ഉയറ്ന്ന് പൊങ്ങിയതും, കൃത്യം അറുപത് ഡിഗ്രി ട്രാജക്റ്ററിയില്‍ സഞ്ചരിച്ച് ആകാശത്തില്‍ ഷാജിമാഷുടെ നേരെ തലയ്ക്കു മുകളില്‍‍ അത് മഴയായി പെയ്‌തതും ഒരു നിമിഷം ഓര്‍ത്തു പോയി....(നോ അതിശയോക്തി ഹിയര്‍)

രണ്ടാമത് ഓമനടീച്ചര്‍ക്ക് ക്ലാസില്‍ ആകെ കൂടെ ഒരിഷ്ടം ഉള്ളത് എന്നോടാണ്. മകരം മരങ്ങളിലോര്‍‌മ്മകള്‍ പൊഴിക്കുന്ന ഒരു സുന്ദരദിനത്തില്‍ , ക്ലാസുമുറികളില്‍ ഹോമിക്കപ്പെടുന്ന യുവത്വത്തിന്റെ നിരര്‍ഥകത ഓര്‍‌ത്ത് ഓമനടീച്ചറുടെ ഇലക്ക്ട്രോകെമിസ്ട്രി ക്ലാസില്‍ നിന്നും സ്കൂട്ടായി കൈരളി തീയേറ്ററില്‍ ഹാജര്‍ വെച്ച അന്നു മുതലാണ് ടീച്ചര്‍ക്കെന്നോട് അതികലശലായ ഇഷ്ടം വന്ന് തുടങ്ങിയത്. അന്ന് തീയേറ്ററില്‍ നിന്നും തിരിച്ച് വീട്ടില്‍ എത്തും മുന്‍പേ ഒരു ട്രങ്ക് കോള്‍ എന്നെ വീട്ടില്‍ വെയ്റ്റ് ചെയ്യുന്നുണ്ടായിരുന്നു....

അല്ലെങ്കില്‍ തന്നെ ഈ കെമിസ്ട്രി പഠിച്ചിട്ട് എന്ത് മലമറിക്കാനാ എന്ന് ഇത്രയും കാലമായിട്ടും എനിക്ക് മനസിലായിട്ടില്ല. സപ്പോസ് ഒരു ദിവസം രാവിലെ വീട്ടില്‍ അമ്മ ചായ ഉണ്ടാക്കാന്‍ നോക്കുമ്പോള്‍ വെള്ളം തീര്‍ന്നുപോയി എന്നു കരുതുക. അല്ലെങ്കില്‍ വെള്ളം കോരുന്ന ബക്കറ്റ് കിണറ്റില്‍ പോയി എന്ന്...

എന്നാല്‍ കെമിസ്ട്രി അറിയാലോ എന്നും പറഞ്ഞ് കൂറേ ഓക്സിജന്‍ മോളിക്യൂളിനേയും ഹൈഡ്രജന്‍ മോളിക്യൂളിനേയും ഓടിച്ചിട്ട് പിടിച്ച് വെള്ളം ഉണ്ടാക്കിക്കളയാം എന്നു കരുതിയാല്‍ നടക്കുമോ? കം‌പ്ലീറ്റ് വേസ്റ്റ് ഓഫ് ടൈം.....

വെറുതെയല്ല ഓള്‍ സയന്‍സ് ഈസ് ഐദര്‍ ഫിസിക്സ് ഓര്‍ സ്റ്റാമ്പ് കളക്റ്റിംഗ് എന്ന് കെമിസ്ട്രി വിദ്വാന്‍ റൂതര്‍ഫോര്‍‌ഡ് പറഞ്ഞു കളഞ്ഞത്...

മനസില്ലാമനസോടെയാണ് ലാബിലേക്ക് നടന്നു തുടങ്ങിയത്. വഴിക്ക് കോളേജ് ക്രിക്കറ്റ് ഗോപറ്റീഷന്‍ ഫൈനലില്‍ കെമിക്കല്‍ എഞ്ചിനീയറിംഗിനെ തോല്പിച്ച മെക്കാനിക്കല്‍ ഗഡികള്‍ ജാഥയായി മുദ്രാവാക്യം വിളിച്ചോണ്ട് പോവുന്നു...

"പിപ്പറ്റല്ലിത് ബ്യൂററ്റല്ലിത് ക്രിക്കറ്റാണേ കട്ടായം....."

മനസ് ഇത്തിരി ഒന്നു തണുത്തു. ഒരുത്തന്‍ പിപ്പറ്റിനേയും ബ്യൂററ്റിനേയും ചീത്ത വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ എന്തൊരാശ്വാസം...

