Tuesday, December 30, 2008

സ്ലം ഡോഗ് മില്യനയര്‍ നല്‍കുന്ന പാഠങ്ങള്‍

പല ഭാഗത്തു നിന്നും മികച്ച റിവ്യൂകള്‍ വന്നത് കൊണ്ട് സ്ലം ഡോഗ് മില്യനയര്‍ കാണാം എന്നു കരുതി. കണ്ടപ്പോള്‍ അല്ലേ സംഗതികള്‍ പിടി കിട്ടിയത്. സിനിമ നല്‍കുന്ന സന്ദേശം ദേണ്ടെ താഴെ കൊടുത്തിരിക്കുന്നു.

 1. പെണ്ണ്, പണം ഇതിനു വേണ്ടി നടക്കുന്ന വയലന്‍സിന്റെ മൊത്തക്കച്ചവടകേന്ദ്രം ആണ് ഇന്‍ഡ്യ.


 2. പെണ്ണിനും പണത്തിനും വേണ്ടി സ്വന്തം സഹോദരനെ വരെ വഞ്ചിക്കാന്‍ മടിക്കാത്ത ജനങ്ങള്‍ ആണ് ഇവിടെയുള്ളത്.


 3. ഏറ്റവും കൂടുതല്‍ ഇന്റര്‍‌നാഷനല്‍ സെഞ്ച്വറി നേടിയ സച്ചിന്‍ ആയിരിക്കും. പക്ഷേ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സച്ചിന്‍ അല്ല. അതു പോലും ഇവിടത്തുകാര്‍ക്ക് അറിയില്ല. സച്ചിന്‍ സച്ചിന്‍ എന്നും പറഞ്ഞ് ഇരുന്നോളും


 4. ക്രിക്കറ്റ് എന്നൊരു ഗേയിം ഉണ്ട്. അതു കാണാന്‍ ഇരിക്കുംബോള്‍ ശല്യപ്പെടുത്തിയാല്‍ അമ്മ പെങ്ങന്മാരെ വരെ വേണേല്‍ തല്ലിക്കളയും.


 5. മദ്യത്തിലും മദിരാക്ഷിയിലും ഡിസ്കോ പരിപാടികളിലും ഒക്കെയായി മദിച്ചു നടക്കുന്നവന്മാരാണ് ഇവിടുത്തെ ജനങ്ങള്‍. ( ശാം ഹേ.. ജാം ഹേ.. ഓരോരോ പാട്ടേ...)


 6. പാവപ്പെട്ട പിള്ളേരെ ഓടിച്ചിട്ടു തല്ലാന്‍ നടക്കുന്ന ക്രൂരന്മാരാണ് ഇവിടുത്തെ ലോക്കല്‍ പോലീസ്.


 7. പക്ഷേ അങ്ങനെ ഏതേലും പോലീസ് ചെയ്താല്‍ പാവങ്ങളുടെ രക്ഷകനായി വെള്ളക്കാരുടെ പോലീസ് ഇവിടെ ഉണ്ട്.


 8. ലോക്കല്‍ പോലീസിന്റെ തന്തക്കു വിളിക്കാന്‍ ലോക പോലീസ് മാത്രമേ ഇവിടുള്ളൂ.


 9. പാവങ്ങള്‍ക്ക് ഒരു നൂറു രൂപ നോട്ട് വേണേല്‍ ഫ്രീ ആയി കൊടുക്കാനും ലോക പോലീസ് റെഡി.


 10. ഇവിടുത്തെ സിനിമാ സൂപ്പര്‍സ്റ്റാറുകള്‍ ഒക്കെ ഫ്രോഡുകള്‍ ആണ്. സ്ക്രീനിനു മുന്നില്‍ ചിരിക്കുകയും പിന്നില്‍ കാലുവാരുകയും ചെയ്യുന്ന അലവലാതികള്‍.


 11. ഇപ്പോ ലോകത്തിന്റെ സെന്റര്‍ ഇന്ത്യാ ആണെന്ന് ഇവന്മാര്‍ ധരിച്ചു വെച്ചിരിക്കുന്നു.


 12. കമ്യൂണല്‍ വയലന്‍സ് ആവശ്യത്തിലേറെ.


 13. പണ്ട് മുഗളന്മാര്‍ ഉണ്ടാക്കിയിട്ട താജ്‌മഹാലിനെക്കുറിച്ചൊക്കെ ഇല്ലാത്ത പൊങ്ങച്ചം പറഞ്ഞ് ടൂറിസം എന്നും പറഞ്ഞ് സായിപ്പന്മാരുടെ കാശ് അടിച്ചുമാറ്റല്‍ ഇവന്മാരുടെ സ്ഥിരം തൊഴിലാണ്.


 14. കോള്‍ സെന്റര്‍ എന്നു പറഞ്ഞു വേറെ ഒരു തൊഴിലുണ്ട്. അവിടെയുള്ളവന്മാര്‍ക്ക് യാതൊരു വിവരവും ഇല്ല.


 15. അവിടെ ചായ അടിക്കാന്‍ വരുന്നവര്‍ക്കു അരെ അതിലും വിവരം ഉണ്ട്.


 16. കോള്‍ സെന്ററില്‍ വിളിക്കുന്ന പാവം വിദേശീയരെ ഇല്ലാത്ത കള്ളം പറഞ്ഞ് പറ്റിക്കുന്ന ഒരേര്‍പാടും ഉണ്ട്.


കലക്കി സം‌വിധായകന്‍/സ്ക്രിപ്റ്റ് റൈറ്റര്‍ ചേട്ടന്മാരേ. പോയിന്റ് നം‌ബര്‍ 6, 7 , 8 എന്നിവ ചൂണ്ടിക്കാണിക്കാന്‍ പ്രത്യേക സീന്‍ ഉള്‍പ്പെടുത്തിയത് കൊണ്ട് ഓസ്കാര്‍ ഉറപ്പായി. അഭിനയിക്കാനു സംഗീതം ഉണ്ടാക്കാനും ഇന്‍ഡ്യക്കാരെ തന്നെ വിളിച്ചത് കൊണ്ട്, നൂറു കോടി വരുന്ന ഇന്‍ഡ്യക്കാര്‍ സിനിമ കാണുകയും ചെയ്യും. മൊത്തത്തില്‍ ഏര്‍പ്പാട് ലാഭം തന്നെ. ഹോളിവുഡ് ഇന്‍‌ഡസ്ട്രിയെ ബോളിവുഡ് വെല്ലുവിളിക്കുമോ എന്ന പേടിയും വേണ്ടല്ലോ...പിന്‍‌കുറിപ്പ് : എന്നെ തല്ലാന്‍ വരണ്ട. ഇതൊക്കെ സിനിമയില്‍ വരികള്‍ക്കിടയില്‍ കുത്തിനിറച്ചിരിക്കുന്ന കാര്യങ്ങളാ. സിനിമ കാണുമ്പോള്‍ ശ്രദ്ധിച്ചു കണ്ടാല്‍ മതി. മനസില്‍ നന്‍‌മയുള്ള ഒരു കഥാപാത്രം പോലുമില്ല സിനിമയില്‍ ( നായികയെ ഒരു അപവാദമായി ചൂണ്ടിക്കാട്ടാം. സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണങ്ങളില്‍ ഇരയുടെ ഭാഗം അഭിനയിക്കാനായി തീര്‍ത്ത വ്യക്തിത്വമില്ലാത്ത ഒരു കഥാപാത്രം. അബലയും നിരക്ഷരയും ചൂഷിതയുമായ ഒരു പാവം). പരസ്പരം ദ്രോഹിക്കുക, പാര വെക്കുക, ഉപദ്രവിക്കുക, ഇതൊക്കെയാണ് നായകന്റെ സഹോദരന്‍ മുതല്‍ ടിവി ഷോ അവതാരകര്‍ വരെയുള്ളവരുടെ സ്വഭാവമായി എടുത്തു കാട്ടിയിരിക്കുന്നത്. സഹോദരന്‍ വരെയൂള്ളവരെ ചൂഷണം ചെയ്യുകയും അതു വഴി സ്വയം നാശത്തിലേക്കെടുത്തു ചാടുകയും ചെയ്യുന്ന യുവത്വമാണ് ഇന്ത്യയുടെ മുഖമായി എടുത്തു കാട്ടിയിരിക്കുന്നത്.
വിമര്‍ശനങ്ങള്‍ക്കു നേരെ അസഹിഷ്ണുത കാട്ടേണം എന്നല്ല പറഞ്ഞുവരുന്നത്. മധുര്‍ ഭണ്ഡാരക്കര്‍ തുടങ്ങിയ സം‌വിധായകര്‍ സമൂഹത്തിനു നേരെ ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ത്താറുണ്ട്. അവ നിശ്‌ചയമായും ആവശ്യമാണ്. പക്ഷേ മുഖ്യമായും വിദേശികളായ പ്രേക്ഷകരെ ഉദ്ദേശിച്ചു നിര്‍‌മിച്ച ഒരു ചിത്രത്തില്‍ നമ്മുടെ രാജ്യത്തിന്റെ മോശമായ മുഖം മാത്രം വരച്ചു കാണിക്കുന്നതില്‍ എതിര്‍പ്പുണ്ട്.