വിനമ്രിതശിരസ്കനായി ലാബിനുള്ളില്‍ കയറി. ഡെസ്കിലേക്ക് പൊവും മുന്‍പേ ഓമനടീച്ചറുടെ മേശയിലേക്ക് ഒന്നു നോക്കി.... വെള്ളത്തില്‍ വീണ പൊട്ടാസ്യം പോലെ എന്റെ നെഞ്ച് കത്തി.
ഇന്റേണല്‍ പരീക്ഷയുടേ ആന്‍സര്‍ ഷീറ്റുകള്‍.... എന്തൊക്കെ അക്രമമാണതില്‍
കാണിച്ചതെന്നാര്‍ക്കറിയാം...

ഓര്‍ഗാനിക് കെംസ്റ്റ്റിയില്‍ ഏതോ ഒരു ഒടുക്കത്തെ എസ്റ്ററിന്റെ മോളിക്യൂലാര്‍ സ്ട്രകചര്‍ വരക്കാനുള്ള ചോദ്യം ഓര്‍മ ഉണ്ട്.

കെമിസ്ട്റി എന്ന വിഷയത്തിലെ താല്പര്യമൊന്നു കാരണം വീട്ടിലെ ജനാലയുടെ കമ്പികള്‍ ബന്‍സീന്‍ റിംഗിന്റെ ആകൃതിയില്‍ പ്രത്യേകം ഡിസൈന്‍ ചെയ്യിച്ചാണ് അച്ഛന്‍ പണി കഴിപ്പിച്ചിരിക്കുന്നത് ( ലോകത്ത് വേറേ ഏതെങ്കിലും വീടിന്റെ ജനല്‍ക്കമ്പികള്‍ ബന്‍സീന്‍ റിംഗിന്റെ ഷേപ്പില്‍ ഉണ്ടോ എന്നെനിക്കറിയില്ല).

ഓര്‍മ വെച്ച കാലം മുതല്‍ ബന്‍സീന്‍ റിംഗ് കണ്ടു വളര്‍ന്ന എന്നോടാണോ കളി... തലങ്ങും വിലങ്ങും ഹെക്സാഗണുകള്‍... ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് അനേകം വാലന്‍സി വരകള്‍. ചിലയിടന്ന് സിംഗിള്‍ ബോണ്ട് ചിലയിടത്ത് ഡബിള്‍ ബോണ്ട്.... അതിപ്പോല്‍ ഇങ്ങനെ ഇന്നിടത്ത് എന്നൊന്നുമില്ല. എനിക്ക് തോന്നിയ പോലെ...

അങ്ങനെ ഒരു പക്ഷേ കെകൂലി പോലും തോല്‍ക്കുന്ന മോളിക്യുലാര്‍ സ്ട്രക്‌ചര്‍ ഉള്‍പ്പടെ അനേകം അബ്സ്ട്രാക്റ്റ് ആര്‍ട്ടുകള്‍ പരിലസിക്കുന്ന ഒരു ആന്‍സര്‍ പേപ്പറും അക്കൂട്ടത്തില്‍ കാണും.

എന്റെ ലാബ്മേറ്റ് ഗഡി ശ്രീലേഖ് പിപ്പറ്റും ബ്യൂററ്റും ഒക്കെ കഴുകുന്നു. മുന്‍പ് എന്റെ ലാബ് മേറ്റ് സൗമ്യയായിരുന്നു. അവളാണെങ്കില്‍ കുഴപ്പം ഇല്ല. ഒരു കോണീക്കല്‍ ഫ്ലാസ്ക്കില്‍ എന്റെങ്കിലും കുറേ ലിക്വിഡ് ഒക്കെ ഒഴിച്ച് ബ്യൂററ്റിന്റെ അടിയില്‍ മുന്‍സിപ്പല്‍ പൈപ്പിന്റെ അടിയില്‍ നിന്നും വെള്ളം പിടിക്കുന്നതു പോലെ വെച്ചിളക്കിക്കോളും. പകുതിസമയവും സ്വപ്നലോകത്തായതു കൊണ്ട് ബ്യൂററ്റിലെ സംഭവങ്ങള്‍ മൊത്തത്തിന്‍ കോണിക്കലെ ഫ്ലാസ്കിലായാലും പുള്ളിക്കാരി അറിയില്ല എന്നൊരു ഗുണമുണ്ട്.