നമ്മുടേത് ഒരു പെര്‍‌ഫക്റ്റ് രാജ്യം ഒന്നുമല്ല. പക്ഷേ വെറും വയലന്‍സ് മാത്രമാണിവിടെ എന്ന രീതിയിലുള്ള ഒരു പ്രചരണവും അനുവദനീയമല്ല.


തള്ളിക്കളയുക ഈ സിനിമയെ...

പിന്‍‌കുറിപ്പ് നമ്പര്‍ റ്റൂ : നമസ്തേ ലണ്ടന്‍ സിനിമയില്‍, ബ്രിട്ടീഷുകാരന്‍ സായിപ്പിന്റെ മുഖത്തു നോക്കി ( അതും കത്രീന കൈഫിന്റെ മുന്നില്‍ വെച്ച്), " അക്ഷരങ്ങള്‍ അടിച്ചു കൂട്ടിയ പുസ്തകത്താളില്‍ നീ കണ്ട ഇന്‍‌ഡ്യ അല്ല സായിപ്പേ യഥാര്‍ത്ഥ ഇന്‍‌ഡ്യ" എന്നു അക്ഷയ് കുമാര്‍ പച്ച ഹിന്ദിയില്‍ വിളിച്ചു പറഞ്ഞ് അപമാനിച്ചതിന്റെ കെറുവു തീര്‍ക്കാന്‍ അല്ലേ അങ്ങ്‌ ഇംഗ്ലണ്ടില്‍ നിന്നും ഒരു സം‌വിധായകന്‍ ഇത്രേം ദൂരം വന്ന് ഈ സിനിമ പിടിച്ചത് എന്ന് എനിക്കു ബലമായ ഡൗട്ട് ഉണ്ട്. എന്തൊക്കെ പറഞ്ഞിട്ടെന്താ, ക്രിക്കറ്റില്‍ 5-0, 1-0.... ഹി ഹി ഹി....
അനുബന്ധം :പോയിന്റ് 6,7,8,9 ല്‍ പ്രതിപാദിച്ച സീന്‍ സിനിമ കാണാത്തവര്‍ക്കു വേണ്ടി താഴെ കൊടുക്കുന്നു.(ഓര്‍‌മയില്‍ നിന്നും എടുത്തെഴുതിയത്)


കഥാനായകന്‍( ചെറുപ്പം) ഒരു വിദേശീയരായ ഭാര്യാഭര്‍ത്താക്കന്മാരെ സ്ഥലങ്ങള്‍ കാണിക്കുന്നു. ഓടിയെത്തുന്ന ഒരു പോലീസുകാരന്‍ കഥാനായകനെ അടിച്ചു വീഴ്ത്തുന്നു. നിലത്തു വീണ നായകനെ ബൂട്ടു കൊണ്ട് ചവിട്ടുന്നു. അടി കൊള്ളുന്നതിനിടയിലും നായകന്‍ വിദേശികളെ നോക്കി


നായകന്‍ : " മാഡം, യൂ വാണ്ടഡ് റ്റു സീ ദ റിയല്‍ ഫേസ് ഓഫ് ഇന്‍ഡ്യ റൈറ്റ്? ഹിയര്‍ ഇറ്റ് ഈസ്".


വിദേശി വനിത : " ഓ മൈ സണ്‍ ഓ മൈ സണ്‍.... ദെന്‍ ഹിയര്‍ ഈസ് ദ റിയല്‍ ഫേസ് ഓഫ് അമേരിക്ക..."


(പോലീസുകാരനു നേരെ തിരിഞ്ഞ് )

" ബാസ്***ഡ്"

(ഈ ഡയലോഗ്ഗ് മ്യൂട്ടഡ് ആണ്. ചുണ്ടുകളുടെ അനക്കത്തില്‍ നിന്നും സംഭാഷണം പക്ഷേ വ്യക്തം)


വിദേശവനിതയുടെ ഭര്‍ത്താവ് പോക്കറ്റില്‍ നിന്നും കുറച്ചു പണം എടുത്ത് അടിയേറ്റു വീണ നായകന് നല്‍കി അവനെ ആശ്വസിപ്പിക്കുന്നു....

...