മാഹിമോന്‍ അങ്ങനെയല്ല... സിന്‍സിയാറിറ്റി ഒക്കെ ഉള്ള കൂട്ടത്തില്‍ ആണ്.

മുന്‍പില്‍ സുഗുണ, മാഡം ക്യൂറിയെ തോല്പിച്ചേ അടങ്ങൂ എന്ന മട്ടില്‍ എന്തൊക്കെയോ ഇളക്കുന്നു , ഒഴിക്കുന്നു, മണത്തു നോക്കുന്നു... എന്തൊക്കെയാണോ എന്തോ....

"ശ്രീഹറീ......" ഓമനടീച്ചറുടെ ഘനഗംഭീരശബ്ദം ലാബോട്ടുക്കും മുഴങ്ങി. ആ വിളിയില്‍ തന്നെ എന്തൊരു സ്നേഹം!...

"ശ്രീഹറീ.... ഒന്നിങ്ങോട്ട് വരൂ...."

ഞാന്‍ ടിച്ചറുടെ മുന്നില്‍ സ്റ്റാന്‍ഡ് അറ്റ് ഈസ് ആയി... ടീച്ചറുടെ കൈയില്‍ , കൊലച്ചിലില്‍ കാക്ക തൂറീയത് പോലുള്ള ഹാന്‍ഡ് റൈറ്റിംഗില്‍ ഒരു ആന്‍സര്‍ പേപ്പര്‍... അതാരുടേത് എന്നൂഹിക്കാന്‍ എനിക്ക് ഫോറന്‍സിക് പരിശോധന നടത്തേണ്ട ആവശ്യം ഇല്ലായിരുന്നു....

"ശ്രീഹറീ... വാട്ടിസ് ദ കെമിക്കള്‍ ഫോര്‍മുല ഓഫ് കലോമല്‍ ഇലക്ട്രോഡ്?"

കാവിലമ്മേ .. പിതൃക്കളേ... ചതിച്ചോ? അതായിരുന്നു എക്സാമിലെ ആദ്യത്തെ കൊസ്റ്റയന്‍.... കലോമല്‍ എന്നാല്‍ മെര്‍‌ക്കുറിയും ക്ലോറിനും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിലെ ജാരസന്തതി ആണെന്ന് മാത്രം അറിയാം. അതില്‍ മെറ്ക്കുറിയ്ക്കാണോ ക്ലോറിനാണോ കൂടുതല്‍ പങ്ക് എന്നൊക്കെ ചോദിച്ചാല്‍?

ഉത്തരമെഴുതുമ്പോള്‍ രണ്ടൂം മൂന്നും കല്പിച്ച് hg2cl എന്നെഴുതിയത് ഓര്‍മ ഉണ്ട്. അതല്ല എന്നുറപ്പായി( ഓ പിന്നെ hg യുടെ അടില്‍ രണ്ടോ ക്ലോറിന്റെ അടിയില്‍ മൂന്നോ എന്ന് നോക്കിയിട്ടല്ലേ ഇവിടെ സൂര്യനുദിക്കുന്നത്..)

"എച്,,,,,എച്,,,,, എച് ജി ടൂ സീ എല്‍ ടൂ...."

"എന്നിട്ടതൊന്നും അല്ലല്ലോ എക്സാമിനെഴുതിയത്?"

പറഞ്ഞ ഉത്തരം ശരി!.... തിരിച്ചു വീട്ടില്‍ പോവുന്ന വഴി ഒരു ലോട്ടറി എടുത്തേക്കാം...

"ക്ലാസിലൊന്നും കേറാത്തത് എല്ലാം അറിയാവുന്നത് കൊണ്ടാണെന്ന് ഞാന്‍ കരുതി..." ടീച്ചര്‍ എന്റെ ശവപ്പെട്ടിയിലേക്ക് ആണികള്‍ ഒന്നൊന്നായി അടിച്ചിറക്കുകയാണ്...

"ഇനിയെങ്കിലും ക്ലാസില്‍ ഒക്കെ കയറാന്‍ നോക്ക്... കലോമല്‍ ഇലക്ട്രോഡ് പോലും അറിയില്ലെങ്കില്‍ എങ്ങനയാ മാര്‍ക്ക് തരുന്നത്?"

ലാബിലുള്ള വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം എന്നെയാണ് ശ്രദ്ധിക്കുന്നത്. അഭിമാനത്തിന്റെ ആസിഡ് ലായനിയിലേക്ക് ഓമനടീച്ചറുടെ വാക്കുകള്‍ ആല്‍ക്കലിയെന്ന പോലെ ഇറ്റിവീഴുകയാണ്. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഉയരുന്ന വേദന...

തിരിച്ചു നടക്കുമ്പോള്‍ ആരുടേയും കണ്ണുകളില്‍ നോക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. മാഹിയോടൊപ്പം ടൈട്ടെറേഷന്‍ തുടരുമ്പോഴും മനസില്‍ അപമാനഭാരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു....

"ഇന്നത്തെ റീഡിംഗ് കറക്ട് ആണ് 22.3 രണ്ടു തവണ തുടര്‍ച്ചയായി കിട്ടി..." മാഹിമോന്‍ സന്തോഷത്തോടെ പറഞ്ഞു...

അതെ ഇന്നത്തേ റീഡിംഗ് കറക്ട് ആണ്. കോണിക്കല്‍ ഫ്ലാസ്കില്‍ നിന്നും അവന്‍ ടൈട്രേറ്റ് ചെയ്ത ലായനിയില്‍ രണ്ടു തുള്ളി കണ്ണുനീര്‍ ചേര്‍ന്നത് ഒരുപക്ഷേ അവന്‍ അറിഞ്ഞു കാണില്ല....

എപ്പിലോഗ് :

എന്നിട്ടും ഞാന്‍ നന്നായില്ല!

Thursday, February 12, 2009

മാജിക് ലാം‌പ് - റീലോഡഡ്

അറ്റമില്ലാതെ പരന്നു കിടക്കുന്ന മണലാരണ്യത്തിന്റെ നടുവില്‍ , പഴുത്തു ചുവന്ന ഈന്തപ്പഴങ്ങള്‍ നിറഞ്ഞ പനയുടെ താഴെ , അഴുക്കുപുരണ്ട തന്റെ കുപ്പായക്കീശയില്‍ നിന്നും അലാദ്ദീന്‍ ഇനിയും തിളക്കം നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു പഴയ വിളക്ക് പുറത്തെടുത്തു.

സംഭവിക്കാന്‍ പോവുന്നത് എന്താണ് എന്നറിയാവുന്നത് കൊണ്ട് തന്നെ അവന്‍ ഒരു നിമിഷം സംശയിച്ചു നിന്ന ശേഷം വിളക്കില്‍ ഉരസാന്‍ തുടങ്ങി.

സ്മോക്ക് എഫക്റ്റ്......

വിളക്കില്‍ നിന്നും സുന്ദരനായ ഒരു ജീനി പുറത്തു ചാടി.

"ആലം‌പനാ..." .


തന്റെ പോണിടെയില്‍ ബെക്കാമിനെ പോലെ ആട്ടിക്കൊണ്ട് ജീനി സംസാരിച്ചു തുടങ്ങി.


"ആലം‌പന അല്ല ഈന്തപ്പന". അലാദ്ദീന്‍ നിഷ്കളങ്കമായി പറഞ്ഞു.


ജീനി ചിരിക്കണോ എന്ന് ഒരു നിമിഷം സംശയിച്ചു.


"ഇനി ഇത്തരം തമാശ പറഞ്ഞാല്‍ നിന്നെ ഞാന്‍ റിയാലിറ്റി ഷോയുടെ ജഡ്ജിയായി പോസ്റ്റ് ചെയ്യും. വാണിംഗ്‌ തന്നില്ലെന്നു വേണ്ട."


റിയാലിറ്റി ഷോ കണ്ട് കപ്പല്‍ കയറി നാട് വിട്ട സിന്ദ്‌ബാദ് ദ സെയിലറുടെ കാര്യം ഓര്‍ത്ത് അലാദ്ദീന്‍ നാക്കു കടിച്ചു പിടിച്ചു.


"കമിംഗ് റ്റു ദ പോയിന്റ്" ജീനി വീണ്ടും സംസാരിച്ചു തുടങ്ങി.


" എന്റെ വിളക്കിലെ സ്ക്രാച്ച് ആന്‍‌ഡ് വിന്‍ കോമ്പറ്റീഷനിലെ ഫസ്റ്റ് വിന്നര്‍ എന്ന പരിഗണനയില്‍ ഒരു ഓഫര്‍ തരാം. ജസ്റ്റ് മൂന്ന് വിഷസ്. നതിംഗ് മോര്‍ നതിംഗ് ലെസ്സ്."


അലാദ്ദീന്‍ ഒരു നിമിഷം ചിന്തിച്ചു നിന്നു.


" ചോദിച്ചാല്‍ എന്നെ ടീം ഇന്‍ഡ്യയുടെ കോച്ച് ഒന്നും ആക്കിക്കളയില്ലല്ലോ?" സംശയം പൂര്‍‌ണമായും വിട്ടുമാറാതെ അലാദ്ദീന്‍ ചോദിച്ചു.


"നഹി നഹി ആലം‌പനാ...."


"ഈ മണലാരണ്യത്തിന്റെ ഭാവി........ നമ്മുടേയും."


" സുന്ദരം, സുരഭിലം..... നഗരങ്ങള്‍, വികസനം, കൂറ്റന്‍ കെട്ടിടങ്ങള്‍. നാളെയുടെ ഇന്ധനത്തിനു വേണ്ടി ഏഴു കടലിനക്കരെ നിന്നും മനുഷ്യര്‍ ഇവിടെയെത്തും. രക്തച്ചൊരിച്ചിലുകള്‍ നിരന്തരം. നിന്റെയും എന്റെയും അസ്ഥികള്‍ നാളെ മനുഷ്യര്‍ കുഴിച്ചെടുത്ത് ഈ വിളക്കിലൊഴിച്ച് കത്തിക്കും. " ജീനി ഗദ്‌ഗദകണ്ഠന്‍ ആയി.

"നമ്മുടെ ഭാവിയെക്കുറിച്ച് പറഞ്ഞില്ല...." അലാദ്ദീന്‍ അക്ഷമനായി.


"നിന്റെയും എന്റെയും കഥ കാലഘട്ടങ്ങളെ അതിജീവിക്കും . അതിര്‍ത്തിവരമ്പുകള്‍ ഇല്ലാതെ അവ മനുഷ്യഹൃദയങ്ങളില്‍ കുടികൊള്ളൂം. "


"ബാക്കി പറയൂ"


" കഥകളില്‍ എന്റെ സൗന്ദര്യം നിനക്ക് നല്‍‌കപ്പെടും. നിന്റെ വൈരൂപ്യം എന്നില്‍ ആരോപിക്കപ്പെടും. കഥകളില്‍ എപ്പോഴും നായകന്‍ സുന്ദരനാവേണമല്ലോ."


ജീനിയുടെ കണ്ണുകളില്‍ അശ്രുബിന്ദു.


" കഥാന്ത്യത്തില്‍ വിജയം നിന്റേതായിരിക്കും. എനിക്ക് വിദൂഷകന്റെ വേഷമാവും. നീ വേട്ടക്കാരനും ഞാന്‍ വേട്ടമൃഗവും "


" മതി. ഇനി സെക്കന്റ് വിഷ്.... രാജകുമാരി."


ജീനി കൈകള്‍ ഉയര്‍ത്തി. മുല്ലപ്പൂവിന്റെ സുഗന്ധം അന്തരീക്ഷത്തില്‍ പടര്‍ന്നു. രാജകുമാരി ദൈന്യം നിറഞ്ഞ മിഴികളോടെ ജീനിയെ നോക്കി. ജീനി മുഖം തിരിച്ചു.


"ഇനി നിന്റെ അവസാനത്തെ ആഗ്രഹം കൂടെ ആവശ്യപ്പെടാം. എന്റെ മോചനത്തിന്റെ സമയവും അടുത്തു തുടങ്ങി."


" എന്റെ അവസാനത്തെ ആവശ്യം എന്തെന്നാല്‍"


അലാദ്ദീന്‍ ഒന്നു നിര്‍ത്തി. ജാസ്മിനെ നോക്കി കണ്ണിറുക്കിക്കാണിച്ച ശേഷം അവന്‍ തുടര്‍ന്നു.


"ഇനിയുള്ള കാലം നീ എന്റെ പരിചാരകനായി, എന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചു തന്ന് എന്റെ കൂടെ അടിമയായി..."


കഥാന്ത്യം മുന്‍‌കൂട്ടി അറിഞ്ഞിരുന്ന ജീനി കണ്ണുകള്‍ താഴ്ത്തി.


അലാദ്ദീന്‍ ചിരിച്ചു. വേട്ടക്കാരന്റെ ചിരി.

Thursday, February 5, 2009

സൂര്യഗ്രഹണത്തിന്റെ ചിത്രങ്ങള്‍

പ്രിയ സതീര്‍ഥ്യന്‍ ഫിലിപ്. പി. ജയിംസ് എടുത്ത സൂര്യഗ്രഹണത്തിന്റെ ഫോട്ടോകള്‍ ആണ് താഴെ.
മൂന്നു ഫോട്ടോകള്‍ - മൂന്നും മൂന്നു തരം ടെലിസ്കോപിന്റെ സഹായത്താല്‍ എടുത്തത്.ടെലിസ്കോപ് അടക്കമുള്ള ഒരുക്കങ്ങള്‍ ഡാര്‍ക്ക്‌നെസ്സില്‍ ആണ് സെറ്റ് അപ് ചെയ്യുന്നത്.
ഫോട്ടോകള്‍ എങ്ങിനെ എടുത്തു എന്നത് അവന്റെ തന്നെ വാക്കുകളില്‍:

"Three photos are from three different telescopes. Two of them viewing was from eye piece with filter in objective. Of these two, one was 6" cassigrean reflecting and other 6" refracting telescope.

Third one from 4" reflecting telescope with projection method. We move eyepiece and project the rays to a white screen. The telscope would be kept in a dark enclosure. "

ഫിലിപിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തട്ടേ. ഫോട്ടോകള്‍ക്കും അറിവിനും.

സൂര്യഗ്രഹണത്തെക്കുറിച്ച് മുന്‍പ് ടോട്ടോചാന്‍ ഇട്ട പോസ്റ്റ് ഇവിടെ വായിക്കാം

Tuesday, February 3, 2009

അതു മഞ്ജരി ആയില്ല!!!

അങ്ങനെ മഞ്ജരിയും പോയി. ഗായിക മഞ്ജരിയുടെ പ്രണയ കഥയും വായിച്ചു. ഒരു പ്രതീക്ഷ ഉണ്ടായിരുന്നതാണ്. അതും...

പാടാനുള്ള കഴിവ് ജന്മസിദ്ധമായി തന്നെ എനിക്ക് വളരെ "കൂടുതല്‍" ആയി ലഭിച്ചിരിക്കുന്നതു മൂലം ആവണം ഗായികമാരോട് പണ്ടേ ഒരു "ഇദ്" കൂടുതല്‍ ആണ്.പണ്ട് മേരീ ആവാസ് സുനോയില്‍ സുനീധീ ചൗഹാന്‍ പാടുന്നത് കേട്ടപ്പോഴാണ് ആദ്യമായി അങ്ങനെ ഒരു സംഭവം തുടങ്ങിയത്. നല്ല കൊച്ച്. എന്താ പാട്ട്! ലതാ മങ്കേഷ്കര്‍ ഒക്കെ കഷ്ടപ്പെട്ട് റീടേക്ക് എടുത്ത പാടുകള്‍ അല്ലേ കുഞ്ഞ് വഞ്ച്ചിപ്പാട്ട് പാടും പോലെ ഈസിയായി പാടിക്കളഞ്ഞത്? ഫൈനല്‍ എപിസോഡു വരെ മുഴുവന്‍ കണ്ടു തീര്‍ത്ത ശേഷം അത് അതിന്റെ വഴിക്കു പോയി... ഇപ്പോ "ബീഡി ജലൈലേയും, സജ്നാ ദീ വാരി വാരി" യും ഒക്കെ ആയി ഒരു വഴിക്ക്.

പ്രായം കുറഞ്ഞ ഗായികമാരെ ഒന്നും പിന്നെ അങ്ങനെ കാണാന്‍ കിട്ടിയില്ല. അങ്ങന്റെ ഇരിക്കുമ്പോഴാണ് നമ്മടെ ഗായത്രി ചേച്ചീടെ വരവ്. കാണാനും കൊള്ളാം. ആടയാഭരണങ്ങള്‍ ഒന്നുമില്ല. തനി ഫെമിനിസ്റ്റ് ലുക്.. ഒരുമാതിരി ഇഷ്ടം ആയി വന്നെങ്കിലും ക്ലച് പിടിച്ചില്ല. ചേച്ചി കെട്ടി പോവേം ചെയ്തു....

പിന്നെയാണ് ജ്യോത്സ്ന എന്നൊരു കക്ഷി പ്രത്യക്ഷപ്പെടുന്നത്. "സുഖമാണീ നിലാവ്" എന്നൊരു സോംഗ്. തരക്കേടില്ല. പാട്ടിനു വലിയ ഡെപ്ത് ഒന്നും ഇല്ല. എന്നാലും ആ പാട്ടിനകത്തെ ആലാപ് പുള്ളിക്കാരി സ്വന്തം കയ്യില്‍ നിന്നും എടുത്ത് അലക്കിയതാ എന്നറിഞ്ഞപ്പോ ന്യായമായും ഒരു ആരാധന തോന്നിപ്പോയി. എന്തു പറയാന്‍, ഗായികക്ക് തടി കൂടുകയും ആലാപനമികവ് ഇച്ചിരി കുറയുകയും ചെയ്ത ശേഷം അതും കെട്ടടങ്ങി...

ഇങ്ങനെ ഒക്കെ ജീവിതം അങ്ങ് പോയ്ക്കൊണ്ടിരുന്നപ്പോഴാണ് മഞ്ജരി സിനിമാ സ്റ്റൈല്‍ എന്‍‌ട്രി നടത്തിക്കളഞ്ഞത്. പണ്ടു തൊട്ടേ ഹിന്ദുസ്ഥാനിയോട് ഒരു "സോഫ്റ്റ് കോര്‍ണര്‍" ഉള്ളതാണ്. ഗസലും ഷായരിയും കാര്യങ്ങളും ഒക്കെ കേട്ടാല്‍ മനസ് ഒന്നാടും.അപ്പോഴല്ലേ ആള്‍ "മുകിലിന്‍ മകളേ" പാടിയത് കേള്‍ക്കാനിട വന്നത്. വീണു. ആദ്യം കേട്ടപ്പോള്‍ തന്നെ മലര്‍ന്നടിച്ച് വീണു(പിന്നെ എഴുന്നേറ്റിട്ടില്ല).

സ്റ്റൈല്‍ ....

ആളു കാണാനും സുന്ദരിയാണ് എനറിഞ്ഞപ്പോള്‍ ന്യായമായും ക്യൂപിഡിന്റെ വിളിയും വന്നു.

അങ്ങിനെയിരിക്കുമ്പോഴാണ് ഉണ്ണിമേനോന്‍ കോഴിക്കോട് കടപ്പുറത്തിനെ ഗാനകേളിയില്‍ ആറാടിക്കാനെത്തുന്നു എന്ന ന്യൂസ് കേട്ടത്.

ഉണ്ണി മേനോന്‍...

എന്താപാട്ട്.... പുതു വെള്ളൈ മഴയും, മിന്നലെപ്പിടിക്കുന്നതും, എന്ന വിലയെന്റെ അഴകും എത്ര വേണേലും കേട്ടിരുന്നോളാം... ഏകാന്ത ചന്ദ്രിക ലൂപിലിട്ട് കേള്‍ക്കാം...പക്ഷേ ഗാനമേള കേള്‍ക്കാന്‍ നമ്മള്‍ പോയതു തന്നെ.

ബട്...... ബട്... ബട്...

കൂടെ എത്തുന്ന ഫീമേയില്‍ വോയ്സ് ആരാ?

ആരാ?

യെസ് പിള്ളാരെ യൂ ഗസ്ഡ് ഇറ്റ് റൈറ്റ്.

....... മഞ്ജരി....

ഒട്ടും താമസിച്ചില്ല. ഹോസ്റ്റലീന്ന് മാഹി മോനെ പൊക്കി( ഗഡി ശ്രീലേഖ്... പഴയ റൂം മേറ്റ്... മാഹി എന്ന "കേരളക്കരയുടെ സ്വപനഭൂമിയില്‍" ജനിച്ചവന്‍.... ആ ഒരു കണ്‍സിഡറേഷനില്‍ മാത്രം എന്നെങ്കിലും ഒരു ജോണിവാക്കറോ ബ്ലാക് ലേബലോ തരപ്പെടും എന്നു കരുതി സീനിയേഴ്സ് റാഗ് ചെയ്യാതെ വിട്ടവന്‍... പക്ഷേ കള്ള് കൈ കൊണ്ട് തൊടാത്ത ശുദ്ധന്‍.... വടിയും ഏറും ഒരുമിച്ചാവില്ലല്ലോ... )

നേരെ ചെന്നത് ബാലുവിന്റെ ഹോസ്റ്റലില്‍ (MSS ബീച്ചില്‍ പോവും വഴിയാണ്)...കാര്യം പറഞ്ഞപ്പോള്‍ അവന് നാളേ ഗേറ്റ് എന്‍‌ട്രന്‍സ് എക്സാം ആണ് പഠിക്കണം പോലും!!!പിന്നേ മഞ്ജരി പാടാന്‍ വന്നപ്പോള്‍ അല്ലേ അവന്റെ ഒരു ഗേറ്റ്... അതും നാളെ രാവിലെ വരെ സമയമില്ലേ? നമ്മള്‍ക്കൊന്നും നാളെ എക്സാം ഇല്ലാത്ത പോലെ പഠിക്കണം എങ്കില്‍ തന്നെ സമയം എത്ര കിടക്കുന്നു? പരീക്ഷക്ക് മുന്‍പ് അര മണിക്കൂര്‍ സമയം പിന്നെ എന്തിനാ?പൊക്കിയെടുത്തോണ്ട് പോയി....

മേള ഇനിയും തുടങ്ങിയില്ല... കുറേ നേരം വടി പോലെ നിന്നു...

ബാലു : "ഡാ നാളെ എക്സാം ഉണ്ട്
"ഞാന്‍ : "മിണ്ടിപ്പോകരുത്"

അവസാനം തുടങ്ങിക്കിട്ടി...ഭക്തിഗാനം... ഉണ്ണി മേനോന്റെ പധനിസ.. നാളെ എക്സാം ഉള്ള പിള്ളേരാണ്... മഞ്ജരിയെ വിളിക്കിനെടാ....

ബാലു : "ഡാ നാളെ എക്സാം ഉണ്ട്"
ഞാന്‍ : "മിണ്ടിപ്പോകരുത്"

അവസാനം... അതാ ദൂരെ.. സ്റ്റേജിനു മുകളില്‍ ഒരു നേര്‍ത്ത പുള്ളിക്കുത്തു പോലെ മഞ്‍ജരി....

ബാലു : "ഡാ നാളെ എക്സാം ഉണ്ട്"
ഞാന്‍ ഒന്നും മിണ്ടിയില്ല.

ദേ മഞ്ജരി പാടുന്നു.. ആഹാ എന്തൊരു ശബ്ദം എന്തൊരു ആലാപനമാധുര്യം.... തിക്കിക്കയറി കുറേക്കൂടി അടുത്തു കണ്ടു...

ഞങ്ങളുടെ വിവാഹത്തിന്റെ ഡേറ്റ് ഒക്കെ അന്നേതാണ്ട് മനസില്‍ ഉറപ്പിച്ചെന്നാണ് ഓര്‍മ. ജൂണിലോ മറ്റോ ആയിരുന്നു. ആ എന്തു പറയാന്‍?

ഒരു അഭിനന്ദന എസ്.എം.എസ് ആണത്രേ നായകന്‍ ആള്‍ക്ക് ആദ്യം അയച്ചത്. അങ്ങിനെ പതുക്കെ പതുക്കെ അത്ര് പ്രണയമായി പോലും....

ഒരു വാക്ക്... ഒരു സൂചന തന്നിരുന്നെങ്കില്‍?
ഒരു 3315ഉം ഒരു എയര്‍ടെല്‍ കണക്ഷനും പൂത്തു ചിതലരിച്ച് കിടന്നിടുന്നതാണ്. എയര്‍‌ടെല്‍ ഒഴിച്ച് ഒരു മാക്രിക്കുഞ്ഞു പോലും മെസ്സേജ് അതിലോട്ടയക്കാറില്ല. പുറത്തോട്ട് മെസേജ് പോവുന്ന പതിവേ ഇല്ല.എത്ര എത്ര അഭിനന്ദന മെസ്സേജുകള്‍ ഞാന്‍ അയച്ചേനേ? അറ്റ് ലീസ്റ്റ് നാല് ഫോര്‍‌വേര്‍ഡ് എങ്കിലും...

നായകന്‍ റിംഗ് ടോണ്‍ ആയി കുറേക്കാലം ഇട്ടത് "ഒരു ചിരി കണ്ടാല്‍ " ആണു പോലും...

എന്റെ ചങ്കില്‍ കുത്തരുത്... എത്ര കാലം... എത്രയെത്ര കാലം ആ റിംഗ് ടോണ്‍ ഞാന്‍ കൊണ്ട് നടന്നു...ആ ഇനി പറഞ്ഞിട്ടെന്താ...

ബഡി ആസാനീ സേ ദില്‍ ലഗായേ ജാതേ ഹേ
ബഡി ആസാനീ സേ ദില്‍ ലഗായേ ജാതേ ഹേ...

ബഡീ മുശ്കില്‍ സേ വാദേ നിഭായേ ജാതേ ഹേ...

ലേ ജാതീ ഹേ മൊഹബ്ബത് ഉന്‍ രാഹോം പര്‍
‍ലേ ജാതീ ഹേ മൊഹബ്ബത് ഉന്‍ രാഹോം പര്‍

‍ജഹാന്‍ ദിയേ നഹി, ദില്‍ ജലായേ ജാതേ ഹേ....

(അശ്രു...)
...